'ചെങ്കോലുകള്‍ കൊണ്ട് അളക്കാനാവില്ല സര്‍ ഈ പെണ്‍കുട്ടികളുടെ മഹത്വം'


കെ വിശ്വനാഥ്

2 min read
Read later
Print
Share

സാക്ഷി മാലിക്, ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധത്തിനിടെയുള്ള ചിത്രം | Photo: PTI

നിതാ ഗുസ്തി താരങ്ങളുടെ മാനത്തിനായി സമരം ചെയ്ത സാക്ഷി മാലിക് എന്ന ഒളിമ്പിക് മെഡല്‍ ജേത്രിയെ ഇന്ദ്രപ്രസ്ഥത്തിലെ തെരുവീഥികളിലൂടെ വലിച്ചിഴക്കുന്ന ദൃശ്യം കണ്ടപ്പോള്‍ അറിയാതെ ഒന്ന് തേങ്ങിപ്പോയി. ഏഴു വര്‍ഷം മുമ്പത്തെ ഒരു ഓഗസ്റ്റ് മാസത്തില്‍ സാക്ഷിക്കും അവളുടെ ഉറ്റകൂട്ടുകാരിയായ വിനേഷ് ഫോഗട്ടിനുമൊപ്പം നടത്തിയ ഒരു വിമാനയാത്രയും ആ യാത്രയ്ക്കിടെ അവര്‍ എനിക്കു മുന്നില്‍ തുറന്നിട്ട ഗോദയിലെ പെണ്‍ജീവിതങ്ങളുമെല്ലാം മനസ്സിലേക്ക് ഇരച്ചെത്തി.

2016-ല്‍ ബ്രസീലിലെ റിയോ ഡി ജനിറോയില്‍ നടന്ന ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയ ശേഷമുള്ള സാക്ഷിയുടെ മടക്കയാത്രയായിരുന്നു അത്. ഞാനാവട്ടെ മാതൃഭൂമിക്ക് വേണ്ടി ഒളിമ്പിക്സ് കവര്‍ ചെയ്ത നാട്ടിലേക്ക് മടങ്ങുന്നു. റിയോയില്‍ നിന്ന് ദുബായിലേക്കുള്ള ഇത്തിഹാദ് എയര്‍വെയ്സിന്റെ വിമാനത്തില്‍ കയറുന്നതിന് മുമ്പ് ചെക്കിന്‍ ചെയ്ത് മുന്നോട്ടു നടക്കുമ്പോള്‍ തൊട്ടു പിറകിലതാ ഒരു വീല്‍ ചെയര്‍ തള്ളിക്കൊണ്ട് സാക്ഷി. വീല്‍ചെയറില്‍ വിനേഷ് ഫോഗട്ടാണ്. സാക്ഷിയേക്കാള്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വിനേഷിന് ക്വാര്‍ട്ടറില്‍ ചൈനക്കാരിയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ് പിന്‍മാറേണ്ടി വന്നു. അതിന്റെ നിരാശ അവരുടെ മുഖത്തുണ്ട്. രണ്ടു പേര്‍ക്കും ടിക്കറ്റ് ബിസിനസ് ക്ലാസ്സിലാണ്. 'ഇങ്ങോട്ടേക്കുള്ള യാത്ര എക്കോണമി ക്ലാസ്സിലായിരുന്നു മെഡല്‍ നേടിയതു കൊണ്ട് മടക്കയാത്രക്ക് ബിസിനസ് ക്ലാസ് കിട്ടി. പരിക്കേറ്റതു കൊണ്ട് വിനേഷിനും.' -ചിരിയൊളിപ്പിച്ചു കൊണ്ട് സാക്ഷി പറഞ്ഞു. വിമാനത്തില്‍ കയറാന്‍ ഗേറ്റില്‍ കാത്തിരിക്കുന്നതിനിടെ രണ്ടു പേരുമായി ഒരു മണിക്കൂറോളം സംസാരിക്കാന്‍ അവസരം ലഭിച്ചു. ഹരിയാണയില്‍ നിന്ന് ലോകനിലവാരമുള്ള പെണ്‍ഗുസ്തിക്കാര്‍ നിരന്തരം മുന്നോട്ടു വരുന്നതിനു പിന്നിലെ രഹസ്യമായിരുന്നു എനിക്കറിയേണ്ടിയിരുന്നത്.

സാക്ഷി മാലിക് ലേഖകന്‍ കെ വിശ്വനാഥിനൊപ്പം

അവിടെയുള്ള ആളുകള്‍ വലിയ പിന്തുണ തരുന്നുണ്ടാവുമല്ലേയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ സാക്ഷി പൊട്ടിച്ചിരിച്ചു. 'വീട്ടില്‍ അച്ഛനും അമ്മയും എപ്പോഴും കൂടെ നിന്നിരുന്നു. പക്ഷേ, മറ്റുള്ളവര്‍ കളിയാക്കുമായിരുന്നു. പെണ്‍കുട്ടികള്‍ക്ക് പറ്റിയ പണിയല്ലെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തി. ചെവി പപ്പടം പോലാവും, സൗന്ദര്യം പോവുമെന്നെല്ലാം പറഞ്ഞ് ആളുകള്‍ പേടിപ്പിച്ചു കൊണ്ടിരുന്നു. ഗുസ്തിക്കാരിയായി ജീവിക്കുകയെന്നത് ഒട്ടും എളുപ്പമായിരുന്നില്ല. നിരന്തര പരിശീലനവും കഠിന വ്യായാമമുറകളും ശരീരം താങ്ങില്ലെന്ന് പോലും തോന്നിയിരുന്നു. നാട്ടില്‍ പെണ്‍കുട്ടികള്‍ ഗുസ്തി പരിശീലിക്കാത്തതു കൊണ്ട് ആണ്‍കുട്ടികളുമായി മല്ലിടേണ്ടിവന്നത്. അതെല്ലാം കഠിനമായിരുന്നു.'-സാക്ഷി പറഞ്ഞു നിര്‍ത്തിയപ്പോല്‍ വിനേഷ് ഒരു കാര്യം മാത്രം സൂചിപ്പിച്ചു, 'നമ്മുടെ നാട് എത്ര പുരോഗമിച്ചാലും പെണ്ണിന് ഉയരങ്ങളിലേക്കുള്ള യാത്ര എളുപ്പമാവില്ല.' വിനേഷ് അന്നു പറഞ്ഞതിന്റെ അര്‍ഥം പൂര്‍ണമായി പിടികിട്ടിയത് ഇപ്പോഴാണ്.

സാക്ഷി മാലിക്

ദേശീയ ഗുസ്തി ഫെഡറേഷന്റെ മുന്‍ അധ്യക്ഷനും ഭരണകക്ഷിയായ ബി.ജെ.പിയുടെ പാര്‍ലമെന്റ് അംഗവുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങ് വനിതാ ഗുസ്തിതാരങ്ങള്‍ക്കെതിരേ നടത്തിയ അതിക്രമങ്ങളില്‍ നടപടി വേണമെന്ന താരങ്ങളുടെ ആവശ്യം പോലീസും ഭരണകൂടവും മുഖവിലയ്ക്കെടുക്കാതെ വന്നപ്പോഴാണ് സാക്ഷിക്കും വിനേഷിനുമെല്ലാം തെരുവിലിറങ്ങേണ്ടി വന്നത്. ആഴ്ചകളോളമായി പൊരിവെയിലത്ത് സമരം ചെയ്യുന്ന ഇന്ത്യയുടെ അഭിമാന താരങ്ങളോട് തികച്ചും നിഷേധാത്മകമായ നിലപാടാണ് ഭരണകൂടം കൈക്കൊള്ളുന്നത്. മാത്രമല്ല സമരം ചെയ്യുന്നവരെ പോലീസ് നിരന്തരം ഭിഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നു. അവര്‍ക്കെതിരേ കേസുകള്‍ ഫയല്‍ ചെയ്യുന്നു. വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് അവര്‍ കെട്ടിപ്പടുത്ത കരിയര്‍ തകര്‍ത്തുകളയുന്നു.

ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്|AFP

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന പരാതി പോലും ബ്രിജ്ഭൂഷണെതിരെ ഉയര്‍ന്നിട്ടുണ്ട്. എന്നിട്ടും അയാളെ സംരക്ഷിക്കുന്നതിന് വേണ്ടി അധികാര ദുര്‍വിനിയോഗം നടത്തുകയാണ് ഭരണകൂടം. മോഹങ്ങളും സ്വപ്നങ്ങളും മാറ്റിവെച്ച് വര്‍ഷങ്ങളോളും കഠിനാധ്വാനം ചെയ്ത് ലോകത്തിന് മുന്നില്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ സാക്ഷി മാലിക്കിനേയും വിനേഷ് ഫോഗട്ടിനേയും പോലുള്ള പെണ്‍കുട്ടികളുടെ മഹത്വം അളക്കാന്‍ അധികാരത്തിന്റെ ചെങ്കോലുകളോ അംശവടികളോ മതിയാവില്ലെന്ന തിരിച്ചറിവ് നമ്മുടെ ഭരണകൂടത്തിന് ഉണ്ടാവണം. ഇനിയും അതിന് വൈകിയാല്‍ മാനക്കേടിന്റെ തീരാനരകത്തിലേക്ക് രാജ്യവും ജനതയും കൂപ്പുകുത്തും.

Content Highlights: Indian women wrestlers protest in Delhi Sakshi Malik Vinesh Phogat Brij Bhushan Sharan Singh

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India failed to find a reliable No 4 batter which haunted them at the 2019 World Cup
Premium

7 min

അയ്യരുടെ തിരിച്ചുവരവില്‍ ടെന്‍ഷനൊഴിഞ്ഞു; രണ്ടിലൊന്നല്ല ഇന്ത്യയ്ക്ക് അറിയേണ്ടത് നാലിലൊന്ന്

Oct 3, 2023


team india s u turn on Ravichandran Ashwin reasons behind his return for the Australia odis

5 min

'ആഷ്' ഉണ്ടാകുമോ ലോകകപ്പില്‍? അശ്വിന്റെ കാര്യത്തില്‍ ടീം ഇന്ത്യയുടെ യു ടേണിന് പിന്നില്‍

Sep 20, 2023


world chess sensation praggnanandhaas mother nagalakshmis lifestory
Premium

5 min

രസവും ചോറുമുണ്ടാക്കാന്‍ റൈസ് കുക്കറുമായി കൂടെപ്പോകുന്ന അമ്മ;പ്രഗ്നാനന്ദയുടെ നിഴല്‍പോലെ നാഗലക്ഷ്മി

Aug 24, 2023


Most Commented