കോഴിക്കോട്: കളിക്കാരുടെ തിരഞ്ഞെടുപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സമീപനം മാറുന്നു. സ്പാനിഷ് താരം ടിറി, മുന്‍ നായകനും ക്ലബ്ബ് ഐക്കണുമായ സന്ദേശ് ജിംഗാന്‍ എന്നിവരുടെ കാര്യത്തില്‍ മാനേജ്മെന്റ് സ്വീകരിച്ച നിലപാടുകള്‍ ഇതിന്റെ സൂചനയാണ്. കഴിഞ്ഞ ആറ് സീസണുകളില്‍നിന്ന് വ്യത്യസ്തമായി പ്രൊഫഷണല്‍ സമീപനത്തിലേക്കുള്ള മാറ്റമായും കാണാം.

ജിംഗാന്‍ പോകുമ്പോള്‍

ആദ്യ സീസണ്‍ മുതലുള്ള താരം. ടീമിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച കളിക്കാരന്‍, മുന്‍നായകന്‍, പോസ്റ്റര്‍ ബോയ്. സന്ദേശ് ജിംഗാന്‍ ടീം വിടുന്നതിന് വൈകാരികതലം ഏറെയുണ്ട്. എന്നാല്‍ ക്ലബ്ബ് ഫുട്ബോളില്‍ വൈകാരികതയ്ക്ക് ഏറെ പ്രസക്തിയില്ല. അതുകൊണ്ടാണ് പരസ്പരധാരണയോടെ പിരിയാന്‍ ബ്ലാസ്റ്റേഴ്സും ജിംഗാനും കഴിയുന്നത്.

ഒന്നരകോടിയോളം രൂപയാണ് ഒരു സീസണില്‍ ജിംഗാനായി ക്ലബ്ബ് മുടക്കുന്നത്. ഏറ്റവും വിലപിടിപ്പുള്ള താരം. കോവിഡ്-19 വ്യാപനത്തോടെ ഇനി മുണ്ടു മുറുക്കിയുടുക്കേണ്ട സീസണാണ് വരുന്നത്. ഈ അവസ്ഥയില്‍ ബ്ലാസ്റ്റേഴസിന് ആവശ്യം ചെലവ് കുറഞ്ഞ ടീമിനെയാണ്. ജിംഗാന്‍ പോകുന്നതോടെ അതേ തുകയ്ക്ക് മികച്ച മൂന്ന് കളിക്കാരെയെങ്കിലും കൊണ്ടുവരാനാകും. ടിറിയെ വേണ്ടെന്ന് വെക്കാനുള്ള കാരണവും ഉയര്‍ന്ന പ്രതിഫലമാണ്.

ജിംഗാന്‍ ഖത്തറിലെ മുന്‍നിര ക്ലബ്ബിലേക്ക് പോകുമെന്ന് അഭ്യൂഹമുണ്ട്. അതേസമയം ജിംഗാനെ സ്വന്തമാക്കാന്‍ സൂപ്പര്‍ലീഗ് ചാമ്പ്യന്‍മാരായ എ.ടി.കെ. കൊല്‍ക്കത്തയും മുംബൈ സിറ്റിയും സജീവമായി രംഗത്തുണ്ട്.

കിബുവിന്റെ വരവ്

പുതിയ സ്പാനിഷ് പരിശീലകന്‍ കിബുവിന്റെ ഗെയിംപ്ലാനിന് അനിവാര്യനായ കളിക്കാരനല്ല ജിംഗാന്‍. സ്പാനിഷ് പാസിങ് ശൈലിയില്‍ ഹോള്‍ഡ് ചെയ്ത് കളിക്കുന്ന സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരെയാണ് ആവശ്യം. അതും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാകാം.

മികച്ച ഇന്ത്യന്‍ യുവതാരങ്ങളും ഒപ്പം എണ്ണംപറഞ്ഞ വിദേശതാരങ്ങളുമെന്നതാണ് കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ബഗാനില്‍ കിബുവിന്റെ വിജയ ഫോര്‍മുല. യുവകളിക്കാര്‍ക്കൊപ്പം മികച്ച വിദേശകളിക്കാരേയും ചേര്‍ത്തുവെച്ച് തന്റെ കൈയില്‍ നില്‍ക്കുന്ന ടീമിനെ വാര്‍ത്തെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പുതിയ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിന്‍ സ്‌കിന്‍സിന്റെ പിന്തുണയോടെയാണിത്. അക്കാദമിയും റിസര്‍വ് ടീമും ശക്തമാക്കുമെന്നും യുവതാരങ്ങള്‍ക്ക് പ്രധാന്യം നല്‍കുമെന്നും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

പാളിയ പരീക്ഷണങ്ങള്‍

ഇയാന്‍ ഹ്യൂം, സ്റ്റീഫന്‍ പിയേഴ്സണ്‍, ആരോണ്‍ ഹ്യൂസ്, സിഡ്രിക് ഹെങ്ബര്‍ട്ട്, ബര്‍ത്തലോമ്യു ഒഗ്ബെച്ച തുടങ്ങിയവരൊഴിച്ചാല്‍ ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരങ്ങളുടെ തിരഞ്ഞെടുപ്പ് വലിയ വിജയമായിരുന്നില്ല. സീസണ്‍ മുമ്പ് വന്‍തുകയ്ക്ക് താരത്തെ കൊണ്ടുവന്ന് രണ്ടാംസീസണില്‍ റിസര്‍വ് ടീമില്‍ കളിപ്പിക്കേണ്ട അവസ്ഥയുണ്ടായി. ഇനി കളിക്കാരുടെ തിരഞ്ഞെടുപ്പില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന സൂചനയാണ് വരുന്നത്.

Content Highlights: Jingan and Tiri only hint kibu to continue the 'Bagan' experiment Blasters change policy