അര്‍ബുദമാണെന്ന് അറിഞ്ഞതോടെ ടീമിന് പുറത്ത്,സെഞ്ചുറി നേടി തിരിച്ചുവരവ്;ഇത് യുവരാജിനെ വെല്ലും ജീവിതം


അര്‍ബുദത്തെ അതിജീവിച്ച യുവരാജ് സിങ്ങിന്റെ ജീവിതം മാത്രമല്ല, കമല്‍ കനിയാലിന്റെ കഥയും നമ്മള്‍ കേള്‍ക്കണം

Kamal Kaniyal Photo Courtesy: Facebook| Kamal Kaniyal

ര്‍ബുദത്തെ സിക്‌സറിലേക്ക് പറത്തി ക്രിക്കറ്റ് ക്രീസില്‍ തിരിച്ചെത്തിയ യുവരാജ് സിങ്ങിന്റെ ജീവിതം അറിയാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ സമാനമായ രീതിയില്‍ ക്രിക്കറ്റ് കളത്തിലേക്കെത്തിയ ഒരു യുവതാരം രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍തന്നെ സെഞ്ചുറി നേടി തിരിച്ചുവരവ് ആഘോഷിച്ച കഥ ആര്‍ക്കെങ്കിലും അറിയുമോ? ഉത്തരാഖണ്ഡിന്റെ യുവതാരം കമല്‍ കനിയാലാണ് ആ താരം. മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ 160 പന്തില്‍ 17 ഫോറിന്റെ സഹായത്തോടെ 101 റണ്‍സാണ് കമല്‍ അടിച്ചെടുത്തത്. രക്താര്‍ബുദത്തോട് ബൈ പറഞ്ഞ് മൂന്നു വര്‍ഷത്തിന് ശേഷം ക്രീസില്‍ തിരിച്ചെത്തിയ കമലിന് ഇതിലും മികച്ചൊരു തുടക്കം ലഭിക്കാനില്ല.

മൂന്നു വര്‍ഷം മുമ്പ് നടന്ന ജീവിതത്തിലെ ആ ഇരുണ്ട ദിവസം ഇന്നും കമലിന്റെ ഓര്‍മ്മയിലുണ്ട്. നൈനിറ്റാളിന് അടുത്തുള്ള ഹല്‍ദ്വനിയില്‍ നിന്നുള്ള കമലിന്റെ സ്വപ്‌നം മുഴുവന്‍ ക്രിക്കറ്റായിരുന്നു. ഒരു ദിവസം തല കറങ്ങി വീണതിനെ തുടര്‍ന്ന് ആശുത്രിയിലെത്തിയ കമലിനോട് ഡോക്ടര്‍ രക്തം പരിശോധിക്കാന്‍ പറഞ്ഞപ്പോള്‍ അതൊരു സാധാരണ സംഭവമായി മാത്രമേ അവന്‍ കണ്ടുള്ളൂ. എന്നാല്‍ റിസള്‍ട്ട് നോക്കിയ ഡോക്ടര്‍ അച്ഛന്‍ ഉമേഷിനെ ഒറ്റയ്ക്ക് റൂമിലേക്ക് വിളിപ്പിച്ചു. ഡോക്ടറും അച്ഛനും തമ്മിലുള്ള സംഭാഷണും റൂമിന് പുറത്തിരുന്ന കമല്‍ പൂര്‍ണമായും കേട്ടില്ല. എന്നാല്‍ പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് കുറവാണെന്നും ഇനി ചികിത്സയ്ക്കായി നോയിഡയിലേക്ക് പോകണമെന്നും കമലിന് മനസ്സിലായി.

'ലുക്കീമിയയുടെ രണ്ടാം ഘട്ടത്തിലെത്തിയിരുന്നു. ശരീരത്തിന്റെ 47% ഭാഗത്തേയും അത് ബാധിച്ചിരുന്നു' കമല്‍ ഓര്‍ത്തെടുക്കുന്നു. ഉത്തര്‍ പ്രദേശ് ടീമിലേക്കുള്ള ട്രയല്‍സ് നടക്കുന്ന സമയമായിരുന്നു അന്ന്. അണ്ടര്‍-14 ടീമിലെ അവസാന 40 പേരിലും അണ്ടര്‍-16 ടീമിലെ അവസാന 60 പേരിലും കമലിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചതോടെ ഫൈനല്‍ സ്‌ക്വാഡില്‍ നിന്ന് കമല്‍ തഴയപ്പെട്ടു.

ഒടുവില്‍ ലോധ കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഉത്തരഖണ്ഡിന് രഞ്ജി ട്രോഫിയില്‍ സ്ഥിരാംഗത്വം ലഭിച്ചതോടെ കമലിന്റെ ജീവിതത്തിലും വെളിച്ചമെത്തി. അണ്ടര്‍-19 ക്രിക്കറ്റില്‍ ഒരു ഇരട്ട സെഞ്ചുറിയും രണ്ട് സെഞ്ചുറിയും മൂന്നു അര്‍ധ സെഞ്ചുറിയുമടക്കം 800 റണ്‍സ് അടിച്ചെടുത്ത കമലിന് ഉത്തരഖണ്ഡ് രഞ്ജി ടീമിലേക്കുള്ള വിളി വന്നു.

Kamal Kaniyal
കമല്‍ കൂട്ടുകാര്‍ക്കൊപ്പം ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

ആ സമയത്ത് ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ലെന്നും നിരന്തരം പരിശ്രമിച്ചെന്നും കമല്‍ പറയുന്നു. 'രക്താര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ എനിക്ക് 15 വയസ്സായിരുന്നു പ്രായം. ഒരു വര്‍ഷം ഞാന്‍ ഒന്നും ചെയ്തില്ല. വീട്ടില്‍ തന്നെയായിരുന്നു. ഇടക്കിടെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞ് ഞാന്‍ വീഴും. ആശുപത്രിയിലെത്തിക്കും. വീണ്ടും വീട്ടിലേക്ക്. പിന്നീട് നോയിഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി പോയി. എനിക്ക് രക്തത്തില്‍ അണുബാധയുണ്ടെന്നായിരുന്നു അന്ന് എന്നോട് പറഞ്ഞിരുന്നത്. പിന്നീട് എനിക്ക് അര്‍ബുദമാണെന്ന് ഡോക്ടര്‍ പറയുന്നത് ഞാന്‍ കേള്‍ക്കുകയായിരുന്നു. ഇതോടെ തളര്‍ന്നുപോയി.

എന്നാല്‍ ചികിത്സയിലൂടെ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ എന്നില്‍ മുളപൊട്ടാന്‍ തുടങ്ങി. ഞാന്‍ അതില്‍ പിടിച്ചുകയറി. രോഗം ഭേദമാകാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍ പറഞ്ഞതോടെ എന്റെ പ്രതീക്ഷ ഇരട്ടിയായി. അഞ്ചു തവണ കീമോതെറാപ്പിക്ക് വിധേയനായി. എന്റെ ചുറ്റുമുള്ളവരും എന്നോടൊപ്പം നിന്നു. സന്തോഷം തരുന്ന കാര്യങ്ങള്‍ പറഞ്ഞു. എന്നെ എപ്പോഴും കടുവ എന്നാണ് കുടുംബാംഗങ്ങള്‍ വിളിച്ചിരുന്നത്. 'എന്റെ മകന്‍ ധൈര്യശാലിയാണ്', അമ്മയുടെ ഈ വാക്കുകള്‍ തന്ന ഊര്‍ജ്ജം ചെറുതല്ല. ആറു മാസത്തെ ചികിത്സയ്ക്ക് ശേഷം ഞാന്‍ വീട്ടില്‍ തിരിച്ചെത്തി. പൂര്‍ണമായും അസുഖം ഭേദമാവാന്‍ വീണ്ടും ആറു മാസമെടുത്തു. എല്ലാം മാറിയ ശേഷം ക്രിക്കറ്റ് കളിക്കാനാണ് ആദ്യം ഓടിയത്. അങ്ങനെ ഉത്തരഖണ്ഡിന്റെ അണ്ടര്‍-19 ടീമില്‍ ഈ ഓപ്പണിങ് ബാറ്റ്‌സ്മാനെത്തി. മികച്ച പ്രകടനം രഞ്ജി ടീമിലുമെത്തിച്ചു.' കമല്‍ പറയുന്നു.

ബരാമതിയില്‍ മഹാരാഷ്ട്രയ്‌ക്കെതിരായ സെഞ്ചുറിനേട്ടം സമ്മര്‍ദ്ദത്തിനുള്ളില്‍ നിന്നാണ് കമല്‍ അടിച്ചെടുത്തത്. ആദ്യ രഞ്ജി മത്സരം എന്നതു തന്നെയായിരുന്നു സമ്മര്‍ദ്ദത്തിന് കാരണം. പക്ഷേ നെഗറ്റീവായുള്ള ഒരു ചിന്തയ്ക്കും കമല്‍ മനസ്സില്‍ സ്ഥാനം കൊടുത്തില്ല. കരിയറിനെ ഇനി എങ്ങനെ നോക്കിക്കാണുന്നു എന്നു ചോദിച്ചപ്പോള്‍ അല്‍പം ഫിലോസഫി കലര്‍ത്തിയായിരുന്നു കമലിന്റെ മറുപടി. 'ഭാവി എന്താണ് കരുതിവെച്ചിരിക്കുന്നത് എന്ന് ആര്‍ക്കറിയാം, ഒഴുക്കിന് അനുസരിച്ച്‌ നീന്തുന്നു.'

Source: The Indian Express

Content Highlights: Kamal Kaniyal hits ton on Ranji debut Back from the clutches of cancer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022

Most Commented