34 വര്‍ഷം മുമ്പുനടന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടമാണ് ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും ആവേശകരമായ മത്സരം. അവസാന ബോള്‍വരെ പ്രതീക്ഷയും ആവേശവും നിറഞ്ഞ മത്സരം 1986 ഏപ്രില്‍ 18-നായിരുന്നു.
തുടക്കംതൊട്ട് ഒടുക്കംവരെ ടെലിവിഷന് മുന്നിലിരുന്ന് കണ്ട അവസാന ക്രിക്കറ്റ് മത്സരവും അതായിരുന്നു. അപ്പോള്‍ നിങ്ങള്‍ കരുതും 2011-ല്‍ ഇന്ത്യ ലോകകപ്പ് ചാമ്പ്യന്‍മാരായ മത്സരം കണാന്‍ ശ്രമിച്ചില്ലേയെന്ന്. കണ്ടു, മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലിരുന്നാണ് ആ വിജയനിമിഷത്തിന് ഞാന്‍ സാക്ഷിയായത്. അക്കാലത്ത് എനിക്ക് മുംബൈയിലായിരുന്നു ജോലി.
1986-ലെ ഏഷ്യ കപ്പ് ഫൈനല്‍ ഷാര്‍ജയില്‍ നടക്കുമ്പോള്‍ ഞങ്ങള്‍ ഐ.പി.എസ്. ട്രെയിനികള്‍ ആയിരുന്നു. അന്ന് അവധി ദിവസമായതിനാല്‍ ഹൈദരാബാദിലെ ഐ.പി.എസ്. ട്രെയിനിങ് അക്കാദമിയില്‍ രാവിലെ കളി കാണാനിരുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ശ്രീകാന്ത് (75), സുനില്‍ ഗവാസ്‌കര്‍ (92) എന്നിവരുടെ മികവില്‍ 245 റണ്‍സ് എടുത്തു. അക്കാലത്ത് 240 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത് ഇന്ന് 400 റണ്‍സിലേറെ നേടുന്നതുപോലെയാണ്.
മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തില്‍ പാകിസ്താന്റെ തകര്‍ച്ച കണ്ടപ്പോള്‍ ഞങ്ങള്‍ ഇന്ത്യയുടെ ജയം ഉറപ്പിച്ചു. എന്നാല്‍ ഒരു വശത്ത് വിക്കറ്റ് വീഴ്ച തുടരുമ്പോഴും മറുവശത്ത് ജാവേദ് മിയാന്‍ദാദ് ഉറച്ചുനിന്നു. അവസാനത്തെ മൂന്ന് ഓവറുകളില്‍ 30 റണ്‍സിനു മുകളില്‍ വേണമായിരുന്നു. ഓരോ ബോള്‍ കഴിയുമ്പോഴും മിയാന്‍ദാദ് മറുവശത്തുള്ള ബാറ്റ്സ്മാന്റെ അടുത്തുപോയി ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ഇത്രയും വലിയ സമ്മര്‍ദത്തിലും അദ്ദേഹം കൂളാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് അതായിരുന്നു എന്നാണ് എന്റെ വിശ്വാസം.
45 ഓവറിനകം കപില്‍ ഉള്‍പ്പെടെയുള്ളവരുടെ സ്‌പെല്‍ കഴിഞ്ഞിരുന്നു. അവസാന ഓവര്‍ എറിയാന്‍ വന്നത് ചേതന്‍ ശര്‍മ. ആ ഓവറിലെ അവസാന പന്തില്‍ പാകിസ്താന് ജയിക്കാന്‍ വേണ്ടത് നാല് റണ്‍സ്. ആ പന്ത് സിക്‌സര്‍ പറത്തി മിയാന്‍ദാദ് പാകിസ്താനെ വിജയിപ്പിച്ചു. മിയാന്‍ദാദിനെ ഞെട്ടിക്കാനാണ് ഫുള്‍ട്ടോസ് എറിഞ്ഞതെന്ന് മത്സരശേഷം ചേതന്‍ ശര്‍മ പറഞ്ഞു. മിയാന്‍ദാദും ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞു, ഒരു നോര്‍മല്‍ ഡെലിവറി പ്രതീക്ഷിച്ചില്ലെന്നും ഫുള്‍ട്ടോസ് ആയിരിക്കുമെന്ന് കരുതിയിരുന്നെന്നും. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും എന്ന് പറയും പോലെ !
രാവിലെ മുതല്‍ വൈകുന്നേരം വരെ ഇടവേളയില്ലാതെ കണ്ട മത്സരം ഞങ്ങള്‍ക്ക് നല്‍കിയത് നിരാശ മാത്രം. ഇനിയൊരിക്കലും ടെലിവിഷന്റെ മുന്നിലിരുന്ന് മുഴുവന്‍സമയവും ക്രിക്കറ്റ് കളി കാണില്ലെന്ന് അന്ന് ഞാന്‍ ശപഥമെടുത്തു.
ധാരാളം സമയമുള്ളവര്‍ക്ക് ക്രിക്കറ്റ് കളി കാണാം. എന്നാല്‍ രാവിലെ മുതല്‍ ജോലി ചെയ്യാനുള്ളവര്‍ക്ക് അത് അഭികാമ്യമല്ലെന്നാണ് എന്റെ അഭിപ്രായം. ഇപ്പോള്‍ ആഹാരം കഴിക്കുന്ന സമയത്ത് ക്രിക്കറ്റിലെ ഹൈലൈറ്റ്സ് എന്തെങ്കിലുമുണ്ടെങ്കില്‍ കാണും, അല്ലാതെ അതിനു മാത്രമായി സമയം കളയില്ല.
തയ്യാറാക്കിയത്: രാകേഷ് കെ. നായര്‍
Content Highlights: jail dgp rishiraj singh on india - pakistan 1986 austral-asia cup final