ന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ എ.ടി.കെ. എഫ്.സി കൊല്‍ക്കത്ത കിരീടം നേടിയിതിന്റെ ആഹ്‌ളാദം അടങ്ങും മുമ്പ് മറ്റൊരു പരമ്പരാഗത ഫുട്‌ബോള്‍ കേന്ദ്രത്തില്‍ നിന്ന് നിര്‍ണായക വാര്‍ത്ത വന്നു. കേരള ബ്ലാസ്റ്റേഴ്‌സ്  സ്‌പോര്‍ട്ടിങ് ഡയറക്ടറായി ലിത്വാനിയക്കാരന്‍ കരോലിസ് സ്‌കിന്‍കിസിനെ നിയമിച്ചതാണ് പുതിയ വാര്‍ത്ത. 

ഇന്ത്യന്‍ ഫുട്‌ബോളിന്റെ രണ്ട് പരമ്പരാഗത ശക്തികേന്ദ്രങ്ങളാണ് ബംഗാളും കേരളവും. ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും കൊല്‍ക്കത്ത ക്ലബ്ബുകള്‍ കിരീടം നേടി അവരുടെ പ്രതാപം കാത്തു. കേരള ക്ലബ്ബുകളില്‍ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ രണ്ട് സീസണുകളിലായി തുടരുന്ന മോശം പ്രകടനം ഇത്തവണയും അവര്‍ത്തിച്ചു. 

 

ഡ്യൂറാന്‍ഡ് കപ്പ് നേടുകയും ബംഗ്ലദേശില്‍ നടന്ന ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത ഗോകുലം കേരള എഫ്.സി ഐ ലീഗില്‍ ആ പ്രകടനം ആവര്‍ത്തിച്ചില്ല. മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി മികച്ച കളിക്കാരെ എത്തിക്കാന്‍ കഴിഞ്ഞിട്ടും, പണമെറിഞ്ഞിട്ടും ഏഴാംസ്ഥാനത്തേക്ക് വീണതിന്റെ ആഘാതത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. 

കാര്യങ്ങള്‍ ഇത്തരത്തിലാണെന്നിരിക്കെയാണ് സ്‌കിന്‍കിസ് വരുന്നതായുള്ള പ്രഖ്യാപനം ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. ഓരോ സീസണിലുമുള്ള ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു ടീമായി മാറാന്‍ കേരള ക്ലബ്ബ് ആഗ്രഹിക്കുന്നുവെന്ന് വേണം പുതിയ പ്രഖ്യാപനത്തിലൂടെ കരുതാന്‍

Karolis Skinkys Kerala Blasters's new sporting director
ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോറി | Image Courtesy: Kerala Blasters

ആറിലെ പാഠങ്ങള്‍

പതിവില്‍ നിന്ന് വിപരീതമായി മികച്ച താരങ്ങളെ ടീമിലെത്തിച്ച സീസണാണ് കഴിഞ്ഞത്. എന്നാല്‍ പരിക്ക് വില്ലനായി. ടീമിലെ ഭൂരിഭാഗം കളിക്കാര്‍ക്കും പരിക്ക് ബാധിച്ചു. ടീമിന്റെ പ്രകടനം താളം തെറ്റി. ഒരേ ഇലവനെ  ഒന്നിലധികം കളിയില്‍ ഇറക്കാന്‍ കഴിയാതെ പരിശീലകന്‍ എല്‍കോ ഷട്ടോറി തലയില്‍  കൈവെച്ചു.

കഴിഞ്ഞ സീസണില്‍ ലീഗില്‍ മികച്ച പ്രകടനം നടത്തിയ ബര്‍ത്തലോമ്യു ഒഗ്‌ബെച്ച, ജിയാനി സ്യൂവെര്‍ലൂണ്‍, മരിയോ അര്‍ക്വീസ്, സെര്‍ജി സിഡോഞ്ച എന്നിവര്‍ക്കൊപ്പം റാഫേല്‍ മെസ്സിയും മുസ്തഫ നിങ്ങും ജെയ്‌റോ റോഡ്രിഗസും മികച്ച തെരഞ്ഞെടുപ്പായിരുന്നു. എന്നാല്‍ വിദേശതാരങ്ങളെയാണ് പരിക്ക് കൂടുതല്‍ ബാധിച്ചത്. 15 ഗോള്‍ നേടിയ ഒഗ്‌ബെച്ചയും ഫൈനല്‍ തേര്‍ഡില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയ മെസ്സിയുമാണ് ഇത്തവണ മികച്ചു നിന്നത്.

Karolis Skinkys Kerala Blasters's new sporting director
ഒഗ്‌ബെച്ചയും മെസ്സിയും | Image Courtesy: Kerala Blasters

കഴിഞ്ഞ അഞ്ച് സീസണുകളില്‍ കളിക്കാരുടെ തെരഞ്ഞെടുപ്പില്‍ മാനേജ്‌മെന്റ് അമ്പേ പാളിയിരുന്നു. മൂന്നോ നാലോ കളിക്കാരുടെ വ്യക്തിപ്രഭാവത്തിലായിരുന്നു ടീമിന്റെ മുന്നോട്ടുപോക്ക്. ഇന്ത്യന്‍ താരങ്ങളില്‍ സന്ദേശ് ജിംഗാന്‍, സി.കെ വിനീത്. സഹല്‍ അബ്ദു സമദ്, വിദേശതാരങ്ങളില്‍ ഇയാന്‍ ഹ്യൂം, ആരോണ്‍ ഹ്യൂസ്, ഡേവിഡ് ജെയിംസ്, സെഡ്രിക് ഹെങ്ബര്‍ട്ട്, കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്, സ്റ്റീഫന്‍ പിയേഴ്‌സണ്‍ ബ്ലാസ്‌റ്റേഴ്‌സ് എന്ന് കേള്‍ക്കുമ്പോള്‍ ഈ പേരുകളാകും പെട്ടെന്ന് കടന്നുവരുന്നത്. ബാക്കി താരങ്ങളെ ഓര്‍മയില്‍ നിന്ന് പരതിയെടുക്കേണ്ടി വരും. പരിശീലകരില്‍ സ്റ്റീവ് കോപ്പലാണ് ആരാധകരെ തൃപ്തിപ്പെടുത്തിയത്.

കളിക്കാരെ കൊണ്ടുവരുന്നിലും ടീമിന്റെ ഫിലോസഫി രൂപ്പെടുത്തുന്നതിലും ആരാധകരെ കൈകാര്യം ചെയ്യുന്നതിലും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഇപ്പോഴും പിന്നിലാണ്. ബെംഗളൂരു എഫ്.സിയുടെ പ്രൊഷണല്‍ മികവോ, എഫ്.സി ഗോവയുടെ ഫിലോസഫിയോ, എ.ടി.കെയുടെ വിജയത്വരയോ ടീമിനില്ല. അതുകൊണ്ടാണ് ഏറ്റവും മികച്ച ആരാധകനിരയെ ഇതുവരെ തൃപ്തിപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിയാതെ പോകുന്നത്.

സ്‌കിന്‍കിസ് വരുമ്പോള്‍

സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എന്ന പദം ഇന്ത്യന്‍ ഫുട്‌ബോളില്‍ അത്രസുപരിചിതമല്ല. യൂറോപ്യന്‍ ഫുട്‌ബോളിലെ മാനേജര്‍ സംസ്‌ക്കാരം പോലും ഇങ്ങോട്ടെത്തിയിട്ടില്ല. യൂറോപ്യന്‍ ഫുട്‌ബോളില്‍ കളിക്കാരെ തെരഞ്ഞെടുക്കാന്‍ അധികാരമുള്ള, അതേ സമയം കളത്തിലെ തന്ത്രങ്ങളൊരുക്കുന്ന ശക്തിശാലികളാണ് മാനേജര്‍മാര്‍. നമുക്ക് പരിശീലകരാണുള്ളത്. കളിക്കാരെ കൊണ്ടുവരുന്നതില്‍ പരിശീലകന്റെ താല്‍പ്പര്യത്തേക്കാല്‍ മാനേജ്‌മെന്റ് അതിനായി നിയോഗിക്കുന്ന അധികാരകേന്ദ്രത്തിന്റെ താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. അപൂര്‍വമായി അന്റോണിയോ ഹെബാസും കാള്‍സ് ക്വഡ്രാറ്റും സെര്‍ജി ലോബോറോയുമൊക്കെ അവര്‍ ആഗ്രഹിക്കുന്ന കളിക്കാരെ കിട്ടുന്നുവെന്ന് മാത്രം.

ബെംഗളൂരു, എഫ്.സി ഗോവ, എ.ടി.കെ.ചെന്നൈയിന്‍ എഫ്.സി ടീമുകള്‍ കളിക്കാരെ തെരഞ്ഞെടുക്കുന്നതില്‍ മികവ് പുലര്‍ത്തുന്നുണ്ട്. എഫ്.സി ഗോവയാണ് ഇതില്‍ ഏറെ മുന്നിലുള്ളത്. ഇത്തവണ എ.ടി.കെ കൃത്യമായി ഗൃഹപാഠം ചെയ്താണ് കളിക്കാരെ കൊണ്ടുവന്നത്.

Karolis Skinkys Kerala Blasters's new sporting director
Image Courtesy: Kerala Blasters

ആറ് സീസണുകളിലായി പാളിപ്പോയ ടീം രൂപീകരണം ശക്തിപ്പെടുത്താനും വരും വര്‍ഷങ്ങളിലേക്ക് അടിത്തറയുളള ടീമിനെ രൂപപ്പെടുത്താനും വേണ്ടിയാണ് ലിത്വാനിയയില്‍ നിന്ന് സ്‌കിന്‍കിസിനെ കൊണ്ടുവരുന്നത്. ലിത്വാനിയയിലെ മുന്‍നിര ക്ലബ്ബായ എഫ്.കെ സുഡുവയുടെ സ്‌പോര്‍ട്ടിങ് ഡയറക്ടറായി അരപതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരികയാണ് സ്‌കിന്‍കിസ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ടീമിനെ ലീഗില്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ അനിതരസാധാരണമായ വൈഭവം പുറത്തെടുത്തിട്ടുണ്ട്. കളിക്കാരുടെ സ്‌കൗട്ടിങ്, റിക്രൂട്ട്‌മെന്റ്, പരിശീലക സംഘം, ക്ലബ്ബിന്റെ ഭാവി പദ്ധതികള്‍, യൂത്ത് സിസ്റ്റം എന്നിവയെല്ലാം സ്‌കിന്‍കിസിന്റെ കീഴില്‍ വരും.

ഇന്ത്യയില്‍ അധികം ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ തസ്തികയില്ല. ബ്ലാസ്‌റ്റേഴ്‌സിന് സി.ഇ.ഒ കഴിഞ്ഞാല്‍ മുഖ്യപരിശീലകനാണ് ടീമിനെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കാറുള്ളത്. അതാത് കാലത്തെ ടീമിനപ്പുറം ദീര്‍ഘകാലത്തേക്ക് ടീമിനെ  ഉണ്ടാക്കിയെടുക്കാന്‍  ഈ സമ്പ്രദായത്തിന് കഴിഞ്ഞില്ല. മുന്‍വര്‍ഷങ്ങളില്‍  ശരാശരികളിക്കാരെ വന്‍തുകയ്ക്ക് ക്ലബ്ബ് കരാറാക്കിയത് മാനേജ്‌മെന്റ് പിഴവുകള്‍ മൂലമായിരുന്നു. ക്ലബ്ബിന് വിജയങ്ങളുടെ പാരമ്പര്യമുണ്ടാക്കുകയെന്ന ശ്രമകരമായ ജോലിയാണ് സ്‌കിന്‍കിസിന് മുന്നിള്ളത്.

ലോക ക്ലബ്ബ് ഫുട്‌ബോളിനെ മാറ്റിമറിച്ചവരുടെ ചരിത്രം  മുന്നിലുണ്ട്. ബാഴ്‌സലോണയെ നിര്‍ണായക ശക്തിയാക്കിയ പെപ്പ് ഗ്വാര്‍ഡിയോളയുടെ വരവില്‍ പ്രധാന പങ്കുവഹിച്ച, മാഞ്ചെസ്റ്റര്‍ സിറ്റിയെ മാറ്റി മറിക്കുന്ന ഫുട്‌ബോള്‍ ഡയറക്ടര്‍ സിക്കി ബെഗിരിസ്‌റ്റെന്‍, ലെയ്പ്‌സിഗിനേയും സാല്‍സ്ബര്‍ഗിനേയും വളര്‍ത്തിയ റാല്‍ഫ് റാങ്‌നിക്ക്, സെവിയയെ ഒന്നാം ഡിവിഷനിലേക്ക് തിരികെയെത്തിച്ച, സാമ്പത്തികമായി വളര്‍ത്തിയ റാമോണ്‍ റോഡ്രിഗസ് വെര്‍ദോയോ എന്ന മോണ്‍ഞ്ചി, ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനെ യുവകളിക്കാരുടെ കേന്ദ്രമാക്കുന്ന മൈക്കല്‍ സോറക്ക്  എന്നിവര്‍ മികച്ച മാതൃകകളാണ്. കളിക്കാരെ കണ്ടെത്തുന്നതിലും വളര്‍ത്തിയെടുത്തുക്കുന്നതിലും വന്‍തുകക്ക് വിറ്റ് ക്ലബിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിലും സ്‌പോര്‍ട്ടിങ് ഡയറക്ടമാരുടെ പങ്ക് നിര്‍ണായകമാണ്.

Karolis Skinkys Kerala Blasters's new sporting director
Image Courtesy: Kerala Blasters

ഇന്ത്യന്‍ ഫുട്‌ബോളിലെ വന്‍ശക്തികളാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. കിരീടവിജയത്തിന്റെ കുറവുണ്ടെങ്കിലും നന്നായി വിപണനം ചെയ്യാന്‍ കഴിയുന്ന ഉത്പന്നം. ഓരോ സീസണിന്റേയും തുടക്കത്തില്‍ അത് കാണാറുമുണ്ട്. കളി മോശമാകുമ്പോഴാണ് ആരാധകര്‍ സ്‌റ്റേഡിയത്തിലെത്താതിരിക്കുന്നത്. എന്നാല്‍ അതിനര്‍ത്ഥം ടീമിനെ കൈവിട്ടെന്നല്ല. കൂടുതല്‍ മികച്ച പ്രകടനത്തിന് മാനേജ്‌മെന്റിന് നല്‍കുന്ന സൂചന കൂടിയാണ് പലപ്പോളും  ഈ വിട്ടുനല്‍കല്‍.

ഇത്തവണ സീസണ്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചിരിക്കുന്നു. എല്ലാ സീസണിലും കളത്തിലും പുറത്തും നഷ്ടമുണ്ടാക്കുന്ന വെള്ളാനയെന്ന രീതി മാറണമെങ്കില്‍ കൊമ്പന്‍മാര്‍ക്ക് വിജയം ശീലമാക്കണം. അതിന് മാനേജ്‌മെന്റ് വിദഗ്ധരായ സി.ഇ.ഒ മാര്‍ക്കോ, ഓരോ സീസണിലും മാറിമാറിയെത്തുന്ന പരിശീലകര്‍ക്കോ കഴിയില്ലെന്ന തിരിച്ചറിവാണ് മുഴുവന്‍ സമയ അധികാരകേന്ദ്രം ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്താന്‍ കാരണം. 

ഓരോ സീസണിന് തൊട്ടുമുമ്പ് ഒരുങ്ങുന്ന രീതി മാറാന്‍ ക്ലബ്ബ് ആഗ്രഹിക്കുന്നു. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ വരാന്‍ പോകുന്ന പ്രൊമോഷനും തരംതാഴ്ത്തലുമുള്ള ലീഗിനെ മുന്നില്‍ കണ്ടും വേണ്ടിയുള്ള ഒരുക്കം കേരള ടീം ആരംഭിച്ചുവെന്നും കരുതാം. ആറാം സീസണില്‍ പാളിപ്പോയിടത്തുനിന്ന് വേണം സ്‌കിന്‍കിസിന് തുടങ്ങാന്‍. ഇതിനായി ഉഴുതുമറിച്ചിട്ട മണ്ണിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോഴുള്ളത്.

Content Highlights: Karolis Skinkys Kerala Blasters's new sporting director