ഗുസ്തി താരങ്ങൾ പ്രതിഷേധത്തിനിടെ | Photo: PTI
ഒരു വലിയ വൃക്ഷം പോലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതാണ് ഹരിയാനയിലെ ഫൊഗാട്ട് കുടുംബം. മഹാവീര്‍ ഫൊഗാട്ടിന്റെ നാല് മക്കളും സഹോദരന്റെ രണ്ട് മക്കളും ഗുസ്തിക്കായി മാത്രം ജനിച്ചവര്‍. പെണ്‍ ഭ്രൂണഹത്യക്ക് പേരുകേട്ട ഹരിയാനയിലെ ഉള്‍ഗ്രാമമായ ബലാലിയില്‍ നിന്ന്, ആണ്‍കോയ്മക്ക് പേരുകേട്ട ഗോദയിലേക്ക് ആറു പെണ്‍കുട്ടികളെ കൈപ്പിടിച്ചുയര്‍ത്തിയ ഫൊഗാട്ടിന് ഒരു സല്യൂട്ട് നല്‍കാതെ ആരും അദ്ദേഹത്തെ കടന്നുപോകില്ല. വെള്ളിത്തിരയില്‍ ഫൊഗാട്ടായി ആമിര്‍ ഖാന്‍ തകര്‍ത്താടിയ സിനിമയും ഫൊഗാട്ട് സഹോദരിമാരുടെ ജീവിതം പോലെ ബ്ലോക്ക്ബസ്റ്ററായി. ഇതിനെല്ലാം പിന്നാലെ ഓരോ സഹോദരിമാരും ഓരോ ചില്ലയിലേക്ക് കൂടുമാറുകയും ചെയ്തു.
ഇപ്പോഴിതാ ഫൊഗാട്ട് കുടുംബം വീണ്ടും ഇന്ത്യയില്‍ ഒരു തിരമാല പോലെ ആര്‍ത്തലയ്ക്കുകയാണ്. മാനവും അഭിമാനവും പണയംവെച്ചുള്ള ഒരു ഒത്തുതീര്‍പ്പിനും തങ്ങളില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ്, ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രതിഷേധ സമരങ്ങളിലൊന്നിലേക്കാണ് അവര്‍ നടന്ന് അടുക്കുന്നത്. ഇന്ത്യന്‍ റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേയാണ് ഫൊഗാട്ട് സഹോദരിമാരിലെ വിനേഷ് ഫൊഗാട്ടും സംഗീത ഫൊഗാട്ടും ഗോദയില്‍ ഇറങ്ങിയിരിക്കുന്നത്. ഒപ്പം ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കും ബജ്‌രംഗ് പുനിയയുമുണ്ട്.
താരങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരേ നടപടി ആവശ്യപ്പെട്ടാണ് ഇവരുടെ രാപകല്‍ സമരം. പോലീസിന്റെ അടിച്ചമര്‍ത്തലുകള്‍ അതിജീവിച്ച്, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മറികടന്ന് അവര്‍ ഗോദയിലെ പോരാട്ടവീര്യം സമരമുഖത്തും കാണിച്ചു. അഭിപ്രായ വ്യത്യാസങ്ങളില്ലാതെ, സമരത്തില്‍ വിള്ളലുകള്‍ വീഴ്ത്താതെ, കൈകള്‍ കോര്‍ത്തുപിടിച്ചു. പുണ്യനദിയയായ ഗംഗയില്‍ തങ്ങള്‍ക്ക് കിട്ടിയ അന്താരാഷ്ട്ര മെഡലുകള്‍ ഒഴുക്കി കളയാന്‍ വരെ അവര്‍ ഒരുമിച്ച് തീരുമാനമെടുത്തു. എന്നാല്‍ അവരുടെ ആ ഒരേ മനസ്സിന് കായികരംഗത്ത് നിന്ന് കിട്ടുന്ന പിന്തുണ എത്രത്തോളമുണ്ട്. അതിനെക്കുറിച്ച് അന്വേഷിച്ചാല്‍ നമ്മള്‍ അമ്പരന്നുപോകും. 24 മണിക്കൂറും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ കായിക താരങ്ങളില്‍ പലരും ആ സമരം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. ടൈംലൈനിലൂടെ അവരുടെ മുന്നിലെത്തുന്ന വാര്‍ത്തകളും വീഡിയോകളും അവര്‍ വെറുതേ സ്‌ക്രോള്‍ ചെയ്തു വിടുന്നു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ കിരീടം വാനിലേക്കുയര്‍ത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് വിനേഷും സാക്ഷിയും പുനിയയുമെല്ലാം ഹരിദ്വാറിലേക്ക് തങ്ങളുടെ മെഡലുകളും നെഞ്ചോട് ചേര്‍ത്ത് നടന്നത്. ജീവിതത്തിലെ നല്ലകാലം മുഴുവന്‍ ഗോദയില്‍ കഠിനധ്വാനം ചെയ്ത് നേടിയെടുത്ത മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കി കളയുക എന്ന ദുര്യോഗമായിരുന്നു അവര്‍ക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി. ഐപിഎല്‍ വിജയിച്ച ചെന്നൈ ടീമിനും ധോനിക്കും ആശംസ നേര്‍ന്ന് സാക്ഷി ഒരു ട്വീറ്റും പങ്കുവെച്ചു. 'അഭിനന്ദനങ്ങള്‍ എംഎസ് ധോനിക്കും ചെന്നൈ ടീമിനും. ചില കായിക താരങ്ങള്‍ക്ക് എങ്കിലും അര്‍ഹിക്കുന്ന അഭിമാനവും സ്‌നേഹവും ലഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുകയാണ്.' സാക്ഷി ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങള്‍ മാത്രം ആഘോഷിക്കപ്പെടുന്നതിലെ നീതികേടും കേന്ദ്ര സര്‍ക്കാരിനോടും ഇന്ത്യന്‍ റെസ്ലിങ് ഫെഡറേഷനോടുമുള്ള അമര്‍ഷവും ആ ട്വീറ്റിലുണ്ടായിരുന്നു.
ജന്ദര്‍ മന്തറിലെ സമരപ്പന്തലില്‍ നിന്ന് മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്തുമായി സംസാരിച്ചപ്പോള്‍ വിനേഷ് ഫൊഗാട്ടും ക്രിക്കറ്റ് താരങ്ങളുടെ മൗനത്തെ ചോദ്യം ചെയ്തു. അമേരിക്കയിലെ ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ മൂവ്‌മെന്റുണ്ടായപ്പോള്‍ വാ തുറന്ന് സംസാരിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ എവിടെപ്പോയി എന്നായിരുന്നു വിനേഷിന്റെ ചോദ്യം.'ഞങ്ങള്‍ ഒരു മെഡല്‍ നേടിയാല്‍ അഭിനന്ദനം അറിയിച്ച് ട്വീറ്റ് ചെയ്യാന്‍ എല്ലാവരുമുണ്ടാകും. എന്നാല്‍ ഇപ്പോള്‍ എന്താണ് സംഭവിച്ചത്. അവരെല്ലാം ആരെയാണ് ഭയപ്പെടുന്നത്. തങ്ങളുടെ സ്‌പോണ്‍സര്‍മാരേയും പരസ്യ കരാറുകളേയും ഇക്കാര്യം ബാധിക്കുമെന്നായിരിക്കും ചിലപ്പോള്‍ അവരുടെ ഭയം. പക്ഷേ അവരുടെ മൗനം ഞങ്ങള്‍ക്കുണ്ടാക്കുന്ന വേദന ചെറുതല്ല. ഇന്ത്യക്കായി ഒരുപോലെ പോരാടുന്ന ഞങ്ങള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാകുമ്പോള്‍ അത് കഠിനമായ വേദന തന്നെയാണ്'-വിനേഷ് അഭിമുഖത്തില്‍ പറയുന്നു.
പിന്തുണയുമായി വന്ന കായികതാരങ്ങളുടെ പട്ടിക എടുത്തു നോക്കിയാല്‍ വിരലില്‍ എണ്ണാവുന്നവരുടെ പേരുകള്‍ മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ. ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, ക്രിക്കറ്റ് താരങ്ങളായ അനില്‍ കുംബ്ലെ, കപില്‍ ദേവ്, ഹര്‍ഭജന്‍ സിങ്ങ്, ഇര്‍ഫാന്‍ പഠാന്‍, വീരേന്ദര്‍ സെവാഗ്, ടെന്നീസ് താരം സാനിയ മിര്‍സ എന്നിവര്‍ മാത്രമാണ് പ്രതിഷേധത്തെ കുറിച്ച് സംസാരിക്കാന്‍ വായ തുറന്നത്. പോലീസ് സേന സാക്ഷി മാലിക്കിനെ വലിച്ചിഴക്കുന്ന ചിത്രം പങ്കുവെച്ച് 'ഹൃദയഭേദകം' എന്നായിരുന്നു സാനിയ കുറിച്ചത്. അവര്‍ മെഡല്‍ നേടുമ്പോള്‍ മാത്രം ഓര്‍മിക്കപ്പെടേണ്ടവരല്ല എന്നായിരുന്നു പഠാന്റെ ട്വീറ്റ്. ഇവര്‍ക്ക് എന്ന് നീതി ലഭിക്കും എന്നായിരുന്നു കപില്‍ ദേവിന്റെ ചോദ്യം. അതിന് അപ്പുറത്തേക്ക് ഒരു ചോദ്യവും ആരും ഉന്നയിച്ചില്ല. ഒരു പിന്തുണയും ആരും പ്രഖ്യാപിച്ചുമില്ല. ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറും ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോനിയും അഗ്രസ്സീവ് ക്യാപ്റ്റനായിരുന്ന വിരാട് കോലിയും മുംബൈയുടെ കപ്പിത്താന്‍ രോഹിത് ശര്‍മയുമെല്ലാം മൗനവ്രതത്തിലാണ്.
പാലക്കാട്ട് ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തു നിറച്ച പഴം കഴിച്ച് ചരിഞ്ഞപ്പോള്‍ വിരാട് കോലി പങ്കുവെച്ച ട്വീറ്റ് ഇപ്പോഴും അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലുണ്ട്. 'കേരളത്തില്‍ നടന്ന സംഭവം അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി' എന്നാണ് കോലി അന്ന് കുറിച്ചത്. കര്‍ഷക സമരത്തിന് പിന്തുണ നല്‍കി ഗ്രേറ്റ ത്യുന്‍ബേയും റിഹാനയും രംഗത്തുവന്നപ്പോള്‍ 'ഇന്ത്യക്കാരുടെ കാര്യം ഇവിടേയുള്ളവര്‍ നോക്കിക്കോളാം' എന്ന് സച്ചിന്‍ എഴുതിയ കുറിപ്പും ഇപ്പോഴും ട്വിറ്ററില്‍ അവശേഷിക്കുന്നുണ്ട്. ഒരു രാജ്യം എന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കാം എന്ന് അന്ന് കുറിച്ച സച്ചിന്‍ ഗുസ്തി താരങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കേണ്ടതിനെ കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല.
ഫൊഗാട്ട് കുടുംബത്തിലും ഈ സമരവുമായി ബന്ധപ്പെട്ട് വിള്ളലുകള്‍ വീണിട്ടുണ്ട്. സഹോദരി സംഗീത ഫൊഗാട്ടും ഭര്‍ത്താവ് ബജ്‌രംഗ് പുനിയയും കസിന്‍ വിനേഷ് ഫൊഗാട്ടും ഡല്‍ഹിയിലെ തെരുവുകളില്‍ സമര മുഖത്ത് ഇരിക്കുമ്പോഴും ബിജെപിയുടെ രാഷ്ട്രീയത്തോട് കൂറു പുലര്‍ത്തുന്ന ബബിത അവര്‍ക്ക് പിന്തുണ നല്‍കിയില്ല. മോദിയെ ബോസ് എന്ന് വിളിച്ചുള്ള ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ വീഡിയോയാണ് ഏഴ് ദിവസം മുമ്പ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എന്നാല്‍ സഹോദരിമാരില്‍ മൂത്തവളായ ഗീത ഫൊഗാട്ടും അച്ഛന് മഹാവീര്‍ ഫൊഗാട്ടും സമരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ബ്രിജ്ബൂഷണെ അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ ദ്രോണാചാര്യ അടക്കമുള്ള പുരസ്‌കാരങ്ങള്‍ കേന്ദ്രത്തിന് തിരിച്ചുനല്‍കുമെന്ന് മഹാവീര്‍ വ്യക്തമാക്കിയിരുന്നു. സമരസ്ഥലമായ ജന്തര്‍മന്ദരിലേക്ക് താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് പോകുന്നതിനിടെ ഗീതയേയും ഭര്‍ത്താവ് പവന്‍ സരോഹയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യം ഗീത ട്വീറ്റില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഗുസ്തി താരങ്ങളെ കാണാന്‍ അനുവദിക്കാതെ തങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും പോലീസിന്റെ നടപടിയില്‍ ദു:ഖമുണ്ടെന്നും ഗീത ട്വീറ്റ് ചെയ്തു.
അതേസമയം ദാദ്രിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ച ബബിത സരമത്തിന്റെ നിറംകെടുത്താനുള്ള ശ്രമങ്ങളാണ് നടത്തിയത്. സമരപ്പന്തലില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ വിമര്‍ശിച്ച് ബബിത രംഗത്തെത്തിയിരുന്നു. സമരത്തിന് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ നല്‍കുന്നതിനെ കുറിച്ചും പ്രിയങ്കാ ഗാന്ധിക്കൊപ്പം സമര മുഖത്ത് എത്തിയ പേഴ്‌സണല്‍ സെക്രട്ടറി സന്ദീപ് സിങ്ങിനെ ലക്ഷ്യംവെച്ചുമായിരുന്നു ബബിതയുടെ ട്വീറ്റ്. സന്ദീപ് സിങ്ങ് പീഡന ആരോപണം നേരിടുന്ന വ്യക്തിയാണെന്നും ബബിത കുറിച്ചു. ഇതിന് മറുപടിയുമായി വിനേഷ് ഫൊഗാട്ടും രംഗത്തെത്തി. 'നിങ്ങള്‍ ഞങ്ങളുടെ കൂടെ നിന്നില്ലെങ്കില്‍ സമരത്തില്‍ വിള്ളല്‍ വീഴ്ത്തി പൊളിക്കാന്‍ ശ്രമിക്കരുത്. നിങ്ങളും ഒരു സ്ത്രീയാണ്. ഞങ്ങളുടെ വേദന മനസിലാക്കാന്‍ ശ്രമിക്കണം. ഞാന്‍ കൈകൂപ്പി അഭ്യര്‍ഥിക്കുകയാണ്.' പുറത്ത് നിന്ന് മാത്രമല്ല, സ്വന്തം വീട്ടിനുള്ളില്‍ നിന്ന് വരുന്ന എതിര്‍പ്പുകളും അതിജീവിച്ചാണ് ഈ താരങ്ങളുടെ പോരാട്ടം.
Content Highlights: indias top sports persons keep silence on wrestlers protest
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..