30 വര്‍ഷത്തിനുശേഷം കഴിഞ്ഞ പ്രീമിയര്‍ ലീഗ് കിരീടം നേടിയ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയേക്കാള്‍ 18 പോയിന്റ് മുന്നിലാണ് സീസണ്‍ അവസാനിപ്പിച്ചത്. പക്ഷേ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റത് മുന്‍ വര്‍ഷത്തെ ചാമ്പ്യന്‍മാര്‍ക്ക് ക്ഷീണമായി.

ഒളിമ്പിയാക്കോസില്‍ നിന്ന് 11.75 ദശലക്ഷം പൗണ്ടിന് വാങ്ങിയ ഗ്രീസ് പ്രതിരോധ താരം കോസ്റ്റാസ് സിമിക്കാസ് ഇത്തവണ ചെമ്പടയിലെ ഏക പുതുമുഖം. തിമോ വെര്‍ണറിനെ ചെല്‍സി റാഞ്ചിയത് തിരിച്ചടിയാണ്. ഇപ്പോള്‍ ബയേണ്‍ മ്യൂണിക്കിലെ തിയാഗോ അല്‍കാന്‍ട്രയെ വാങ്ങിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണെന്നാണ് പിന്നണിയിലെ സംസാരം.

യര്‍ഗന്‍ ക്ലോപ്പ് തന്റെ പ്രിയപ്പെട്ട 4-3-3 ശൈലിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധ്യത വിരളമാണ്. ആദ്യ 11 പേരുടെ കാര്യത്തിലും മാറ്റമുണ്ടാകില്ല. ക്ലോപ്പിന്റെ ഗേഗന്‍ പ്രെസ്സിങ് ശൈലിയുമായി തിയാഗോ എങ്ങനെ പൊരുത്തപ്പെടും എന്നത് മറ്റൊരു വിഷയം.

സാധ്യതാ ടീം

ഗോള്‍കീപ്പര്‍: അലിസണ്‍

പ്രതിരോധം: ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, ജോ ഗോമസ്, വിര്‍ജില്‍ വാന്‍ ഡൈക്ക്, ആന്‍ഡ്രൂ റോബര്‍ട്ട്‌സണ്‍

മധ്യനിര: ഫാബിഞ്ഞോ, ജോര്‍ഡാന്‍ ഹെന്‍ഡേഴ്‌സണ്‍, ജോര്‍ജീനിയോ വൈനാല്‍ഡം

മുന്നേറ്റനിര: മുഹമ്മദ് സലാ, റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ

ആരെയും തോല്‍പ്പിക്കാന്‍ കഴിയുന്നതാണ് ലിവര്‍പൂളിന്റെ ആദ്യ ഇലവന്‍. എന്നാല്‍ സ്വാഡ് ഡെപ്ത്തിന്റെ കാര്യത്തിലാണ് പ്രധാന ആശങ്ക. അലിസണിന് കാര്യമായ മത്സരമുണ്ടാകില്ല. അഡ്രിയാന്‍ രണ്ടാമത്തെ ചോയ്‌സ് ഗോള്‍കീപ്പറാകും. ടാകുമി മിനാമിനോ ഫിര്‍മിനോയ്ക്ക് അനുയോജ്യമായ ഒരു ബാക്കപ്പാണ്, ഡിവോക്ക് ഒറിജി പരമ്പരാഗത രീതിയിലുള്ള സെന്റര്‍ ഫോര്‍വേഡ് ആണ്. ഷെര്‍ദാന്‍ ഷാക്കിരി നല്ല വിങ്ങറും. അലക്‌സ് ഓക്‌സ്ലെയ്ഡ് ചേംബര്‍ലെയ്ന്‍ ഒരു വിങ്ങര്‍ ആയോ അല്ലെങ്കില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറായോ കളിക്കാന്‍ കഴിയും.

നബി കെയ്റ്റ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയി ഇടംപിടിക്കുമെങ്കിലും ബാക്കിയുള്ളത് 34 വയസ്സ് കഴിഞ്ഞ ജെയിംസ് മില്‍നര്‍ ആണ്. പ്രതിരോധത്തില്‍, കോസ്റ്റാസ് സിമിക്കാസ് ഇടതുവശത്തും കൗമാര താരം നെക്കോ വില്യംസ് വലതുവശത്തും ആയിരിക്കും. ജോയല്‍ മാറ്റിപ്പ് ഒരു നല്ല ബാക്കപ്പ് സെന്റര്‍ ബാക്ക് ആണെങ്കിലും ലിവര്‍പൂളിന് മറ്റൊരു സെന്റര്‍ ബാക്കിനെ ആവശ്യമാണ്. റിയാന്‍ ബ്രൂസ്റ്ററിനും കര്‍ട്ടിസ് ജോണ്‍സിനും ഈ സീസണില്‍ കൂടുതല്‍ സമയം ലഭിക്കും. എന്നിരുന്നാലും, ഈ കളിക്കാര്‍ ബെഞ്ചില്‍ നിന്ന് വന്ന് ഒരു കളിയുടെ ഗതി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരാണോ എന്നത് സംശയമാണ്. ഇവിടെയാണ് തിയാഗോ പ്രധാനമാകുന്നത്.

കഴിഞ്ഞ സീസണില്‍ ക്ലോപ്പ് ക്ലോപ്പ് നേരിട്ട പ്രധാന വിമര്‍ശനം വ്യക്തമായ ഒരു പ്ലാന്‍ ബിയുടെ അഭാവമാണ്. ലിവര്‍പൂളിന് കടുത്ത പ്രതിരോധ നിരകളെ തകര്‍ക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. അതിനുള്ള ഉത്തരം  തിയാഗോ ആകാം. അദ്ദേഹത്തിന്റെ വിഷനും പാസിങ് റേഞ്ചും കടുത്ത പ്രതിരോധ നിരകളെ കീറിമുറിക്കാന്‍ ലിവര്‍പൂളിനെ സഹായിക്കും.

ലിവര്‍പൂളിന്റെ ഫോര്‍വേര്‍ഡ് ത്രയം തന്നെയാണ് അവരുടെ ശക്തി. കഴിഞ്ഞ കുറച്ച് സീസണുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ഫിര്‍മിനോ, മാനെ, സലാ എന്നിവരെ ഗോളുകള്‍ നേടുന്നതിനായി ലിവര്‍പൂള്‍ വളരെയധികം ആശ്രയിക്കുന്നു. മികച്ച ടീം പ്ലേയര്‍ ആണെങ്കിലും ഫിര്‍മിനോ കൂടുതല്‍ ഗോളുകള്‍ നേടേണ്ടതുണ്ട്. മാനെ അല്ലെങ്കില്‍ സലയ്ക്ക് പരിക്കേറ്റാല്‍ ലിവര്‍പൂളിന് കാര്യം കഷ്ടത്തിലാവും.

ആദ്യ ഇലവനില്‍ മത്സരത്തിന്റെ അഭാവമാണ് ലിവര്‍പൂളിന്റെ മറ്റൊരു പ്രശ്‌നം. പ്രധാനപ്പെട്ട എല്ലാ ഗെയിമുകളും കളിക്കാന്‍ ആദ്യ ടീമിന് കഴിയും. പകരക്കാര്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നതിന് ചെറു ടീമുകളുമായുള്ള മത്സരങ്ങള്‍ വരുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നു.

Content Highlights: Jurgen Klopp has to look for a plan b Liverpool Premier League season Predictions