ണക്കില്‍ 3+1 എന്നതിന് നാല് എന്ന ഉത്തരമുണ്ട്. എന്നാല്‍, ഇതേ കണക്കിനെ ഇന്ത്യന്‍ ഫുട്ബോളിലേക്ക് കൊണ്ടുവന്നാല്‍ അത് ഉത്തരംകിട്ടാത്ത ചോദ്യമാകും. വര്‍ത്തമാന ഇന്ത്യന്‍ ഫുട്ബോളിനെ ചൂടുപിടിപ്പിക്കുകയാണ് വിദേശതാരങ്ങളുടെ എണ്ണം 3+1 ആക്കണമെന്ന ആവശ്യം.

ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെയും ഐ ലീഗിലെയും വിദേശതാരങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. മുന്‍കാല താരങ്ങളും പരിശീലകരും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍ മറിച്ചാണ് നിലപാടെടുത്തത്. ഇതോടെ ഫുട്ബോള്‍ രംഗം രണ്ടുചേരിയായി.

ആദ്യ ഇലവനില്‍ നാലു വിദേശതാരങ്ങള്‍, അതിലൊന്ന് ഏഷ്യന്‍ കോണ്‍ഫെഡറേഷനില്‍നിന്ന്. ഇതാണ് വിദേശക്വാട്ടയിലെ 3+1 തിയറി. 2008 മുതല്‍ എ.എഫ്.സി. ലീഗുകളിലാണ് ഈ സമ്പ്രദായം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഏഷ്യന്‍ കളിക്കാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നതിനുവേണ്ടിയായിരുന്നു. ഇന്ത്യയില്‍ മൂന്ന് ക്ലബ്ബുകള്‍ (എഫ്.സി. ഗോവ, ബഗാന്‍-എ.ടി.കെ., ചെന്നൈയിന്‍) വിവിധ ഏഷ്യന്‍ ലീഗുകളില്‍ കളിക്കുന്നതിനാല്‍ ഇന്ത്യന്‍ ലീഗുകളിലേക്കും ഇതേനയം കൊണ്ടുവരണമെന്ന ആവശ്യത്തിന് ശക്തികൂടുന്നുണ്ട്.

പാളുന്ന വിദേശനയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറു സീസണ്‍ പിന്നിട്ടു. ഐ ലീഗ് ഇതിന്റെ ഇരട്ടിയിലേറെയായി. എന്നിട്ടും ദേശീയ ഫുട്ബോള്‍ ടീമിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. വിദേശതാരങ്ങളുടെ എണ്ണം കുറച്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരമുണ്ടാക്കിയാല്‍ മാത്രമേ ഗുണമുണ്ടാകുകയുള്ളൂ എന്ന പക്ഷക്കാരനാണ് സ്റ്റിമാച്ച്.

നിലവില്‍ ഏഴ് വിദേശതാരങ്ങളെ ടീമുകള്‍ക്ക് എടുക്കാം. ആദ്യ ഇലവനില്‍ അഞ്ചു താരങ്ങള്‍ക്ക് അവസരം ലഭിക്കും. അടുത്ത സീസണ്‍ മുതല്‍ മൊത്തം ആറ് താരങ്ങളാക്കാമെന്ന ഫെഡറേഷന്റെ നിര്‍ദേശത്തോട് സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

വിദേശകളിക്കാര്‍ കൂടുതലായി കളിക്കുന്ന മുന്നേറ്റനിര, സെന്‍ട്രല്‍ ഡിഫന്‍സ്, പ്ലേമേക്കര്‍ പൊസിഷനുകളില്‍ മികച്ച താരങ്ങള്‍ ഇന്ത്യയില്‍നിന്ന് ഉയര്‍ന്നുവരുന്നില്ല. സുനില്‍ ഛേത്രിക്കുശേഷം മികച്ച സ്ട്രൈക്കറോ, സന്ദേശ് ജിംഗാനുശേഷം മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡറോ ഇന്ത്യക്കില്ല. പ്ലേമേക്കര്‍ റോളില്‍ കുറെക്കാലമായി ആരുമില്ലാത്ത അവസ്ഥ.

എണ്ണം കുറച്ച് നിലവാരം കൂടുതലുള്ള വിദേശതാരങ്ങളെ കൊണ്ടുവരികയും ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയും ചെയ്യണമെന്ന ആശയമാണ് സ്റ്റിമാച്ച് അടക്കമുള്ളവര്‍ മുന്നോട്ടുവെക്കുന്നത്.

Content Highlights: controversy on the number of indian and foreign players in ISL