ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര ഇന്ത്യന്‍ ടീമിന് ഒരു ടെസ്റ്റ് ഡോസ് ആണെന്ന് ക്യാപ്റ്റന്‍ വിരാട് കോലി ആദ്യമേ വ്യക്തമാക്കിയിരുന്നു. ഈവര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് കോലി അങ്ങനെ പറഞ്ഞത്. പുതുമുഖങ്ങളെ ചേര്‍ത്തുപിടിച്ച പരീക്ഷണത്തിനൊടുവില്‍, ഇന്ത്യ പരമ്പര (3-2) നേടി.

ശനിയാഴ്ച, നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 224 അടിച്ച് 36 റണ്‍സിന് ജയിച്ചതുമാത്രമല്ല, ഓപ്പണിങ്ങില്‍ പരീക്ഷണാര്‍ഥം ഇറങ്ങിയ രോഹിത് ശര്‍മവിരാട് കോലി സഖ്യം വന്‍ വിജയമായതും ടീമിന് ആവേശം പകരുന്നു. അടുത്തമാസം തുടങ്ങുന്ന ഐ.പി.എലിലും ഓപ്പണറാകുമെന്ന് കോലി പറഞ്ഞു. അഞ്ചു മത്സരങ്ങളില്‍ ഇന്ത്യ നാലു ഓപ്പണിങ് ജോഡിയെ പരീക്ഷിച്ചു. ശിഖര്‍ ധവാന്‍കെ.എല്‍. രാഹുല്‍, രാഹുല്‍-ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ- രാഹുല്‍, രോഹിത-്‌കോലി എന്നിങ്ങനെ. ട്വന്റി 20 യില്‍ ആദ്യമായി ഓപ്പണ്‍ ചെയ്ത രോഹിത്-കോലി സഖ്യം ശനിയാഴ്ച 54 പന്തില്‍ 94 റണ്‍സടിച്ച് പിരിഞ്ഞതോടെ ഒരു ചോദ്യത്തിന് ഉത്തരമായി.

ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടു ബാറ്റ്‌സ്മാന്‍മാര്‍ പരമാവധി പന്തുകള്‍ കളിക്കണമെന്നും അതിനാല്‍ ഓപ്പണര്‍മാരായി ഇറങ്ങുന്നത് തുടരണമെന്നും സുനില്‍ ഗാവസ്‌കര്‍ അടക്കമുള്ളവര്‍ പറയുകയും ചെയ്തു. ഓപ്പണറായി ഇറങ്ങി താനോ രോഹിതോ ക്രീസില്‍ തുടരുന്നത് മധ്യനിരയിലെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ ആശ്വാസം പകരുമെന്ന് കോലിയും പ്രതികരിച്ചു.

ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മധ്യനിരയില്‍ ഉത്തരവാദിത്തത്തോടെ കളിക്കുന്നതും കോലിക്ക് ആദ്യം ഇറങ്ങാന്‍ ധൈര്യം പകരുന്നു.

ഒന്നാം ട്വന്റി 20 യിലടക്കം തുടര്‍ച്ചയായി രണ്ട് ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായശേഷം മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടി (73*, 77*, 80*) ട്വന്റി 20 പരമ്പരയുടെ താരമായത് വലിയൊരു തിരിച്ചുവരവ് കൂടിയാണ്. പരമ്പരയില്‍ കോലി മൂന്നു പൊസിഷനില്‍ (ഓപ്പണര്‍, വണ്‍ഡൗണ്‍, ടു ഡൗണ്‍) ബാറ്റിങ്ങിന് ഇറങ്ങി.

പക്ഷേ, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്ക് ഈ പരീക്ഷണം അത് അത്ര ആഹ്ലാദകരമായിരിക്കില്ല. ഒരു ഇന്നിങ്‌സിനുശേഷമാണ് ധവാനെ പുറത്തിരുത്തിയതെങ്കില്‍ നാല് ഇന്നിങ്‌സില്‍ പരാജയമായപ്പോഴാണ് രാഹുലിനെ (1, 0, 0, 14) മാറ്റിയത്.

ഐ.പി.എലിലെ അതിഗംഭീര പ്രകടനത്തിലൂടെ മാത്രമേ ധവാന് ടീമില്‍ തിരിച്ചെത്താനാകൂ. സമീപകാലംവരെ പരിമിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്തനായിരുന്ന രാഹുലിനെ അത്രപെട്ടെന്ന് മാറ്റിനിര്‍ത്താനാകില്ല. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ എന്നീ രണ്ട് ബാറ്റ്‌സ്മാന്‍മാരെ ഈ പരമ്പരയിലൂടെ ഇന്ത്യ ആദ്യമായി കളിപ്പിച്ചു. രണ്ടുപേരും ഒന്നിനൊന്ന് മെച്ചമായി. ഇഷാനും സൂര്യകുമാറും ആദ്യ ഇന്നിങ്‌സില്‍ത്തന്നെ അര്‍ധസെഞ്ചുറി നേടി. അതുകൊണ്ട് രാഹുലിന് മുന്നിലും വെല്ലുവിളികളുണ്ട്.

ലോകകപ്പിനുമുമ്പ് ഇന്ത്യയ്ക്ക് മറ്റ് ട്വന്റി 20 മത്സരങ്ങള്‍ നിശ്ചയിച്ചിട്ടില്ല. ഐ.പി.എല്ലിനുശേഷം ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് പോകും.

Content Highlights: Indian opening batsman KL Rahul struggles in international twenty 20 matches