പൂജ്യത്തില്‍നിന്നായിരുന്നു ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പിന്റെ തുടക്കം. 2015 ഒക്ടോബര്‍ 17-ന് ടോട്ടനം ഹോട്സ്പറിനെതിരായ പ്രീമിയര്‍ ലീഗിലെ ആദ്യമത്സരത്തില്‍ ഇരുടീമുകളുടെയും സ്‌കോര്‍നില പൂജ്യമായിരുന്നു. അവിടെനിന്നാണ് ക്ലോപ്പും ലിവര്‍പൂളും ഇപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒന്നാമന്‍മാരായത്. ടോട്ടനത്തിനെതിരേ അന്ന് ആദ്യ ഇലവനില്‍ കളിച്ച ഒരാള്‍പോലും ഇന്ന് ലിവര്‍പൂളിന്റെ ആദ്യ ഇലവനിലില്ല. ഡിവോഗ് ഒറിഗി, ജെയിംസ് മില്‍നര്‍, നാഥനിയേല്‍ ക്ലെയ്ന്‍, ആദം ലല്ലന എന്നിവര്‍ പകരക്കാരായുണ്ടെന്നുമാത്രം. അഞ്ചുവര്‍ഷംകൊണ്ട് ഉറപ്പും കളിമികവുമുള്ള ടീമിനെ ജര്‍മന്‍ പരിശീലകന്‍ വളര്‍ത്തിയെടുത്തു.
കളിക്കളത്തെ യുദ്ധക്കളംപോലെ കണ്ടാണ് ക്ലോപ്പ് തന്ത്രങ്ങളാവിഷ്‌കരിക്കുന്നത്. പ്രതിരോധം പോലും ക്ലോപ്പിന് ആക്രമണമാണ്. പ്രത്യാക്രമണത്തെ എതിരാളിക്കുമുന്നിലുള്ള പരിചയാക്കുന്ന ഗീഗന്‍ പ്രസ്സിങ്ങിന്റെ അവതാരകന്‍. പന്തുള്ളപ്പോഴും പന്ത് നഷ്ടപ്പെട്ടാലും ആക്രമണസ്വഭാവം കാണിക്കുന്ന ഒരു ടീമിനെ രൂപപ്പെടുത്താനും അവരെ വിജയതൃഷ്ണയോടെ കളിപ്പിക്കാനും കഴിഞ്ഞതുകൊണ്ടാണ് ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ പ്രീമിയര്‍ ലീഗ് വിജയത്തിലേക്കും ടീം എത്തുന്നത്.
റോജേഴ്സിനുകീഴില്‍ ദിശാബോധം നഷ്ടമായ ലൂയി സുവാരസ്, റഹീം സ്റ്റെര്‍ലിങ്, സ്റ്റീവന്‍ ജെറാര്‍ഡ് എന്നിവരെ നഷ്ടപ്പെട്ട ലിവര്‍പൂളിനെയാണ് ക്ലോപ്പ് മാറ്റിയെടുക്കുന്നത്. അതിവേഗമാണ് ക്ലോപ്പിന്റെ ഗെയിംപ്ലാന്‍. എതിരാളിയുടെ ഹാഫില്‍ പന്ത് നഷ്ടപ്പെടുമ്പോളും താഴേക്ക് ഇറങ്ങാതെ, സംഘം ചേര്‍ന്ന് അവര്‍ക്ക് കൃത്യമായ ആക്രമണം സംഘടിപ്പിക്കാന്‍ അനുവദിക്കാതെ, താളംതെറ്റിക്കുന്ന ക്ലോപ്പ് ശൈലി വര്‍ത്തമാന ഫുട്ബോളില്‍ വലിയ വിജയമാണ്.
സാദിയോ മാനെ - റോബര്‍ട്ടോ ഫിര്‍മിനോ - മുഹമ്മദ് സല മുന്നേറ്റത്രയവും ഒരേ വേഗത്തില്‍ കയറിയും ഇറങ്ങിയും കളിക്കുന്ന ആന്‍ഡ്രൂ റോബര്‍ട്ട്സണ്‍ - ട്രെന്റ് അലക്സണ്ടര്‍ അര്‍നോള്‍ഡ് എന്നീ വിങ് ബാക്കുകളുമാണ് ക്ലോപ്പിന്റെ ആക്രമണായുധങ്ങള്‍. പ്ലേമേക്കിങ്ങിനെക്കാള്‍ ടീമിന്റെ ആക്രമണ - പ്രതിരോധ ബാലന്‍സ് ശരിയാംവണ്ണം നോക്കുന്ന നായകന്‍ ജോര്‍ദാന്‍ ഹാന്‍ഡേഴ്സന്‍ - വിയനാള്‍ഡം -ഫാബീന്യോ ത്രയം മധ്യനിരയില്‍. പ്രതിരോധത്തില്‍ വിര്‍ജില്‍ വാന്‍ഡെയ്ക്കും ജോയല്‍ മാട്ടിപ്പും. ഗോള്‍കീപ്പറായി അലിസണും. ക്ലോപ്പ് വാര്‍ത്തെടുത്ത വിജയസംഘം ജൈത്രയാത്ര തുടരുകയാണ്.
''അവിസ്മരണീയ മുഹൂര്‍ത്തം. ഞാന്‍ സന്തോഷത്തിന്റെ നെറുകയിലാണ്. ഈ വിജയം ലിവര്‍പൂള്‍ ആരാധകര്‍ക്കുള്ളതാണ്. നിങ്ങള്‍ വീട്ടിനകത്തിരുന്ന് ആഘോഷിച്ചോളൂ, അതുപോരെങ്കില്‍ വീടിനുമുന്നിലേക്ക് ഇറങ്ങാം, അതിലപ്പുറം ഇപ്പോള്‍വേണ്ട. നമ്മള്‍ക്ക് എല്ലാവര്‍ക്കും ഒരുമിച്ചുകൂടാന്‍ കഴിയുന്ന ഒരു ദിവസം ഗംഭീരമായി ആഘോഷിക്കാം.'' - യര്‍ഗന്‍ ക്ലോപ്പ് (ലിവര്‍പൂള്‍ കോച്ച്)
Content Highlights: Jurgen Klopp the master brain behind Liverpool’s title win