കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെക്കൂടി അവരുടെ ഹോം ഗ്രൗണ്ടായി പരിഗണിക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. ആസ്ഥാനം കൊച്ചിയില്‍ നിലനിര്‍ത്തി കുറച്ചുകളികളും അക്കാദമിയടക്കമുള്ള പ്രവര്‍ത്തങ്ങളും കോഴിക്കോട്ടേക്ക് മാറ്റാനുള്ള നീക്കമാണ് മാനേജ്മെന്റ് നടത്തുന്നത്. ഏറെ ആരാധകരുള്ള മലബാറില്‍ ടീം കളിക്കുക എന്നതോടൊപ്പം രണ്ടാമതൊരു ഹോംഗ്രൗണ്ട് കൂടി കൈയിലുള്ളത് ഭാവിയില്‍ ഗുണകരമാകുമെന്ന ചിന്തയും ഇതിന് പിന്നിലുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ നീക്കം

വരാനിരിക്കുന്ന സീസണില്‍ കോഴിക്കോട്ട് മത്സരം നടക്കാനുള്ള സാധ്യത കുറവാണ്. അതിനടുത്ത സീസണിലാകും കുറച്ചുമത്സരം നടക്കാന്‍ സാധ്യതയുള്ളത്. 2020-21 സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 'ഹോം ആന്‍ഡ് എവേ' സമ്പ്രദായത്തിന് പകരം ഒറ്റവേദിയില്‍ നടക്കാനാണ് സാധ്യത കൂടുതല്‍. കോവിഡ് വ്യാപനത്തിന്റെ തോത് പോലെയിരിക്കും സൂപ്പര്‍ ലീഗിന്റെ നടത്തിപ്പ്. അസാധാരണ സാഹചര്യങ്ങളില്‍ ചട്ടങ്ങളില്‍ ഇളവ് ലഭിക്കും.

കൊച്ചിയിലെ പ്രതിസന്ധി

കഴിഞ്ഞ സീസണില്‍ വിശാലകൊച്ചി വികസന അതോറിറ്റി, കൊച്ചി കോര്‍പ്പറേഷന്‍, സിറ്റി പോലീസ് എന്നിവരുമായി നല്ല ബന്ധത്തിലായിരുന്നില്ല ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്. സര്‍ക്കാര്‍ ഇടപെടലാണ് ക്ലബ്ബിന് തുണയായത്.

വരുന്ന സീസണിലും പ്രശ്‌നങ്ങള്‍ മുന്‍കൂട്ടികണ്ടുള്ള നീക്കമാണ് ക്ലബ്ബ് നടത്തുന്നത്. രണ്ടാമതൊരു ഹോം ഗ്രൗണ്ട് കൈയിലുണ്ടെങ്കില്‍ സമ്മര്‍ദം കുറയ്ക്കാന്‍ കഴിയുമെന്ന് മാനേജ്മെന്റ് കരുതുന്നു

കോഴിക്കോട് കാത്തിരിക്കുന്നു

കോഴിക്കോട് കോര്‍പ്പറേഷന്‍, സ്ഥലം എം.എല്‍.എ, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ എന്നിവരുടെ ശക്തമായ പിന്തുണ ക്ലബ്ബിനുണ്ട്. ക്ലബ്ബിന് ആവശ്യമായ സൗകര്യം ഒരുക്കിക്കൊടുക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാണ്. മലബാറിന്റെ ഫുട്ബോള്‍ പാരമ്പര്യം തിരിച്ചുപിടിക്കാനുള്ള അവസരമായിട്ടാണ് ഫുട്ബോള്‍ അസോസിയേഷനും കോര്‍പ്പറേഷനും ഇതിനെ കാണുന്നത്.

നാല് വട്ടം ചര്‍ച്ച

നാലാം തവണയാണ് വേദിയുടെ കാര്യത്തില്‍ ചര്‍ച്ച നടക്കുന്നത്. കൊച്ചിയില്‍ പ്രതിസന്ധി രൂപപ്പെട്ട ഉടന്‍തന്നെ ഹോംഗ്രൗണ്ട് സംബന്ധിച്ച് ആദ്യഘട്ട ചര്‍ച്ച നടന്നിരുന്നു. കായികമന്ത്രിയെ കണ്ടതിനുശേഷമാണ് ബ്ലാസ്റ്റേഴ്സ് സംഘം കോഴിക്കോട്ടേക്കെത്തുന്നത്. പിന്നീട് തുടര്‍ചര്‍ച്ചകളുണ്ടായി. എന്നാല്‍ കോവിഡ് വ്യാപനമാണ് നീക്കങ്ങളെ മന്ദഗതിയിലാക്കിയത്. അടിസ്ഥാന വികസനകാര്യത്തിലെ ചര്‍ച്ചകളാണ് കാര്യമായി നടക്കുന്നത്. അടുത്ത ചര്‍ച്ച ജൂണ്‍ പത്തിനാണ്.

സ്റ്റേഡിയത്തിലെ ഒരുക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സംഘം സ്റ്റേഡിയത്തില്‍ പരിശോധന നടത്തി മത്സരം നടത്താന്‍ കഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫ്‌ളഡ്ലൈറ്റ് നവീകരണമാണ് ഇതില്‍ പ്രധാനം. നിലവില്‍ കപ്പാസിറ്റിയുടെ പകുതി മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുന്നത്. നാല് ടവറുകളാണ് സ്റ്റേഡിയത്തിലുള്ളത്. ഓരോ ടവറിലും 80 ബള്‍ബുകള്‍. ഇതില്‍ പകുതിയില്‍താഴെ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു.

ഇതിനുപുറമെ, ഗ്രൗണ്ട് ഡ്രെയ്നേജ് സൗകര്യത്തോടെ പുനര്‍നിര്‍മിക്കണം. വി.വി.ഐ.പി, വി.ഐ.പി. ലോഞ്ചുകള്‍ പുതുതായി ഉണ്ടാക്കണം. സ്റ്റേഡിയത്തിലെ പാര്‍ക്കിങ് സൗകര്യം മെച്ചപ്പെടുത്തണം.

നിലവില്‍ 35,000 പേര്‍ക്ക് സ്റ്റേഡിയത്തില്‍ കളികാണാന്‍ കഴിയും. സ്റ്റേഡിയത്തിനടുത്ത് പുതുതായി പാര്‍ക്കിങ് പ്ലാസ നിര്‍മിക്കാന്‍ കോര്‍പ്പറേഷന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പരിശീലനവേദി.

ഒരു സ്റ്റേഡിയം, രണ്ട് ടീമുകള്‍

സൂപ്പര്‍ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിനും ഐ ലീഗ് ടീമായ ഗോകുലം കേരള എഫ്.സി.ക്കും ഒരുപോലെ ഹോം ഗ്രൗണ്ടായി സ്റ്റേഡിയം ഉപയോഗപ്പെടുത്താം. ഇരുടീമുകളുടേയും മത്സരങ്ങള്‍ അതിനനുസരിച്ച് ക്രമപ്പെടുത്തേണ്ട ആവശ്യമേയുള്ളു.

Content Highlights:  ISL Kerala Blasters planning change in home venue to calicut Clear calculations on the back