സ്വിങ് രാജാവ്‌; അന്ന് പേരില്ലാതെയെത്തിയ ജൂനിയര്‍, ഇന്ന് 41-ാം വയസിലും No 1


അഭിനാഥ് തിരുവലത്ത്ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ തന്നെ, അല്ല ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും സ്‌കില്‍ഫുളായ ബൗളര്‍. ടെസ്റ്റ് ചരിത്രത്തില്‍ 600 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഫാസ്റ്റ് ബൗളര്‍, ടെസ്റ്റ് ചരിത്രത്തിലെ ഉയര്‍ന്ന മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരന്‍, ഏകദിനത്തിലും ടെസ്റ്റിലും ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച താരം തുടങ്ങിയ റെക്കോഡുകളെല്ലാം ഇന്ന് ജിമ്മിക്ക് സ്വന്തമാണ്

Premium

Photo: AP

കാലത്തെ ഒരു 21 കൊല്ലം പിറകോട്ട് പറത്തിവിടണം. കൃത്യമായി പറഞ്ഞാല്‍ തിരിച്ചുചെന്ന് 2002 ഡിസംബര്‍ 15-ന് മെല്‍ബണിലെ ഒരു മഞ്ഞു പുതച്ച ദിവസത്തിലേക്ക് ചെല്ലണം. ഓസീസിനെതിരായ ഏകദിന മത്സരത്തിനായുള്ള ഒരുക്കത്തിലായിരുന്നു അന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനായി ആ ദിവസം ഒരു ഇരുപതുകാരന്‍ പൊടിമീശക്കാരന്‍ പയ്യന്‍ അരങ്ങേറ്റം കുറിക്കുന്നുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ പ്രധാന ബൗളറായിരുന്ന ആന്‍ഡി കാഡിക്കിന് അന്ന് കളിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പെട്ടെന്ന് ടീമിലെടുത്തതായിരുന്നു അവനെ. ഇംഗ്ലണ്ടിന്റെ കടുംനീല ജേഴ്‌സിയില്‍ പേരോ നമ്പറോ ഇല്ലാതെയാണ് ആ ഇരുപതുകാരന്‍ തന്റെ ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയത്. സെഞ്ചുറി നേടിയ ആദം ഗില്‍ക്രിസ്റ്റിന്റെ വിക്കറ്റ് വീഴ്ത്തി ആറടിയിലേറെ ഉയരമുണ്ടായിരുന്ന ആ പയ്യന്‍ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. മത്സരത്തില്‍ ആറ് ഓവര്‍ എറിഞ്ഞ അയാൾ 20 വര്‍ഷങ്ങള്‍ക്കിപ്പുറവും താന്‍ അന്ന് കൈയിലെടുത്ത തുകല്‍ പന്ത് നിലത്ത് വെച്ചിട്ടില്ല. ഒപ്പം കളിച്ചവരും പിന്നീട് വന്നവരുമെല്ലാം കളം വിട്ടിട്ടും ഇന്നും ആ തുകല്‍ പന്തിന്റെ നറുമണം ആസ്വദിക്കുന്ന ആ താരത്തിന്റെ പേര് ജെയിംസ് മൈക്കല്‍ ആന്‍ഡേഴ്‌സണ്‍, ക്രിക്കറ്റ് ലോകത്തിന്റെ സ്വന്തം ജിമ്മി.

നാല് മാസങ്ങള്‍ക്കപ്പുറം പ്രായം 41 ആകും ജിമ്മിക്ക്. 20 വര്‍ഷത്തിലേറെക്കാലം ഒരു ഫാസ്റ്റ് ബൗളര്‍ ടെസ്റ്റ് മത്സരങ്ങളിലടക്കം കളിച്ച് അതേ ഫോമില്‍ തുടരുകയെന്നതിനെ അവിശ്വസനീയം എന്നല്ലാതെ എന്ത് പറയാന്‍. ഇപ്പോഴിതാ ഐ.സി.സിയുടെ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും ജിമ്മിയുടെ കൈകളില്‍ ഭദ്രം. 866 റേറ്റിങ് പോയന്റുമായി ഒന്നാം സ്ഥാനത്തുള്ള ജിമ്മി ടെസ്റ്റ് ചരിത്രത്തില്‍ കഴിഞ്ഞ 87 വര്‍ഷത്തിനിടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ബൗളറാണ്. 1936-ല്‍ ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ക്ലാരി ഗ്രിമ്മെറ്റിന് ശേഷം ഈ നേട്ടത്തിലെത്തുന്ന പ്രായം കൂടിയ താരം കൂടിയാണ് ജിമ്മി. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹത്തെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്.

2003-ല്‍ സിംബാബ്‌വെയ്‌ക്കെതിരേ ചുവന്ന പന്ത് കൈയിലെടുത്ത ജിമ്മി ടെസ്റ്റ് കരിയറില്‍ ഇത് ആറാം തവണയാണ് ഒന്നാം റാങ്കിലെത്തുന്നത്. 178 ടെസ്റ്റില്‍ നിന്നായി 682 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്തും ഈ ഇംഗ്ലണ്ടുകാരനുണ്ട്. ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനും (800), ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണും (708) മാത്രമാണ് ആന്‍ഡേഴ്‌സണ് മുന്നിലുള്ളത്.

Photo: Getty Images

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ തന്നെ, അല്ല ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും സ്‌കില്‍ഫുളായ ബൗളര്‍. ടെസ്റ്റ് ചരിത്രത്തില്‍ 600 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഫാസ്റ്റ് ബൗളര്‍, ടെസ്റ്റ് ചരിത്രത്തിലെ ഉയര്‍ന്ന മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരന്‍, ഏകദിനത്തിലും ടെസ്റ്റിലും ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച താരം തുടങ്ങിയ റെക്കോഡുകളെല്ലാം ഇന്ന് ജിമ്മിക്ക് സ്വന്തമാണ്. ടെസ്റ്റില്‍ ആദ്യം 400, 500, 600 വിക്കറ്റ് ക്ലബ്ബിലെത്തിയ ഇംഗ്ലണ്ട് താരവും ജിമ്മി തന്നെ.

1982 ജൂലായ് 30-ന് ബേണ്‍ലിയിലെ ലങ്കാഷെയറിലാണ് ജിമ്മിയുടെ ജനനം. ക്രിക്കറ്റിന് പേരുകേട്ട നാടായതിനാല്‍ തന്നെ നന്നേ ചെറുപ്പത്തിലേ ജിമ്മി ക്രിക്കറ്റിലേക്ക് തിരിഞ്ഞിരുന്നു. ബേണ്‍ലി ക്രിക്കറ്റ് ക്ലബ്ബിനായി കളിച്ച് തുടങ്ങിയ അദ്ദേഹം 17-ാം വയസില്‍ ലങ്കാഷെയര്‍ ലീഗിലെ ഏറ്റവും വേഗമേറിയ ബൗളറെന്ന് പേരെടുത്തു.

2002-ലാണ് ജിമ്മി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. കൗണ്ടിയില്‍ ലങ്കാഷെയറിനു വേണ്ടിയാണ് അദ്ദേഹം കളത്തിലിറങ്ങിയത്. ആ സീസണില്‍ കളിച്ച 13 മത്സരങ്ങളില്‍ നിന്ന് 50 വിക്കറ്റുകള്‍ നേടിയ ജിമ്മി വളരെ വേഗം തന്നെ താരമായി. മൂന്ന് അഞ്ചു വിക്കറ്റ് നേട്ടം ഉള്‍പ്പെടെയായിരുന്നു ഈ പ്രകടനം. 2002 സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. തൊട്ടടുത്ത വര്‍ഷം ലങ്കാഷെയറിനായി ഹാട്രിക്ക് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി.

ആന്‍ഡേഴ്‌സനെ ഇംഗ്ലണ്ട് തങ്ങളുടെ ഏകദിന ടീമിലേക്ക് വിളിക്കുമ്പോള്‍ അദ്ദേഹം വെറും അഞ്ച് ലിസ്റ്റ് എ മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുണ്ടായിരുന്നുള്ളൂ. 23 വിക്കറ്റുകള്‍ അപ്പോള്‍ തന്നെ ജിമ്മിയുടെ അക്കൗണ്ടിലുണ്ടായിരുന്നു. 2003 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിനുള്ള ഒരുക്കമെന്ന നിലയിലാണ് ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയയും ശ്രീലങ്കയും ഉള്‍പ്പെടുന്ന ഒരു ത്രിരാഷ്ട്ര പരമ്പര കളിക്കാന്‍ 2002 ഡിസംബറില്‍ ഇംഗ്ലണ്ട് ഒരുങ്ങിയത്. പരമ്പരയിലെ പ്രകടനം ജിമ്മിക്ക് ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിലേക്കുള്ള വഴിയായി.

Photo: Getty Images

ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ കളിക്കാന്‍ രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ട് ഇംഗ്ലണ്ട് ടീം വിസമ്മതിച്ചതോടെ ജിമ്മിയുടെ ലോകകപ്പ് അരങ്ങേറ്റം നീണ്ടു. ഒടുവില്‍ 2003 ഫെബ്രുവരി 16-ന് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലാണ് അദ്ദേഹം ഇംഗ്ലണ്ടിനായി ആദ്യ ലോകകപ്പ് മത്സരം കളിച്ചത്. ലുക്ക് വാന്‍ ട്രൂസ്റ്റ്, ഡാന്‍ വാന്‍ ബങ്കി, ബാസ് സുയിഡെറെന്റ്, ക്ലാസ് ജാന്‍ വാന്‍ നൂര്‍ട്വിക് എന്നിവരെ പുറത്താക്കിയ ജിമ്മി ആദ്യ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദ മാച്ചുമായി. 10 ഓവറില്‍ 25 റണ്‍സ് വഴങ്ങി നാലു വിക്കറ്റ്.

ആ ടൂര്‍ണമെന്റില്‍ പാകിസ്താനെതിരായ മത്സരത്തിലാണ് ജിമ്മി ശരിക്കും തിളങ്ങിയത്. ഇന്‍സമാം ഉള്‍ ഹഖ്, മുഹമ്മദ് യൂസഫ് എന്നിവരെ തൊട്ടടുത്ത പന്തുകളില്‍ പുറത്താക്കിയ അദ്ദേഹം ആ മത്സരത്തില്‍ 10 ഓവറില്‍ വെറും 29 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. കളിയിലെ താരത്തെ തിരഞ്ഞെടുക്കാന്‍ ആര്‍ക്കും മറ്റൊരു പേര് ചിന്തിക്കേണ്ടി വന്നില്ല. അന്ന് പുരസ്‌കാരദാന ചടങ്ങില്‍ റമീസ് രാജയുടെ ചോദ്യങ്ങള്‍ക്ക് വിക്കി വിക്കി ജാള്യതയോടെ മറുപടി പറയുന്ന ജിമ്മിയുടെ വീഡിയോ ഇന്നും യൂട്യൂബില്‍ തിരഞ്ഞാല്‍ നിങ്ങള്‍ക്ക് കാണാം.

എന്നാല്‍ എട്ടു ദിവസങ്ങള്‍ക്കു ശേഷം ഈ കളിയുടെ മറ്റൊരു വശവും ജിമ്മി അനുഭവിച്ചു. ഓസീസിനെതിരായ ഇംഗ്ലണ്ടിന്റെ ടൂര്‍ണമെന്റിലെ അവസാന മത്സരമായിരുന്നു അത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 135-ന് എട്ട് എന്ന നിലയിലേക്ക് വീണു. എന്നാല്‍ മൈക്കല്‍ ബെവനും ആന്‍ഡി ബിക്കലും ചേര്‍ന്ന് ഓസീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു. മത്സരത്തില്‍ 49-ാം ഓവര്‍ എറിഞ്ഞ ജിമ്മി വഴങ്ങിയ 12 റണ്‍സ് ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് കാരണമായി. മാത്രമല്ല ഈ ഓവറില്‍ ബിക്കല്‍ ജിമ്മിയെ സിക്‌സറിന് പറത്തുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ജിമ്മിക്ക് വലിയ ഷോക്കായിരുന്നു ആ ഓവര്‍.

അവിടെ നിന്നും മൂന്ന് മാസങ്ങള്‍ക്കപ്പുറം ജിമ്മിക്ക് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി. സിംബാബ്‌വെയ്‌ക്കെതിരേ ക്രിക്കറ്റിന്റെ മെക്കയില്‍ തന്നെയായിരുന്നു ജിമ്മിയുടെ ടെസ്റ്റ് അരങ്ങേറ്റം. അദ്ദേഹത്തിന്റെ ആദ്യ ഓവറില്‍ പക്ഷേ 17 റണ്‍സാണ് സിംബാബ്‌വെ ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചെടുത്തത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ജിമ്മി അരങ്ങേറ്റ ഇന്നിങ്‌സില്‍ തന്നെ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

Photo: Getty Images

പിന്നാലെ പാകിസ്താനെതിരേ നടന്ന ഏകദിന പരമ്പരയില്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ഏകദിന ഹാട്രിക് നേടുന്ന ആദ്യ ഇംഗ്ലണ്ട് ബൗളറെന്ന നേട്ടം സ്വന്തമാക്കിയ ജിമ്മി ഇംഗ്ലീഷ് നിരയില്‍ തന്റെ സ്ഥാനവും ഊട്ടിയുറപ്പിച്ചു. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയിലും തിളങ്ങിയതോടെയാണ് ആദ്യമായി ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ ജിമ്മിക്ക് ലഭിക്കുന്നത്.

അക്കാലത്ത് അസാധാരണമായ ബൗളിങ് ആക്ഷനൊപ്പം ജിമ്മിയെ ശ്രദ്ധാകേന്ദ്രമാക്കിയ മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ടായിരുന്നു. തന്റെ മുടിയില്‍ ജിമ്മി കാണിച്ചുകൊണ്ടിരുന്ന വിദ്യകളായിരുന്നു അതിന് കാരണം. കറുത്ത മുടിയില്‍ അങ്ങിങ്ങ് വെള്ള നിറം പൂശിയാണ് ജിമ്മി ലോകകപ്പിനിറങ്ങിയതെങ്കില്‍ മാസങ്ങള്‍ക്കു ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുടിയില്‍ ചുവപ്പുനിറമടിച്ചാണ് അദ്ദേഹം കളത്തിലിറങ്ങിയത്. തുടക്ക കാലത്ത് ഇടത് കൈയില്‍ സ്ഥിരമായി വാച്ച് കെട്ടുന്ന ശീലമുണ്ടായിരുന്ന ജിമ്മി 2010-ഓടെയാണ് ആ ശീലം ഉപേക്ഷിക്കുന്നത്. ഇടയ്ക്ക് ഡിജിറ്റല്‍ വാച്ചിന് പകരം സാധാരണ റിസ്റ്റ് വാച്ച് ധരിച്ച് പോലും ജിമ്മി കളത്തിലിറങ്ങാറുണ്ടായിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ 2004-05 കാലഘട്ടത്തില്‍ ബൗളിങ് ആക്ഷനില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ജിമ്മി നേരിട്ടിരുന്നു. പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലുള്ള ആക്ഷനാണ് ജിമ്മിയുടേതെന്ന് തിരിച്ചറിഞ്ഞ ബൗളിങ് പരിശീലകര്‍ ആക്ഷനില്‍ മാറ്റം വരുത്താന്‍ ജിമ്മിയെ ഉപദേശിക്കുകയും അതിനായുള്ള പ്രവൃത്തികള്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ജിമ്മിയുടെ ബൗളിങ്ങിന്റെ താളം നഷ്ടപ്പെടുത്തുകയും അദ്ദേഹത്തിന്റെ ഫോം നഷ്ടപ്പെടുന്നതിന് വഴിവെക്കുകയും ചെയ്തു. അപകടം തിരിച്ചറിഞ്ഞ ജിമ്മി വൈകാതെ തന്റെ സ്വതസിദ്ധമായ ആക്ഷനിലേക്ക് തിരികെയെത്തി ഫോം വീണ്ടെടുത്തു.

ബൗളിങ് ആക്ഷനിലെ ഈ പ്രത്യേകത ജിമ്മിയുടെ ബൗളിങ്ങിനെ കാര്യമായി തുണച്ചിട്ടുണ്ട്. 2010 ആഷസിലാണ് ജിമ്മി തന്റെ ഫോമിന്റെ പാരമ്യത്തിലേക്ക് ഉയരുന്നത്. 24 വിക്കറ്റുകളാണ് അദ്ദേഹം ആ പരമ്പരയില്‍ വീഴ്ത്തിയത്. റിവേഴ്‌സ് സ്വിങ് ഉപയോഗിക്കുന്നതില്‍ ജിമ്മിക്കുള്ള വൈദഗ്ധ്യം ക്രിക്കറ്റ് ലോകം കണ്ടാസ്വദിച്ച പരമ്പരയായിരുന്നു അത്. ജിമ്മിയുടെ ക്ലാസിക് സൈഡ് ഓണ്‍ ആക്ഷന്‍ അദ്ദേഹത്തിന് സ്വാഭാവികമായി ഓട്ട്‌സ്വിങ്ങര്‍ എറിയാനുതകുന്നതായിരുന്നു. ഇതുതന്നെ പന്ത് പഴകിക്കഴിഞ്ഞാല്‍ റിവേഴ്‌സ് സ്വിങ് ലഭിക്കാനും സഹായിക്കുന്നതായിരുന്നു. മിഡില്‍ സ്റ്റമ്പിനും ലെഗ് സ്റ്റമ്പിനും ഇടയില്‍ പിച്ച് ചെയ്യുന്ന പന്ത് ബാറ്റ്‌സ്മാന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് ഓഫ്സ്റ്റമ്പുമായി പറക്കുന്ന കാഴ്ച ജിമ്മിയുടെ ബൗളിങ്ങിന്റെ ട്രേഡ്മാര്‍ക്കായിരുന്നു. അക്കാലത്ത് പേരുകേട്ട പല ബാറ്റര്‍മാരും ജിമ്മിയുടെ പന്തുകള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ നില്‍ക്കുന്ന കാഴ്ച പതിവായിരുന്നു. സ്വിങ് ദീര്‍ഘനേരം നിലനില്‍ക്കാത്ത കൂക്കാബുറ പന്തായിരുന്നു ആ പരമ്പരയില്‍ ഉപയോഗിച്ചിരുന്നത്. സ്വിങ് ബൗളര്‍മാര്‍ കാര്യമായ തിരിച്ചടി നേരിട്ടിരുന്ന ഈ പരമ്പരയില്‍ പന്തിന്റെ ഈ പ്രശ്‌നം മറികടക്കാന്‍ വോബിള്‍ സീം ഉപയോഗിച്ച ആന്‍ഡേഴ്‌സന്റെ തന്ത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

Photo: Getty Images

പിന്നാലെ നടന്ന 2011 ഏകദിന ലോകകപ്പ് ജിമ്മിക്ക് അത്ര നല്ല ഓര്‍മകളല്ല സമ്മാനിച്ചത്. നെതര്‍ലന്‍ഡ്‌സിനെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരത്തിലും പിന്നാലെ ഇന്ത്യയ്‌ക്കെതിരേ നാടകീയമായ ടൈ ആയ മത്സരത്തിലും ജിമ്മി കളിച്ചു. പിന്നാലെ അയര്‍ലന്‍ഡിന്റെ അട്ടിമറി ജയത്തോടെ ശ്രദ്ധപിടിച്ചുപറ്റിയ മത്സരത്തിലും ജിമ്മി ഇംഗ്ലീഷ് നിരയിലുണ്ടായിരുന്നു.ഇവയിലൊന്നും തന്നെ കാര്യമായ പ്രകടനം നടത്താനാകാതിരുന്ന അദ്ദേഹം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 171 റണ്‍സ് പ്രതിരോധിച്ച് ഇംഗ്ലണ്ട് ജയം നേടിയ മത്സരത്തില്‍ ആറ് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോകകപ്പില്‍ പിന്നീട് ഇംഗ്ലണ്ട് കളിച്ച രണ്ട് മത്സരങ്ങളിലും താരത്തിന് ടീമില്‍ ഇടമുണ്ടായിരുന്നില്ല.

പക്ഷേ ആ വര്‍ഷം നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ 4-0ന് നാണംകെടുത്തിയ ഇംഗ്ലണ്ടിനായി പരമ്പരയില്‍ 19 വിക്കറ്റുകളുമായി അദ്ദേഹം കളംനിറഞ്ഞു. ഇതോടെ ഇന്ത്യയെ മറികടന്ന് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്താനും ഇംഗ്ലണ്ടിനായി. ഇതിനിടെ 2010 സെപ്റ്റംബറില്‍ ഇംഗ്ലണ്ടിലെ പ്രമുഖ 'ഗേ' മാസികയായ 'ആറ്റിറ്റിയൂഡി'നു വേണ്ടി നഗ്നനായി പ്രത്യക്ഷപ്പെടുകയും ചെയ്തു ജിമ്മി.

പിന്നീട് 2013 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തില്‍ 235 വിക്കറ്റുകളുമായി ഏകദിനത്തില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. മുന്‍ താരം ഡാരെന്‍ ഗഫിനെ മറികടന്നായിരുന്നു നേട്ടം. പരമ്പരയില്‍ ഇംഗ്ലണ്ടിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജിമ്മി, മഴ മൂലം ഓവറുകള്‍ വെട്ടിക്കുറച്ച ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ നാല് ഓവറില്‍ 24 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ ബാറ്റിങ് നിര കളിമറന്നതോടെ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ കിരീടം നേടുകയായിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെ ന്യൂസീലന്‍ഡിനെതിരേ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം 300 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ ഇംഗ്ലണ്ട് താരമായി. 2014 ജൂലായില്‍ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ട്രെന്‍ഡ് ബ്രിഡ്ജില്‍ നടന്ന ആദ്യ മത്സരത്തില്‍ ബാറ്റുകൊണ്ടും ജിമ്മി റെക്കോഡ് നേട്ടം കൊയ്തു. ആദ്യ ഇന്നിങ്‌സില്‍ 81 റണ്‍സ് നേടിയ അദ്ദേഹം ടെസ്റ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിനായി ഒരി 11-ാം നമ്പര്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡ് സ്വന്തമാക്കി. മാത്രമല്ല ടെസ്റ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിച്ച 11-ാം നമ്പര്‍ താരമെന്ന റെക്കോഡും സ്വന്തം പേരിലാക്കി. 230 മിനിറ്റാണ് ഈ ഇന്നിങ്‌സില്‍ ജിമ്മി ക്രീസില്‍ നിന്നത്. 1997-ല്‍ 183 മിനിറ്റ് ക്രീസില്‍ ചെലവഴിച്ച പാക് താരം മുഷ്താഖ് അഹമ്മദിന്റെ റെക്കോഡാണ് ആന്‍ഡേഴ്‌സണ്‍ പഴങ്കഥയാക്കിയത്.

Photo: Getty Images

2015 ഏപ്രിലില്‍ വെസ്റ്റിന്‍ഡീസിനെതിരേ ആന്റ്വിഗയില്‍ നടന്ന മത്സരം ജിമ്മിയുടെ 100-ാം ടെസ്റ്റായിരുന്നു. മത്സരത്തില്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ദിനേഷ് രാംദിന്റെ വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം 384 വിക്കറ്റുകളുമായി ഇതിഹാസ താരം ഇയാന്‍ ബോതത്തെ മറികടന്ന് ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കി. പിന്നാലെ അതേവര്‍ഷം ന്യൂസീലന്‍ഡിനെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ 400 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. ഇംഗ്ലണ്ട് 4-0ന് പാരജയപ്പെട്ട 2017-18 ലെ ആഷസ് പരമ്പരയില്‍ തന്റെ 35-ാം വയസില്‍ 223.3 ഓവറുകള്‍ പന്തെറിഞ്ഞ് ജിമ്മി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ക്രിക്കറ്റ് കരിയറില്‍ തന്നെ അദ്ദേഹം ഏറ്റവും കൂടുതല്‍ പന്തുകളെറിഞ്ഞ പരമ്പരയായിരുന്നു അത്. 2018-ല്‍ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ മറ്റൊരു നാഴികക്കല്ലും അദ്ദേഹം പിന്നിട്ടു. ടെസ്റ്റ് കരിയറില്‍ 30,019 പന്തുകളെറിഞ്ഞ വിന്‍ഡീസ് താരം കോര്‍ട്‌നി വാല്‍ഷിന്റെ റെക്കോഡ് മറികടന്ന ജിമ്മി ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പന്തുകളെറിഞ്ഞ ഫാസ്റ്റ് ബൗളറെന്ന നേട്ടത്തിലെത്തി.

പിന്നാലെ അതേവര്‍ഷം ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ടെസ്റ്റില്‍ ലോര്‍ഡ്‌സില്‍ 100 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ 550 ടെസ്റ്റ് വിക്കറ്റുകളെന്ന നാഴികക്കല്ലും ജിമ്മി പിന്നിട്ടു. അതേ പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഫാസ്റ്റ് ബൗളറെന്ന ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ (563) റെക്കോഡും ജിമ്മി മറികടന്നു. 2020-ഓഗസ്റ്റില്‍ ടെസ്റ്റ് ചരിത്രത്തില്‍ 600 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഫാസ്റ്റ് ബൗളറെന്ന നേട്ടവും ജിമ്മി സ്വന്തമാക്കി. അതും തന്റെ 38-ാം വയസില്‍. 2017-ല്‍ 35 വയസ് തികഞ്ഞ ശേഷം കളിച്ച 56 ടെസ്റ്റില്‍ നിന്ന് 202 വിക്കറ്റുകള്‍ ജിമ്മി നേടിയെന്നറിയുമ്പോഴാണ് അയാള്‍ക്ക് മുന്നില്‍ പ്രായമെന്നത് വെറും സംഖ്യ മാത്രമാണെന്ന് നാം തിരിച്ചറിയുന്നത്. കരിയര്‍ ആരംഭിച്ച് 20 വര്‍ഷങ്ങള്‍ക്കിപ്പുറവും പേസില്‍ തെല്ല് വ്യത്യാസമില്ലാതെ അയാളുടെ കൈയില്‍നിന്നും വെടിയുണ്ട കണക്കെ കുതിച്ചുപായാന്‍ ആ തുകല്‍ പന്ത് ഇന്നും കാത്തിരിക്കുന്നു.

Content Highlights: james anderson the story of unstoppable england speedster

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023

Most Commented