ദോഹയില്‍ ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറ്റ ഇനമായ മിക്‌സ്ഡ് റിലേയില്‍ ഫൈനലില്‍ കടന്ന ഇന്ത്യന്‍ ടീമില്‍ നാലുപേരും മലയാളികള്‍. മുഹമ്മദ് അനസ്, വി.കെ. വിസ്മയ, ജിസ്‌ന മാത്യു, നോഹ് നിര്‍മല്‍ ടോം. ഫൈനല്‍ ബര്‍ത്തോടെ ഇന്ത്യ 2020-ലെ ടോക്യോ ഒളിമ്പിക്‌സിനു യോഗ്യതയും നേടി. ടോക്യോയില്‍ ടീം മാറാം. കാരണം ഇന്ത്യയുടെ മികച്ച ഒരു ലാപ് ഓട്ടക്കാരി ഹിമ ദാസിനു പരിക്കേറ്റതും ഈ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ താരം അഞ്ജലി ദേവിക്ക് ദേശീയ ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതു മൂലം റിലേ ടീമില്‍ അവസരം നഷ്ടപ്പെട്ടതും കണക്കിലെടുക്കണം. പുരുഷ താരം ആരോഗ്യ രാജീവിന്റെ പരിക്കാണ് നോഹയ്ക്കു വഴിതുറന്നത്.

പക്ഷേ, കേരളത്തിന് ഇതൊരു തിരിച്ചുവരവാണ്. ഒപ്പം ജിസ്‌നയ്ക്കും. 2017-ലെ ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍, 4X400 മീ റിലേയില്‍ മലയാളികളായ അനില്‍ഡ തോമസും ജിസ്‌ന മാത്യുവും ഉണ്ടായിരുന്നു. പക്ഷേ, ജിസ്‌നയ്ക്കു ട്രാക്ക് തെറ്റി. കഴിഞ്ഞ വര്‍ഷം ജക്കാര്‍ത്തയില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ ടീമില്‍ ജിസ്‌നയില്ലായിരുന്നു. വിസ്മയയാണ് ഓടിയത്.

1982-ലെ ദില്ലി ഏഷ്യന്‍ ഗെയിംസ് മുതലുള്ളതാണ് ഇന്ത്യന്‍ വനിതാ റിലേ ടീമിലെ മലയാളി ആധിപത്യം. അന്ന് വെള്ളി നേടിയ ടീമില്‍ പത്മിനി തോമസും എം.ഡി.വല്‍സമ്മയും ഉണ്ടായിരുന്നു. ശ്രീകുമാരിയമ്മയെ അവസാന നിമിഷം ട്രയല്‍ നാടകത്തിലൂടെ തഴഞ്ഞ് ഹമീദാ ബാനുവിനെ തിരുകിക്കയറ്റിയില്ലായിരുന്നെങ്കില്‍ സ്വര്‍ണം തന്നെ കിട്ടിയേനെ.

86-ല്‍ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയപ്പോള്‍ വത്സമ്മയും ഷൈനിയും ഉഷയും പങ്കാളികളായി. ബെയ്ജിങ്ങില്‍ ഉഷയും കെ.സാറാമ്മയും ശാന്തിമോള്‍ ഫിലിപ്പും ഉള്‍പ്പെട്ട ടീം വെള്ളി നേടി. ഹിരോഷിമയില്‍ വെള്ളി നിലനിര്‍ത്തിയപ്പോള്‍ സാറാമ്മയും ഷൈനിയും ഉഷയും ഓടി. 98-ല്‍ ബാങ്കോക്ക് ഏഷ്യാഡില്‍ വീണ്ടും വെള്ളി. ബീനാ മോളും ജിന്‍സി ഫിലിപ്പും റോസക്കുട്ടിയും മത്സരിച്ചു. ജിന്‍സി ടീമിലെത്തിയപ്പോള്‍ തഴയപ്പെട്ടത് പി.ടി.ഉഷയാണ്. ഒരു മെഡലുമായി രാജ്യാന്തര മത്സരരംഗം വിടാന്‍ ആഗ്രഹിച്ച ഉഷയ്ക്ക് അത് വലിയ തിരിച്ചടിയായി.

2002-ല്‍ ബീനാ മോളും ജിന്‍സിയും ഉള്‍പ്പെട്ട ടീം സ്വര്‍ണം നേടി. 98-ല്‍ വനിതകള്‍ക്കൊപ്പം വെള്ളി നേടിയ പുരുഷ റിലേ ടീമില്‍ രാമചന്ദ്രനും ലിജോ ഡേവിഡും ഉള്‍പ്പെട്ടു.2002-ല്‍ പുരുഷന്‍മാര്‍ വീണ്ടും വെള്ളി അണിഞ്ഞപ്പോള്‍ രാമചന്ദ്രനും മനോജ് ലാലും ഓടി. ജിന്‍സി രാമചന്ദ്രന്റെ ജീവിത പങ്കാളിയായതും ചരിത്രം. 2006-ല്‍ ദോഹയില്‍ വനിതകള്‍ സ്വര്‍ണം കാത്തപ്പോള്‍ മലയാളി പ്രാതിനിധ്യം ചിത്ര കെ.സോമനില്‍ ഒതുങ്ങി. 20100-ല്‍ ചിത്ര റിസര്‍വ് ആയപ്പൊള്‍ സിനി ജോസ് സ്വര്‍ണം അണിഞ്ഞു. 2014-ല്‍ സ്വര്‍ണ നേട്ടത്തില്‍ പങ്കാളിത്തം ടിന്റു ലൂക്കയില്‍ ഒതുങ്ങി.

ഒളിമ്പിക്‌സില്‍, 1984-ല്‍ ലൊസ് ആഞ്ജലീസില്‍ ഫൈനല്‍ ഓടി ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച ടീമില്‍ വത്സമ്മയും ഷൈനിയും ഉഷയും ഉള്‍പ്പെട്ടിരുന്നു. 96-ല്‍ അറ്റ്‌ലാന്റയില്‍ ഉഷയ്ക്കു പകരം ബീനാ മോള്‍ ടീമിലെത്തി. ഷൈനിയും റോസക്കുട്ടിയും ഒപ്പമുണ്ടായിരുന്നു, പക്ഷേ, ടീം അയോഗ്യരായി. സിഡ്നിയില്‍ ബീനാ മോളും ജിന്‍സിയും റോസക്കുട്ടിയും ആഥന്‍സില്‍ ബീനാ മോളും ചിത്ര കെ.സോമനും കേരള സാന്നിധ്യമായി. ബെയ്ജിങ്ങില്‍ ചിത്രയും റിയോയില്‍ ടിന്റുവും അനില്‍ഡ തോമസും മത്സരിച്ചു.

മെല്‍ബന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ടീമില്‍ ചിത്ര കെ.സോമനും ന്യൂഡല്‍ഹിയില്‍ സ്വര്‍ണ നേട്ടത്തില്‍ ചിത്രയും സിനി ജോസും 2014-ല്‍ ഫൈനലില്‍ കടന്ന ടീമില്‍ ടിന്റുവും അനില്‍ഡയും മലയാളി സാന്നിധ്യമായി. കഴിഞ്ഞ വര്‍ഷം വനിതാ വിഭാഗത്തിലെ അസാന്നിധ്യം പുരുഷ വിഭാഗത്തില്‍ നികത്തി. ഇനി, ഹിമയോടും അഞ്ജലിയോടും മത്സരിച്ച് വിസ്മയയും ജിസ്‌നയും ആധിപത്യം ഉറപ്പിക്കട്ടെ.

Content Highlights: Indian Relay Team and Malayali Athlets World Athletic Championship