സത്യനെക്കുറിച്ചൊരു സിനിമ വരുന്നു, അതില്‍ ജയസൂര്യ നായകനാവുന്നു എന്നറിഞ്ഞപ്പോള്‍ ഓര്‍മയില്‍ തെളിഞ്ഞത് ഉച്ചവെയിലില്‍ തിളച്ചുമറിയുന്ന മഡ്ഗാവിലെ ഫതോര്‍ദ സ്റ്റേഡിയത്തിന്റെ ചിത്രമാണ്; ഒപ്പം സൗമ്യമധുരമായ ഒരു ശബ്ദവും. പതിനേഴു വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്ന് കാതിലേക്കും മനസ്സിലേക്കും ഒഴുകിയെത്തുന്ന സത്യന്റെ ശബ്ദം: '' അഭിനയിച്ചു ശീലമില്ല എനിക്ക്; നാടകത്തിലും ജീവിതത്തിലും...''

ഇന്ത്യന്‍ ബാങ്ക് ടീമിന്റെ പരിശീലകന്റെ റോളില്‍ ദേശീയ ഫുട്‌ബോള്‍ ലീഗിനെത്തിയതാണ് സത്യന്‍. 'ഇന്ത്യന്‍ എക്‌സ്പ്രസി'ന് വേണ്ടി ടൂര്‍ണമെന്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഞാനും. വര്‍ഷം 2001 ആവണം. ലീഗിലെ ഏതോ വിരസമായ മത്സരത്തിന്റെ ഇടവേളയില്‍ ഐ.എം വിജയന്റെ സിനിമാ പ്രവേശം ചര്‍ച്ചയായപ്പോള്‍ ഇത്തിരി കളിയും ഇത്തിരി കാര്യവും ഇടകലര്‍ത്തി ഒരു ചോദ്യം: '' വിജയനാകാമെങ്കില്‍ സത്യനും ആയിക്കൂടെ അഭിനയം? ഉള്ളില്‍ സ്‌നേഹം ഒളിപ്പിച്ച ഒരു പരുക്കന്‍ മനുഷ്യന്റെ റോള്‍. ഈ മുഖവും ഈ ശബ്ദവും ഒക്കെ അതിനു ചേരും..''

അമ്പരപ്പായിരുന്നു ആദ്യം സത്യന്റെ മുഖത്ത്. പിന്നെ അതൊരു പൊട്ടിച്ചിരിക്ക് വഴിമാറുന്നു. നീണ്ട ചിരിക്കൊടുവില്‍ പുറത്തുതട്ടി സത്യന്‍ പറഞ്ഞു: ''കളിയാക്കാതെ ആശാനേ. ജീവിച്ചുപൊയ്ക്കോട്ടെ. ഈ മുഖം കണ്ടാല്‍ ആരെങ്കിലും അഭിനയിക്കാന്‍ വിളിക്കുമോ? ചുമന്ന കണ്ണും ചിരിക്കാത്ത മുഖവും ക്രൂരമായ നോട്ടവും. നായികമാരൊക്കെ പേടിച്ചോടും. എനിക്ക് പറഞ്ഞ പണിയല്ല അതൊന്നും.'' തൊട്ടുപിന്നാലെ ആത്മഗതമെന്നോണം ഇത്രയും കൂടി: ''അഭിനയിച്ചു ശീലമില്ല; നാടകത്തിലും ജീവിതത്തിലും. ഉണ്ടായിരുന്നെങ്കില്‍ എവിടെയെങ്കിലുമൊക്കെ എത്തിപ്പെട്ടേനെ...'' മുഖത്തെ ചിരി മാഞ്ഞിരുന്നു അപ്പോള്‍. പകരം അതുവരെ കാണാത്ത ഒരു ഭാവം വന്നുനിറയുന്നു അവിടെ. മൈതാനത്തെ തണുപ്പന്‍ നീക്കങ്ങളില്‍ അലസമായി കണ്ണുനട്ടുകൊണ്ട് ഇത്ര കൂടി പറഞ്ഞു സത്യന്‍: ''എങ്കിലും പന്തുകളിക്കാരനായി വേഷമിടാന്‍ ആരെങ്കിലും വിളിച്ചാല്‍ പോകും. അവിടെ നമ്മള്‍ അഭിനയിക്കേണ്ടല്ലോ. ജീവിച്ചാല്‍ പോരേ? ക്യാമറ പിന്തുടരുക നമ്മുടെ കാലുകളെയാണ്; മുഖത്തെയല്ല. ആ അഭിനയം എനിക്ക് അത്യാവശ്യം വഴങ്ങും എന്നാണൊരു തോന്നല്‍...'' ആത്മാര്‍ത്ഥതയുടെ തെളിച്ചമുള്ള വാക്കുകള്‍.

ഇന്നിപ്പോള്‍ സത്യനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ വരുമ്പോള്‍, ആര്‍ദ്രമായ ആ പഴയ ഓര്‍മ്മകളിലേക്ക് അറിയാതെ തിരിച്ചുനടക്കുന്നു മനസ്സ്. കളിക്കാരനായി എന്നെങ്കിലും ക്യാമറക്കു മുന്‍പില്‍ പന്തുതട്ടാന്‍ മോഹിച്ച സത്യന് വിധി കരുതിവെച്ചത് ഇടവേളയ്ക്കു മുന്‍പേ കളി നിര്‍ത്തി കളം വിടാനുള്ള യോഗം - അപ്രതീക്ഷിതമായ ഒരു ചുവപ്പു കാര്‍ഡ്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമിതാ വെള്ളിത്തിരയില്‍ സത്യന് വേണ്ടി ജയസൂര്യ ബൂട്ടണിയുന്നു. യഥാര്‍ത്ഥ സത്യനെ നാം കണ്ടുമുട്ടുമോ സിനിമാവിഷ്‌കാരത്തില്‍ ? അറിയില്ല. ഒരു പാട് ദുരൂഹതകള്‍ അവശേഷിപ്പിച്ചു മടങ്ങിപ്പോയ ആ കളിക്കാരനെ മലയാളിയുടെ മനസ്സിലേക്ക് എല്ലാ താരപരിവേഷത്തോടെയും തിരിച്ചു കൊണ്ടുവരാനുള്ള സംവിധായന്റെ ശ്രമത്തിനു മുന്നില്‍, എന്തായാലും, നമിക്കുക. ഫുട്‌ബോള്‍ കളിക്കാര്‍ക്ക്, അവര്‍ എത്ര തന്നെ കൊലകൊമ്പന്മാരായാലും, നമ്മുടെ നാട്ടില്‍ കിട്ടാറുള്ള കടുത്ത അവഗണനയുടെ ദയനീയ ചരിത്രം കണക്കിലെടുക്കുമ്പോള്‍ അര്‍ജുന അവാര്‍ഡിനേക്കാള്‍, പദ്മശ്രീയേക്കാള്‍ മുന്തിയ ബഹുമതി തന്നെ സെല്ലുലോയ്ഡിലൂടെയുള്ള ഈ പ്രണാമം. സത്യന്‍ മലയാളിക്ക് ആരായിരുന്നു എന്നറിയാന്‍ ഈ സിനിമ പ്രയോജനപ്പെടുമെങ്കില്‍ നല്ലത്.

Jayasurya gets state awards VP Sathyan again in memory

സത്യന്‍ എന്ന വ്യക്തിയിലേക്ക് എത്തിപ്പെടും മുന്‍പേ സത്യന്‍ എന്ന കളിക്കാരനെ അറിയാം. ഒന്നാന്തരം ഡിഫന്‍സീവ് ബ്ലോക്കര്‍, സ്‌കീമര്‍. കണ്ണില്‍ ചോരയില്ലാത്ത ടാക്ലര്‍.... അങ്ങനെ വിശേഷണങ്ങള്‍ നിരവധിയുണ്ടായിരുന്നു തുടക്കക്കാരനായ വട്ടപ്പറമ്പത്ത് സത്യന്. സ്പിരിറ്റഡ് യൂത്ത്‌സിലും ലക്കി സ്റ്റാറിലും കേരള പൊലീസിലും സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ആയിരുന്ന സത്യനെ മധ്യനിരയിലെ ഏകാംഗ പ്രതിരോധമാക്കി മാമോദീസ മുക്കിയത് 1985-ലെ സാഫ് ഗെയിംസിനുള്ള ദേശീയ ടീം കോച്ച് പ്രദീപ് കുമാര്‍ ബാനര്‍ജിയാണ്. പരിചയസമ്പന്നനായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുദീപ് ചാറ്റര്‍ജി വര്‍ഷങ്ങളോളം കുത്തകയാക്കിവെച്ചിരുന്ന പൊസിഷനില്‍ അതോടെ സത്യന്‍ പുലിയായി മാറുന്നു. ധാക്ക സാഫ് ഗെയിംസില്‍ തന്നെ ഗര്‍ജ്ജിച്ചു തുടങ്ങിയിരുന്നെങ്കിലും പുലി ഇര തേടിത്തുടങ്ങിയത് അടുത്ത വര്‍ഷത്തെ മെര്‍ദേക്കയിലാണ്. അതും എന്തൊരു സ്‌റ്റൈലന്‍ വേട്ട! ലീഗ് റൗണ്ടില്‍ പ്രബലരായ ദക്ഷിണ കൊറിയക്കെതിരായ ആ ഒരൊറ്റ ഗോള്‍ മാത്രം മതി സത്യന്റെ പ്രതിഭയുടെ മാറ്ററിയാന്‍.

ആ അസാധ്യ ഗോളിന്റെ താരപരിവേഷത്തില്‍ ജ്വലിച്ചു നില്‍ക്കുമ്പോഴാണ് സത്യനുമായുള്ള ആദ്യ കൂടിക്കാഴ്ച. മെര്‍ദേക്ക കളിച്ച് മലേഷ്യയില്‍ നിന്ന് തിരിച്ചെത്തിയിരുന്നേയുള്ളൂ സത്യന്‍. കോഴിക്കോട്ടെ ഹൈസണ്‍ ഹോട്ടലില്‍ വെച്ചുള്ള ആ സമാഗമം മറക്കാനാവില്ല. അമിതമായ വാക് വിലാസമില്ല. നാട്യങ്ങളില്ല. ആത്മപ്രശംസയില്ല. കൊറിയക്കെതിരായ ഗോളിനെ കുറിച്ച് ചോദിച്ചപ്പോള്‍ സ്വതസിദ്ധമായ അന്തര്‍മുഖത്വം മറയ്ക്കാന്‍ ശ്രമിക്കാതെ അന്നത്തെ 21 കാരന്‍ പറഞ്ഞു: ''കൊറിയയുടെ മിഡ്ഫീല്‍ഡില്‍ നിന്ന് വഴിതെറ്റി വന്ന ഒരു പാസായിരുന്നു. മധ്യരേഖക്ക് അടുത്തുവച്ച് പന്ത് മുന്നില്‍ വന്നുവീണു ബൗണ്‍സ് ചെയ്തപ്പോള്‍ ഭാഗ്യത്തിന് ചുറ്റും ആരുമുണ്ടായിരുന്നില്ല. നേരെ പോസ്റ്റിലേക്ക് വെച്ച് അലക്കാനാണ് അപ്പോള്‍ തോന്നിയത്. ഓടുന്ന ഓട്ടത്തില്‍ സര്‍വ ശക്തിയുമെടുത്ത് ഒരു വോളി. ഭാഗ്യത്തിന് അത് ഗോളായി. 40 വാര ദൂരെ നിന്നായിരുന്നു ആ ഷോട്ട് എന്ന് അറിഞ്ഞത് പിന്നീട് കോച്ച് പി.കെ ബാനര്‍ജി വന്നു കാതില്‍ മന്ത്രിച്ചപ്പോഴാണ്. ഈശ്വരന് നന്ദി പറഞ്ഞു അപ്പോള്‍. ഞാന്‍ ഗോളടിച്ചു എന്നതല്ല ഇന്ത്യ മത്സരം ജയിച്ചു എന്നതായിരുന്നു ഏറ്റവും ആഹ്ലാദകരം...'' 

പ്രബലരായ ചെക്ക് ടീമിനെതിരായ സെമിഫൈനലിലും കണ്ടു സത്യന്റെ പോരാട്ട വീര്യം. 115 മിനുട്ട് നേരം എതിരാളികളെ ഗോളടിക്കാന്‍ വിടാതെ തളച്ചുനിര്‍ത്തിയ ശേഷം അവസാന നിമിഷങ്ങളില്‍ വീണ ഒരൊറ്റ ഗോളിന് തോറ്റു പോയ ഇന്ത്യന്‍ നിരയിലെ ദീപ്ത സാന്നിധ്യം സത്യനായിരുന്നുവെന്ന് പി.കെ ബാനര്‍ജി പറഞ്ഞുകേട്ടതോര്‍ക്കുന്നു. ദക്ഷിണ കൊറിയക്കെതിരെ അന്താരാഷ്ട്ര ഫുട്ബാളില്‍ ഇന്ത്യയുടെ അവസാനത്തെ വിജയമായിരുന്നു മെര്‍ദേക്കയിലേത് എന്നുകൂടി അറിയുക. ഇന്നിപ്പോള്‍ കൊറിയ എന്ന് കേള്‍ക്കുമ്പോള്‍ ഉറക്കത്തില്‍ പോലും ഞെട്ടിത്തരിക്കുന്ന പരുവത്തിലെത്തിയിരിക്കുന്നു നമ്മള്‍.

പിന്നീടും നിരന്തരം കണ്ടുമുട്ടി സത്യനെ - നെഹ്റു കപ്പില്‍, പ്രീ ഒളിമ്പിക്‌സ് യോഗ്യതാ മത്സരങ്ങളില്‍, സന്തോഷ് ട്രോഫിയില്‍, ഫെഡറേഷന്‍ കപ്പില്‍... കളിക്കാരനും കളിയെഴുത്തുകാരനും തമ്മിലുള്ള ഔപചാരിക ബന്ധം ഗാഢമായ സൗഹൃദമായി വളര്‍ന്നിരുന്നു അപ്പോഴേക്കും. ഏത് ആള്‍ക്കൂട്ടത്തിലും ഏകാന്തതയുടെ തുരുത്തിലേക്ക് ഉള്‍വലിയുന്ന ശീലമാവണം ഞങ്ങളെ എളുപ്പം അടുപ്പിച്ചത്. നല്ലൊരു വായനക്കാരന്‍ കൂടിയായിരുന്നതിനാല്‍ സായാഹ്നങ്ങളിലെ പതിവ് കൂടിക്കാഴ്ചകളില്‍ വിഷയദാരിദ്ര്യമുണ്ടാവില്ല സത്യന്. രാഷ്ട്രീയം, സിനിമ, സംഗീതം, പ്രണയം .. ആകാശത്തിനു കീഴെയുള്ള എന്തിനെക്കുറിച്ചും ചര്‍ച്ച ചെയ്യും ഞങ്ങള്‍. അത്ഭുതം തോന്നാം. ചര്‍ച്ചകളില്‍ ഫുട്‌ബോള്‍ ഒരു അപൂര്‍വ സാന്നിധ്യമായിരുന്നു. ''മതി മതി, നിര്‍ത്താം. വേറെ എന്തൊക്കെ സുന്ദരമായ കാര്യങ്ങളുണ്ട് ലോകത്ത് സംസാരിക്കാന്‍..'' അറിയാതെ ചര്‍ച്ച ഫുട്ബാളിലേക്കു വഴുതുമ്പോള്‍ തടഞ്ഞുകൊണ്ട് സത്യന്‍ പറയും.

ജീവിതത്തിലെ പല വഴിത്തിരിവുകളിലും സത്യന്‍ ഒപ്പമുണ്ടായിരുന്നു - സുഹൃത്തായും മാര്‍ഗനിര്‍ദേശിയായും. 1990-കളുടെ തുടക്കത്തിലാണ് - മലയാളം പത്രപ്രവര്‍ത്തനത്തില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലേക്ക് ചേക്കേറാന്‍ ആലോചിക്കുന്ന ഘട്ടം. ഇംഗ്ലീഷില്‍ പേരിന് ഒരു ലേഖനം പോലും എഴുതിയിട്ടില്ല അതുവരെ. ആകെയുള്ള കൈമുതല്‍ വായന നല്‍കിയ ആത്മവിശ്വാസമാണ്. വായനയും എഴുത്തും വെവ്വേറെ മേഖലകളല്ലേ? നല്ല വായനക്കാരന് ഭേദപ്പെട്ട എഴുത്തുകാരനാകാന്‍ കഴിയണമെന്നില്ല. സ്വാഭാവികമായും മലയാളത്തെ ഉപേക്ഷിക്കാന്‍ ഭയം തോന്നി. ആശയക്കുഴപ്പത്തിന്റെയും പിരിമുറുക്കത്തിന്റെയും ആ നാളുകളില്‍ ആശ്വാസ വചനങ്ങളുമായി എത്തിയത് സത്യന്‍ തന്നെ: ''ജീവിതത്തില്‍ റിസ്‌ക് എടുക്കേണ്ട ഘട്ടങ്ങളില്‍ എടുത്തേ പറ്റൂ. കളിയോട് വിട പറഞ്ഞു പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉപദേശിച്ചിട്ടുണ്ട് പലരും. കളിച്ചു നടന്ന് ഒടുവില്‍ ഗതികെട്ടുപോയ ചിലരുടെ ഉദാഹരണങ്ങളും വിളമ്പും എന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍. ആലോചിച്ചു ടെന്‍ഷന്‍ കയറി ദിവസങ്ങളോളം ഉറങ്ങാതിരുന്നിട്ടുണ്ട്. എങ്കിലും ഫുട്‌ബോള്‍ വിടാന്‍ മനസ്സ് സമ്മതിച്ചില്ല. അന്ന് മറിച്ചു ചിന്തിച്ചിരുന്നെങ്കില്‍ ഇക്കാണുന്ന സത്യന്‍ ഉണ്ടാവില്ലായിരുന്നു... അതുകൊണ്ടു ധൈര്യമായി പുതിയ ജോലിയില്‍ പ്രവേശിക്കുക...'' ആ ഉപദേശം നന്മയേ കൊണ്ടുവന്നിട്ടുള്ളൂ ജീവിതത്തില്‍.

അവസാനമായി കണ്ടത് സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങള്‍ക്കിടയിലാണ്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രതിനിധി എന്ന നിലക്ക് ഔദ്യോഗിക ചുമതലയുമായി എത്തിയതായിരുന്നു സത്യന്‍. അധികം മിണ്ടാട്ടമില്ല. പതിവുള്ള സൗമ്യമായ ചിരിയില്ല. മുഖത്ത് വല്ലാത്തൊരു ഗൗരവം. കളിക്കിടെ വീണുകിട്ടിയ ഒരു ഇടവേളയില്‍ അടുത്തുചെന്ന് ചോദിച്ചു: ''എന്താ പതിവില്ലാതെ ഒരു തലക്കനം? ഫെഡറേഷന്റെ ആളാണെന്നു കരുതി ഇത്ര ഗൗരവം വേണ്ട.'' ചെറിയൊരു ചിരി തെളിഞ്ഞുവോ ആ മുഖത്ത്? അല്‍പ്പനേരം കണ്ണുകളിലേക്ക് ഉറ്റുനോക്കി സത്യന്‍ പറഞ്ഞു: ''കളി കഴിഞ്ഞു നമുക്കൊന്ന് കാണണം. ഒരു പ്രധാന കാര്യം സംസാരിക്കാനുണ്ട്..'' എന്താണ് ഇത്രയും സീരിയസ് ആയ വിഷയം? പുതിയ പ്രോജക്റ്റ് വല്ലതും? മുഖത്തുനിന്ന് കണ്ണെടുക്കാതെ സത്യന്‍ പറഞ്ഞു: ''ഏയ്, അല്ല. പേഴ്സണല്‍ ആണ്. കാണുമ്പോള്‍ പറയാം..'' കളി കഴിഞ്ഞു റിപ്പോര്‍ട്ട് അയച്ചു തിരികെ പ്രസ് ബോക്‌സില്‍ വന്നപ്പോള്‍, ആളില്ല. സത്യന്‍ ഇരുന്ന സ്ഥലം ശൂന്യം. കാത്തിരുന്നു മുഷിഞ്ഞ് നേരത്തെ സ്ഥലം വിട്ടിരിക്കണം . അടുത്ത ദിവസം കാണുമ്പോള്‍ സംസാരിക്കാമല്ലോ എന്ന് മനസ്സ് പറഞ്ഞു. സത്യന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം എന്തെന്നറിയാന്‍ തിടുക്കമുണ്ടായിരുന്നു.

പിറ്റേന്നും അതിന്റെ പിറ്റേന്നും സത്യനെ കണ്ടില്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു; അത്യാവശ്യമായി ചെന്നൈയിലേക്ക് തിരിച്ചുപോയിരിക്കുന്നു ആള്‍. സങ്കടം തോന്നി. ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. അന്നറിയില്ലായിരുന്നു സത്യനെ അവസാനമായി കണ്ടുകഴിഞ്ഞു എന്ന്. പ്രിയപ്പെട്ട 'സത്യേട്ടനെ' മരണം ഒരു തീവണ്ടിയുടെ രൂപത്തില്‍ വന്നു കൂട്ടിക്കൊണ്ടുപോയ വാര്‍ത്ത വിളിച്ചറിയിച്ചത് വിജയനാണ്; വിതുമ്പിക്കൊണ്ട്. സ്വയം മരണത്തിലേക്ക് നടന്നടുക്കുകയായിരുന്നത്രെ സത്യന്‍. ഇന്നും വിശ്വസിക്കാനായിട്ടില്ല അക്കാര്യം. ജീവിതത്തെ എന്നും പ്രസാദാത്മകമായി നോക്കിക്കണ്ട ഒരു മനുഷ്യന് അങ്ങനെയൊരു മരണം തിരഞ്ഞെടുക്കാനാവുമോ ? ആ സത്യന്‍ ഞാനറിയുന്ന എന്റെ സത്യനാവില്ല, തീര്‍ച്ച.

നൊമ്പരപ്പെടുത്തുന്ന ഒരു ചോദ്യം മാത്രമുണ്ട് ഇന്നും മനസ്സില്‍: എന്തായിരിക്കണം സത്യന്‍ പറയാന്‍ ബാക്കിവെച്ചത്?

Content Highlights: Jayasurya gets state awards VP Sathyan again in memory