കായികലോകം ശ്വാസമടക്കിപ്പിടിച്ച രാത്രി; ലോര്‍ഡ്‌സിലെ സൂപ്പര്‍ ഓവറും വിംബിള്‍ഡണിലെ ടൈബ്രേക്കറും 


ആദര്‍ശ് പി ഐ

ആ രാത്രി അപ്പോഴും പെയ്തുതോര്‍ന്നിരുന്നില്ല. ബ്രിട്ടീഷ് ഗ്രാന്‍ഡ്-പ്രീയില്‍ ചരിത്രം കുറിച്ചുകൊണ്ട് ഹാമില്‍ട്ടണ്‍ യാത്ര തുടരുന്നുണ്ടായിരുന്നു.  

photo: Getty Images

2019 ജൂലൈ 14, അന്ന് ലണ്ടനില്‍ രണ്ട് കായികമാമാങ്കങ്ങളുടെ കലാശപ്പോരാട്ടങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ലോര്‍ഡ്‌സില്‍ ഏകദിന ലോകകപ്പിന്റെ അവസാന മത്സരം. കിലോമീറ്ററുകള്‍ക്കപ്പുറമുള്ളൊരു പുല്‍ക്കോര്‍ട്ടില്‍ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സിന്റെ ഫൈനലും. കായികപ്രേമികളുടെ സിരകളെ മത്തുപിടിപ്പിക്കാന്‍ പോന്നൊരു രാത്രി ലണ്ടനില്‍ പിറവിയെടുക്കാന്‍ തുടങ്ങിയിരുന്നു. അത് പക്ഷേ കായികചരിത്രത്തില്‍ തന്നെ എക്കാലവും അടയാളപ്പെടുത്തിവെക്കാവുന്ന ഒന്നായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും അന്നത്തെ ആ രാത്രി ഉള്ളില്‍ നിറച്ച വികാരത്തെ വര്‍ണിക്കാന്‍ കളിപ്രേമികള്‍ക്കിപ്പോഴും സാധിക്കില്ലെന്നുറപ്പാണ്.

സൂപ്പര്‍ ഓവറിലും നിലയ്ക്കാത്ത പോരാട്ടം

കലാശപ്പോരിന്റെ ആവേശത്തില്‍ അന്നത്തെ സായാഹ്നം പതിവിലും ചുവന്നിരുന്നു. ലോര്‍ഡ്‌സിലെ മൈതാനത്തില്‍ ലോകക്രിക്കറ്റിലെ കനകക്കിരീടത്തിന്റെ അവകാശികള്‍ ആരെന്നറിയാനുളള പോരാട്ടം. ലോകക്രിക്കറ്റിലെ രണ്ട് കൊമ്പന്‍മാര്‍. ഇംഗ്ലണ്ടും ന്യൂസിലാന്റും തങ്ങളുടെ ആദ്യ ലോകകിരീടത്തിനായി തയ്യാറെടുത്തുകഴിഞ്ഞു. പോയന്റ് ടേബിളിലെ അദ്യ സ്ഥാനക്കാരായ ഇന്ത്യയെ തോല്‍പ്പിച്ചാണ് കിവികളുടെ വരവ്. എന്നാല്‍ രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയെ തകര്‍ത്തെറിഞ്ഞായിരുന്നു ഇംഗ്ലണ്ട് കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ലോര്‍ഡ്‌സിലെ ആകാശത്ത് അവസാനചിരി ആരുടേതായിരിക്കുമെന്നറിയാന്‍ കായികപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്നു.

2015-ലോകകപ്പിലെ വേട്ടയാടുന്ന ഓര്‍മകളെ വകഞ്ഞുമാറ്റിയാണ് കിവീസ് മൈതാനത്തിറങ്ങിയത്. അന്ന് മെല്‍ബണ്‍ മഞ്ഞക്കടലായപ്പോള്‍ വേദനകടിച്ചമര്‍ത്തി പുഞ്ചിരിച്ചുനില്‍ക്കുന്ന കെയിന്‍ വില്ല്യംസണ്‍ ഓര്‍മചിത്രങ്ങളിലപ്പോഴും മായാതെ കിടക്കുന്നുണ്ടായിരുന്നു. ഇത്തവണ കാലം കിവികള്‍ക്കായി കാത്തുവെച്ച കിരീടമാണിതെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിച്ചിരുന്നത്. അല്ലെങ്കില്‍ സെമിയിലെ 49-ാം ഓവറില്‍ സെന്റീമീറ്ററുകളുടെ ദൂരത്തില്‍ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ തകര്‍ന്നുടയില്ലായിരുന്നു.

ലോര്‍ഡ്‌സില്‍ ടോസ് നേടിയ വില്ല്യംസണ്‍ ബാറ്റ് ചെയ്യാനാണ് തീരുമാനമെടുത്തത്. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും ഹെന്റി നിക്കോള്‍സും പതിയെ പതിയെയാണ് റണ്‍സ് കണ്ടെത്തിയത്. പക്ഷേ ഏഴാം ഓവറില്‍ വെറും 19 റണ്‍സ് മാത്രമെടുത്ത് ഗുപ്റ്റില്‍ മടങ്ങി. പിന്നീട് ഇറങ്ങിയ ക്യാപ്റ്റന്‍ വില്ല്യംസണ്‍ പതിവുശൈലിയില്‍ റണ്‍സുയര്‍ത്തി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ നൂറ് കടത്തി. കിവീസ് 103 റണ്‍സില്‍ നില്‍ക്കെ വില്ല്യംസണെ പുറത്താക്കി ഇംഗ്ലണ്ട് തിരിച്ചടിച്ചു. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടേയിരുന്നു. 173 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് കിവീസ് വീണു. ടോം ലതാം, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. ലതാം 47 റണ്‍സെടുത്താണ് പുറത്തായത്. അങ്ങനെ 50 ഓവറില്‍ 241 റണ്‍സിന് ന്യൂസിലാന്റിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു.

photo: Getty Images

242 എന്ന വിജയലക്ഷ്യം എളുപ്പത്തില്‍ മറികടക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇംഗ്ലണ്ട്. വളരെ കരുതലോടെയാണ് ഇംഗ്ലണ്ട് ബാറ്റേന്തിയത്. പക്ഷേ ആറാം ഓവറില്‍ തന്നെ ഓപ്പണര്‍ ജേസണ്‍ റോയിയെ മടക്കി മാറ്റ് ഹെന്റി മികച്ച തുടക്കം നല്‍കി. പിന്നീടിറങ്ങിയ ജോ റൂട്ട് കൂറ്റനടികള്‍ക്ക് മുതിര്‍ന്നതേയില്ല. വളരെ ശാന്തതയോടെയാണ് താരം ബാറ്റേന്തിയത്. 30 പന്തില്‍ നിന്ന് ഏഴ് റണ്‍സെടുത്ത റൂട്ടിനെ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം പുറത്താക്കിയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. പിന്നാലെ ബെയര്‍‌സ്റ്റോയും ഓയിന്‍ മോര്‍ഗനും കൂടാരം കയറിയതോടെ ഇംഗ്ലണ്ട് 86-4 എന്ന നിലയിലേക്ക് വീണു. എന്നാല്‍ ബെന്‍ സ്‌റ്റോക്‌സും ജോസ് ബട്ട്‌ലറും ക്രീസില്‍ നിലയുറപ്പിച്ചു.

അവസാന ഓവറില്‍ ഇംഗ്ലണ്ട് 227-8 എന്ന നിലയിലായിരുന്നു. ജയിക്കാന്‍ 15 റണ്‍സാണ് വേണ്ടിയിരുന്നത്. ആദ്യത്തെ രണ്ട് പന്തുകളും സ്‌റ്റോക്‌സിന് റണ്‍ നേടാനായില്ല. എന്നാല്‍ മൂന്നാം പന്ത് അതിര്‍ത്തികടത്തി വിജയപ്രതീക്ഷ നിലനിര്‍ത്തി. നാലാം പന്തില്‍ ഡബിളിനായി ഓടുന്നതിനിടെ സ്‌റ്റോക്‌സിന്റെ ബാറ്റില്‍ ഫീല്‍ഡര്‍ എറിഞ്ഞ പന്ത് കൊളളുകയും ബൗണ്ടറി കടക്കുകയും ചെയ്തു. ഓവര്‍ ത്രോയില്‍ ആറ് റണ്‍സാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. അവസാന പന്തില്‍ രണ്ട് റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ ഒരു റണ്‍സ് മാത്രമേ സ്‌റ്റോക്‌സിന് എടുക്കാനായുളളൂ. അങ്ങനെ 241 റണ്‍സിന് ഇംഗ്ലണ്ടിന്റേയും ഇന്നിംഗ്‌സ് അവസാനിച്ചു. മത്സരം സമനിലയിലായി. വിജയിയെ നിര്‍ണയിക്കാന്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.

ആരാധകര്‍ ആവേശക്കൊടുമുടിയിലായി. ലോകകപ്പ് പോരാട്ടം അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നു. സൂപ്പര്‍ ഓവറില്‍ വിജയിക്കുന്നവര്‍ക്ക് ലോകകിരീടമുയര്‍ത്താം. ആദ്യ കിരീടമെന്ന സ്വപ്‌നത്തിനായി ഇരുകൂട്ടരും മൈതാനത്തിറങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റണ്‍സാണ് നേടിയത്. ന്യൂസിലാന്റിന് വിജയിക്കണമെങ്കില്‍ 16 റണ്‍സെടുക്കണം. ഗുപ്റ്റിലും നീഷാമുമാണ് കിവികള്‍ക്കായി ബാറ്റിംഗിനിറങ്ങിയത്. അഞ്ച് പന്തില്‍ നിന്ന് ന്യൂസിലാന്റ് 14 റണ്‍സെടുത്തു. അവസാന പന്തില്‍ വിജയിക്കാന്‍ രണ്ട് റണ്‍സാണ് വേണ്ടത്. ബാറ്റ് ചെയ്ത ഗുപ്ടില്‍ ഡബിളിനായി ഓടി. രണ്ടാം റണ്‍ തികയ്ക്കുന്നതിന് മുന്നേ റണ്‍ ഔട്ടാക്കിക്കൊണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ ആഘോഷം തുടങ്ങി.

photo: Getty Images

സൂപ്പര്‍ ഓവറും സമനിലയിലാണ് അവസാനിച്ചത്. രണ്ട് ടീമും 15 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ട് എങ്ങനെയാണ് കിരീടം നേടിയതെന്ന അമ്പരപ്പില്‍ ആരാധകര്‍ മുഖത്തോട് മുഖം നോക്കിയിരുന്നു. അതിന് മുമ്പ് അങ്ങനെയൊരു കാഴ്ച ക്രിക്കറ്റ് ലോകം കണ്ടിട്ടില്ല. അവരുടെ ആശങ്കകള്‍ക്കൊക്കെ വിരാമമിട്ട് ക്രിക്കറ്റിന്റെ നിയമപുസ്തകത്തിലെ ബൗണ്ടറി കൗണ്ട്-ബാക്ക് റൂള്‍ മുഴങ്ങിക്കൊണ്ടിരുന്നു. 50-ഓവറിലും പിന്നാലെയെത്തിയ സൂപ്പര്‍ ഓവറിലും തോല്‍ക്കാതിരുന്ന കിവികള്‍ അവിടെ മാത്രം തോറ്റുപോയി. ഫൈനലില്‍ ഒരാള്‍ മാത്രമേ വിജയിക്കൂവെന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ന്യൂസിലാന്റ് താരങ്ങള്‍ നിരാശയോടെ തിരിഞ്ഞു നടന്നു. പതിവുകളൊന്നും തെറ്റിക്കാതെ ലോര്‍ഡ്‌സില്‍ അപ്പോഴും വില്ല്യംസണ്‍ ചിരിക്കുന്നുണ്ടായിരുന്നു.

പുല്‍ക്കോര്‍ട്ടിനെ 'തീ'പിടിപ്പിച്ച ഫൈനല്‍

വിംബിള്‍ഡണിലെ പുല്‍ക്കോര്‍ട്ടപ്പോള്‍ പോരാട്ടചൂടില്‍ തിളച്ചുമറിയുകയായിരുന്നു. റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചും തമ്മില്‍ വിംബിള്‍ഡണ്‍ കിരീടത്തിനായുളള ജീവന്‍മരണപോരാട്ടം. പുല്‍ക്കോര്‍ട്ടില്‍ കുറിച്ചുവെച്ച ചരിത്രങ്ങളെയെല്ലാം തിരുത്തിക്കുറിച്ചുകൊണ്ടേയിരിക്കുകയാണ് ഫെഡറര്‍. എട്ട് വിംബിള്‍ഡണ്‍ കിരീടങ്ങള്‍ നേടിയ ഫെഡറര്‍ അടുത്ത കിരീടത്തിനായാണ് ലണ്ടനിലെത്തിയത്. അഞ്ചാം വിംബിള്‍ഡണ്‍ കിരീടമോഹവുമായാണ് ജോക്കോവിച്ച് എത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയ ജോക്കോവിച്ച് വിംബിള്‍ഡണ്‍ കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് റാക്കറ്റേന്തിയത്.

ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ കിരീടമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ താരമാണ് ഫെഡറര്‍. അയാളെ പുല്‍ക്കോര്‍ട്ടില്‍ പരാജയപ്പെടുത്തുകയെന്നത് ശ്രമകരമാണ്. പക്ഷേ റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്തെറിയുന്ന ജോക്കോവിച്ചിന് ഇതും സാധ്യമാകുമെന്ന് പലരും വിശ്വസിച്ചിരുന്നു. അടുത്തിടെയായി മികച്ച ഫോമിലാണ് ജോക്കോ. വിംബിള്‍ഡണ്‍ കോര്‍ട്ട് തീപാറുമെന്നുറപ്പാണ്. ആരാധകരുടെ ആരവങ്ങള്‍ക്കിടയുലൂടെ ഇരുവരും റാക്കറ്റേന്തി തുടങ്ങി.

photo: Getty Images

പ്രവചനങ്ങളെ ശരിവെയ്ക്കുന്നതായിരുന്നു ആദ്യ സെറ്റ്. കടുത്ത മത്സരത്തിനാണ് സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. സര്‍വുകള്‍ നിലനിര്‍ത്തിക്കൊണ്ട് ഇരുവരും മുന്നേറിയപ്പോള്‍ ആദ്യ സെറ്റ് പോരാട്ടം തന്നെ ടൈബ്രേക്കറിലേക്ക് നീണ്ടു. അവിടെയും ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു കണ്ടത്. ഒടുവില്‍ ടൈബ്രേക്കറില്‍ 7-5 ന് വിജയിച്ച് ജോക്കോവിച്ച് ആദ്യ സെറ്റ് നേടി.

സെന്റര്‍ കോര്‍ട്ടില്‍ സ്വിസ് ഇതിഹാസത്തിന്റെ അപ്രമാദിത്വമാണ് പിന്നീട് കാണാനായത്. ജോക്കോവിച്ചിനെ നിഷ്പ്രഭമാക്കുന്നതായിരുന്നു ഫെഡററിന്റെ പ്രകടനം. പൊരുതിനില്‍ക്കാന്‍ പോലുമാകാതെ ജോക്കോവിച്ച് രണ്ടാം സെറ്റില്‍ അടിയറവ് പറഞ്ഞു. 6-1 നാണ് ഫെഡറര്‍ രണ്ടാം സെറ്റ് സ്വന്തമാക്കിയത്. രണ്ട് താരങ്ങളും ഓരോ സെറ്റ് വീതം നേടിയതോടെ മൂന്നാം സെറ്റിലേക്ക് കലാശപ്പോരാട്ടം നീണ്ടു.

ഒന്നാം സെറ്റിന്റെ ആവര്‍ത്തനമെന്നപോലെ കടുത്ത മത്സരമായിരുന്നു മൂന്നാം സെറ്റിലും. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുക്കം സെറ്റ് 6-6 എന്ന സ്‌കോറിലായി. മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറില്‍ ജോക്കോവിച്ചിന്റെ മുന്നേറ്റമായിരുന്നു കാണാനായത്. 5-1 ന് ലീഡ് ചെയ്‌തെങ്കിലും ഫെഡറര്‍ അതിശക്തമായി തിരിച്ചടിച്ചു. പക്ഷേ 7-4 ന് വിജയിച്ച് ജോക്കോവിച്ച് സെറ്റ് സ്വന്തമാക്കി.

നാലാം സെറ്റില്‍ ജോക്കോവിച്ചിന്റെ സര്‍വ് ബ്രേക്ക് ചെയ്ത ഫെഡറര്‍ പിഴവുകളില്ലാതെ റാക്കറ്റേന്തി. 6-4 ന് സെറ്റ് നേടി ശക്തമായി തിരിച്ചടിച്ചു. ഇരുവരും രണ്ട് സെറ്റ് വീതം നേടിയതോടെ അഞ്ചാം സെറ്റിലേക്ക് കലാശപ്പോരാട്ടം കടന്നു. അപ്പോഴേക്കും മത്സരം മൂന്ന് മണിക്കൂര്‍ പിന്നിട്ടിരുന്നു. അഞ്ചാം സെറ്റിലും ആവേശകരമായിരുന്നു മത്സരം. ജോക്കോവിച്ച് ഫെഡററിന്റെ സര്‍വ് ബ്രേക്ക് ചെയ്ത് മുന്നേറി. പക്ഷേ ഫെഡറര്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ജോക്കോവിച്ചിന്റെ സര്‍വ് ബ്രേക്ക് ചെയ്ത് മത്സരത്തിലേക്ക് അതിശക്തമായി തിരിച്ചുവന്നു.

photo: Getty Images

വിംബിള്‍ഡണിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിന്റെ പിറവിയായിരുന്നു പിന്നീട് സെന്റര്‍ കോര്‍ട്ടില്‍. ജോക്കോവിച്ചും ഫെഡററും പരാജയം സമ്മതിക്കാതെ റാക്കറ്റേന്തിക്കൊണ്ടേയിരുന്നു. 7-7, 8-8. 9-9 കായികലോകമൊന്നടങ്കം പോരാട്ടത്തില്‍ ലയിച്ചിരുന്നു. മത്സരം അവസാനമില്ലാതെ തുടര്‍ന്നു. നാല് മണിക്കൂര്‍ നാല്‍പ്പത്തിയെട്ടുമിനിറ്റിനൊടുക്കം സ്‌കോര്‍ബോര്‍ഡില്‍ 12-12 എന്ന കാഴ്ച.

അപ്പോഴും വിജയിയെ നിര്‍ണയിക്കാനാവാതെ വന്നതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു. ശ്വാസമടക്കിപ്പിടിച്ചാണ് ടൈബ്രേക്കറിലെ പോരാട്ടത്തിലേക്ക് കായികലോകം കാത്തിരുന്നത്. ടൈബ്രേക്കറില്‍ ഫെഡററിന് പിഴച്ചു. 7-3 ന് വിജയിച്ച് അഞ്ചാം സെറ്റും കിരീടവും ജോക്കോവിച്ച് സ്വന്തമാക്കി. സെന്റര്‍ കോര്‍ട്ടിലെ തിങ്ങിനിറഞ്ഞ ഗാലറികളില്‍ നിലയ്ക്കാത്ത കയ്യടികളുയര്‍ന്നു. അപ്പോഴേക്കും വിംബിള്‍ഡണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനല്‍ അവിടെ പിറവിയെടുത്തു കഴിഞ്ഞിരുന്നു.

ആ രാത്രി അപ്പോഴും പെയ്തുതോര്‍ന്നിരുന്നില്ല. ബ്രിട്ടീഷ് ഗ്രാന്‍ഡ്-പ്രീയില്‍ ചരിത്രം കുറിച്ചുകൊണ്ട് ഹാമില്‍ട്ടണ്‍ യാത്ര തുടരുന്നുണ്ടായിരുന്നു.

Content Highlights: July 14, 2019 – When Wimbledon and ODI World Cup produced two epic finals

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented