ഴിഞ്ഞ ലക്കം ഈ പംക്തിയില്‍ എഴുതിയത് ബൗളിങ്ങിനുണ്ടായ നിലവാരത്തകര്‍ച്ചയും ടെസ്റ്റ് ക്രിക്കറ്റില്‍പോലും ബാറ്റ്‌സ്മാന്മാര്‍ റെക്കോര്‍ഡുകള്‍ അനായാസം വാരിക്കൂട്ടുന്നതിനേയും കുറിച്ചായിരുന്നു. ബാറ്റ്‌സ്മാന്മര്‍ കഠിനപരീക്ഷകള്‍ക്ക് വിധേയരാകേണ്ടി വരാത്ത സാഹചര്യത്തെ കുറിച്ചുള്ള ചിന്ത പങ്കുവെച്ചതിനു തൊട്ടുപിന്നാലെ സംഭവിച്ചത്, ചെറിയ പരീക്ഷണങ്ങള്‍ പോലും നേരിടാനുള്ള ത്രാണി ബാറ്റ്‌സ്മാന്മാർക്കില്ല എന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് തെളിയിക്കുന്നതായിരുന്നു.

ന്യൂലാണ്ട്‌സില്‍ ദക്ഷിണാഫ്രിക്ക 72 റണ്‍സിനു ജയിച്ചെങ്കിലും ഇന്ത്യയെ പോലെത്തന്നെ അവരും പേസ് ബൗളിങ് നേരിടാന്‍ മികവുള്ളരല്ല ആതിഥേയരെന്നും വ്യക്തമായി. യഥാര്‍ത്ഥത്തില്‍, പേസ് ബൗളിങ്ങിനെ ഫലപ്രദമായി നേരിടാന്‍ സജ്ജമല്ലാത്ത രണ്ടു ടീമുകള്‍ തമ്മിലുള്ള മത്സരത്തില്‍ ദക്ഷിണാഫ്രിക്ക തമ്മില്‍ ഭേദപ്പെട്ടവരായിരുന്നു എന്നതാണ് ശരി. മഴ മുടക്കിയ മത്സരം നാലു ദിവസം കൊണ്ട് പൂര്‍ത്തിയായി എന്നതും ശ്രദ്ധിക്കുക. 

രണ്ടു ടീമുകളേയും താരതമ്യം ചെയ്താല്‍ ഇന്ത്യയുടെ പേസ് നിരയായിരുന്നു മികച്ചത്, വൈവിധ്യംകൊണ്ടും മൂര്‍ച്ചകൊണ്ടും. മോര്‍ണി മോര്‍ക്കലും ഡെയില്‍ സ്‌റ്റൈയ്‌നും ഒരോ ജനുസ്സില്‍പെട്ട ബൗളര്‍മാരാണ്. ഇതില്‍ സ്‌റ്റൈയ്ന്‍ കുറേക്കൂടി നിശിതമായി ബൗള്‍ ചെയ്തു. ഫിലാണ്ടറാവട്ടെ സ്വിങ് കൊണ്ടു സീം കൊണ്ടും ബാറ്റ്‌സ്മാനെ ചിന്താക്കുഴപ്പത്തിലാക്കുന്ന ബൗളറാണ്. വേഗത ശരാശരി 133 കിലോമീറ്റര്‍ മാത്രം. ഇതൊന്നും പരമരഹസ്യമായ വിവരങ്ങളൊന്നുമല്ല. ഇവരെ നേരിടാന്‍ അതിബുദ്ധിയുടെ ആവശ്യവുമില്ല.

എന്നിട്ടും പുകഴ്‌പെറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നിന്ന് ഉണ്ടായത് രണ്ട് ഇന്നിങ്‌സുകളിലായി ഒരു അര്‍ധ സെഞ്ചുറി മാത്രം. അപകടകരമായിട്ടൊന്നും ന്യൂലാണ്ട്‌സിലെ പിച്ചില്‍ ഉണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കുക. ഇന്ത്യ കാണിക്കാറുള്ളതുപോലെ, നാട്ടില്‍ കളി നടക്കുമ്പോള്‍ അശ്വിനും ജഡേജയ്ക്കുമൊക്കെ ബൗള്‍ ചെയ്ത് ഇന്ത്യയെ ജയിപ്പിക്കാനായി സ്പിന്‍ കുഴികള്‍ നിര്‍മിക്കുകായിരുന്നില്ല ദക്ഷിണാഫ്രിക്ക. അവരുടെ കരുത്തും ഇന്ത്യയുടെ ദൗര്‍ബല്യവും പരിഗണിച്ച്, നിലവാരമുള്ള ബൗണ്‍സിനെ തുണയ്ക്കുന്ന, പിച്ചാണ് ന്യൂലാണ്ട്‌സില്‍ ഒരുക്കിയത്. ഈ ബൗണ്‍സിനെ നേരിടാനാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിയാതെപോയത്. 

സ്വിങ്ങും സീമും ഉള്ള പിച്ചുകളില്‍ പേസ് ബൗളിങ്ങിനെ നേരിടുമ്പോള്‍ ആദ്യം തീരുമാനിക്കേണ്ടത് ഏതു ബോള്‍ കളിക്കണം ഏത് ബോള്‍ കളിക്കരുത് എന്നാണ്. അതായത് ഏത് ബോള്‍ കളിക്കാതെ ഒഴിവാക്കണം എന്ന് ബാറ്റ്‌സ്മാന് തീരുമാനിക്കാന്‍ കഴിയണം. ഇതിനെയാണ് ക്രിക്കറ്റ് ചരിത്രത്തില്‍ ആലങ്കാരികമായി Art of leaving എന്ന് പറയുന്നത്.

ഇന്ത്യയ്ക്കു സംഭവിച്ച അടിസ്ഥാന പിഴവ് ഇവിടെയാണ്. ഇന്ത്യയിലെ 'പാട്ടപിച്ചുകളില്‍' കളിക്കുന്ന അതേ ലാഘവത്തോടെ, തന്റെ ഓഫ് സ്റ്റമ്പ് എവിടെയാണെന്ന് മനക്കണക്കില്ലാതെ, തനിക്ക് ഡ്രൈവ് ചെയ്യാനും പുള്‍ ചെയ്യാനും പാകത്തില്‍ പന്ത് ''അതിന്റെ ധര്‍മം നിര്‍വഹിച്ച്'' എത്തിക്കൊള്ളും എന്ന അഹങ്കാരത്തോടെ കളിച്ചു. ഈ വകതിരിവില്ലായ്മയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ആദ്യ ഇന്നിങ്‌സിലെ ശിഖര്‍ ധവാന്റെ പുറത്താകല്‍. വിദേശത്ത് ടെസ്റ്റ് മത്സരങ്ങളില്‍ നിലവാരമുള്ള പിച്ചില്‍ നിലവാരമുള്ള പേസ് ബൗളിങ്ങിനേയും നേരിടാന്‍ ശേഷിയില്ലാത്ത ബാറ്റ്‌സ്മാനാണ് ശിഖര്‍ ധവാന്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്‍ ട്വന്റി ട്വന്റിയിലും ഏകദിനത്തിലും കാണിക്കുന്ന അഭ്യാസംകൊണ്ട് കയ്യടി വാങ്ങുന്നുവെങ്കിലും യഥാര്‍ഥ ''പരീക്ഷണ''ത്തെ അതിജീവിക്കാന്‍ അതുപോര. 

ശിഖര്‍ ധവാനെ പോലൊരു ബാറ്റ്‌സ്മാനെ ടീമില്‍ ഉള്‍പ്പെടുത്തിയതും അദ്ദേഹം പുറത്തായ രീതിയിലുമുണ്ട് ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിയുടെ ഘടകങ്ങളുടെ രത്‌നച്ചുരുക്കം. ശിഖര്‍ ധവാനെ പോലെ സംശയാസ്പദമാണ് രോഹിത് ശര്‍മയുടെയും ഉള്‍പ്പെടുത്തല്‍. ഇന്ത്യന്‍ പിച്ചുകളില്‍ പേസ് ബൗളര്‍മാരുടെമേല്‍ ആധിപത്യം  പുലര്‍ത്തുന്നതുപോലെയല്ല വിദേശത്തെ കളി. ഇവര്‍ രണ്ടുപേരെയും അപേക്ഷിച്ച് ഫാസ്റ്റ് ബൗളിങ്ങിനെ നേരിടാന്‍ കൂടുതല്‍ സാങ്കേതികഭദ്രതയുള്ള ബാറ്റ്‌സ്മാന്മാനാണ് ലോകേഷ് രാഹുലും.

ഇന്ത്യന്‍ ബാറ്റിങ്ങിന്റെ പോരായ്മയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഫിലാണ്ടറിന്റെ ബൗളിങ് കണക്കുകള്‍. താന്‍ സ്വന്തം നാട്ടില്‍ കളിച്ച 21 ടെസ്റ്റുകളില്‍ ഏറ്റവും മികച്ച പ്രകടനമാണ് ഫിലാണ്ടര്‍ ഇന്ത്യയ്‌ക്കെതിരെ കാഴ്ചവെച്ചത് - 42 റണ്‍സിന് 6 വിക്കറ്റ്. ഇതില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട് കോലിയുടെ പുറത്താകല്‍ ശ്രദ്ധിക്കുക. മൂന്നു പന്തുകള്‍ ഇന്‍സ്വിങ്ങറായി  ബൗള്‍ ചെയ്ത ഫിലാണ്ടര്‍ നാലാമത്തെ പന്ത് അകത്തേക്ക് തിരിച്ചു. ക്രോസ് ബാറ്റ് കളിച്ച് കോലി പുറത്ത്. ഇതൊക്കെ ബൗളര്‍മാര്‍ സര്‍വസാധാരണയായി പ്രയോഗിക്കുന്ന തന്ത്രങ്ങളാണ്. അതു തിരിച്ചറിയാനും ബൗളറെ ബഹുമാനിക്കാനും ശ്രമിച്ചാല്‍ മാത്രമേ ടെസ്റ്റ് ക്രിക്കറ്റില്‍ വിജയിക്കാനാവൂ. ബൗളറുടെ മനസ്സു വായിക്കുക എന്നത് ബാറ്റ്‌സ്മാന്റെ അനുഭവപരിചയം കൊണ്ട് നിര്‍മിച്ചെടുക്കേണ്ട ''തന്ത്രവിദ്യ''യാണ്. 

ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച  ബൗളര്‍ എന്ന കരുതപ്പെടുന്ന ഡെയില്‍ സ്റ്റെയ്‌നില്ലാതെ ബൗള്‍ ചെയ്താണ് രണ്ടാം ഇന്നിങ്‌സില്‍ അവര്‍ ഇന്ത്യയെ വെറും 135 റണ്‍സിന് പുറുത്താക്കിയത് എന്നുകൂടി ഓര്‍ക്കുക. 

ഇന്ത്യ മാത്രമല്ല പേസിനു മുന്നില്‍ പതറിയത്. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയടെ എട്ടു വിക്കറ്റുകള്‍ വീണത് 65 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനിടെയാണ്. പത്തുപേരെ പിടിച്ചുപുറത്താക്കി ഏറ്റവുമധികം ഇരകളെ കണ്ടെത്തുന്ന ഇന്ത്യന്‍ കീപ്പര്‍ എന്ന റെക്കോര്‍ഡ് വൃദ്ധിമാന്‍ സാഹ, ധോണിയില്‍ നിന്ന് സ്വന്തമാക്കിയതിനു പിന്നിലും ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ദൗര്‍ബല്യം ഒളിഞ്ഞുകിടപ്പുണ്ട്. രണ്ടു ടീമുകളുടെ മൊത്തം പുറത്താകലുകള്‍ പരിശോധിച്ചാല്‍, ഭൂരിപക്ഷവും കീപ്പര്‍ പിടിച്ചുപുറത്താക്കിയതോ, സ്ലിപ്പില്‍ ക്യാച്ച് നല്‍കി പുറത്തായതോ ആണ്. പേസിനെ നേരിടാനള്ള പോരായ്മയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. 

ക്രീസും ബാക്ക്ഫൂട്ടും നന്നായി ഉപയോഗിച്ചാല്‍ ഇത്തരം പിച്ചുകളില്‍ നന്നായി കളിക്കാമെന്ന് രണ്ടാം ഇന്നിങ്‌സില്‍ 37 റണ്‍സെടുത്ത അശ്വിന്‍ മറ്റ്  ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കാണിച്ചുകൊടുത്തു. ഇന്ത്യയിലല്ല തങ്ങള്‍ കളിക്കുന്നതെന്ന് മനസ്സിനെ പഠിപ്പിച്ച് പാകപ്പെടുത്തി ക്ഷമയോടെ കളിച്ചാല്‍ ഇന്ത്യയ്ക്ക് ഈ പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവരാം.

ഡെയില്‍ സ്റ്റെയിനില്ലാതെയാണ് ദക്ഷിണാഫ്രിക്ക ബാക്കിയുള്ള പരമ്പര കളിക്കുന്നതെന്നും ഓര്‍ക്കുക. ഒരു കാര്യം കൂടി. മുന്‍കാല പരമ്പരകളില്‍ ഇന്ത്യയെ വിറപ്പിച്ചിരുന്ന ഫാനി ഡിവില്ല്യേയ്സും ലാന്‍സ് ക്ലൂസ്‌നറും അലന്‍ ഡൊണാള്‍ഡും ആന്ദ്രെ നെല്ലും ജാക്ക് കാലിസും മക്കായ എന്‍ടിനിയും ഷോണ്‍  പൊള്ളൊക്കുമെന്നും ഇല്ലാത്ത ദക്ഷിണാഫ്രിക്കയാണിത്. ഈ അവസരം ഇനി കിട്ടിയെന്ന് വരില്ല. തോറ്റോടേണ്ട പടയല്ല ഈ ഇന്ത്യന്‍ ടീം.

Content Highlights: Indias South Africa Tour Impact Of Fast Bowling