ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ആരാധകരെ സാക്ഷിയാക്കി മഴ മേഘങ്ങള്‍ പോലും വഴിമാറിപ്പോയ ആകാശത്ത് സിക്സുകളുടെ പൂക്കാലമായിരുന്നു പെയ്തത്. അന്തരീക്ഷത്തെ ശ്വാസം മുട്ടിച്ച ആകാംക്ഷയും വൈകാരികതയും അലിയിച്ചു കളയുന്നതായിരുന്നു ഗാലറികള്‍ക്ക് മുകളിലേക്ക് അപ്രത്യക്ഷമായ പന്തുകള്‍. അവസാനം, തെളിഞ്ഞ ആകാശത്ത് രാജപ്രൗഢിയോടെ സൂര്യന്‍ ഉദിച്ചുയര്‍ന്നതോടെ ഐപിഎല്ലിന്റെ മറ്റൊരു പതിപ്പിനും തിരശ്ശീല വീണു. ക്രിക്കറ്റിനെ ഭ്രാന്തമായി സ്നേഹിക്കുന്നവരുടെ നാട്ടില്‍ അവസാനം എന്താകുമെന്ന അനിശ്ചിതത്വം മാത്രം മനസ്സിന് സമ്മാനിക്കുന്ന ട്വന്റി ട്വന്റി  ആഘോഷമാകുമ്പോള്‍ എല്ലാം പ്രവചനാതീതമാകും.

ടെലിവിഷനു മുന്നിലും സ്റ്റേഡിയത്തിലും യുവത്വം മാത്രമല്ല ട്വന്റി ട്വന്റിയെ നെഞ്ചിലേറ്റിയത്. ഐ.പി.എല്ലിലെ താരോദയങ്ങളുടെ ചിത്രം മുഖത്ത് പെയ്ന്റ് ചെയ്ത്, പ്രിയപ്പെട്ട ടീമിന്റെ പതാകയുമായി വേദികളില്‍ ആനന്ദ നൃത്തം ചെയ്തവരില്‍ വയോധികരും കുട്ടികളുമുണ്ടായിരുന്നു. ഇത് ഫൈനലിലെ മാത്രം കാഴ്ചയായിരുന്നില്ല. 52 ദിവസം നീണ്ടു നിന്ന ഐ.പി.എല്ലിലെ എല്ലാ മത്സരങ്ങളും ഇത്തരം ആഘോഷങ്ങള്‍ നിറഞ്ഞു നിന്നതായിരുന്നു. ക്രിക്കറ്റിന്റെ ഈ വ്യത്യസ്ത രൂപത്തോട് ഇന്ത്യക്കാര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അതുകൊണ്ടു തന്നെ ക്രിക്കറ്റിന് ഏറ്റവും വളക്കൂറുള്ള മണ്ണായി ലോക ക്രിക്കറ്റ് വേദികളില്‍ ഇന്ത്യ ഇപ്പോള്‍ അറിയപ്പെടുന്നതില്‍ യാതൊരു അത്ഭുതവും തോന്നേണ്ടതില്ല. 

RCB

ഇത്തവണത്തെ ഐ.പി.എല്‍ സീസണ്‍ എല്ലാവരുടെയും പ്രവചനങ്ങള്‍ക്കപ്പുറമാണ് അവസാനിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള, ട്വന്റിട്വന്റിയില്‍ പ്രതിഭ തെളിയിച്ച കളിക്കാരാണ് കളത്തിലിറങ്ങിയതെങ്കിലും അതൊന്നും ഒരു ടീമിന്റെ വിജയം ഉറപ്പ് നല്‍കുന്നതായിരുന്നില്ല. ഒന്നര മാസം മുമ്പ് ഐ.പി.എല്‍ തുടങ്ങുമ്പോള്‍ ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ക്ക് പത്ത് ടീമുകളെയും കുറിച്ച് വ്യത്യസ്ത അഭിപ്രായമായിരുന്നു. ഇന്ത്യന്‍ നായകന്‍ ധോനി നയിക്കുന്ന പുണെയെക്കുറിച്ച് എഴുതാനായിരുന്നു മിക്ക പേര്‍ക്കും താത്പര്യം.

മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത ഇത്തവണയും കിരീടം നിലനിര്‍ത്തുമെന്ന് മറ്റു ചിലര്‍ പ്രവചിച്ചു. പുതിയ ടീമായ ഗുജറാത്ത് ലയണ്‍സിന്റെ വിജയം പ്രതീക്ഷിച്ചവരുമുണ്ടായിരുന്നു. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ ഡല്‍ഹിയും വിജയിച്ചു. പയറ്റി തെളിഞ്ഞവരാണെന്ന രീതിയില്‍ മുംബൈയും പഞ്ചാബും സ്വീകരിക്കപ്പെട്ടു. ബാറ്റിങ്ങില്‍ വിസ്ഫോടനം തീര്‍ക്കുന്ന ക്രിസ് ഗെയ്ല്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമുദ്രയാകാനൊരുങ്ങുന്ന വിരാട് കോലി എന്നിവര്‍ അണിനിരന്ന ബംഗ്ലൂരായിരുന്നു എല്ലാവരുടെയും കണ്ണിലെ താരനിബിഡമായ ടീം. ഹൈദരാബാദിന് ഒരു ചെറിയ പരിഗണന പോലും ആരും നല്‍കിയിരുന്നുമില്ല. 

അവസാനം ബാംഗ്ലൂരും ഹൈദരാബാദും കിരീടപ്പോരാട്ടത്തിനായുള്ള മത്സരത്തില്‍ അവശേഷിച്ചപ്പോള്‍ ഈ ഐ.പി.എല്ലിന് ഏറ്റവും അനുയോജ്യമായ ഫൈനലായി അത് മാറി. ആതിഥേയ ടീമെന്ന നിലയില്‍ ബാംഗ്ലൂര്‍ എല്ലാവരുടെയും ആരാധന പിടിച്ചുപറ്റിയപ്പോള്‍ ബൗളിങ് മാത്രം കൈമുതലാക്കി, ആരുടെയും കണ്ണില്‍പ്പെടാതെ ഹൈദരാബദ് തങ്ങളുടെ റോള്‍ കൃത്യമായി നിര്‍വഹിച്ചു. എന്നാല്‍ ഇതിനെല്ലാം ഉപരിയായി ഡേവിഡ് വാര്‍ണറെന്ന ക്യാപ്റ്റന്‍ നല്‍കിയ പ്രചോദനമാണ് പുറത്താക്കപ്പെടുമെന്ന ഘട്ടത്തില്‍ നിന്ന് കിരീട വിജയത്തിലേക്ക് ഹൈദരാബാദിനെ കൈപിടിച്ചുയര്‍ത്തിയത്.

David Warner

ക്ലാസിക് ഷോട്ടുകളുമായി കളം നിറഞ്ഞ് കളിച്ച്, തന്റേടത്തോടെ ടീമിനെ നയിക്കുക മാത്രമല്ല ഈ ഓസ്ട്രേലിയന്‍ താരം ചെയ്തത്, മറിച്ച് നിര്‍ണായക ഘട്ടങ്ങളില്‍ ടീമിന്റെ നട്ടെല്ലായി ഹൈദരാബാദിനെ വിജയങ്ങളിലേക്ക് നയിച്ചു. തന്റെ ബൗളര്‍മാരെ ഉപയോഗിച്ച രീതി, ഫീല്‍ഡമാരെ തന്ത്രപൂര്‍വം വിന്യസിച്ചത്, സഹകളിക്കാര്‍ക്ക് നല്‍കിയ പ്രചോദനം, ഇതൊക്കെയുമാണ് വാര്‍ണറെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കിയത്. 

ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും കൃത്യമായ സന്തുലനം ഹൈദരാബാദിനെ തുണച്ചപ്പോള്‍ അണയുന്നതിന് തൊട്ടുമുമ്പുള്ള ആളിക്കത്തല്‍ പോലെയായിരുന്നു ബാംഗ്ലൂര്‍. ഗെയ്ലും കോലിയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ ഒമ്പത് ഓവറിനുള്ളില്‍ നൂറിലധികം റണ്‍സ് അടിച്ച് മികച്ച അടിത്തറ നല്‍കിയിട്ടും പരാജയപ്പെട്ട ബാംഗ്ലൂരിനെ കുറിച്ച് മറ്റെന്ത് പറയാനാണ്?  വാര്‍ണറുടെ തന്ത്രങ്ങള്‍ക്കു മുന്നില്‍ ബാംഗ്ലൂരിന്റെ കണക്കുകൂട്ടലുകളൊക്കെ തെറ്റിപ്പോയി. പ്രത്യേകിച്ച് ബംഗ്ലാദേശ് പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെയും ഇന്ത്യന്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെയും വാര്‍ണര്‍ ഉപയോഗിച്ച രീതി പ്രശംസനീയമാണ്.

ആദ്യ ഓവറുകളില്‍ ബൗളര്‍മാര്‍ യഥേഷ്ടം റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ കളി കൈവിട്ടു പോകുമെന്ന് വരെ വാര്‍ണര്‍ സംശയിച്ചിരിക്കാം, എന്നാല്‍ ഗെയ്ലിനെയും കോലിയെയും പുറത്താക്കി ഹൈദരാബാദ് കളിയില്‍ തിരിച്ചുവന്നു. ആതിഥേയ ടീമിന്റെ പരാജയമൊഴികെ ഒരു ക്രിക്കറ്റ് ആരാധകന് ആഘോഷിക്കാന്‍ വേണ്ടതെല്ലാം ആ രാത്രിയില്‍  ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായിരുന്നു. 

Mustafizur Rahman

ബാറ്റ്സ്മാന്‍മാരുടെ തട്ടകമായ, ബൗളര്‍മാര്‍ക്ക് പ്രചോദനം നല്‍കാത്ത ക്രിക്കറ്റാണ് ട്വന്റി ട്വന്റിയെന്ന വിമര്‍ശകരുടെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ബാംഗ്ലൂരും ഹൈദരാബാദും തമ്മില്‍ നടന്ന ഫൈനല്‍. പേസ് ബൗളര്‍മാര്‍ വരെ കൂറ്റനടികള്‍ അടിക്കുമ്പോള്‍  പലപ്പോഴും ട്വന്റി ട്വന്റി ഒരു വിഭാഗത്തിന്റെ മാത്രം ആഘോഷമാകുന്നു. വൈഡ് എറിഞ്ഞതിന്റെ പേരിലും ബൗണ്‍സര്‍ എറിയുന്നതിനും ബൗളര്‍മാരെ ശിക്ഷിക്കുന്നതിന് പകരം ബൗളര്‍മാര്‍ക്ക് കൂടി അനുയോജ്യമായ രീതിയിലേക്ക് നിയമങ്ങള്‍ മാറ്റണമെന്ന് ഈ അടുത്ത് മുന്‍ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ജെഫ് ലോസണ്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഭുവനേശ്വറും മുസ്തഫിസുര്‍ റഹ്മാനും ബൗള്‍ ചെയ്യുമ്പോള്‍ നിയമങ്ങളൊന്നും മാറ്റാതെ തന്നെ നല്ല പ്രകടനമാണ് പുറത്തെടുക്കുന്നത്. എങ്ങനെയായാലും ഇത്തവണത്തെ ഐപിഎല്‍ ബൗളര്‍മാരുടേത് കൂടിയാണെന്ന് പറയുന്നതില്‍ യാതൊരു തെറ്റുമില്ലെന്നാണ് ഞാന്‍ കരുതുന്നത്. എത്ര തല്ലു വാങ്ങിയാലും ബൗളര്‍മാര്‍ക്ക് നിര്‍ണായകമായ ഒരു മേല്‍ക്കൈ ഉണ്ടായിരുന്നുവെന്ന് കൂടിയാണ് ഈ ഐ.പി.എല്‍ കാണിക്കുന്നത്.

ഫോട്ടോ കടപ്പാട്: ബിസിസിഐ