ന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിന്റെ മുഖ്യ പരിശീലകന്‍ ആയിരുന്ന ജോഗീന്ദര്‍ സിങ് സെയ്‌നി വിടവാങ്ങിയപ്പോള്‍ ട്രാക്കില്‍ ഒരു യുഗം സമാപിക്കുന്നു. 1970കളിലും 80കളിലും അത്‌ലറ്റിക്‌സില്‍ ഇന്ത്യ നടത്തിയ കുതിപ്പിനു പിന്നില്‍ രണ്ടു പരിശീലകരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇലിയാസ് ബാബറും ജെ.എസ്. സെയ്‌നിയും. അത്യുജ്വല പ്രകടനം കാഴ്ചവച്ചിട്ടും ബാബറിനു വേണ്ട പരിഗണന കിട്ടിയില്ല. മറുവശത്ത് സെയ്‌നി എന്നും പരിഗണിക്കപ്പെട്ട കോച്ചായി. 1982 ലെ ന്യൂഡല്‍ഹി ഏഷ്യന്‍ ഗെയിംസ് മുതല്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ ചോദ്യം ചെയ്യപ്പെടാത്ത പരിശീലകന്‍. ചീഫ് കോച്ച് സ്ഥാനത്ത് സെയ്‌നിയുടെ തന്നെ ശിഷ്യന്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒളിമ്പ്യന്‍ ബഹദൂര്‍ സിങ്ങും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ഗുര്‍ചരന്‍ സിങ് രണ്‍ധാവയും എത്തി.

62ലെ ഏഷ്യന്‍ ഗെയിംസില്‍ ഡെക്കാതലന്‍ ചാംപ്യനും 64 ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ 110 മീ ഹര്‍ഡില്‍സില്‍ അഞ്ചാം സ്ഥാനക്കാരനുമാണ് രണ്‍ധാവ. പക്ഷേ, അടുത്ത നാള്‍ വരെ ഇവര്‍ക്കൊക്കെ മുകളില്‍ സെയ്‌നിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഉപദേശകന്‍ എന്ന റോള്‍ ചാര്‍ത്തപ്പെട്ടപ്പോഴും അല്ലാത്തപ്പോഴും സെയ്‌നിയുടെ വാക്കുകള്‍ ചോദ്യം ചെയ്യപ്പെട്ടില്ല.

അത്‌ലറ്റായി എടുത്തു പറയാവുന്ന നേട്ടമില്ല. പരിശീലകന്‍ എന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടാന്‍ സൂപ്പര്‍ താരങ്ങളുമില്ല. എന്നിട്ടും സെയ്‌നി തലയുയര്‍ത്തി നടന്നു. ദ്രോണാചാര്യ ലഭിച്ചത് കെ.എം. ബീനാ മോള്‍ കൈവരിച്ച നേട്ടങ്ങളുടെ പേരിലാണ് .സെയ്‌നി അംഗീകരിക്കപ്പെട്ടപ്പോള്‍ നഷ്ടം സംഭവിച്ചത് ബീനാമോളെ ഏഷ്യന്‍ ജൂനിയര്‍ ചാംപ്യനും റെക്കോര്‍ഡുകാരിയുമാക്കിയ മലയാളി കോച്ച് പുരുഷോത്തമനാണ്. ന്യൂഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ ടീം പ്രഖ്യാപിച്ച ശേഷം നടന്ന ട്രയല്‍ നാടകത്തിലൂടെ നമ്മുടെ ശ്രീകുമാരിയമ്മയെ 4x400 മീ റിലേ ടീമില്‍ നിന്നു പുറത്താക്കി ഹമീദാ ബാനുവിന് അവസരം ഒരുക്കിയതിലും സെയ്‌നിയുടെ റോള്‍ വ്യക്തമായിരുന്നു.

പക്ഷേ, സെയ്‌നി ആധിപത്യം തുടര്‍ന്നു. അതില്‍ ഫെഡറഷന്റെ പിന്തുണയ്ക്കു പുറമെ പ്രായം മറന്നുള്ള യാത്രകളും സാന്നിധ്യവും ഉണ്ടെന്നു സമ്മതിക്കണം. പട്യാലയിലെ വീട്ടില്‍ 1990 കളില്‍ സെയ്‌നിയെ കാണുമ്പോള്‍ വലിപ്പം കൊണ്ടു ഭയാനകനും ഇടപെടലില്‍ സൗമ്യനുമായൊരു വളര്‍ത്തുനായ അദ്ദേഹത്തിന്റെ സമീപം ഉണ്ടായിരുന്നു. പിന്നീട് നായയ്ക്കു പ്രായമായി ചത്തു; താന്‍ ഇപ്പോഴും ചെറുപ്പമെന്ന് പറഞ്ഞത് ഓര്‍ക്കുന്നു.

2013ല്‍ പുണെയില്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് വേളയില്‍ കണ്ടപ്പോള്‍ ക്ഷീണിതനായിരുന്നു.  എന്നിട്ടും മെഡല്‍ സമ്മാനിക്കുന്നതിന് പോഡിയവും അടുത്ത് ചെടിച്ചട്ടികളുമൊക്കെ ക്രമീകരിക്കാന്‍ നേതൃത്വം നല്‍കി.

നാലു വര്‍ഷത്തിനു ശേഷം, 2017ല്‍ ഭുവനേശ്വരില്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് നടന്നപ്പോള്‍ കലിങ്ക സ്റ്റേഡിയത്തില്‍ കണ്ടില്ല. യാത്ര ചെയ്യാന്‍ ആരോഗ്യം അനുവദിച്ചില്ലെന്നു കരുതി. പക്ഷേ, മടക്കയാത്രയില്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അതാ ജെ.എസ്.സെയ്‌നി മുന്നില്‍. നടക്കാന്‍ വിഷമമുണ്ട്. മത്സരം കാണാന്‍ വേണ്ടി മാത്രം വന്നതാണത്രെ. പക്ഷേ, അതിനു ശേഷവും പല സെലക്ഷന്‍ കമ്മിറ്റികളിലും (ചിലതില്‍ ക്ഷണിക്കപ്പെടാതെയെന്നും കേട്ടിരുന്നു) സെയ്‌നി പങ്കെടുത്തു. 

ഒരിക്കല്‍ സുനിതാ റാണിയുടെ കോച്ച്  റീനു ഖോലിയോട് സംസാരിക്കുന്നതു കണ്ട് അടുത്തെത്തി പറഞ്ഞു - 'എന്റെ മേല്‍നോട്ടത്തിലാണ് റീനുവിന്റെ കോച്ചിങ് '. പ്രായം ഏറെയായിട്ടും ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്‌ തന്റെ മേല്‍നോട്ടം അനിവാര്യമെന്ന് സ്വയം വിശ്വസിച്ച വ്യക്തി. ഇനി ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ സെയ്‌നിയില്ലാത്ത കാലം.

Content Highlights: Joginder Singh Saini veteran of Indian athletics