അന്ന് ജിനനെ നോക്കി കലാഭവന്‍ മണി പറഞ്ഞു; 'നീ തൃശ്ശൂരിന്റെ മുത്താണ്'


ടി.ജെ ശ്രീജിത്ത് sreejithedappally@gmail.com

മറ്റെല്ലാ മോഹങ്ങളെയും അതിജീവിച്ച് റേസിങ് എന്ന മോഹരഥത്തില്‍ പായുന്ന നാല്‍പ്പത്തിനാലുകാരന്‍. അതിസുന്ദരമാണ് ബൈക്കോട്ടം. നോക്കിനില്‍ക്കെ റൈഡിങ്ങിന്റെ സ്വര്‍ഗത്തിലെത്തിയപോലെ തോന്നും

ജിനന്‍ എന്നാല്‍ ജേതാവ് എന്നാണ് ജൈനമതത്തില്‍ അര്‍ഥം. അറബിയില്‍ ജിനന്‍ എന്നാല്‍ സ്വര്‍ഗങ്ങള്‍ എന്നര്‍ത്ഥവും. 'ജന്നാ' എന്ന പദത്തിന്റെ ബഹുവചനം. അതിസുന്ദരം എന്നുവിശേഷിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കാറ്.

ഈ അര്‍ഥങ്ങളെല്ലാം 26 വര്‍ഷമായി വേഗച്ചിറകില്‍ പറക്കുന്ന തൃശ്ശൂരിന്റെ സ്വന്തം റൈഡര്‍ ജിനന് നന്നായി ഇണങ്ങും. ജയിക്കാനായി ജനിച്ചവന്‍തന്നെയാണീ ചാഴൂരുകാരന്‍. മറ്റെല്ലാ മോഹങ്ങളെയും അതിജീവിച്ച് റേസിങ് എന്ന മോഹരഥത്തില്‍ പായുന്ന നാല്‍പ്പത്തിനാലുകാരന്‍. അതിസുന്ദരമാണ് ബൈക്കോട്ടം. നോക്കിനില്‍ക്കെ റൈഡിങ്ങിന്റെ സ്വര്‍ഗത്തിലെത്തിയപോലെ തോന്നും. ബൈക്ക് റേസിങ്ങിലെ ജയത്തിന്റെ ഏകവചനമാണ് ജിനന്‍.

ജിനനിന്ന് ലോകമറിയുന്ന റൈഡറാണ്. അതിലുമുപരി ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മികച്ച റൈഡറും. കോയമ്പത്തൂരില്‍ കഴിഞ്ഞ ദിവസം നടന്ന ദേശീയ മോട്ടോക്രോസ് ചാമ്പ്യന്‍ഷിപ്പിന്റെ ഒന്നാംപാദമത്സരത്തില്‍ ഒരിക്കല്‍ക്കൂടി ജിനന്‍ തെളിയിച്ചു, പഴകുന്തോറും വീര്യമേറുന്ന വീഞ്ഞാണ് താനെന്ന്. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും പ്രധാന വിഭാഗമായ ഫോറിന്‍ ഓപ്പണ്‍ക്ലാസ് എസ്. എക്സ്. വണ്ണില്‍ ഒപ്പം മത്സരിച്ച മുപ്പതുവയസ്സില്‍ താഴെയുള്ളവരെയെല്ലാം പിന്നിലാക്കി ജിനന്‍ ജേതാവായി.

തൊണ്ണൂറുകളിലാണ് ജിനനെന്ന പയ്യന്‍സിന് റേസിങ്ങില്‍ കമ്പം കയറുന്നത്. ബൈക്കുകളില്‍നിന്നുയരുന്ന ശബ്ദമാണ് ആ പയ്യനെ ഹരംകൊള്ളിച്ചത്. ബൈക്കുകളോടുള്ള ആരാധന മൂത്തപ്പോള്‍ മിന്നല്‍ വേഗത്തില്‍ പായുന്ന പവര്‍ബൈക്കുകളെ നോക്കിനിന്ന് നെടുവീര്‍പ്പിടാന്‍ തുടങ്ങി. സൈക്കിള്‍ പോലും ചവിട്ടാനറിയാത്ത ആളായിരുന്നു ജിനന്റെ അച്ഛന്‍.

പത്താംക്ലാസ് കഴിഞ്ഞതോടെ ജിനന്റെ വാശിയില്‍ ഒരു ബൈക്ക് വാങ്ങിക്കൊടുത്തു. ബൈക്കിന്റെ ശബ്ദത്തിലുള്ള ഹരത്തില്‍ അതിവേഗത്തിലായിരുന്നു ജിനന്റെ പോക്ക്. രക്തഗ്രൂപ്പ് എ പോസിറ്റീവ് ആയ ജിനന് എല്ലാം പോസിറ്റീവായി എടുക്കാനായിരുന്നു താത്പര്യം.

കൊമേഴ്സില്‍ ബിരുദം നേടിയപ്പോഴും ജിനന്റെ മോഹങ്ങള്‍ റേസിങ് ട്രാക്കുകളിലേക്ക് അതിവേഗത്തിലോടി. പോപ്പുലര്‍റാലി മാത്രമായിരുന്നു അന്നുണ്ടായിരുന്ന റേസിങ് മത്സരം. അതു കാണാന്‍ പോകുമായിരുന്നു. അതോടെ റേസിങ്ങില്‍ പങ്കെടുക്കണമെന്ന മോഹമുദിച്ചു. വീടിനു പിന്നിലെ വാഴത്തോപ്പിലായിരുന്നു ആദ്യ റേസിങ് ട്രാക്ക്.

കോട്ടയത്തായിരുന്നു ആദ്യ റേസ്. അതില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെ ഈ പണി പറ്റുമെന്ന തോന്നലായി. ചെറിയ റേസിങ്ങിലൊക്കെ പങ്കെടുത്തു. പതിയെപ്പതിയെ ജിനനെന്ന പേര് മലയാളിക്ക് സുപരിചിതമാകാന്‍ തുടങ്ങി. റേസിങ്ങുണ്ടെങ്കില്‍ ജിനനുണ്ടോ എന്നു ചോദിക്കാന്‍ തുടങ്ങി. അവിടംകൊണ്ടും നിര്‍ത്താന്‍ ജിനന്‍ തയ്യാറായിരുന്നില്ല, ലോകമറിയുന്ന പ്രൊഫഷണല്‍ റൈഡറാവുകയായിരുന്നു ജിനന്റെ ലക്ഷ്യം. കഠിനാധ്വാനമായിരുന്നു ജിനന്റെ വിജയമന്ത്രം. ഇന്ത്യയിലെ റേസിങ് ട്രാക്കുകളില്‍ ജിനജയങ്ങളുടെ ദിനങ്ങള്‍ അവിടെത്തുടങ്ങുകയായിരുന്നു.

2002 മുതല്‍ 2006 വരെ തുടര്‍ച്ചയായി അഞ്ചുതവണ ദേശീയചാമ്പ്യനായിരുന്നു ജിനന്‍. 2004-ല്‍ നടന്ന ഹിമാലയന്‍ റാലിയില്‍ വേഗമേറിയ റൈഡര്‍ എന്ന പദവിയും കരസ്ഥമാക്കിയിരുന്നു. കര്‍ണാടക കെ. 1000 റാലിയില്‍ ജേതാവായി. അതിനകം ഇന്ത്യയില്‍ നടന്ന ചെറുതും വലുതമായ മുന്നൂറോളം റേസിങ്ങുകളില്‍ ജിനന്‍ ജേതാവായി.

റൈഡിങ്ങിനിടെ ജിനന്‍ ഫോട്ടോ: ഫെയ്‌സ്ബുക്ക്/ജിനന്‍
ജീവിതത്തിന്റെ പുതിയ ട്രാക്കിലേക്ക് വണ്ടിയോടിക്കണമെന്നു തോന്നിയപ്പോള്‍ 2007 മുതല്‍ ലിബര്‍ട്ടി കാവസാക്കിയുടെ സെയില്‍സ് കണ്‍സള്‍ട്ടന്റും റേസിങ് റൈഡറുമായി ദുബായിക്ക് പറന്നു. അവിടെയും ജിനജയങ്ങള്‍ തുടര്‍ന്നു. 2010-ല്‍ ഫുജൈറയിലും 2012-ല്‍ ദുബായിലും അം അല്‍ക്വിനിലും നടന്ന ഇന്റര്‍നാഷണല്‍ മോട്ടോക്രോസ് ചാമ്പ്യന്‍ഷിപ്പില്‍ സെക്കന്‍ഡ് റണ്ണറപ്പായിരുന്നു ജിനന്‍.

ഇവിടെ നടന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ ഈ നേട്ടം കൈവരിച്ച ആദ്യത്തെ ഇന്ത്യക്കാരനായിമാറി ജിനന്‍. 2016-17-ല്‍ അബുദാബിയില്‍ നടന്ന ലിവ ഇന്റര്‍നാഷണല്‍ മോട്ടോക്രോസ് ചാമ്പ്യന്‍ഷിപ്പിലും സെക്കന്‍ഡ് റണ്ണറപ്പായി. ഏതു ടീമിനായി മത്സരിച്ചാലും ഇഷ്ടനമ്പറായ 50 ആണ് ജിനന്റെ റൈഡര്‍ സ്യൂട്ടിനെപ്പോഴും ഉണ്ടാവുക.

ഇതിനിടെ എബ്രഹാം ലിങ്കണ്‍ എന്ന സിനിമയില്‍ കലാഭവന്‍ മണിയുടെ അനിയനായി അഭിനയിച്ചിട്ടുണ്ട്. ഒരു കാറും ബൈക്കും തമ്മിലുള്ള ചേസ് ആയിരുന്നു പ്രധാനം. 'തൃശ്ശൂരിന്റെ മുത്താണെന്നാണ്' കലാഭവന്‍ മണി ജിനനെ വിശേഷിപ്പിച്ചത്. ബാംഗ്ലൂര്‍ ഡേയ്സില്‍ ദുല്‍ഖറിന്റെ ഡ്യൂപ്പാകാന്‍ വിളിച്ചെങ്കിലും റേസിങ്ങിന്റെ സമയമായതിനാല്‍ കൂട്ടുകാരില്‍ ഒരാളെയാണ് വിട്ടത്.

ദുബായിലാണെങ്കിലും ഇന്ത്യയിലെ റേസിങ് ട്രാക്കുകള്‍ അപ്പോഴും ജിനന്‍ വിട്ടിരുന്നില്ല. നാഷണല്‍ സൂപ്പര്‍ ക്രോസില്‍ 2017-ലും 2018-ലും ഫോറിന്‍ ഓപ്പണ്‍ ക്ലാസ് എസ്.എക്സ്. വണ്ണില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു ജിനന്‍. ഈ സമയത്ത് അംഗാത്ത റേസിങ് ആയിരുന്നു ടീം.

ഈ സീസണില്‍ ജിനന് മറ്റൊരു പ്രത്യേകതകൂടിയുണ്ടായിരുന്നു. പതിനൊന്നു വര്‍ഷത്തിനുശേഷം പഴയ സ്പോണ്‍സര്‍ ടി.വി.എസ്. റേസിങ് ജിനനെ വീണ്ടും സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായി. ടി.വി.എസ്.വീണ്ടും ജിനന് ഭാഗ്യടീമായി മാറി. കോയമ്പത്തൂര്‍ റേസിങ് ട്രാക്കിനെ ഉലച്ചുകളഞ്ഞ മഴയും കാറ്റുമെല്ലാം മറികടന്ന് എതിരാളികളെയും പിന്നിലാക്കി രണ്ടുറൗണ്ടിലും 20 വീതം പോയിന്റുകള്‍ സ്വന്തമാക്കിയായിരുന്നു ജിനന്റെ ജയം. അടുത്ത മാസം ബെംഗളൂരുവിലാണ് ദേശീയചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംപാദമത്സരം നടക്കുക. അതിനുള്ള ഒരുക്കങ്ങള്‍ക്കുമുന്നേ ജിനന്‍ ദുബായിക്ക് പറന്നു. ഭാര്യയും മക്കളും അവിടെയാണ്, ജോലിയും.

റൈഡിങ്ങിനിടെ ജിനന്‍ ഫോട്ടോ: ഫെയ്‌സ്ബുക്ക്/ജിനന്‍
ജിനന്റെ ജീവിതം സാധാരണ റേസര്‍മാരെപ്പോലെയല്ല. റേസിങ്ങിന്റെ എല്ലാത്തലങ്ങളെയും സ്പര്‍ശിക്കുന്നതാണ്. നാട്ടിലെ ലോക്കല്‍ റേസിങ് മുതല്‍ അന്താരാഷ്ട്ര ബൈക്കുകളിലുള്ള റേസിങ് ട്രാക്കുകളിലൂടെ ജിനന്‍ കടന്നുപോകുന്നു. മഡ് റേസിങ് മുതല്‍ അറേബ്യന്‍ മരുഭൂമിയിലെ പൂഴിയിലൂടെയുള്ള റേസിങ്ങുവരെ. സൗദിയില്‍ നടക്കാനിരിക്കുന്ന ഡെക്കോര്‍ കാര്‍ റേസിങ്ങിലും ഒരു കൈനോക്കുകയെന്ന ആഗ്രഹത്തിന് മനസ്സില്‍ ആക്സിലറേറ്റര്‍ കൊടുക്കുന്നുണ്ടീ റൈഡര്‍.

'സേഫ്റ്റി ഫസ്റ്റ്'

ജിനന്‍ എന്ന പേര് പുതുതലമുറ റൈഡേഴ്സിന് എന്നും ഹരമായിരുന്നു. ഇപ്പോഴും പയ്യന്‍മാര്‍ റേസിങ് ട്രാക്കുകളിലേക്ക് ഇറങ്ങുമ്പോള്‍ ജിനനെയാണ് മാതൃകയാക്കുന്നത്. അവരോട് ഈ എക്സ്പീരിയന്‍സ് റൈഡര്‍ക്ക് പറയാന്‍ ഒരുപാടുണ്ട്. 'പണ്ടു ചെയ്തതൊക്കെ മണ്ടത്തരമായിരുന്നുവെന്ന് റേസിങ്ങിനെക്കുറിച്ച് പഠിച്ചപ്പോഴാണ് മനസ്സിലായത്. റോഡിലൂടെ അതിവേഗത്തില്‍ പോയപ്പോള്‍ എന്തോ ഭാഗ്യംകൊണ്ടുമാത്രമാണ് അപകടം പറ്റാതെ രക്ഷപ്പെട്ടത്. റോഡ് റേസ് ട്രാക്കല്ല എന്ന് ആദ്യം മനസ്സിലാക്കുക. ചെറിയ വീഴ്ചമതി ജീവിതം കഴിയാന്‍. വണ്ടി കേടായാല്‍ നന്നാക്കാം ശരീരം കേടായാല്‍ നന്നാക്കാന്‍ പറ്റില്ല. 'സേഫ്റ്റി ഫസ്റ്റ്' എന്നതായിരിക്കണം മനസ്സില്‍ എപ്പോഴും ഉണ്ടാകേണ്ടത്. ഈ സ്പോര്‍ട്സില്‍ പരിക്കുപറ്റാന്‍ വളരെയേറെ സാധ്യതയുണ്ട്. അതുപോലെതന്നെ കൃത്യമായ ചികിത്സയിലൂടെയും വ്യായാമത്തിലൂടെയുമൊക്കെ ട്രാക്കിലേക്ക് തിരിച്ചുവന്നിട്ടുണ്ട് ഞാന്‍ പലപ്പോഴും'

Content Highlights: Jinan CD Bike Performer Motocross Rider

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented