ടീമിന് ഉപകാരമില്ലെങ്കില്‍ പിന്നെ ഓറഞ്ച് ക്യാപ്പെന്തിന്? രാഹുല്‍-സഞ്ജു താരതമ്യവുമായി സോഷ്യല്‍മീഡിയ


അഭിനാഥ് തിരുവലത്ത്

6 min read
Read later
Print
Share

'ടീം തേഞ്ഞാലും വേണ്ടില്ല താന്‍ രക്ഷപ്പെട്ടാല്‍ മതി' എന്നത് സ്ഥിരമായി രാഹുലിനെതിരേ സോഷ്യല്‍ മീഡിയയില്‍ കാണുന്ന വിമര്‍ശനങ്ങളില്‍ ഒന്നാണ്. മുമ്പ് പഞ്ചാബ് കിങ്‌സില്‍ കളിച്ചപ്പോഴും ഇന്ത്യന്‍ ടീമിലുള്ളപ്പോഴും ഈ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല

Photo: PTI

സ്വന്തം നേട്ടങ്ങള്‍ക്കായി മാത്രം കളിക്കുന്ന താരം, ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലും കളിക്കാനാരംഭിച്ച് വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ ഈ പേരുദോഷം കേള്‍പ്പിച്ചയാളാണ് ഇന്ത്യയുടെ കെ.എല്‍ രാഹുല്‍. ടീം ആദ്യം ബാറ്റ് ചെയ്യുമ്പോഴാകട്ടെ റണ്‍സ് പിന്തുടരുമ്പോഴാകട്ടെ രാഹുലിന്റെ സമീപനത്തില്‍ മാറ്റമൊന്നും വരാറില്ല. ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും ടീമിന് ബാധ്യതയാകുന്ന രാഹുല്‍ ഇന്നിങ്‌സുകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാകുന്നതിന് നമ്മള്‍ നിരവധി തവണ സാക്ഷിയായിട്ടുണ്ട്. ആ വലിയ പട്ടികയിലേക്ക് ചേര്‍ത്തുവെയ്ക്കാനുള്ള മറ്റൊരു ഇന്നിങ്‌സ് കൂടിയായിരുന്നു കഴിഞ്ഞ ദിവസം ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ രാഹുല്‍ പുറത്തെടുത്തത്.

ആര്‍സിബി - ലഖ്‌നൗ മത്സരത്തിലെ ഫലം നിര്‍ണയിച്ച പ്രധാന വ്യത്യാസം രജത് പാട്ടിദാര്‍ കളിച്ച ഇന്നിങ്‌സും ആ ഇന്നിങ്‌സിന്റെ പേസ് അയാള്‍ നിയന്ത്രിച്ച രീതിയുമായിരുന്നു. അവസാന ലീഗ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിച്ചതുകൊണ്ട് പ്ലേ ഓഫില്‍ എത്തിയ ടീമാണ് ആര്‍സിബി. എലിമിനേറ്ററാകട്ടെ ഗ്രൂപ്പ് ഘട്ടത്തില്‍ നന്നായി കളിച്ച ലഖ്‌നൗവിനെതിരേയും. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ആര്‍സിബിക്ക് ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റനും പ്രധാന ബാറ്ററുമായ ഫാഫ് ഡുപ്ലെസിയെ നഷ്ടമായ അവസരത്തിലാണ് രജത് ക്രീസിലെത്തുന്നത്. കോലിക്കൊപ്പം ശ്രദ്ധയോടെയാണ് അയാള്‍ തുടങ്ങിയത്. അഞ്ചാം ഓവര്‍ വരെ നിശബ്ദനായിരുന്ന അയാള്‍ ക്രുനാല്‍ പാണ്ഡ്യയുടെ ആറാം ഓവറിലാണ് ഗിയര്‍ മാറ്റുന്നത്. മൂന്ന് ഫോറും ഒരു സിക്‌സുമടക്കം ആ ഓവറില്‍ പിറന്നത് 20 റണ്‍സായിരുന്നു. ഇതോടെയാണ് പവര്‍പ്ലേയില്‍ ഒരു വിക്കറ്റിന് 52 റണ്‍സെന്ന മികച്ച നിലയില്‍ ആര്‍സിബി എത്തുന്നത്. 11-ാം ഓവറില്‍ താന്‍ നേരിട്ട 28-ാം പന്തിലാണ് രജത് 50 തികയ്ക്കുന്നത്. പിന്നീടുള്ള 62 റണ്‍സ് പിറന്നത് 26 പന്തുകളില്‍. ഇതിനിടെ കോലിയുടെ വിക്കറ്റിന് പിന്നാലെ സ്‌കോര്‍ ഉയര്‍ത്താന്‍ കെല്‍പ്പുള്ള ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോംറോര്‍ എന്നിവരെ നഷ്ടമായി ആര്‍സി പ്രതിരോധത്തിലായിരിക്കുമ്പോഴാണ് 14-ാം ഓവറില്‍ ദിനേഷ് കാര്‍ത്തിക്ക് ക്രീസിലെത്തുന്നത്. ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ കെല്‍പ്പുള്ള ഒരാള്‍ ക്രീസിലെത്തിയതോടെ രജത് അടിതുടങ്ങി. അഞ്ചാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 92 റണ്‍സില്‍ 84-ഉം പിറന്നത് അവസാന നാല് ഓവറിലാണ്. ഡെത്ത് ഓവറുകളിലെ ഈ കടന്നാക്രമണമാണ് ആര്‍സിയെ 200 കടത്തിയതും ഒടുവില്‍ വിജയത്തിലേക്കെത്തിച്ചതും.

രജത് പാട്ടിദാര്‍ | Photo: PTI

208 റണ്‍സ് എന്ന വമ്പന്‍ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലഖ്‌നൗവിന് പിഴച്ചതും അത്യാവശ്യ ഘട്ടത്തില്‍ റിസ്‌ക് എടുത്തുള്ള ഈ കടന്നാക്രമണം ഇല്ലാതെ പോയതുകൊണ്ടാണ്. രജത് കളിച്ച പോലുള്ള ഇന്നിങ്‌സ് തന്നെയാണ് മറുപടി ബാറ്റിങ്ങില്‍ രാഹുല്‍ പുറത്തെടുത്തത്. ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള ക്വിന്റണ്‍ ഡിക്കോക്കിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായ ശേഷം മനന്‍ വോറയെ കൂട്ടുപിടിച്ച് ശ്രദ്ധയോടെ തന്നെ രാഹുല്‍ തുടങ്ങി. ആവശ്യമായ റണ്‍റേറ്റ് ഉയര്‍ന്നതോടെ വോറ സ്‌കോര്‍ ഉയര്‍ത്താന്‍ വേണ്ടി വലിയ ഷോട്ടുകള്‍ കളിക്കാന്‍ നിര്‍ബന്ധിതനായി. അഞ്ചാം ഓവറില്‍ ജോഷ് ഹെയ്‌സല്‍വുഡിനെ ഒരു ഫോറും സിക്‌സും പറത്തിയ ശേഷം തൊട്ടടുത്ത പന്തിലും ആക്രമിക്കാന്‍ ശ്രമിച്ചു. പന്ത് ഷഹബാസ് അഹമ്മദിന്റെ കൈയില്‍ വിശ്രമിച്ചു. തുടര്‍ന്ന് ദിപക് ഹൂഡ ക്രീസിലെത്തിയതോടെയാണ് ലഖ്‌നൗ മത്സരത്തിലേക്ക് തിരികെയെത്തിയത്. സിറാജ് എറിഞ്ഞ ആറാം ഓവറില്‍ ഒരു ഫോറും രണ്ടു സിക്‌സുമടക്കം 17 റണ്‍സെടുത്ത രാഹുല്‍ പവര്‍പ്ലേയില്‍ സ്‌കോര്‍ 62 റണ്‍സെന്ന മികച്ച നിലയിലെത്തിച്ചു. എന്നാല്‍ തുടന്നുള്ള ഏഴ് ഓവറുകളില്‍ രാഹുലിന്റെ ബാറ്റില്‍ നിന്ന് പിറന്നത് ഒരേയൊരു ബൗണ്ടറി മാത്രം. ആവശ്യമായ റണ്‍റേറ്റ് ഉയര്‍ന്നതോടെ അപ്പുറത്തുള്ള ഹൂഡ റിസ്‌ക് എടുക്കാന്‍ നിര്‍ബന്ധിതനായി. 7-13 ഓവറുകള്‍ക്കിടയ്ക്ക് ലഖ്‌നൗ സ്‌കോര്‍ബോര്‍ഡിലെത്തിയത് 49 റണ്‍സ് മാത്രമായിരുന്നു. നേരിട്ട ആദ്യ 17 പന്തുകളില്‍ 26 റണ്‍സെടുത്ത രാഹുലിന് പിന്നീടുള്ള 28 റണ്‍സെടുക്കാന്‍ വേണ്ടിവന്നത് 26 പന്തുകളാണ്. ഇഴഞ്ഞിഴഞ്ഞ് രാഹുല്‍ അര്‍ധ സെഞ്ചുറി തികയ്ക്കാനെടുത്ത സമയം മുഴുവന്‍ ആവശ്യമായ റണ്‍റേറ്റ് പിടിവിട്ടുയരാതെ കാത്തത് 26 പന്തില്‍ നിന്ന് നാലു സിക്‌സും ഒരു ഫോറുമടക്കം 45 റണ്‍സെടുത്ത ഹൂഡ ക്രീസിലുള്ളതുകൊണ്ടായിരുന്നു. എന്നാല്‍ 15-ാം ഓവറില്‍ ഹൂഡ മടങ്ങിയപ്പോഴും റിസ്‌ക് എടുക്കാന്‍ രാഹുല്‍ ഒരുക്കമല്ലായിരുന്നു. 43 പന്തില്‍ നിന്ന് 50 തികച്ച രാഹുല്‍ ഒടുവില്‍ 58 പന്തുകള്‍ കളിച്ച് 79 റണ്‍സെടുത്താണ് പുറത്തായത്. 58 പന്തില്‍ 79 റണ്‍സ് എന്നത് മോശമല്ലാത്ത പ്രകടനമാണെന്ന് പറയാമെങ്കിലും ആ ഇന്നിങ്‌സ് ടീമിന് എത്രത്തോളം ബാധ്യതയായെന്നതിന് ലഖ്‌നൗവിന്റെ പരാജയം തന്നെയാണ് തെളിവ്. അതായത് 43 പന്തുകളോളം കളിച്ച് സെറ്റായ ഒരു താരം പിന്നീടുള്ള 25 റണ്‍സുകള്‍ക്കായി നേരിട്ടത് 15 പന്തുകള്‍. അതും എലിമിനേറ്റര്‍ പോലൊരു ഡൂ ഓര്‍ ഡൈ മത്സരത്തില്‍ ആവശ്യമായ റണ്‍റേറ്റ് 12-ന് മുകളില്‍ നില്‍ക്കുമ്പോള്‍.

കെ.എല്‍ രാഹുല്‍ | Photo: PTI

ഈ സീസണില്‍ 15 കളികളില്‍ നിന്ന് രണ്ട് സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയുമടക്കം 616 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്. റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനവും ഭദ്രം. വരുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇടവും ക്യാപ്റ്റന്‍ സ്ഥാനവും രാഹുലിനാണ്. എന്നാല്‍ അയാള്‍ എത്രത്തോളം ഒരു ടീം മാനാണ് എന്നതില്‍ ഇന്ത്യന്‍ ആരാധകര്‍ പോലും സംശയം പ്രകടിപ്പിക്കും. 'ടീം തേഞ്ഞാലും വേണ്ടില്ല താന്‍ രക്ഷപ്പെട്ടാല്‍ മതി' എന്നത് സ്ഥിരമായി രാഹുലിനെതിരേ സോഷ്യല്‍ മീഡിയയില്‍ കാണുന്ന വിമര്‍ശനങ്ങളില്‍ ഒന്നാണ്. മുമ്പ് പഞ്ചാബ് കിങ്‌സില്‍ കളിച്ചപ്പോഴും ഇന്ത്യന്‍ ടീമിലുള്ളപ്പോഴും ഈ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. റണ്‍സ് അടിച്ചുകൂട്ടിയിട്ടും ടീമിനായി ഇംപാക്റ്റ് ഉണ്ടാക്കാന്‍ സാധിക്കാത്ത താരമാണ് രാഹുലെന്നതാണ് വിമര്‍ശനങ്ങളിലൊന്ന്. സ്വാര്‍ഥനായ താരമെന്നത് രാഹുല്‍ ഇക്കാലത്തിനിടയ്ക്ക് ഊട്ടിയുറപ്പിച്ചിട്ടുള്ള വിമര്‍ശനങ്ങളില്‍ ഒന്നുമാത്രം. പലപ്പോഴും അയാളുടെ വേഗം കുറഞ്ഞ ഇന്നിങ്‌സുകള്‍ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാന് നല്‍കുന്ന സമ്മര്‍ദം വളരെ വലുതാണ്. മുമ്പ് രാഹുല്‍ പഞ്ചാബില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഇതിന്റെ പ്രധാന ഇരയായിരുന്നു മായങ്ക് അഗര്‍വാള്‍. റണ്‍റേറ്റ് താഴുമ്പോള്‍ സ്വാഭാവികമായും റിസ്‌ക് എടുത്ത് കളിക്കുന്ന ബാറ്റര്‍ പുറത്താകാന്‍ സാധ്യത കൂടുതലാണ്. റിസ്‌ക് എടുക്കാതെ കളിച്ചാല്‍ അക്കൗണ്ടില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറികളും റണ്‍സും കൂടുതല്‍ വീഴും, പക്ഷേ അതുകൊണ്ട് ടീമിന് കാര്യമൊന്നും ഉണ്ടാകില്ല.

രാഹുലിന്റെ കണക്കുകള്‍ തന്നെ ഈ വാദത്തിന് തെളിവാണ്. 2021-ലെ ഐപിഎല്‍ സീസണില്‍ 626 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ മൂന്നാമനായിരുന്നു രാഹുല്‍. എന്നാല്‍ ആ സീസണില്‍ പഞ്ചാബ് പ്ലേ ഓഫ് പോലും കണ്ടില്ല. 14 കളികളില്‍ നിന്ന് ആറു വിജയങ്ങള്‍ മാത്രമുണ്ടായിരുന്ന ടീം ഫിനിഷ് ചെയ്തത് ആറാം സ്ഥാനത്ത്. 2020 സീസണില്‍ 670 റണ്‍സ് അടിച്ചുകൂട്ടി രാഹുല്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി. എന്നാല്‍ ആ തവണയും പഞ്ചാബ് ആറാം സ്ഥാനത്തുതന്നെയായിരുന്നു. 2019-ല്‍ 593 റണ്‍സ് നേടി രാഹുല്‍ ഓറഞ്ച് ക്യാപ്പിനായുള്ള മത്സരത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ആ സീസണിലും വെറും ആറു ജയങ്ങളുമായി പഞ്ചാബ് ആറാം സ്ഥാനത്തു തന്നെ. 2018-ല്‍ രാഹുല്‍ പഞ്ചാബിനായി നേടിയത് 659 റണ്‍സ്. റണ്‍വേട്ടക്കാരില്‍ മൂന്നാമന്‍. എന്നാല്‍ ആ സീസണില്‍ പഞ്ചാബ് ഫിനിഷ് ചെയ്തത് ഏഴാം സ്ഥാനത്ത്.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി 14 കളികളില്‍ നിന്ന് 418 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെ പ്രകടനത്തേയും ഒരു കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത് ഈ പട്ടികയിലേക്കാണ്. ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും മുംബൈക്ക് മികച്ച തുടക്കം നല്‍കാന്‍ സാധിക്കാത്ത താരമാണ് കിഷന്‍. മുംബൈ ഈ സീസണില്‍ നേരിട്ട പ്രധാന പ്രശ്‌നവും ഓപ്പണര്‍മാര്‍ നല്‍കുന്ന മോശം തുടക്കമായിരുന്നു. പന്തുകള്‍ നേരിടാന്‍ കിഷന്‍ ബുദ്ധിമുട്ടുമ്പോള്‍ സ്‌കോര്‍ ഉയര്‍ത്തേണ്ട ചുമതല മറുവശത്ത് ക്യാപ്റ്റന്‍ രോഹിത്തിലേക്ക് ചുരുങ്ങുന്നു. പലപ്പോഴും ഇത്തരം സമ്മര്‍ദങ്ങളില്‍പ്പെട്ടാണ് രോഹിത് ഈ സീസണില്‍ വിക്കറ്റ് വലിച്ചെറിഞ്ഞത്. പിന്നീട് ശ്രദ്ധയോടെ കളിച്ച് കിഷന്‍ തന്റെ അക്കൗണ്ടില്‍ റണ്‍സ് എത്തിച്ചുകൊണ്ടിരുന്നു. ഫലമോ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമില്‍ ഇഷാനും ഇടംപിടിച്ചു.

സഞ്ജു സാംസണ്‍ | Photo: ANI

ഈ സാഹചര്യത്തില്‍ സഞ്ജു സാംസന്റെ ഒരു അഭിമുഖത്തില്‍ നിന്നുള്ള വാചകങ്ങള്‍ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. താന്‍ ഇവിടെ വന്നത് കുറേയേറെ റണ്‍സടിച്ചുകൂട്ടാനല്ല, ചെറുതെങ്കിലും ടീമിന് ഏറെ സഹായകമാകുന്ന റണ്‍സ് സ്വന്തമാക്കാനാണ് എന്നാണ് സഞ്ജു പറയുന്ന വാചകം. ഈ സീസണില്‍ അക്ഷരംപ്രതി അതുതന്നെ സഞ്ജു പാലിക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ 27 പന്തില്‍ നിന്ന് 55 റണ്‍സടിച്ചാണ് സഞ്ജു തുടങ്ങിയത്. ടീം സ്‌കോര്‍ 200 കടക്കുന്നതിന് വഴിമരുന്നിട്ടത് ഈ ഇന്നിങ്‌സായിരുന്നു. രണ്ടാം മത്സരത്തില്‍ മുംബൈക്കെതിരേ 21 പന്തില്‍ നിന്ന് 30 റണ്‍സ്. സെഞ്ചുറി നേടിയ ജോസ് ബട്ട്‌ലര്‍ക്ക് മികച്ച പിന്തുണ നല്‍കിക്കൊണ്ടുള്ള ഇന്നിങ്‌സ്. എന്നാല്‍ പിന്നീട് ബാംഗ്ലൂര്‍ (8), ലഖ്‌നൗ (13), ഗുജറാത്ത് (11) ടീമുകള്‍ക്കെതിരേ തിളങ്ങാനായില്ല. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരേ വീണ്ടും ഫോമിലെത്തി. ബട്ട്‌ലര്‍ക്ക് ഉറച്ച പിന്തുണ നല്‍കി 19 പന്തില്‍ അടിച്ചെടുത്തത് 38 റണ്‍സ്. ടീം സ്‌കോര്‍ വീണ്ടും 200 കടന്നു. പിന്നാലെ ഡല്‍ഹിക്കെതിരേ 19 പന്തില്‍ നിന്നും 46 റണ്‍സ്. ആ വട്ടവും ടീം 200 മുകളില്‍ സ്‌കോര്‍ ചെയ്തു. തുടര്‍ന്ന് ആര്‍സിബിക്കെതിരേ 21 പന്തില്‍ 27, മുംബൈക്കെതിരേ 7 പന്തില്‍ 16, കൊല്‍ക്കത്തയ്‌ക്കെതിരേ 49 പന്തില്‍ 54, പഞ്ചാബിനെതിരേ 12 പന്തില്‍ 23, ഡല്‍ഹിക്കെതിരേ 6, ലഖ്‌നൗവിനെതിരേ 24 പന്തില്‍ നിന്ന് 32, ചെന്നൈക്കെതിരേ 15, ഏറ്റവും ഒടുവില്‍ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനെതിരേ 26 പന്തില്‍ 47 റണ്‍സ്. അതായത് രാജസ്ഥാന്‍ കളിച്ച 15 മത്സരങ്ങളില്‍ പത്തിലും തന്റെ ഇന്നിങ്‌സ് കൊണ്ട് ടീം സ്‌കോറിങ്ങില്‍ ഇംപാക്റ്റ് ഉണ്ടാക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഒരു ടീം മാന്‍ എന്ന നിലയില്‍ ഒരു വിഭാഗം സഞ്ജുവിന്റെ പേര് എടുത്തുപറയുന്നതും ഇതുകൊണ്ടു തന്നെയാണ്. വ്യക്തപരമായ നേട്ടങ്ങള്‍ക്കുപരി ടീമിന് വേണ്ടി കളിക്കുന്ന താരം. രാജസ്ഥാന്റെ മുന്നേറ്റം തന്നെ അതിന് തെളിവ്.

എല്ലാ മത്സരത്തിലും സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടുന്നതിന് വലിയ വിലയൊന്നുമില്ലാത്ത ലീഗില്‍ 10 പന്തില്‍ നിന്ന് നേടുന്ന 25-30 റണ്‍സിന് ഉണ്ടാക്കാന്‍ സാധിക്കുന്ന ഇംപാക്റ്റ് വളരെ വലുതാണ്. അവിടെയാണ് സഞ്ജുവിന്റെയും രാഹുലിന്റെയും ഇന്നിങ്‌സുകള്‍ വേറിട്ട് നില്‍ക്കുന്നത്. സ്‌കോര്‍ കാര്‍ഡ് നോക്കുന്നവര്‍ സ്റ്റാറ്റസ് നോക്കി രാഹുലാണ് മികച്ചവന്‍ എന്ന് പറയും. എന്നാല്‍ മത്സരം നിരീക്ഷിക്കുന്നവര്‍ക്കറിയാം സാഹചര്യത്തിനനുസരിച്ച് നേടുന്ന 25-30 റണ്‍സ് ഉണ്ടാക്കുന്ന വ്യത്യാസം.

ആര്‍സിബിക്കെതിരായ രാഹുലിന്റെ ഇന്നിങ്‌സിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി തന്നെ രംഗത്തെത്തിയതും നമ്മള്‍ ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഹൂഡ അടിച്ചുകളിക്കുന്ന സമയത്ത് രാഹുല്‍ കുറച്ചുകൂടി റണ്‍സ് നേടാന്‍ ശ്രമിക്കണമായിരുന്നുവെന്നാണ് ശാസ്ത്രി പറഞ്ഞത്. ഇതു തന്നെയാണ് രാഹുലിനോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നതും, ടീമിന് ഉപയോഗമില്ലാതെ റണ്‍സ് അടിച്ചുകൂട്ടിയിട്ട് എന്ത് കാര്യം?

Content Highlights: ipl 2022 KL Rahul s approach and the unsuccessful run chase

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India s Historic Triumph 1983 Cricket World Cup turns 40
Premium

12 min

1983@40; കോരിത്തരിപ്പിച്ച വിശ്വവിജയം, ക്രിക്കറ്റിലെ മഹാത്ഭുതം, കപില്‍ ഇന്നിങ്‌സ് 'കാണാനാകാതെ' ഇന്ത്യ

Jun 25, 2023


Messi, Ronaldo
Premium

8 min

ഇതാ പൂർണനായ മെസ്സി...!; ഇനിയും വേണോ കേമനാരെന്ന ചർച്ച?

Feb 28, 2023


vpsathyan

5 min

എന്തായിരിക്കണം സത്യൻ പറയാൻ ബാക്കിവെച്ചത് ?

Apr 29, 2021


Most Commented