കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ഡോ. സി.കെ ഭാസ്‌കരന്‍ നായരെ (79) അനുസ്മരിച്ച് മുന്‍ രഞ്ജി താരം ജെ.കെ മഹേന്ദ്ര. ശനിയാഴ്ച വൈകീട്ട് യു.എസിലെ ഹൂസ്റ്റണിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു.

നഷ്ടമായത് വളരെ അടുത്ത സുഹൃത്തിനെയാണെന്ന് ജെ.കെ മഹേന്ദ്ര പ്രതികരിച്ചു. ''ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഭാസ്‌കര്‍ ഗ്രേറ്റ് ഡോക്ടറും ഗ്രേറ്റ് ക്രിക്കറ്ററുമായിരുന്നു. സ്ഥിരമായി വിളിക്കാറുണ്ട്. ഏറ്റവും അടുത്ത സുഹൃത്തിനെയാണ് എനിക്ക നഷ്ടമായിരിക്കുന്നത്. മികച്ച ഫാസ്റ്റ് ബൗളറായിരുന്നു അദ്ദേഹം. അനൗദ്യോഗിക ടെസ്റ്റ് ആയിരുന്നെങ്കില്‍ കൂടി കേരളത്തില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ച താരം. പട്ടൗഡിയായിരുന്നു അന്ന് ക്യാപ്റ്റന്‍. ഒരു 10 വര്‍ഷം മുമ്പ് ഞാനും ഭാസ്‌കറും പട്ടൗഡിയെ ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ടിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങള്‍ക്കായി രഞ്ജി കളിച്ചു എന്ന പറയുമ്പോള്‍ തന്നെ അറിയാമല്ലോ അദ്ദേഹം എത്ര നല്ല കളിക്കാരനായിരുന്നുവെന്ന്. അദ്ദേഹവും ടി.കെ മാധവും ചേര്‍ന്ന ബോളിങ് കോമ്പിനേഷന്‍ മികച്ചതായിരുന്നു. പിന്നെ ഒരു ഒളിമ്പിക്‌സ് പോലും മിസ് ചെയ്യാത്ത ആളായിരുന്നു ഭാസ്‌കര്‍. മൂന്ന് വര്‍ഷം മുമ്പ് 40 കി.മീ മാരത്തണും ഓടിയിരുന്നു. അമേരിക്കന്‍ താരം കാള്‍ ലൂയിസിനെ അടുത്ത് പരിചയമുണ്ടായിരുന്ന അദ്ദേഹം ലൂയിസിനെ ഇന്ത്യയില്‍ കൊണ്ടുവരാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും സാധിച്ചില്ല.'' - ജെ.കെ മഹേന്ദ്ര പറഞ്ഞു.

കേരളത്തില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ച താരമായിരുന്നു സി.കെ ഭാസ്‌കരന്‍ നായര്‍ എന്ന ചന്ദ്രോത്ത് കല്യാടന്‍ ഭാസ്‌കരന്‍. സിലോണിനെതിരെയായിരുന്നു (ഇന്നത്തെ ശ്രീലങ്ക) മത്സരം. അന്ന് സിലോണിന് ടെസ്റ്റ് പദവി ഇല്ലാതിരുന്നതിനാല്‍ ഈ ടെസ്റ്റ് അനൗദ്യോഗിക മത്സരമാകുകയായിരുന്നു. ആ മത്സരത്തില്‍ 18 ഓവറുകള്‍ എറിഞ്ഞ സി.കെ 51 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

1941 മേയ് അഞ്ചിന് തലശേരിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1957 മുതല്‍ 1969 വരെ രഞ്ജി ട്രോഫിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മികച്ച ഫാസ്റ്റ് ബൗളറെന്ന് പേരെടുത്ത സി.കെ 16-ാം വയസിലാണ് കേരളത്തിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1957-58 സീസണില്‍ ആന്ധ്രയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. 1968-69 സീസണ്‍ വരെ കേരളത്തിനായി കളിച്ചു. മൈസൂരിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം.

കേരളത്തിനായി 21 മത്സരങ്ങളിലെ 37 ഇന്നിങ്‌സുകളില്‍ നിന്ന് 69 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ആന്ധ്രയ്‌ക്കെതിരേ 86 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. നാലു തവണ കേരളത്തിനായി അഞ്ചു വിക്കറ്റ് പ്രകടനം നടത്തി. 345 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് പാസായ അദ്ദേഹം ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ശേഷം യു.എസില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു.

Content Highlights: JK Mahendra shares memories of Dr. C.K Bhaskaran Nair