ഒളിമ്പിക് വളയങ്ങള്‍ പച്ചകുത്തിയ കൈ മുന്നോട്ടു നീട്ടി അഭിവാദ്യം നല്‍കുമ്പോള്‍ ജേക്കബ് അല്‍പം മസില്‍ പിടിച്ചിരുന്നു. അറബിക്കടലിനെ തഴുകിയെത്തിയ കാറ്റേറ്റ് മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയിലിരുന്ന് സംസാരിക്കുമ്പോഴും ആ കൈകളിലെ ഒളിമ്പിക് വളയങ്ങള്‍ ഒരുപാടു കഥകളുടെ രേഖാചിത്രം പോലെ കണ്‍മുന്നിലുണ്ടായിരുന്നു.
ഒരു ഒളിമ്പ്യന്റെ അഭിമാന ചിഹ്നങ്ങളാല്‍ അടയാളപ്പെടുത്തപ്പെട്ട ആ മസില്‍ക്കൈകളുടെ ഉടമസ്ഥന്റെ ഇപ്പോഴത്തെ മേല്‍വിലാസം തേടിയാല്‍ ദക്ഷിണാഫ്രിക്ക വരെ നമുക്ക് പോകേണ്ടി വരും. ഒളിമ്പിക്‌സിലേക്കുള്ള അയാളുടെ സഞ്ചാരപഥങ്ങള്‍ തേടിയാല്‍ മലേഷ്യയിലും ചൈനയിലും നാം ചെന്നെത്തും. ഒടുവില്‍, അയാളുടെ വേരുകള്‍ തേടി സഞ്ചാരം തുടങ്ങിയാല്‍ ആ യാത്ര അവസാനിക്കുന്നത് നമ്മുടെ പാലായിലായിരിക്കും.
ഇത് ജേക്കബ് മാളിയേക്കല്‍... ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റിയോ ഒളിമ്പിക്‌സില്‍ മത്സരിച്ച് രാജ്യത്തിന് ചരിത്രവിജയം നേടിക്കൊടുത്ത ബാഡ്മിന്റണ്‍ താരം... ക്രിക്കറ്റില്‍ തുടങ്ങി ഹോക്കിയിലൂടെയും ടെന്നീസിലൂടെയും സഞ്ചരിച്ച് ഒടുവില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ വിജയത്തിന്റെ വലിയ ലോകങ്ങള്‍ തീര്‍ത്ത ഒരു ചെറുപ്പക്കാരന്‍... സര്‍വോപരി പാലാക്കാരനായ, ചോറും മീന്‍കറിയും ഇഷ്ടപ്പെടുന്ന ഒരു നാടന്‍ മനസ്സുകാരന്‍.
ക്രിക്കറ്റില്‍ നിന്ന് ബാഡ്മിന്റണിലേക്ക്
പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ വെച്ചു കണ്ടുമുട്ടുമ്പോള്‍ ജോസ് അങ്കിളിന്റെ വിരുന്നുകാരനായിരുന്നു ജേക്കബ്. ഡോ. ജോസിന്റെ സഹോദരീ പുത്രനായ ജേക്കബ്, കൊച്ചിയിലെത്തിയത് ബാഡ്മിന്റണ്‍ ലോകത്തുനിന്ന് ഒരിടവേള തേടിയാണ്.
ഒളിമ്പിക്‌സ് ഉള്‍പ്പെടെ ഒട്ടേറെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റാക്കറ്റേന്തിയ ജേക്കബിന്, കൊച്ചിയിലെത്തുമ്പോഴും ആദ്യം പറയാനുണ്ടായിരുന്നത് ബാഡ്മിന്റണ്‍ കോര്‍ട്ടിലെ വിശേഷങ്ങള്‍ തന്നെയായിരുന്നു. ''ഡാഡിയും മമ്മിയും മലയാളികളാണെങ്കിലും ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ ആഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിലെ സ്റ്റര്‍ലിങ് പ്രൈമറി സ്‌കൂളിലും സെല്‍ബോണ്‍ കോളേജിലുമായിരുന്നു എന്റെ പഠനം.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്രിക്കറ്റിലായിരുന്നു എനിക്ക് ആദ്യം കമ്പമുണ്ടായിരുന്നത്. ഹൈസ്‌കൂളിലെത്തുമ്പോഴേക്കും ഹോക്കിയിലേക്കും പിന്നീട്, ടെന്നീസിലേക്കും മനസ്സുമാറി. പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്കെത്തുന്നത്. അവിടെ നിന്നാണ് എന്റെ ജീവിതം മാറിത്തുടങ്ങിയത്...''-ജേക്കബ് ജീവിത കഥ പറയുമ്പോള്‍ ഡാഡി ആന്റണി പുഞ്ചിരിയോടെ അരികിലുണ്ടായിരുന്നു.
പാലാക്കാരന്‍ ആന്റണിയുടെ മകന്‍ ജേക്കബ് ബാഡ്മിന്റണ്‍ കളി പഠിച്ചതോടെ ഗുണമുണ്ടായത് ദക്ഷിണാഫ്രിക്കയ്ക്കാണ്. ക്രിക്കറ്റിലും ഫുട്ബോളിലും റഗ്ബിയിലും മാത്രം അഭിരമിച്ചിരുന്ന ദക്ഷിണാഫ്രിക്കയുടെ കായിക മനസ്സിലേക്ക് ജേക്കബ് പതുക്കെ ഷട്ടില്‍ ബാറ്റുമായി നടന്നു കയറുകയായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പും അതിനു പിന്നാലെ ഓള്‍ ആഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പും നേടിയതോടെ ആഫ്രിക്കക്കാര്‍ ജേക്കബ് എന്ന പാലാക്കാരനു വേണ്ടി കൈയടിക്കാന്‍ തുടങ്ങി. 2011 മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഓള്‍ ആഫ്രിക്ക ചാമ്പ്യനായ ജേക്കബ് നാലു തവണ സുദിര്‍മാന്‍ കപ്പിലും രണ്ടു തവണ തോമസ് കപ്പിലും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി റാക്കറ്റേന്തി.
2011-ല്‍ ലണ്ടനിലും 2014-ല്‍ ഡെന്‍മാര്‍ക്കിലും നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും രാജ്യത്തിനു വേണ്ടി മത്സരിച്ച ജേക്കബ്, ഒടുവില്‍ ഒളിമ്പിക്‌സിലേക്കും യോഗ്യത നേടിയതോടെ ദക്ഷിണാഫ്രിക്കയില്‍ ആരാധകരേറെയുള്ള കായികതാരമായി.ഒളിമ്പിക്‌സിലെ ആദ്യ റൗണ്ടില്‍ യുക്രൈന്‍ താരത്തെ പരാജയപ്പെടുത്തിയതോടെ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ജയം നേടുന്ന ചരിത്രത്തിലെ ആദ്യതാരമായും ജേക്കബ് മാറുകയായിരുന്നു.
പാലായില്‍ നിന്ന് സാംബിയയിലേക്ക്
ജേക്കബ് എന്ന പാലാക്കാരന്‍ ദക്ഷിണാഫ്രിക്കയുടെ ഒളിമ്പ്യനായത് എങ്ങനെയാണ്...? ആ ചോദ്യത്തിന് ഉത്തരം പറഞ്ഞത് ഡാഡി ആന്റണിയായിരുന്നു: ''അധ്യാപകന്‍ എന്ന ജോലിയുമായി ആഫ്രിക്കയിലേക്ക് പോയ ഒരാളാണ് ഞാന്‍. 1976-ല്‍ പാലായില്‍ നിന്ന് സാംബിയയിലേക്കായിരുന്നു എന്റെ യാത്ര.
നാലു വര്‍ഷം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തി കല്യാണം കഴിച്ചു. ഭാര്യ ആനിയുമായി വീണ്ടും സാംബിയയിലേക്ക് തിരിച്ച ഞാന്‍, 1983-ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് നാടുമാറി. ഇന്ത്യ ലോകകപ്പ് ക്രിക്കറ്റില്‍ ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍മാരായ വര്‍ഷമായിരുന്നു അത്.
അതെല്ലാം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞങ്ങള്‍ക്കൊരു കുഞ്ഞു പിറന്നത്. നമ്മുടെ നാട്ടുഭാഷയില്‍ പറഞ്ഞാല്‍ ആറ്റുനോറ്റിരുന്ന് ഞങ്ങള്‍ക്ക് കിട്ടിയ കുഞ്ഞായിരുന്നു അവന്‍. 1991-ല്‍ ജേക്കബ് ജനിച്ച് മുന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ജോലി രാജിവെച്ച് ബിസിനസിലേക്ക് തിരിഞ്ഞു. അടുക്കള ഉപകരണങ്ങളും വസ്ത്രങ്ങളും ഇറക്കുമതി ചെയ്യലായിരുന്നു ആദ്യത്തെ ബിസിനസ്.
പിന്നീട് ഗ്ലാസ് ഇറക്കുമതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആ ബിസിനസ് ശക്തിപ്പെടുത്തി. 2006-ല്‍ ഞങ്ങള്‍ക്ക് ആഫ്രിക്കന്‍ പൗരത്വവും കിട്ടി. അങ്ങനെ ഞങ്ങളും പുത്രന്‍ ജേക്കബുമെല്ലാം ആഫ്രിക്കക്കാരായി...''ആന്റണി ആഫ്രിക്കക്കാരനായ കഥ പറയുമ്പോള്‍ ജേക്കബ് പുഞ്ചിരിയോടെ അതെല്ലാം കേട്ടിരിക്കുകയായിരുന്നു.
ഇനിയുമുണ്ട് സ്വപ്‌നങ്ങള്‍
ദിവസേന രാവിലെയും വൈകുന്നേരവുമായി നാലു മണിക്കൂറെങ്കിലും ബാഡ്മിന്റണ്‍ കളിക്കുന്ന ജേക്കബ്, ജിംനേഷ്യത്തിലെ സന്ദര്‍ശനവും കൃത്യമായി തുടരുന്ന ഒരാളാണ്. അച്ചടക്കമുള്ള ജീവിതമാണ് കായികതാരത്തിന്റെ വിജയത്തിന് പിന്നിലെ ലളിതമായ സമവാക്യമെന്ന് വിശ്വസിക്കുന്ന ജേക്കബിന് കളി ജീവിതത്തില്‍ ഇനിയും സ്വപ്നങ്ങള്‍ ബാക്കിയുണ്ട്... അടുത്ത ഒളിമ്പിക്‌സില്‍ ആഫ്രിക്കയ്ക്കു വേണ്ടി ഒരു മെഡല്‍ നേടുക... അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിനായി ഒരു മെഡല്‍ നേടുക.
സ്വപ്നങ്ങളെപ്പറ്റി പറയുമ്പോള്‍ ജേക്കബിന്റെ മുഖത്ത് നിശ്ചയദാര്‍ഢ്യത്തിന്റെ ഒരു പ്രകാശം എപ്പോഴും പരക്കുന്നുമുണ്ട്. ഇന്ത്യക്കായി കളിക്കണമെന്ന് ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിനും ജേക്കബിന് കൃത്യമായ മറുപടിയുണ്ട്.
''മനസ്സിലെ വലിയൊരു സ്വപ്നമാണെങ്കിലും നടക്കാത്ത ഒരു കാര്യമാണ്. ദക്ഷിണാഫ്രിക്കന്‍ പൗരത്വമുള്ള എനിക്ക് ഇന്ത്യക്കായി കളിക്കാനാകില്ല. പക്ഷേ, ഇന്ത്യ എന്റെ രാജ്യമായി എന്നും മനസ്സിലുണ്ട്...'' -ജേക്കബ് നയം വ്യക്തമാക്കുന്നു. കളിക്കപ്പുറത്തും ജേക്കബ് എന്ന ആഫ്രിക്കന്‍ ഒളിമ്പ്യന് ചില സ്വപ്നങ്ങളുണ്ട്... പാലായിലേക്കും കൊച്ചിയിലേക്കുമുള്ള യാത്രകളാണ് ആ സ്വപ്നങ്ങളൊക്കെ.
''ദക്ഷിണാഫ്രിക്കയില്‍ ജീവിക്കുമ്പോഴും നാടിനെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് എന്റെ മനസ്സു നിറയെ. മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും പറഞ്ഞാല്‍ എനിക്ക് മനസ്സിലാകും. നാടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം വരുന്നത് ഇവിടത്തെ ചോറും മീന്‍കറിയുമാണ്.
ഒരോ തവണ നാട്ടില്‍ വരുമ്പോഴും ഇവിടെ ഒരുപാട് വികസനം നടക്കുന്നതിനാല്‍ വലിയ മാറ്റം അനുഭവപ്പെടാറുണ്ട്. എന്നാലും നാടിന്റെ സ്വന്തമായ ചില അനുഭവങ്ങള്‍ ഇപ്പോഴും പഴയതു പോലെയുണ്ട്. നാട്ടിലെ മാവിന്‍ചോട്ടില്‍ നല്ല കാറ്റേറ്റിരിക്കാനും നാട്ടിലെ കപ്പയും ചേനയുമൊക്കെ കഴിക്കാനും ആറ്റില്‍ നിന്ന് പിടിക്കുന്ന മീന്‍ കറിവെച്ച് കഴിക്കാനുമൊക്കെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ട്.എവിടെയായിരുന്നാലും നാടിന്റെ ആ മണത്തിനായി അറിയാതെ ഞാന്‍ ആഗ്രഹിക്കും...''നാടിന്റെ സ്വപ്നങ്ങളെക്കുറിച്ച് പറയുമ്പോള്‍ അറബിക്കടലിലെ ആ തണുത്ത കാറ്റ് ഒരിക്കല്‍ക്കൂടി ജേക്കബിനെ തഴുകി കടന്നുപോയി.
ജേക്കബ്ബിന്റെ തൂവല്‍രാജ്യം
'തൂവലിന്റെ കളി'യില്‍ ലോകത്തോളം വളര്‍ന്ന താരമായി ജേക്കബ് എന്ന പാലാക്കാരന്‍ മാറുമ്പോള്‍ അതിനു പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിന്റെ കഥകളുണ്ട്. ദക്ഷിണാഫ്രിക്കയിലെ സ്‌കൂള്‍ പഠനം കഴിഞ്ഞ് നില്‍ക്കുമ്പോള്‍ അവനു മുന്നില്‍ രണ്ടു ചോദ്യങ്ങളുണ്ടായിരുന്നു... ഇനി കളിയില്‍ ശ്രദ്ധിക്കണോ അതോ, പഠനത്തില്‍ ശ്രദ്ധിക്കണോ? ഉത്തരം പറഞ്ഞത് ഡാഡിയായിരുന്നു.
അങ്ങനെയാണ് ജേക്കബ് ആഫ്രിക്കയില്‍ നിന്ന് മലേഷ്യയിലേക്ക് പറക്കുന്നത്. മലേഷ്യയില്‍ ഓസ്ട്രേലിയന്‍ സര്‍വകലാശാലയായ മൊനാഷില്‍ ബിരുദ പഠനത്തിന് ചേര്‍ന്ന ജേക്കബ് അവിടെ ന്യൂ വിഷന്‍ ബാഡ്മിന്റണ്‍ അക്കാദമിയില്‍ പരിശീലനവും തുടങ്ങി. പഠനവും കളിയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകണമെന്ന ഉപദേശവുമായാണ് ആന്റണി മകനെ മലേഷ്യയിലേക്ക് യാത്രയാക്കിയത്.
ലോകോത്തര താരങ്ങള്‍ കളിച്ച മലേഷ്യന്‍ അക്കാദമിയിലെ പരിശീലനം ജേക്കബിലും വളരെപ്പെട്ടെന്ന് മികച്ച ഫലമുണ്ടാക്കി. മലേഷ്യയില്‍ മൂന്നു വര്‍ഷത്തോളം പരിശീലിച്ച ശേഷമാണ് ജേക്കബ് ചൈനയിലേക്ക് കൂടുമാറുന്നത്. അവിടെ ഹോങ്കോങ് അതിര്‍ത്തിയിലെ ഷെന്‍സെനിലെ കാവസാക്കി ഇന്റര്‍നാഷണല്‍ ക്ലബ്ബില്‍ അംഗമായ ജേക്കബ്, മികച്ച പരിശീലനം തുടര്‍ക്കഥയാക്കിയതോടെ, വിജയങ്ങളും ഒന്നിനു പിറകെ ഒന്നായി അവനെ തേടിയെത്തി.
വര്‍ഷങ്ങള്‍ നീണ്ട ശ്രമത്തിനൊടുവില്‍ 2006-ല്‍ ആന്റണിക്കും കുടുംബത്തിനും ആഫ്രിക്കന്‍ പൗരത്വം കിട്ടിയതോടെ അവരുടെ ബിസിനസും കൂടുതല്‍ ശക്തമായി. ആഫ്രിക്കന്‍ പൗരത്വത്തിന്റെ വിലാസത്തില്‍ രാജ്യത്തിന്റെ കുപ്പായം കിട്ടിയതിന് പിന്നാലെ ഒട്ടേറെ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ജേക്കബിന് മുന്നില്‍, ഒടുവില്‍ സ്വപ്നം പോലെ ആ ലക്ഷ്യവുമെത്തി.
ഒളിമ്പിക്‌സില്‍ കളിക്കുക എന്ന ആ സ്വപ്നം പക്ഷേ, അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. 2015 മുതല്‍ ഒരു വര്‍ഷം 25-ലേറെ ടൂര്‍ണമെന്റുകളില്‍ കളിച്ചാണ് ജേക്കബ് ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. പോളണ്ട്, ഫിന്‍ലന്‍ഡ്, പെറു, ന്യൂസീലന്‍ഡ്, മലേഷ്യ, വിയറ്റ്നാം, തായ്വാന്‍, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇക്കാലത്ത് ജേക്കബ് കളിച്ചു. ഒരു ഒളിമ്പ്യനാകണമെന്ന മോഹവുമായി നടന്ന പരീക്ഷണകാലം... അങ്ങനെയാണ് ജേക്കബ് ആ കാലത്തെ വിശേഷിപ്പിക്കുന്നത്.