ഷ്ട ടീം തോല്‍ക്കുമ്പോഴൊക്കെ സങ്കടപ്പെട്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ സങ്കടം കണ്ണീരായി ഒഴുകുകയും ചെയ്തു. എണ്‍പതുകളുടെ അവസാനം പാപ്പച്ചനും വിജയനും ഷറഫലിയുകളിമൊക്കെയടങ്ങുന്ന കേരള ടീം സന്തോഷ് ട്രോഫിയില്‍ ഫൈനലുകളില്‍  തുടര്‍ച്ചയായി തോല്‍ക്കുമ്പോള്‍ ചങ്കു പൊട്ടിത്തന്നെ കരഞ്ഞിട്ടുണ്ട്. അന്നത്തെ ടീനേജുകാരുടെ യുവേഫ ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും ലാലിഗയും ഐ.എസ്.എല്ലുമെല്ലാം സന്തോഷ് ട്രോഫിയായിരുന്നല്ലോ. 1988-ല്‍ കൊല്ലത്ത് നടന്ന സന്തോഷ് ട്രോഫി ഫൈനലില്‍  പൊരുതിക്കളിച്ച ശേഷവും കേരളം, പഞ്ചാബിനോട് തോറ്റപ്പോള്‍ ഒരു ഒന്നാം വര്‍ഷം പ്രീഡിഗ്രിക്കാരന്‍, ചേട്ടനൊപ്പം സങ്കടപ്പെട്ടു.

ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ അന്നത്തെ  ഗോളടിവീരനായിരുന്ന ചെറിയാന്‍ പെരുമാലി കേരളത്തിന് വേണ്ടി കളിക്കുന്നുണ്ട്. ഞങ്ങളുടെ  അന്നത്തെ പെലെയും മാറഡോണയുമെല്ലാം ചെറിയാനാണ്. ഡ്രിബിളിങ്ങിലും ഗോളടിക്കുന്നതിലുമൊക്കെ അതി വിദഗ്ധന്‍. ഞങ്ങളുടെ സ്വന്തം പെരുമാലി അന്ന് കേരളത്തിന്റെ കുപ്പായമണിയുന്നതിന്റെ അഭിമാനത്തോടെയാണ് ദൂരദര്‍ശനില്‍ ഫൈനലിന്റെ ലൈവ് കാണാനിരുന്നത്.   

ഷൂട്ടൗട്ടിലേക്ക്  മത്സരം നീളുന്നതിനിടെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പഞ്ചാബിന്റെ ഗോളി ബിഹാസ് സാഹയെയും മറികടന്ന് ഗോളിലേക്കു കുതിക്കുന്ന ചെറിയാന്‍ ചരിത്രമെഴുതിയെന്ന് വിചാരിച്ചതാണ്. അപ്പോഴാണ് പരിചയ സമ്പന്നനായ സാഹ കിടന്നുകൊണ്ട പിറകിലേക്ക് ചാടി പന്ത് തട്ടിക്കളഞ്ഞത്. ചെറിയാന്റെയും കേരളത്തിന്റെയും ദുര്‍വിധി. അനിവാര്യമായ ഷൂട്ടൗട്ടില്‍ കേരളം തോറ്റു. അന്ന് കുറെ കരഞ്ഞു. പിന്നീട് കുറെ വര്‍ഷങ്ങളില്‍  സന്തോഷ് ട്രോഫിയിലെ ഈ സങ്കടം ആവര്‍ത്തിച്ചു. ഒടുവില്‍ 1992-ല്‍  കോയമ്പ്ത്തൂരില്‍ ഞങ്ങളുടെ സങ്കടം സന്തോഷമായി.

സന്തോഷ് ട്രോഫി ഇങ്ങനെ പോകുമ്പോള്‍ തന്നെ ദൂരദര്‍ശനില്‍ 1986 മുതലുള്ള ലോകകപ്പ് ഹരമായി തന്നെ കണ്ടു. എന്തോ പലപ്പോഴും ജേതാക്കള്‍ക്കൊപ്പം നില്‍ക്കുന്നതിനേക്കാള്‍ തോറ്റവര്‍ക്കൊപ്പം  കൂടാനായിരുന്നു ഇഷ്ടം. 1986 ലോകകപ്പ് ഫൈനലില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച ശേഷം  വിജയ ഗോളിനായി അര്‍ജന്റീനയുടെ ഹാഫില്‍ ജര്‍മനിയുടെ പത്തു പേരും കളിക്കുന്നു.ഞൊടിയിടയില്‍  മാറഡോണ പന്ത ബറൂഷഗയ്ക്കെത്തിക്കുന്നു  . ഒറ്റയ്ക്കു പന്തുമായി മുന്നേറുന്ന ബറൂഷഗയ്ക്കെതിരെ ശൗര്യത്തോടെ നില്‍ക്കുന്ന ജര്‍മന്‍ ഗോളി ടോണി ഷുമാക്കറുടെ ചിത്രം ഇപ്പോഴും മനസ്സിലുണ്ട് .ഒടുവില്‍  ഗോള്‍ വഴങ്ങിയ ശേഷം മത്സരവും ലോകകിരീടവും നഷ്ടപ്പെട്ട്  നിസഹായനായി നിന്ന ഷുമാക്കര്‍ ഒരു നൊമ്പരക്കാഴ്ചയായി.

അതിനിടയില്‍ ദൂരദര്‍ശനില്‍  ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും ലൈവ് വന്ന് തുടങ്ങിയതോടെ ഇഷ്ട ടെന്നീസ് താരങ്ങളുടെ മത്സരം നേരില്‍  കാണാനായി. അതു വരെ പത്രത്താളുകളിലും സ്പോര്‍ട്സ് സ്റ്റാര്‍ മാസികയിലും മാത്രം കണ്ടിരുന്നവര്‍ സ്വീകരണ മുറിയിലെത്തി. സ്പോര്‍ട്സ് വായിച്ചു തുടങ്ങുമ്പോള്‍ വനിതാ ടെന്നീസില്‍  മര്‍ട്ടീന നവരത്ലോവയുടെയും ക്രിസ് എവര്‍ട്ടിന്റെയും  വാഴ്ചക്കാലമായിരുന്നു.  മര്‍ട്ടീനയ്ക്കായിരുന്നു മേധവിത്വമെങ്കിലും സുന്ദരിയായ ക്രിസിനോടായിരുന്നു ഇഷ്ടക്കൂടുതല്‍. പുരുഷ ടെന്നീസില്‍ ബ്യോണ്‍  ബോര്‍ഗും ജിമ്മി കൊണേഴ്സും ജോണ്‍ മക്കെന്‍ റോയും ഇവാന്‍ ലെന്‍ഡലും മാറ്റ്സ് വിലാന്‍ഡറുമൊക്കെ ആടിത്തിമര്‍ക്കുന്നു. ദൂരദര്‍ശനില്‍ കളി കണ്ടു തുടങ്ങിയപ്പോഴേക്കും  ക്രിസ് കളിക്കളം വിട്ടിരുന്നു. മര്‍ട്ടിന യുഗം അവസാനിക്കാറുമായി. 

അപ്പോഴേക്കും ജര്‍മന്‍കാരി സ്റ്റെഫി ഗ്രാഫും അര്‍ജന്റീനാക്കാരി സുന്ദരി ഗബ്രിയേല സബാറ്റിനിയും ബാറ്റണ്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇവിടെയും എന്തോ സബാറ്റിനിയോടായിരുന്നു പ്രിയം. സ്റ്റെഫിക്കെതിരെ   ജയിക്കാവുന്ന ഗ്രാന്‍ഡ് സ്ലാം ഫൈനലുകള്‍ അവിശ്വസനീയമാം വിധം തോറ്റു കളയുമ്പോഴും ഗാബിനി (സബാറ്റിനിയുടെ വിളിപ്പേര്)ക്കായി കയ്യടിച്ചു. അപ്പോഴും ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിച്ചില്ല. (പുരുഷ ടെന്നീസില്‍ ഇഷ്ട താരം മാറ്റ്സ് വിലാന്‍ഡര്‍ തോല്‍ക്കുമ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ).

പക്ഷേ 1993 ജൂലായിലെ ആ ശനിയാഴ്ച രാത്രി, അന്നു വരെ ഇഷ്ടതാരങ്ങളുടെ ലിസ്റ്റിലില്ലാതിരുന്ന ഒരു ചെകോസ്ലോവാക്യന്‍ താരത്തിന് വേണ്ടി എന്റെ കണ്ണും നിറഞ്ഞു. എന്റെ മാത്രമല്ല,അന്ന് വിംബിള്‍ഡണിലെ സെന്റര്‍ കോര്‍ട്ടില്‍ കളി നേരിട്ട് കണ്ടവരില്‍ പലരുടെയും ടെലിവിഷനില്‍ ലൈവ് കണ്ടവരില്‍ പലരുടെയും കണ്ണ് നിറഞ്ഞു കാണും.  കഴിഞ്ഞ ദിവസം 49-ാം വയസ്സില്‍ മഞ്ഞപ്പന്തും റാക്കറ്റുമില്ലാത്ത ലോകത്തേക്ക് യാത്രയായ യാന നൊവോട്നയ്ക്കൊപ്പമാണ് ഞങ്ങളൊക്കെ അന്ന് കണ്ണീരൊഴുക്കിയത്.

1993- ലെ ആ വിംബിള്‍ഡണ്‍ ഇപ്പോഴും ഓര്‍മയിലുണ്ട്. വീട്ടില്‍ ടെലിവിഷന്‍ ഇല്ലാതിരുന്നതിനാല്‍ അന്ന് വരെ കസിന്‍മാരുടെ വീടുകളില്‍ അവര്‍ക്കൊപ്പമാണ് ഫുട്ബോളും ടെന്നീസും കാണല്‍(മേരിക്കുട്ടി അമ്മാമ്മയ്ക്കും അപ്പച്ചീലെ അമ്മാമ്മയ്ക്കും പറഞ്ഞാല്‍ തീരാത്ത നന്ദി). അക്കൊല്ലം മെയ് മാസത്തില്‍ അച്ചാച്ചന്‍ ഗള്‍ഫില്‍ നിന്ന് അവധിക്ക് വീട്ടില്‍ വന്നപ്പോള്‍ അവിടെ ഉപയോഗിച്ചുകൊണ്ടിരുന്ന ടി.വി.യും കൊണ്ടു വന്നു. അക്കുറി ഫ്രഞ്ച് ഓപ്പണ്‍  വിടാതിരുന്നു കണ്ടു. പിന്നാലെ വിംബിള്‍ഡണും.

സബാറ്റിനി ജയിക്കണമെന്നാണ് ആഗ്രഹം. പക്ഷേ യാന നൊവോട്നയെന്ന പുല്‍ക്കോര്‍ട്ട് വിദഗ്ധ സബാറ്റിനിയെ കെട്ടുകെട്ടിച്ചു. അന്നാണ് നൊവോട്നയെ ശരിക്കും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സെമിയില്‍  മര്‍ട്ടീന നവരത്ലോവയെയും തോല്‍പ്പിച്ചതോടെ നൊവോട്ന താരമായി. ഫൈനലില്‍ സാക്ഷാല്‍ സ്റ്റെഫി ഗ്രാഫാണ് എതിരാളി. നേരത്തെ സ്റ്റെഫിയെ തോല്‍പ്പിച്ചിട്ടുണ്ടെങ്കിലും ആരും നൊവോട്നയ്ക്ക് വലിയ സാധ്യതകളൊന്നും കല്‍പ്പിച്ചിരുന്നില്ല.

ആദ്യ സെറ്റ് ടൈബ്രേക്കറിലാണ് സ്റ്റെഫി നേടിയതേ്. ശക്തമായി തിരിച്ചടിച്ച നൊവോട്ന രണ്ടാം സെറ്റ് 6-1 നുനേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. അവിടെയും ചെക് താരം 4-1ന് ലീഡെടുത്തപ്പോള്‍ കായിക ലോകം അട്ടിമറി അടുത്തെത്തിയെന്നു കരുതി. കയ്യെത്തും ദൂരത്ത് വച്ച് നൊവോട്ന അവിശ്വസനീയമാം വിധം പതറിയപ്പോള്‍ സ്റ്റെഫി വിജയവും വിംബിള്‍ഡണ്‍ കിരീടവും സ്വന്തമാക്കി.

സമ്മാനദാന വേളയിലാണ് ആന്റി ക്ലൈമാക്സ് നടന്നത്. റണ്ണറപ്പിനുള്ള വീനസ് റോസ് വാട്ടര്‍ ട്രോഫി സ്വീകരിക്കുന്നതിനിടെ നൊവോട്ന കരഞ്ഞു തുടങ്ങി. ചെറിയ ഒരു കരച്ചിലായിരുന്നില്ല അത്. മിനിറ്റുകള്‍ നീണ്ട പൊട്ടിക്കരിച്ചില്‍. സമ്മാനം നല്‍കാനെത്തിയ കെന്റിലെ പ്രഭ്വി കാതറിന്റെ തോളില്‍ തലയമര്‍ത്തി കരയുന്ന നൊവോ്ട്ന കായികലോകത്ത് എന്നും ഓര്‍മിക്കപ്പെടുന്ന ഒരു നിമിഷമാണ് ഒരുക്കിയത്. ട്രോഫി സ്റ്റെഫി നേടിയെങ്കിലും കാണികളുടെ ഹൃദയം കീഴടക്കിയാണ് നൊവോട്ന അന്ന് മടങ്ങിയത്. 

ഇനിയൊരിക്കല്‍ നിനക്ക് വിംബിള്‍ഡണ്‍ കിരീടം നേടാന്‍ സാധിക്കുമെന്ന് അന്ന് കെന്റ് പ്രഭ്വി പ്രവചിച്ചിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രവചനം യാഥാര്‍ഥ്യമായി. 1998-ല്‍ ഫ്രഞ്ച് താരം നതാലിയ തൗസിയത്തിനെ തോല്‍പ്പിച്ച് കരിയറിലെ ഏക വിംബിള്‍ഡണ്‍ സിംഗിള്‍സ് (കരിയറിലെയും) നേടി.  അന്ന് നൊവോട്നയുടെ കണ്ണില്‍ നിന്നൊഴുകിയത് ആനന്ദക്കണ്ണീരായിരുന്നു.

നൊവോട്ന കളിക്കളം വിട്ട ശേഷം താരത്തെക്കുറിച്ച് അധികം വാര്‍ത്തകളൊന്നുമില്ലായിരുന്നു. ഇടയ്ക്ക് ടെന്നീസ് മത്സരങ്ങളുടെ കമന്ററി ബോക്സിലും താരത്തെ കണ്ടു. പക്ഷേ രോഗ വിവരമോ ഒന്നും അറിഞ്ഞിരുന്നില്ല. തിളങ്ങി നില്‍ക്കുമ്പോഴല്ലേ ആളുകള്‍ ചിത്രത്തിലുള്ളൂ. വളരെ അപ്രതീക്ഷിതമായാണ് നൊവോട്നയുടെ മരണവാര്‍ത്തയെത്തിയത്.

പ്രിയ നൊവോട്ന, 1993- ല്‍ നിനക്കൊപ്പം കരഞ്ഞ ഞങ്ങള്‍ ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍  വീണ്ടും നിനക്കായി കരയുന്നു. ഇക്കുറി കരയാന്‍ ഞങ്ങള്‍ മാത്രല്ലേ ഉള്ളൂ...

Content Highlights: Jana Novotna Czech Republic Tennis Player, Tennis