Photo: ANI
വിരാട് കോലിക്ക് പകരം വെയ്ക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു താരമില്ലെന്നുള്ള വസ്തുത അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകര്‍ പോലും അംഗീകരിക്കുന്ന കാര്യമാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കരിയറില്‍ അദ്ദേഹം നേരിടുന്ന തിരിച്ചടികള്‍ ഏറെ വലുതാണെന്ന കാര്യം അംഗീകരിക്കാതെ തരവുമില്ല.
ഇത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ ബിസിസിഐ കോലിയെ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റി രോഹിത് ശര്‍മയെ പകരക്കാരനായി കൊണ്ടുവന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പനു മുമ്പ് വിരാട് കോലി ഇന്ത്യയുടെ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ ഒഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തിനെതിരെയും ചോദ്യങ്ങളുയര്‍ന്നിരുന്നു.
ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതായി അറിയിച്ച പ്രസ്താവനയില്‍ താന്‍ ഇന്ത്യയെ ഏകദിനത്തിലും ടെസ്റ്റിലും തുടര്‍ന്നും നയിക്കുമെന്നായിരുന്നു കോലി പറഞ്ഞിരുന്നത്. കോലി ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതില്‍ ബോര്‍ഡിന് യാതൊരു റോളുമില്ലെന്നും അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായിരുന്നു അതെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ ചര്‍ച്ചകളെല്ലാം പിന്നിട്ട് ഡിസംബര്‍ ആയപ്പോഴേക്കും കോലി ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പൂര്‍ണമായും നിഷ്കാസിതനായിരിക്കുന്നു. ഇത്തരമൊരു തീരുമാനത്തിലൂടെ വലിയൊരു സന്ദേശമാണ് ബോര്‍ഡ് പങ്കുവെയ്ക്കുന്നതും.
വിരാട് കോലി എന്ന ക്യാപ്റ്റന്റെ കഴിവിലും അദ്ദേഹത്തിന്റെ നേട്ടങ്ങളിലും ആര്‍ക്കും സംശയമില്ല. എന്നാല്‍ ഒരു ഐസിസി ടൂര്‍ണമെന്റ് പോലും ടീമിന് നേടിത്തരാന്‍ കോലിക്ക് സാധിച്ചിട്ടില്ലെന്നുള്ളത് വസ്തുതയായി നിലനില്‍ക്കുകയാണ്. എത്രയൊക്കെ മികച്ച പ്രകടനം നടത്തിയാലും കിരീടം തന്നെയാണ് വലുതെന്ന സന്ദേശം ഇതിലൂടെ ബോര്‍ഡ് പങ്കുവെയ്ക്കുകയാണ്.
75 ഏകദിനങ്ങളിലെങ്കിലും ടീമിനെ നയിച്ച ക്യാപ്റ്റന്മാരുടെ കണക്കെടുത്താല്‍ 72.65 എന്ന മികച്ച ബാറ്റിങ് ശരാശരിക്ക് ഉടമയാണ് കോലി. 5449 റണ്‍സും 21 സെഞ്ചുറികളും കോലി നേടിയത് ക്യാപ്റ്റന്‍സിയുടെ ഭാരം കൂടി ഉണ്ടായിരുന്നപ്പോഴാണ്. 103 മത്സരങ്ങളില്‍ നിന്ന് 63.94 ശരാശരിയുള്ള ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സാണ് ഇക്കാര്യത്തില്‍ കോലിക്ക് പിന്നില്‍.
ഏകദിന വിജയങ്ങളുടെ ശരാശരിയില്‍ ക്ലൈവ് ലോയ്ഡ്, റിക്കി പോണ്ടിങ്, ഹാന്‍സി ക്രോണ്യ എന്നിവര്‍ക്ക് മാത്രമാണ് കോലിക്ക് മുകളില്‍ വിജയ ശരാശരിയുള്ളത്.
95 ഏകദിനങ്ങളില്‍ ടീമിനെ നയിച്ച കോലിയുടെ അക്കൗണ്ടിലുള്ളത് 65 വിജയങ്ങളാണ്. തോല്‍വി 27ഉം. ഇതില്‍ തന്നെ നാട്ടില്‍ നടന്ന 35 ഏകദിനങ്ങളില്‍ 24-ലും കോലിക്ക് ജയം നേടാനായി. വിദേശത്ത് 42 ഏകദിനങ്ങളില്‍ 29 ജയങ്ങളും കോലിയുടെ പോക്കറ്റിലുണ്ട്.
ഇന്ത്യയെ 19 സീരീസുകളില്‍ നയിച്ച കോലിക്ക് 15-ലും കിരീടം നേടാനായിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ നേരിട്ട തിരിച്ചടികള്‍ കോലിക്ക് ക്ഷീണമായി.
2013-14 ഏഷ്യാ കപ്പില്‍ ധോനിക്ക് പകരം ടീമിനെ നയിച്ചത് കോലിയാണ്. ടീം ഫൈനലിലെത്താതെ പുറത്തായി. തുടര്‍ന്നായിരുന്നു 2017 ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ തോല്‍വി. തോറ്റത് പാകിസ്താനോടായിരുന്നു എന്നത് തോല്‍വിയുടെ ആക്കം കൂട്ടി. ഒടുവില്‍ 2019 ഏകദിന ലോകകപ്പ് സെമിയിലും ടീമിന് കാലിടറി.
2017 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന പരമ്പരയിലാണ് കോലി ഇന്ത്യയുടെ മുഴുവന്‍ സമയ ഏകദിന ക്യാപ്റ്റനായി ചുമതലേല്‍ക്കുന്നത്. കോലിക്ക് കീഴില്‍ ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ നടത്തിയത്. എന്നാല്‍ 2017-ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തോല്‍വിയും പിന്നാലെ പരിശീലകന് അനില്‍ കുംബ്ലെയുമായുള്ള കോലിയുടെ ഉടക്കം വിവാദങ്ങള്‍ വിളിച്ചുവരുത്തി.
പിന്നാലെ 2018-ല്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര നേടിയ ഇന്ത്യ 2017 ചാമ്പ്യന്‍സ് ട്രോഫിക്കും 2019 ലോകകപ്പിനുമിടയില്‍ നടന്ന 10 ഏകദിന പരമ്പരകളില്‍ എട്ടിലും വിജയം സ്വന്തമാക്കി. ഇതോടെ ഇംഗ്ലണ്ട് മണ്ണിലെ ലോകകപ്പില്‍ ഇന്ത്യ ഫേവറിറ്റുകളായി. ലീഗ് ഘട്ടത്തില്‍ ഒമ്പത് മത്സരങ്ങളില്‍ ഏഴിലും ജയിച്ചുകയറിയ ടീമിന് പക്ഷേ സെമിയില്‍ കിവീസിനു മുന്നില്‍ കാലിടറികയായിരുന്നു.
ഇപ്പോഴിതാ നിശ്ചിത ഓവര്‍ ക്യാപ്റ്റന്‍സിയുടെ ഭാരം കോലിയുടെ ചുമലില്‍ നിന്നും ഒഴിവായിക്കഴിഞ്ഞു. 2019-ന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ചുറിപോലുമില്ലാതെ ഉഴറുകയാണ് ഇന്ത്യയുടെ റണ്‍മെഷീന്‍. ചുമ്മാ വന്ന് സെഞ്ചുറിയടിച്ച് പോകുന്ന കോലിയെ നമുക്ക് നഷ്ടമായിട്ട് രണ്ടുവര്‍ഷത്തിലേറെയായി. ക്യാപ്റ്റന്‍സി ഭാരമൊഴിഞ്ഞ കോലി ഇതിനെല്ലാം തന്റെ ബാറ്റുകൊണ്ട് മറുപടി പറയുമോ? കാത്തിരിക്കാം...
Content Highlights: is there any doubt on virat kohli record as odi captain
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..