വിയർപ്പു വറ്റിയ കുപ്പായങ്ങളെ യാത്രയാക്കുമ്പോൾ ഓർക്കണം; വേദനയുടെ, പിടിവാശികളുടെ ഈ കഥകൾ കൂടി


ബി.കെ.രാജേഷ്

ജെഴ്‌സിയില്‍ കൊത്തിയ അക്കങ്ങള്‍ പലപ്പോഴും അങ്ങനെയാണ്. വലിയ വരികളിലെഴുതുന്ന അക്ഷരങ്ങളേക്കാള്‍ ഗൂഢമായ കഥകള്‍ ഒറ്റയും ഇരട്ടയുമായി അവയങ്ങനെ പാത്തുവയ്ക്കും.

-

ബെത്‌ലെഹേം വേങ്ത്‌ലാങ് എഫ്.സി.യുമായി കളത്തിലും പുറത്തും നാളിതുവരെ കൊമ്പുകോര്‍ത്തിട്ടില്ല കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ നിന്നുപിഴയ്ക്കാന്‍ പാടുപെടുന്ന മഞ്ഞപ്പടയും മിസോറാം സംസ്ഥാന ലീഗില്‍ കളിക്കുന്ന ബെത്‌ലെഹേമും മുഖാമുഖം വരേണ്ട കാര്യവുമില്ല. എന്നാല്‍, മഞ്ഞക്കുപ്പായമൂരി ചണ്ഡീഗഢിലേയ്ക്ക് മടക്കവണ്ടി പിടിച്ച പഴയ നായകന്‍ സന്ദേശ് ജിംഗനെ ആദരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അറിയാതെയെങ്കിലും സൈഡ് ബെഞ്ചില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലേയ്ക്ക് കയറി വന്നു ഈ മിസോ ക്ലബ്. ജിംഗന് ആദരമായി ഇരുപത്തിയൊന്നാം നമ്പര്‍ ജെഴ്‌സിക്ക് റിട്ടയര്‍മെന്റ് കൊടുക്കാന്‍ തീരുമാനിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അണിയറക്കാര്‍ അറിഞ്ഞിരിക്കില്ല വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ഇരുപത്തിയൊന്നാം നമ്പറിന് എന്നെന്നേക്കുമായി വിട നല്‍കിയവരാണ് വെങ്ത്‌ലാങ്ങുകാരെന്ന്.
വെങ്ത്‌ലാങ്ങില്‍ നിന്ന് ഏതാണ്ട് നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള ജന്മനാടായ ഖാവ്‌സോള്‍ വൈ.എം.എ. ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച പീറ്റര്‍ ബൈക്‌സാങ്‌സ്വാല എന്ന ഇരുപത്തിമൂന്നുകാരന്റെ മൃതദേഹത്തില്‍ പൂക്കള്‍ക്കൊപ്പം അലങ്കാരമായി ചാര്‍ത്തിയ മറ്റൊന്നുകൂടിയുണ്ടായിരുന്നു. മഞ്ഞയും നീലയും നിറത്തിലുള്ള രണ്ട് ജെഴ്‌സികള്‍. സ്വര്‍ണനിറത്തില്‍ ഇരുപത്തിയൊന്ന് എന്ന് ആലേഖനം ചെയ്ത ഈ ജെഴ്‌സികളെ സക്ഷിയാക്കി നെഞ്ചുപിളര്‍ക്കുന്ന വേദനയോടെ അന്ന് അവരാ തീരുമാനമെടുക്കുമ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇരുപത്തിയൊന്നാം നമ്പറില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നേ ഉണ്ടായിരുന്നുളളൂ സന്ദേശ് ജിംഗന്‍ എന്ന ചാണ്ഡീഗഢുകാരന്‍.
Peter Biaksangzuala

ജിംഗന്‍ ചെന്നൈയില്‍ ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി അരങ്ങേറ്റം കുറിക്കുമ്പോഴേയ്ക്കും ഇരുപത്തിയൊന്നാം നമ്പര്‍ ജെഴ്‌സി ഉപേക്ഷിച്ച് നിത്യനിദ്ര പുല്‍കിക്കഴിഞ്ഞിരുന്നു ഒരാഴ്ചക്കാലം നട്ടെല്ലൊടിഞ്ഞ് ഐസ്വാള്‍ സിവില്‍ ആശുപത്രിയില്‍ മരണത്തോട് മല്ലിട്ടുതളര്‍ന്ന പീറ്റര്‍ എന്ന മിഡ്ഫീല്‍ഡര്‍. മിസോ ലീഗില്‍ ചാന്‍വാരിക്കെതിരേ നേടിയ സമനിലഗോള്‍ സമ്മര്‍സോള്‍ട്ടടിച്ച് ആഘോഷിക്കുന്നതിനിടെ കഴുത്ത് കുത്തി ഗ്രൗണ്ടില്‍ വീണ പീറ്ററിന് വെന്റിലേറ്ററിലെ ഒരാഴ്ചത്തെ എക്‌സ്ട്രാ ടൈം കൂടിയേ അനുവദിച്ചുള്ളൂ വിധി. ശപിക്കപ്പെട്ട ആ കളി ജയിച്ചെങ്കിലും പിന്നീടാരും ആ ഇരുപത്തിയൊന്നാം നമ്പറില്‍ ബെത്‌ലെഹേമിനുവേണ്ടി ഇറങ്ങിയിട്ടില്ല. ഇരുപത്തിയൊന്നാം നമ്പര്‍ ജെഴ്‌സി മാറ്റിവയ്ക്കുക മാത്രമല്ല, മാസങ്ങള്‍ക്കുശേഷം ഒരു സൗഹൃദമത്സരം നടത്തി പീറ്ററിന്റെ കുടുംബത്തിന് ഒരു തുക സമാഹരിച്ചു നല്‍കുകയും ചെയ്തു ടീം. ചെക്ക് കൈപ്പറ്റുമ്പോള്‍ മകനെ വൈദികനാക്കാന്‍ മോഹിച്ച കഥ ഗദ്മടക്കാന്‍ പാടുപെട്ടാണ് അച്ഛന്‍ പറഞ്ഞുതീര്‍ത്തത്.
ഈ രണ്ട് മാസത്തിനിടയില്‍ ബ്ലാസ്‌റ്റേഴ്‌സ് മറ്റൊരു ഇരുപത്തിയൊന്നാം നമ്പറുകാരന്റെ കരുത്തില്‍ ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന് സാക്ഷിയാവുകയായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ലീഗ്. ഐസ്വാളില്‍ പീറ്ററിന്റെ കുടുംബത്തിനുവേണ്ടി സൗഹൃദമത്സരം നടന്നതിന്റെ തൊട്ടുപിറ്റേ ദിവസമാണ് ഇക്കഥയൊന്നുമറിയാതെ സന്ദേശ് ജിംഗന്‍ എന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ഇരുപത്തിയൊന്നുകാരന്‍ ഐ.എസ്.എല്ലിലെ വളര്‍ന്നുവരുന്ന താരത്തിനുള്ള പുരസ്‌കാരം കൊല്‍ക്കത്തയിലെ കലാശപ്പോരാട്ടത്തിനുശേഷം അഭിമാനത്തോടെ ഏറ്റുവാങ്ങിയത്. ഈ സൗഹൃദമത്സരത്തില്‍ മിസോറാമുകാരനായ ഒരു ഐ.എസ്.എല്‍ താരവും ബൂട്ടുകെട്ടിയിറങ്ങിയിരുന്നു കുറച്ചുനേരം. ചെന്നൈയിന്റെ സ്‌ട്രൈക്കര്‍ ജെജെ ലാല്‍പഖ്‌ല്വ. നാലു ദിവസം മുന്‍പ് സെമിയില്‍ ബ്ലാസ്‌റ്റേഴ്‌സിനോട് തോറ്റശേഷം ജെജെ നേരെ പറന്നത് ഐസ്വാളിലേയ്ക്കായിരുന്നു. ഒന്നര ലക്ഷം രൂപയാണ് അന്നവര്‍ കളിച്ചു നേടി പീറ്ററിന്റെ അച്ഛനെ ഏല്‍പിച്ചത്. ജിംഗനുവേണ്ടി ഇരുപത്തിയൊന്നാം നമ്പര്‍ എന്നെന്നേക്കുമായി ഉപേക്ഷിക്കുമ്പോള്‍, പക്ഷേ, കണ്ണീരിന്റെ നനവു പടര്‍ന്ന ഇക്കഥയൊന്നും ബ്ലാസ്‌റ്റേഴ്‌സുകാര്‍ ഓര്‍ത്തിരിക്കാന്‍ വഴിയില്ല.
sandesh jhingan

ജെഴ്‌സിയില്‍ കൊത്തിയ അക്കങ്ങള്‍ പലപ്പോഴും അങ്ങനെയാണ്. വലിയ വരികളിലെഴുതുന്ന അക്ഷരങ്ങളേക്കാള്‍ ഗൂഢമായ കഥകള്‍ ഒറ്റയും ഇരട്ടയുമായി അവയങ്ങനെ പാത്തുവയ്ക്കും. വീരപരിവേഷമുള്ള പത്തിനുണ്ട് സാവോപോളോ മുതല്‍ വെട്ടുകാട് വരെ നീളുന്ന വീരപുരാണത്തിന്റെ എണ്ണിയാല്‍ തീരാത്തത്ര പാഠഭേദങ്ങള്‍. ഇറ്റലിയിലെ ലിവോര്‍ണോക്കാര്‍ക്ക് ഇരുപത്തിയഞ്ചെന്നാല്‍ കളിക്കളത്തില്‍ വീണുമരിച്ച പിയര്‍മാരിയോ മൊറോസിനിയുടെ കണ്ണീരോര്‍മയാണ്. ഏഴില്‍ നിന്ന് ഇരുപത്തിമൂന്നിലേയ്ക്കുളള കൂടുമാറ്റത്തെക്കുറിച്ചാരാഞ്ഞാല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലെജന്‍ഡ് മൈക്കല്‍ ജോര്‍ദനോടുള്ള പ്രണയം നിരത്തും ഫുട്‌ബോള്‍ സെന്‍സേഷന്‍ ഡേവിഡ് ബെക്കാം. മെദീരയെന്ന കൊച്ചുദ്വീപിന് ഏഴൊരു നാടോടിക്കഥയേക്കാള്‍ സുന്ദരമായ വീരേതിഹാസമാണ്. റിയോഡീജനീറോയില്‍ പോയാല്‍ ഇരുപത്തിനാലിനെക്കുറിച്ച് മിണ്ടിപ്പോകരുത്.
പക്ഷേ, ബ്രസീലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ ഗ്രെമ്യൂവിന്റെ സബ്‌സ്റ്റിറ്റ്യൂഷന്‍ ബെഞ്ചിലിരുന്ന് ബ്രെന്നോ കോസ്റ്റ എന്ന മൂന്നാം ചോയ്‌സ് ഗോള്‍കീപ്പര്‍ ചെയ്തത് അതാണ്. ഇക്കഴിഞ്ഞ സീസണില്‍ ബ്രസീലിയന്‍ ലീഗിലെ അറന്നൂറിലേറെ വരുന്ന താരങ്ങളില്‍ ഇരുപത്തിനാലാം നമ്പറണിഞ്ഞ ഒരേയൊരു താരമായിരുന്നു ഇരുപതുകാരനായ കോസ്റ്റ. പെലെയും ഗരിഞ്ചയും സീക്കോയും റൊണാള്‍ഡോയും റൊമാരിയോയും റൊണാള്‍ഡിന്യോയും നെയ്മറുമെല്ലാം പലപല നമ്പറുകള്‍ അനശ്വരമാക്കിയ നാട്ടില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയ്ക്ക് ഈ ഇരുപത്തിനാലാം നമ്പര്‍ അണിഞ്ഞ വിരലിലെണ്ണാവുന്ന താരങ്ങളില്‍ ഒരാളായിരുന്നു പില്‍ക്കാലത്ത് പന്ത്രണ്ടാം നമ്പറിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടിയ കോസ്റ്റ.
jersey 24

സ്വവര്‍ഗാനുരാഗി എന്നൊരു അര്‍ഥഭേദം കൂടിയുള്ള ഇരുപത്തിനാലിനെ കോസ്റ്റ മാത്രമല്ല, ബ്രസീലുകാര്‍ ഒന്നടങ്കം വെറുത്തിരുന്നു പഴയ രാഷ്ട്രീയ കാലാവസ്ഥയില്‍. അതിവിചിത്രമാണ് വെറുമൊരു അക്കത്തിന്റെ ഈ അപഥസഞ്ചാരത്തിന് പിന്നിലെ പുരാവൃത്തം. ബ്രസീലിലെ ഇരുപത്തിയാറ് സംസ്ഥാനങ്ങളില്‍ ഇരുപത്തിയഞ്ചിലും നിരോധിക്കപ്പെട്ടൊരു ചൂതാട്ടമുണ്ട്. ജോഗോ ഡോ ബിച്ചോ. മൃഗങ്ങളാണ് ഇതിലെ ചൂതാട്ടക്കരുക്കള്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് മൃഗശാലയ്ക്ക് ഫണ്ട് കണ്ടെത്താന്‍ മൃഗസ്‌നേഹിയായ ജാവോ ബറ്റിസ്റ്റയെന്ന ഇംഗ്ലീഷ് വംശജന്റെ തലയില്‍ ഉദിച്ച ആശയമായിരുന്നു ഇത്. മൃഗശാലയുടെ ടിക്കറ്റില്‍ ഓരോ മൃഗത്തിന്റെ പേരും അച്ചടിക്കും. എന്നും വൈകിട്ട് ഇത് നറുക്കെടുത്ത് സമ്മാനം നല്‍കും. ഇതിനുവേണ്ടി അന്തേവാസികളായ ഓരോ മൃഗത്തിനും ഓരോ നമ്പറിട്ടു. ഇരുപത്തിനാലാം നമ്പര്‍ വന്നുവീണത് ബ്രസീലുകാര്‍ സ്വവര്‍ഗരതിയുടെ ചിഹ്നമായി ആഘോഷിക്കുന്ന കലമാന്. അങ്ങനെ കലമാനിനെപ്പോലെ ബ്രസീലുകാര്‍ക്ക് ഇരുപത്തിനാലും സ്വവര്‍ഗരതിയുടെ അടയാളമായി. പരിഹാസ്യമായി. വെറുക്കപ്പെട്ടതായി. വാതുവെപ്പുകാര്‍ കലമാനെ ഭയന്ന് ഇരുപത്തിനാലാം നമ്പര്‍ ടിക്കറ്റ് ഒഴിവാക്കി. മ്ലേച്ഛമായ അധിക്ഷേപവര്‍ഷം ഭയന്ന് ഫുട്‌ബോളുകാര്‍ ഇരുപത്തിനാലാം നമ്പര്‍ ജെഴ്‌സിയോട് മുഖംതിരിച്ചു.
കോറിന്ത്യന്‍സില്‍ ചേര്‍ന്ന വിക്ടര്‍ കാന്റില്ലോയോട് ഇരുപത്തിനാലാം ജെഴ്‌സി ഉപേക്ഷിക്കുന്നതല്ലെ ഉചിതമെന്ന് ഒരിക്കല്‍ സ്‌നേഹപുരസരം ഉപദേശിച്ചിരുന്നു ക്ലബ് ഡയറക്ടര്‍ ഡ്യൂലിയോ മൊണ്ടേരിയോ ആല്‍വെസ്. ഉപദേശം, പക്ഷേ, ക്യാമറയില്‍ കുടുങ്ങി. ലോകമെങ്ങുമറിഞ്ഞു. കളത്തിലും പുറത്തും രാഷ്ട്രീയം കലങ്ങിമറിഞ്ഞു. ഒടുവില്‍ ആല്‍വെസ് പരസ്യമായി മാപ്പുപറഞ്ഞ് തടിയൂരിയത് ചരിത്രം. മഴവില്‍വര്‍ണത്തില്‍ പുതിയ രാഷ്ട്രീയം വേരുപിടിച്ചുതുടങ്ങിയതിന്റെ ചൂട് അന്ന് ശരിക്കുമറിഞ്ഞു ആല്‍വെസ്. ഒടുക്കം കാന്റിലോ ആഘോഷമായിതന്നെ തന്റെ ഇഷ്ടനമ്പറില്‍ ഇറങ്ങി. ഇരുപത്തിനാല് കളിക്കളത്തില്‍ പുതിയ രാഷ്ട്രീയം പ്രഖ്യാപിക്കുകയും ചെയ്തു.
costa

കാന്റിലോ കൊളുത്തിയ വിപ്ലവം കോറിന്ത്യന്‍സില്‍ നിന്നില്ല. മിലാനില്‍ നിന്ന് മടങ്ങിവന്ന ഗബ്രിയല്‍ ബാര്‍ബോസ ഫ്‌ളമെഗോയോട് വാശിപിടിച്ചതും ഇരുപത്തിനാലിനുവേണ്ടി തന്നെ. കാന്റിലയ്ക്കുള്ള ഐക്യദാര്‍ഢ്യം തന്നെയായിരുന്നു ഗാബിഗോള്‍ വാശിക്കു നിരത്തിയ കാരണങ്ങളില്‍ ഒന്ന്. ഒടുവില്‍ മാറക്കാനയില്‍ ബോവിസ്റ്റയെ വീഴ്ത്തിയശേഷം ഇരുപത്തിനാലാം നമ്പര്‍ ജെഴ്‌സിയൂരിവീശി തിങ്ങിനിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ തന്റെ നിലപാട് വിളിച്ചുപറയാനും മറന്നില്ല ഗാബിഗോള്‍.
ബാര്‍ബോസയ്ക്ക് മുന്‍പ് ഇരുപത്തിനാലാം നമ്പറിനെ ആദരിക്കാന്‍ കച്ചകെട്ടിയവരായിരുന്നു ബ്രസീലിയന്‍ ഒന്നാം ഡിവിഷന്‍ ലീഗ് ടീമായസല്‍വഡോറിലെ ഇസ്‌പോര്‍ട്ടി ക്ലബി ബാഹിയ. സ്വവര്‍ഗരതിക്കാര്‍ക്ക് പിന്‍ബലമേകാന്‍ പുതിയ താരങ്ങളില്‍ ഒരാള്‍ക്ക് വെറുക്കപ്പെട്ട ഇരുപത്തിനാല് ദാനം ചെയ്യാന്‍ നേരത്തെ വിപ്ലവകരമായൊരു തീരുമാനം കൈക്കൊണ്ടു ക്ലബ്. പുത്തന്‍ താരങ്ങളൊന്നും എത്താതായതോടെ സ്വപ്‌നം യാഥാര്‍ഥ്യമായില്ല. അങ്ങനെയാണ് ആഫ്രിക്ക എന്ന പരസ്യ ഏജന്‍സി ഒരു ഉപായം ഓതിക്കൊടുക്കുന്നത്. ഇരുപത്തിനാലാം നമ്പറിനെ മഴവില്‍ വര്‍ണത്തോട് ചേര്‍ത്തുകെട്ടി ഒരാഘോഷമാക്കുക. ചടങ്ങിലേയക്ക് അവര്‍ ക്ഷണിച്ചത് മറ്റാരെയുമല്ല, ഇരുപത്തിനാലെന്ന ജെഴ്‌സി നമ്പറിനെ അനശ്വരമാക്കിയ എന്‍.ബി.എ. ലെജന്‍ഡ് കോബി ബ്രയന്റിനെ. ഫ്‌ളെമംഗോയോട് ഇരുപത്തിനാലാം നമ്പറിന് ബാര്‍ബോസ വാശിപിടിക്കാനുള്ള മറ്റൊരു കാരണം കോബിയോടുള്ള പ്രണയം തന്നെ. പ്രദര്‍ശന മത്സരത്തിനുവേണ്ടി ഇരുപത്തിനാലുകാരനായ മിഡ്ഫീല്‍ഡര്‍ ഫ്‌ളാവിയോയെ ഇരുപത്തിനാലാം നമ്പര്‍ ജെഴ്‌സിയണിയാന്‍ ശട്ടംകെട്ടുകയും ചെയ്തു ബാഹിയ. ഫ്‌ളാവിയോയ്ക്കുവേണ്ടി ജെഴ്‌സിയില്‍ ഇരുപത്തിനാലെന്ന ഇരട്ടയക്കം ആലേഖനം ചെയ്യുന്നതിന്റെ വീഡിയോ ആഘോഷപൂര്‍വമാണ് ക്ലബ് ഇറക്കിയത്. പക്ഷേ, കോബി ബ്രയന്റിന് ലോസ് ആഞ്ജലീസ് ലേക്കേഴ്‌സിന്റെ ഇരുപത്തിനാലാം നമ്പര്‍ ജെഴ്‌സിയണിഞ്ഞ് ബ്രസീലിലേയ്ക്ക് പറക്കാനായില്ല. വരവേല്‍പുകള്‍ക്ക് കാത്തുനില്‍ക്കാതെ മകള്‍ ജിയാന്നയ്‌ക്കൊപ്പം, ദിശതെറ്റിക്കറങ്ങിയ സികോര്‍സ്‌കി എസ്-76 ഹെലികോപ്റ്ററില്‍ കലാബാസ പര്‍വതത്തിനരികേ ഇടിച്ച് നാമാവശേഷമായിപ്പോയി ലോകത്തെ വിസ്മയിപ്പിച്ച ബാസ്‌ക്കറ്റ്‌ബോള്‍ മാന്ത്രികന്‍. ബഹിയ ഇരുപത്തിനാലാം നമ്പറിന് മാന്യതയുടെ തൊങ്ങലുചാര്‍ത്താന്‍ ഒരുങ്ങുമ്പോള്‍ ലോസ് ആഞ്ജലീസ് ലേക്കേഴ്‌സിന്റെ അലമാരയില്‍ കണ്ണീര്‍പ്പടര്‍പ്പുള്ള നിത്യസ്മാരകമായിക്കഴിഞ്ഞിരുന്നു കോബിയുടെ ഐതിഹാസികമായ ഇരുപത്തിനാലാം നമ്പര്‍ ജെഴ്‌സി.
cobe
ഇരുപത്തിനാല് മാത്രമല്ല, എട്ടാം നമ്പര്‍ കൂടി മാറ്റിവച്ചിരുന്നു ലോസ് ആഞ്ജലീസ് ലേക്കേഴ്‌സ് കോബിയുടെ ഓര്‍മയ്ക്കായി. ഇങ്ങനെ രണ്ട് ജെഴ്‌സികള്‍ക്ക് റിട്ടയര്‍മെന്റ് ലഭിച്ച ഒരേയൊരു താരമേയുള്ളൂ ഇതിഹാസങ്ങള്‍ പലരും വാഴുന്ന എന്‍.ബി.എയില്‍. വിശ്വപ്രസിദ്ധമായ ഇരുപത്തിനാലിലേയ്ക്ക് മാറും മുന്‍പ് എട്ടാം നമ്പറിലാണ് കോബി ലേക്കേഴ്‌സിലെ കാലം തുടങ്ങുന്നത്. ലേക്കേഴ്‌സിലേയ്ക്ക് വരുമ്പോള്‍ ആര്‍ഡ്‌മോര്‍ ലോവര്‍ മെറിയണ്‍ സ്‌കൂളില്‍ കളിച്ചുതുടങ്ങിയകാലം മുതല്‍ നെഞ്ചിലൊട്ടിയ ഇരുപത്തിനാലിനോടായിരുന്നു മോഹം. പക്ഷേ, ഇരുപത്തിനാലില്‍ അന്ന് അരങ്ങുവാഴുന്നത് ജോര്‍ജ് മക്ക്ലൗഡ്. മറ്റൊരു സ്‌കൂള്‍ നമ്പറായ 33 നേരത്തെ കരീം അബ്ദുള്‍ ജബ്ബാറിനുവേണ്ടി റിട്ടയര്‍മെന്റ് നേടി. മൂന്നാമതൊരു നമ്പറിന്റെ നിവൃത്തികേടില്‍ കോബിയുടെ മനസ്സില്‍ തെളിഞ്ഞത് ഇറ്റലിയിലെ പഴയ അഡിഡാസ് ക്യാമ്പിലെ നമ്പര്‍ 143. ഒന്നും നാലും മൂന്നും ചേര്‍ന്നങ്ങനെ എട്ടായി. അത് കോബി ബ്രയന്റ് എന്ന ഇതിഹാസത്തിനാപ്പം ചേര്‍ന്നപ്പോള്‍ പുതിയ പരിവേഷമായി. പുതിയ ചരിത്രമായി. 16,777 പോയിന്റും എട്ട് എന്‍.ബി.എ. കിരീടങ്ങളുമാണ് ഈ എട്ടാം നമ്പറില്‍ കോബി ലേക്കേഴ്‌സിന് നേടിക്കൊടുത്തത്.
പത്ത് വര്‍ഷത്തിനുശേഷമാണ് ഇരുപത്തിനാലിലേയ്ക്ക് കൂടുമാറുന്നത്. പ്രായപൂര്‍ത്തിയാവുന്നുവെന്നാണ് ഇതിനെ കോബി അഭിമാനത്തോടെ വിശേഷിപ്പിച്ചിരുന്നത്. പുതിയ നമ്പറില്‍ 16,777 പോയിന്റും രണ്ട് എന്‍.ബി.എ. കിരീടവും കൂടി ചേര്‍ത്തതോടെ കോബിക്കൊപ്പം ഇരുപത്തിനാലെന്ന ജെഴ്‌സി നമ്പറും ഇതിഹാസപദവിലേയ്ക്ക് ചുവടുച്ചു പിന്നീടുള്ള ഒരു പതിറ്റാണ്ട് കൊണ്ട്. കോബി വിരമിക്കുമ്പോള്‍ രണ്ട് നമ്പറുകള്‍ക്കും ഒപ്പം റിട്ടയര്‍മെന്റ് കൊടുക്കാന്‍ മറ്റ് കാരണങ്ങളൊന്നും തേടേണ്ടിവന്നില്ല ലേക്കേഴ്‌സിന്. എന്നാല്‍, ഇവരെ കടത്തിവെട്ടിക്കളഞ്ഞു അക്കങ്ങള്‍ കൊണ്ട് അശ്രുപൂജയര്‍പ്പിച്ച എന്‍.ബി.എ.യിലെ സഹതാരങ്ങള്‍. സ്‌പെന്‍സര്‍ ഡിന്‍വിഡി എട്ടില്‍ നിന്ന് ഇരുപത്തിയാറിലേയ്ക്കും ടെറന്‍സ് റോസ് എട്ടില്‍ നിന്ന് മുപ്പത്തിയൊന്നിലേയ്ക്കും മാര്‍കെയ്ഫ് മോറിഫ് എട്ടില്‍ നിന്ന് എണ്‍പത്തിയെട്ടിലേയ്ക്കും മാറി. ഒരുപടികൂടി കടന്ന് ക്വീന്‍ കുക്ക് കോബിയുടെ മകള്‍ ജിയാനയുടെ രണ്ടാം നമ്പറില്‍ നിന്ന് ഇരുപത്തിയെട്ടിലേയ്ക്ക് മാറി.
Insigne

മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഇതിഹാസത്തിനുവേണ്ടി ഇരുപത്തിനാലാം നമ്പര്‍ ഉപേക്ഷിച്ചവര്‍ക്കിടയില്‍ അപവാദമായിരുന്നു സങ്കടത്തോടെ ഇരുപത്തിനാലിനെ പുല്‍കേണ്ടിവന്ന നപ്പോളിയുടെ ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ ലോറെന്‍സോ ഇന്‍സിഞ്‌ജെ. ഇറ്റാലിയന്‍ സീരി എ കിരീടം നേടിയപ്പോള്‍ നപ്പോളി ഒരു തീരുമാനമെടുത്തു. ടീമിന്റെ നെടുന്തൂണായ ലോറെന്‍സോയെ ഒന്നാദരിക്കണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലബ് റിട്ടയര്‍മെന്റ് കൊടുത്ത പത്താം നമ്പര്‍ ജെഴ്‌സി നപ്പോളിക്കാരന്‍ കൂടിയായ ലോറെന്‍സോയ്ക്ക് സമ്മാനിക്കണം. പക്ഷേ, ക്ലബ് അധികാരികളുടെ തീരുമാനത്തെ ഒറ്റ സ്വരത്തില്‍ വീറ്റോ ചെയ്തുകളഞ്ഞു നപ്പോളിയുടെ ആരാധകര്‍. 1987ലും 90ലും ക്ലബിന് സീരി എ കിരീടം നേടിക്കൊടുത്ത അര്‍ജന്റൈന്‍ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് പകരം മറ്റൊരാളെ പത്താം നമ്പറില്‍ കാണാനാവില്ലെന്ന് അവര്‍ ഒറ്റസ്വരത്തില്‍ പറഞ്ഞു. അങ്ങനെ ഇന്‍സിഞ്‌ജെയ്ക്ക് തന്റെ പഴയ ഇരുപത്തിനാലാം നമ്പര്‍ ജെഴ്‌സിയിലേയ്ക്ക് തന്നെ മടങ്ങേണ്ടിവന്നു. ഇരുപത്തിനാലായിരുന്നു ഭാര്യയുടെ ജനനതിയ്യതി. അത്രയും ആശ്വാസം.
പിന്നീട് ഇതേ പത്താം നമ്പര്‍ കൊളംബിയന്‍ സൂപ്പര്‍താരം ഹാമിഷ് റോഡ്രിഗസിന് നല്‍കി തിരിച്ചുകൊണ്ടുവരാന്‍ ഒരു ശ്രമം കൂടി നടത്തി നപ്പോളി. പക്ഷേ, ഡൈ ഹാര്‍ഡ് മാറഡോണ ഫാന്‍സായ ആരാധകരുടെ മനസ്സ് മാറ്റാന്‍ മാത്രം അത്തവണയും അവര്‍ക്കായില്ല.
maradona

മറുപക്ഷത്ത് പണ്ട് മാറഡോണ അനശ്വരമാക്കിയ പത്താം നമ്പറിന് വിശ്രമം അനുവദിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കഥയായിരുന്നു അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് പറയാനുണ്ടായിരുന്നത്. 2001ല്‍ അവര്‍ അത്തരമൊരു നീക്കം നടത്തിയെങ്കിലും ഫിഫ ആ തീരുമാനത്തെ വേരോടെ വെട്ടി. ആരാധന ആയിക്കോളൂ, പക്ഷേ, നിയമത്തെ മറികടന്നുകൊണ്ടുവേണ്ട എന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ അന്നത്തെ ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ വ്യക്തമാക്കി. അങ്ങനെ 2002 ലോകകപ്പില്‍ പത്താം നമ്പര്‍ ആദ്യം മൂന്നാം ഗോളി റോബര്‍ട്ടൊ ബൊനാനോയ്ക്ക് നല്‍കാനായിരുന്നു എ.എഫ്.എയുടെ തീരുമാനം. ഇനിയിപ്പോള്‍ അര്‍ജന്റീനയുടെ പത്താം നമ്പറിന് ധൈര്യമായി പന്ത് കൈ കൊണ്ട് പിടിക്കാമല്ലോ എന്നൊരു മുനവച്ച പരിഹാസം കൂടി എയ്യാന്‍ മറന്നില്ല ബ്ലാറ്റര്‍. പരിഹാസത്തിന് ഫലമുണ്ടായി. അക്കുറി ദക്ഷിണ കൊറിയയിലും ജപ്പാനിലും നീലക്കുപ്പായത്തില്‍ ഇറങ്ങിയത് മാറഡോണയുടെ പിന്‍ഗാമിയായി അന്ന് വാഴ്ത്തപ്പെട്ടിരുന്ന ഏരിയല്‍ ഒര്‍ട്ടേഗ. പത്തിന്റെ ശൗര്യം പക്ഷേ, പണ്ടേപോലെ ഫലിച്ചില്ല അക്കുറി. കുട്ടിക്കഴുതയെന്ന വിളിപ്പേരുള്ള ഒര്‍ട്ടേഗയ്ക്ക് മാറഡോണയുടെ യഥാര്‍ഥ ജനിതകാവകാശിയാവാനായില്ല. എട്ടു വര്‍ഷത്തിനുശേഷം മറ്റൊരു ലോകകപ്പില്‍ നീല വരയന്‍ കുപ്പായത്തിലെ പത്താം നമ്പറില്‍ മറ്റൊരാള്‍ ഇറങ്ങി. ഒരു ഇരുപത്തിമൂന്നുകാരന്‍. ലയണല്‍ ആന്ദ്രെ മെസ്സി. പിന്നീടുള്ള മൂന്ന് ലോകകപ്പുകള്‍ കൊണ്ട് അയാള്‍ ഡീഗോയുടെ പിന്‍ഗാമിയല്ല, ഡീഗോയെ വെല്ലുന്ന മറ്റൊരു ഇതിഹാസമായി മാറി. ഇന്ന് അര്‍ജന്റീനയുടെ ഏറ്റവും മികച്ച പത്താം നമ്പറുകാരന്‍ ആരാണെന്ന ഉത്തരംകിട്ടാത്ത ചോദ്യം മാത്രമാണ് ബാക്കി.
അര്‍ജന്റീന മാത്രമല്ല, ഇതിഹാസത്തിന്റ ജെഴ്‌സി നമ്പറില്‍ തൊട്ട് കൈപൊള്ളിയ മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്. ഡച്ച് ഫുട്‌ബോള്‍ അസോസിയേഷന്‍. യൊഹാന്‍ ക്രൈഫിന്റെ ഐക്കോണിക്ക് പതിനാലാം നമ്പറിന് അങ്ങനെയുണ്ട് ഫുട്‌ബോള്‍ ഫെഡറേഷന്റെ ഹുങ്കിനെ ചെറുത്തു തോല്‍പിച്ചൊരു രസകരമായ കഥ. 1970 ഒക്‌ടോബര്‍ മുപ്പതിന് പരമ്പരാഗത വൈരികളായ പി.എസ്.വി.യെ നേരിടാനൊരുങ്ങുമ്പോള്‍ ടീമംഗം ജെറി മുഹ്‌റെന്റെ ജെഴ്‌സി കാണാതായി. രണ്ടാമതൊന്ന് ആലോചിക്കാതെ തന്റെ ഏഴാം നമ്പര്‍ ജെഴ്‌സി ഊരിക്കൊടുത്തു ക്യാപ്റ്റന്‍ ക്രൈഫ്. പിന്നെ ചെന്ന് ടീമിന്റെ ജെഴ്‌സി വച്ചിരുന്ന പെട്ടിയില്‍ തപ്പിനോക്കി. കൈയില്‍ കിട്ടിയത് പതിനാല്. അയാക്‌സ് ആ മത്സരത്തില്‍ മടക്കമില്ലാത്ത ഒരു ഗോളിന് ജയിച്ചതോടെ അടുത്ത മത്സരത്തിലും പതിനാലു തന്നെ വേണമെന്ന് ക്രൈഫ് ശഠിച്ചു. ഒന്ന് മുതല്‍ പതിനൊന്ന് വരെയുള്ള നമ്പറുകള്‍ മാത്രമേ അനുവദിക്കാനാവൂ എന്ന വാശിയില്‍ റോയല്‍ ഡച്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ കണ്ണുരുട്ടി. പക്ഷേ, നെതര്‍ലന്‍ഡ്‌സുകാരുടെ ഫുട്‌ബോള്‍ ദൈവത്തെ ധിക്കരിക്കാനുള്ള പേശിബലം അവര്‍ക്കുണ്ടായില്ല. ക്രൈഫിനെ പിന്നെ ഓറഞ്ച് കുപ്പായത്തില്‍ പതിനാലാം നമ്പറിലേ കളിച്ചിട്ടുള്ളൂ. ആ പതിനാല് അങ്ങനെ ടോട്ടല്‍ ഫുട്‌ബോളിന്റെ സൗന്ദര്യചിഹ്‌നമായി സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു.
johan cryuff

ക്രൈഫിന്റെ ഈ പിടിവാശി പക്ഷേ, ബാഴ്‌സലോണയില്‍ വിലപ്പോയില്ല. ഒന്ന് മുതല്‍ പതിനൊന്ന് വരെയുള്ള നമ്പറുകള്‍ മാത്രമേ അനുവദിക്കൂവെന്ന ലാലീഗയുടെ മുഷ്‌ക്കിന് വഴങ്ങേണ്ടിവന്നു ഏതാണ്ട് അമ്പതാണ്ട് മുന്‍പ് രണ്ട് ദശലക്ഷം ഡോളറിന് ബാഴ്‌സയിലെത്തിയ ടോട്ടല്‍ ഫുട്‌ബോളിന്റെ അപോസ്തലന്. പകരം കിട്ടിയ ഒന്‍പതിനെയും ക്രൈഫ് അവിസ്മരണീയമാക്കിയത് മറ്റൊരു ചരിത്രം.
പക്ഷേ, ക്രൈഫ് ബാഴ്‌സയിലേയ്ക്ക് പതിനാലിനെ വിജയകരമായി തിരിച്ചുകൊണ്ടുവന്നു. എണ്‍പതുകളുടെ അവസാനം കോച്ചായി മടങ്ങിവന്നശേഷം ടിക്കിടാക്കയെന്ന വിപ്ലവകരമായ പരീക്ഷണത്തിന് വിത്തുപാകുക മാത്രമല്ല, പതിനാലില്‍ വിചിത്രമായൊരു ഒരു പതിവിന് തുടക്കമിടുകകൂടി ചെയ്തു ഫുട്‌ബോള്‍ മാന്ത്രികന്‍. അക്കാലത്ത് ബാഴ്‌സയില്‍ അരങ്ങേറ്റം കുറിക്കുന്ന ഒരു പ്രധാനപ്പെട്ട താരത്തിനുള്ള സമ്മാനമായിരുന്നു ഈ പതിനാലാം നമ്പര്‍ ജെഴ്‌സി. ഓസ്‌കര്‍ ഗാര്‍ഷ്യയും മിഗ്വല്‍ എയ്ഞ്ചല്‍ നദാലും പില്‍ക്കാലത്ത് കോച്ചായി വിലസില്‍ ഏണസ്‌റ്റോ വെല്‍വെര്‍ഡെയും ക്രൈഫിന്റെ മകന്‍ ജോര്‍ഡി ക്രൈഫുമെല്ലാം ഇങ്ങനെ ക്രൈഫില്‍ നിന്ന് പതിനാലാം നമ്പര്‍ ഏറ്റുവാങ്ങി കളിച്ചുവിലസിയവരാണ്. ഇതില്‍ പതിനാല് സ്ഥിരം നമ്പറായി ചാര്‍ത്തിക്കിട്ടിയ ഒരാളെയുള്ളൂ. ക്രൈഫ് കാറ്റലന്‍ പേരിട്ടുവിളിച്ച മകന്‍ ജോര്‍ഡി.
de jomg

എന്നാല്‍, ഈ പതിനാലാം നമ്പര്‍ മനസ്താപമൊട്ടുമില്ലാതെ നിരാകരിച്ച ഒരു താരവുമുണ്ടായിരുന്നു പില്‍ക്കാലത്ത് ബാഴ്‌സയില്‍തന്നെ. അതും മറ്റൊരു ഡച്ചുകാരന്‍. ക്രൈഫിന്റെ അയാക്‌സില്‍ നിന്ന് വളര്‍ന്ന് ബാഴ്‌സയിലെത്തിയ മിഡ്ഫീല്‍ഡര്‍ ഫ്രെങ്കി ഡി ജോങ്. അയാക്‌സില്‍ നിന്ന് വന്‍തുകയ്ക്ക് ബാഴ്‌സയിലെത്തിയ ഫ്രെങ്കിക്ക് ഒരൊറ്റ കാര്യത്തിലേ വാശിയുണ്ടായിരുന്നുള്ളൂ. അയാക്‌സില്‍ അണിഞ്ഞ ഇരുപത്തിയൊന്നാം നമ്പര്‍ തന്നെ വേണം. സ്പാനിഷ് സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ കാള്‍സ് അലെനയായിരുന്നു അന്ന് ഇരുത്തിയൊന്നില്‍. ക്ലബ് അന്ന് ഫ്രെങ്കിയെ തണുപ്പിക്കാന്‍ നാട്ടുകാരന്‍ ഇതിഹാസം ക്രൈഫിന്റെ വിശ്വപ്രസിദ്ധമായ പതിനാല് തന്നെ ഓഫര്‍ ചെയ്തു. പക്ഷേ, ഫ്രെങ്കി വഴങ്ങിയില്ല. അത്രമേല്‍ ആ ഒറ്റസംഖ്യ തന്നെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞുവെന്ന ഫ്രാങ്കിയുടെ വാശിക്ക് മുന്നില്‍ ഒടുവില്‍ ബാഴ്‌സയ്ക്കും അലെനയ്ക്കും മുട്ടുമടക്കേണ്ടിവന്നു. നമ്പര്‍ നഷ്ടപ്പെട്ട അലെന മാസങ്ങള്‍ക്കുശേഷം വായ്പാതാരമായി റയല്‍ ബെറ്റിസിലേയ്ക്ക് പോവുകയും ചെയ്തു.
വലിയ ഫുട്‌ബോള്‍ ആരാധകനായിരുന്നു ഫ്രെങ്കിയുടെ മുത്തച്ഛന്‍ ഹാന്‍സ് ഡി ജോങ്. പക്ഷേ, ചെറുമകന്‍ വളര്‍ന്ന് നാട്ടിലും സ്‌പെയിനിലും തിളങ്ങുന്നത് കാണാന്‍ ഹാന്‍സ് ഡി ജോങ്ങിനായില്ല. ചെറുമകന്റെ ഇരുപത്തിയൊന്നാം പിറന്നാള്‍ദിനത്തിലാണ് ഹാന്‍സ് മരിച്ചത്. ഞാന്‍ ഇതിലും വലിയ എന്ത് ആദരവാണ് മുത്തച്ഛന് കൊടുക്കുക എന്നായിരുന്നു ഫ്രെങ്കിയുടെ ചോദ്യം. ബാഴ്‌സയുടെ ഇരുപത്തിയൊന്നാം ജെഴ്‌സിയില്‍ ഫ്രെങ്കി ഇറങ്ങുന്ന ദിവസം ഹാന്‍സ് ഡി യോങ് ഒഴികെയുള്ള മുഴുവന്‍ കുടുംബാംഗങ്ങളും നൗകാമ്പില്‍ ഹാജരായിരുന്നു.
dani alves

ഫ്രെങ്കി മധ്യനിര വാഴാന്‍ വരുംമുന്‍പ് നൗകാമ്പില്‍ നിന്ന് വിട്ടുപോയൊരാളുണ്ടായിരുന്നു. ബ്രസീലുകാരന്‍ ഡാനി ആല്‍വെസ്. സെവിയ്യയില്‍ നിന്ന് ഇരുപതിമൂന്ന് ദശലക്ഷം പൗണ്ടിന് ബാഴ്‌സയില്‍ വന്നുചേരുമ്പോള്‍ ഫ്രെങ്കിയെപോലെ മറ്റ് ഡിമാന്റുകളൊന്നും മുന്നോട്ടുവച്ചിരുന്നില്ല ആല്‍വെസ്. അഞ്ചുകൊല്ലത്തോളം രണ്ടാം നമ്പറില്‍ വലതുവിംഗില്‍ പരിഭവങ്ങളേതുമില്ലാതെ പറന്നുകളിക്കുകയും ചെയ്തു. 2013ല്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍ എറിക് അബിദാല്‍ ബാഴ്‌സ വിട്ടപ്പോള്‍ വിചിത്രമായൊരു ആവശ്യം മുന്നോട്ടുവച്ചു നാല്‍പതു കിരീടങ്ങളുടെ റെക്കോഡുള്ള, പ്രതിരോധജോടിയായ ആല്‍വെസ്. ജെഴ്‌സി നമ്പറില്‍ ഒരു രണ്ട് കൂടി ചേര്‍ത്ത് ഇരുപത്തിരണ്ടാക്കണം. എന്നിട്ട് മൊണാക്കോയിലേയ്ക്ക് പോയ പ്രിയ ചങ്ങാതി അബിദാലിന്റെ ഇരുപത്തിരണ്ടാം നമ്പറാക്കണം.
ബാഴ്‌സയില്‍ തിളങ്ങിനില്‍ക്കുന്ന കാലത്ത് കരളിനെ ബാധിച്ച അര്‍ബുദത്തോട് പൊരുതിയ ആളായിരുന്നു അബിദാല്‍. ആദ്യ ശസ്ത്രക്രിയക്ക് ട്യൂമര്‍ പിടികൊടുത്തില്ല. പിന്നെ കരള്‍ മാറ്റിവയ്ക്കാതെ തരമില്ലെന്നായി. 2012ലായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. അന്ന് കളിക്കളത്തിലെ നല്ലപാതിക്ക് കരളിന്റെ പാതി ദാനം ചെയ്യാന്‍ മുന്നോട്ടുവന്നത് ആല്‍വെസായിരുന്നു. എനിക്ക് കരള്‍ സമ്മാനിച്ച് നിങ്ങളുടെ ജീവന്‍ അപകടത്തിലാകരുതെന്ന് പറഞ്ഞ് സ്‌നേഹത്തോടെ ആല്‍വെസിനെ മടക്കുകയായിരുന്നു അബിദാല്‍. ഒരു വര്‍ഷത്തിനുശേഷം ജീവിതം തിരിച്ചുകിട്ടിയ അബിദാല്‍ തന്നെയാണ് പിന്നീട് കാറ്റലൂനിയ റേഡിയോയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇക്കഥ വെളിപ്പെടുത്തിയത്.
stephen bywater

കാറ്റലോണിയയില്‍ നിന്ന് കൊച്ചിയിലേയ്ക്കു തന്നെ മടങ്ങാം. മുപ്പത്തിനാലാം വയസ്സില്‍ ബ്ലാസ്‌റ്റേഴ്‌സിലേയ്ക്ക് വരുമ്പോള്‍ ഒരൊറ്റ ഡിമാന്റേ മുന്നോട്ടുവച്ചിരുന്നുള്ളൂ ഇംഗ്ലീഷ് ഗോളി സ്റ്റീഫന്‍ ബൈവാട്ടര്‍. ഡേവിഡ് ജെയിംസിന് പകരം ഗോള്‍വല കാക്കണമെങ്കില്‍ തനിക്ക് നാല്‍പത്തിമൂന്നാം നമ്പര്‍ ജെഴ്‌സി തന്നെ വേണം. കേട്ടാല്‍ വിചിത്രമെന്ന് തോന്നുമെങ്കിലും ഹൃദയസ്പര്‍ശിയായൊരു ആത്മബന്ധത്തിന്റെ കഥയുണ്ടായിരുന്നു ഡേവിഡ് ജെയിംസിനെപ്പോലെ ഒരൊറ്റ സീസണ്‍ കൊണ്ട് ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് തടിതപ്പിയ പഴയ ഇംഗ്ലീഷ് അണ്ടര്‍ 19 ഇന്റര്‍നാഷണലിന്റെ ഈ ആവശ്യത്തിന് പിന്നില്‍. പതിനാറാം വയസ്സില്‍ വെറും രണ്ട് ലക്ഷം പൗണ്ടിന് വെസ്റ്റ്ഹാം യുണൈറ്റഡില്‍ വന്നു ചേരുമ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പഴയ ഗോളി ലെസ് സീലിയായിരുന്നു അവിടെ പരിശീലകന്‍. യുണൈറ്റഡിന്റെ കള്‍ട്ട് ഹീറോയായിരുന്ന സീലിയാണ് കഠിനമായ ശിക്ഷണത്തിലൂടെ ബൈവാട്ടറിലെ പ്രതിഭയെ ഊതിത്തെളിച്ചത്. കേവലം രണ്ടര ലക്ഷം പൗണ്ടിന് വെസ്റ്റ്ഹാമില്‍ വന്ന ബൈവാട്ടറിന്റെ പ്രൈസ്ടാഗ് ഒരൊറ്റ വര്‍ഷം കൊണ്ടുതന്നെ ഒന്നേമുക്കാല്‍ ദശലക്ഷം പൗണ്ടായി പരിവര്‍ത്തനപ്പെട്ടതിന്റെ ശക്തികേന്ദ്രം സീലി തന്നെ. എന്നാല്‍, ഹള്‍സിറ്റിയില്‍ നിന്ന് വായ്പാതാരമായി വൂള്‍വ്‌സിലേയ്ക്ക് മാറിയ കൊല്ലം വ്യക്തിപരമായി ഒരു വലിയ ദുരന്തം വേട്ടയാടി ബൈവാട്ടറിനെ. തന്റെ പ്രിയഗുരു സീലി ഹള്‍സിറ്റിയെ പരിശീലിപ്പിച്ചുകൊണ്ടിരിക്കെ നിനയ്ക്കാത്ത നേരത്ത് ഹൃദയസ്തംഭനം വന്ന് മരിച്ചു. ഓഗസ്റ്റ് പത്തൊന്‍പതിന് അവസാനശ്വാസം വലിക്കുമ്പോള്‍ നാല്‍പത്തിമൂന്ന് വയസ്സായിരുന്നു സീലിക്ക്. പ്രിയപ്പെട്ട പരിശീലകന് ആദരമായി ബൈവാട്ടര്‍ അന്നൊരു തീരുമാനമെടുത്തു. ഇനി മുതല്‍ താന്‍ നാല്‍പത്തിമൂന്നാം നമ്പര്‍ ജെഴ്‌സിയേ അണിയൂ. 'പിതൃതുല്ല്യനായിരുന്നു എനിക്ക് അദ്ദേഹം. ജീവിതത്തെക്കുറിച്ച് പാഠങ്ങള്‍ പകര്‍ന്നുതന്നതും മാനസികമായി എന്നെ കരുത്തനാക്കിയതുമെല്ലാം അദ്ദേഹമാണ്. കളിക്കളത്തില്‍ ഞാന്‍ അഗ്രസീവായതിന്റെ കാരണക്കാരന്‍ അദ്ദേഹമാണ്. സീലി ഒരു പോരാളിയായിരുന്നു. എനിക്ക് തോന്നുന്നത് പോരാളികളെല്ലാം അരക്കെട്ടില്‍ തീ ഒളിപ്പിക്കുന്നവരാണ്'-നാല്‍പത്തിമൂന്നിന്റെ കഥ ചോദിക്കുമ്പോള്‍ ബൈവാട്ടര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.
നാല്‍പത്തിമൂന്നിന്റെ ഈ വൈകാരിക കഥ മറന്നാലും സീസണില്‍ പന്ത്രണ്ട് കളിയിലും ഗോള്‍വലയം കാത്ത ബൈവാട്ടറിനെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ അത്രയെളുപ്പം മറക്കാനിടയില്ല. പോയ വര്‍ഷത്തെ റണ്ണറപ്പുകള്‍ കളിച്ച കളികളില്‍ പകുതിയും തോറ്റമ്പി ഏറ്റവും അവസാനക്കാരായാണ് രണ്ടാം സീസണില്‍ കിതച്ച് തളര്‍ന്ന് ഓടിത്തീര്‍ത്തത്. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വാങ്ങിയതും കൊച്ചിയില്‍ നിന്ന് ഇംഗ്ലീഷ് മൂന്നാം ഡിവിഷനിലേയ്ക്ക് പോയ ബൈവാട്ടര്‍ തന്നെ. ഒരു ചതുപ്പില്‍ കളിക്കുന്നതുപോലെ എന്നാണ് അടുത്ത സീസണില്‍ ബര്‍ട്ടണ്‍ ആബിയണിന് ലീഗ് ചാമ്പ്യന്‍ഷിപ്പിലേയ്ക്ക് സ്ഥാനക്കയറ്റം നേടിക്കൊടുത്ത ബൈവാട്ടര്‍ ബ്ലാസ്‌റ്റേഴ്‌സിലെ അനുഭവത്തെ വിശേഷിപ്പിച്ചത്. മേമ്പൊടിയായി ഇന്ത്യന്‍ ഫുട്‌ബോളില്‍ അടിസ്ഥാനസൗകര്യങ്ങളില്ലെന്ന കൊട്ടും. തമാശ എന്താണെന്നുവെച്ചാല്‍ ആല്‍ബിയനിലേയ്ക്ക് കുടിയേറുമ്പോള്‍ സീലിയുടെ സ്മരണയിരമ്പുന്ന നാല്‍പത്തിമൂന്നാം നമ്പറിനൊന്നും പിടിവാശി കാട്ടിയില്ല ബൈവാട്ടര്‍. ഗോളികളുടെ സ്ഥിരം നമ്പറായ ഒന്നിലാണ് പിന്നീട് അഞ്ചു വര്‍ഷവും ഗോള്‍വല കാത്തത്. കഥകള്‍ മാത്രമല്ല, ചിലപ്പോഴെങ്കിലും ചില കഥയില്ലായ്മകളുമുണ്ട് ഈ നമ്പര്‍ഗെയിമില്‍.
pele

പെലെയില്‍ തുടങ്ങി സീക്കോയിലൂടെയും മാറഡോണയിലൂടെയും ഗുള്ളിറ്റിലൂടെയുമെല്ലാം മെസ്സിയിലെത്തി നില്‍ക്കുന്ന പത്താം നമ്പറിന്റെ വീരസ്യം വിളമ്പുന്നവരില്‍ ചിലരെങ്കിലും അറിയാതെ പോയൊരു കഥയുണ്ട്. പതിനേഴാം വയസ്സില്‍ ആദ്യ ലോകകപ്പ് കളിക്കാന്‍ സ്വീഡനില്‍ വന്നിറങ്ങുമ്പോള്‍ പെലെയ്ക്ക് ഒരു ജെഴ്‌സി നമ്പര്‍ ഉണ്ടായിരുന്നില്ല. ആകെ കുത്തഴിഞ്ഞ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കളിക്കാരുടെ പട്ടിക അയക്കാന്‍ മറന്നതായിരുന്നു കാരണം. ഒടുവില്‍ ഫിഫ നേരിട്ടിടപെട്ട് കളിക്കാര്‍ക്ക് ഒന്ന് മുതല്‍ പതിനൊന്ന് വരെയുള്ള നമ്പറുകള്‍ വിതരണം ചെയ്യുകയായിരുന്നു. ഗോളി കാര്‍ലോസ് ജോസ് കാസ്റ്റിലോ ഒന്നാമനും സെന്‍ട്രല്‍ സ്‌ട്രൈക്കര്‍ ഗരിഞ്ച പതിനൊന്നാമനുമായി. സ്‌ട്രൈക്കിങ് ജോടിയായ പെലെയ്ക്ക് പത്തും കിട്ടി. അരങ്ങേറ്റ ലോകകപ്പില്‍ തന്നെ മികച്ചയുവതാരമായി പെലെ തിളങ്ങിയതോടെ, അര ഡസന്‍ ഗോളോടെ ജസ്റ്റ് ഫൊണ്ടെയ്‌ന് പിറകില്‍ വെള്ളിക്കപ്പ് നേടിയതോടെ സ്‌റ്റോക്ക്‌ഹോമില്‍ പുതിയൊരു യുഗപ്പിറവിയായി. പത്താം നമ്പറിന് പുതിയൊരു ദിവ്യപരിവേഷവുമായി. പത്തായി പിന്നെ സ്റ്റാര്‍. കളത്തിലെ നോട്ടപ്പുള്ളി. ഇങ്ങനെയുമുണ്ട് അത്ഭുതങ്ങളെ പെറ്റുവളര്‍ത്തുന്ന ചില ആകസ്മികതകള്‍.
കളിക്കാരിലേയ്ക്ക് മാത്രമല്ല, കളികളുടെ പുരാവൃത്തത്തിലേയ്ക്ക് കൂടി തുറന്നിട്ട ജാലകങ്ങളാണ് വിയര്‍പ്പില്‍ മുങ്ങിമങ്ങിമാഞ്ഞുപോകുന്ന ഈ നമ്പറുകള്‍. അവയ്ക്കു പിന്നിലെ പറഞ്ഞാല്‍ തീരാത്ത കഥകള്‍. ഒരു ചോരത്തിളപ്പിന് വി.ആര്‍.എസ് കൊടുത്തുവിടുമ്പോള്‍ നമ്മള്‍ അറിയാതെ പോകരുത് ഒരു വെറും നമ്പറല്ല, കണ്ണീരും കിനാവും കലര്‍ന്നൊരു കാലം തന്നെയാണതെന്ന്.
Content Highlights: Jersey Retirement In Soccer Sandesh Jhingan Blasters Pele Messi Maradona


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented