കോട്ടിന്റെ പോക്കറ്റില്‍ നിന്ന് പുറത്തെടുത്ത മണിച്ചെപ്പ് തുറന്ന് മാനുവല്‍ ആ മെഡല്‍ ആകാശത്തേക്കുയര്‍ത്തി. പിന്നെ അഭിമാനവും ആഹ്ലാദവും നിറഞ്ഞൊഴുകുന്ന മുഖത്തേക്ക് ചേര്‍ത്തുവെച്ച് ആ മെഡലില്‍ ഒരു സ്‌നേഹമുത്തം. എല്ലാം കണ്ട് അരികില്‍ നിന്നിരുന്ന ചന്ദ്രശേഖറിന്റെയും ശ്രീജേഷിന്റെയും മനസ്സിലെ ആഗ്രഹവും അപ്പോള്‍ പകല്‍ പോലെ നമുക്ക് വായിച്ചെടുക്കാമായിരുന്നു. അവരുടെ മനസ്സറിഞ്ഞതുപോലെ മാനുവല്‍ ആ മെഡല്‍ അവര്‍ക്കു നേരെ നീട്ടി. 

ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിധി കിട്ടിയതുപോലെ ഇരുവരും ആ മെഡല്‍ ചുണ്ടോടു ചേര്‍ത്തു. കായിക കേരളത്തിന്റെ അഭിമാനമായ മൂന്ന് നക്ഷത്രങ്ങള്‍ കൊച്ചിയുടെ മുറ്റത്ത് കണ്ടുമുട്ടുമ്പോള്‍ സൂപ്പര്‍ താരം ആ മെഡല്‍ തന്നെയായിരുന്നു. 1972ലെ മ്യൂണിച്ച് ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീം നേടിയ വെങ്കല മെഡലുമായി മാനുവല്‍ ഫ്രെഡറിക്സ് ബെംഗളുരുവില്‍ നിന്ന് കൊച്ചിയിലെത്തുമ്പോള്‍ അത് കാണാനായി ഒളിമ്പ്യന്‍മാരായ ഒ.ചന്ദ്രശേഖറും പി.ആര്‍. ശ്രീജേഷും ഒത്തുചേര്‍ന്നതും കാലം കാത്തുവെച്ച നിയോഗമാകാം. 

അന്ന് മരണക്കളി... ഇന്ന്

1960ലെ റോം ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച ഫുട്ബോള്‍ താരം ഒ.ചന്ദ്രശേഖരന്‍, 1972ലെ മ്യൂണിച്ച് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ അംഗമായിരുന്ന മാനുവല്‍ ഫ്രെഡറിക്സ്, 2016ലെ റിയോ ഒളിമ്പിക്സിലെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനായിരുന്ന പി.ആര്‍.ശ്രീജേഷ്....മാതൃഭൂമിക്കായി അല്‍പ്പനേരം ഒത്തുകൂടാമോയെന്ന് ചോദിച്ചപ്പോള്‍ മൂന്നു പേര്‍ക്കും നിറഞ്ഞ സന്തോഷം. വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങുമ്പോള്‍ മാനുവല്‍ ആദ്യം ഉയര്‍ത്തിക്കാണിച്ചത് ആ മെഡല്‍ തന്നെയായിരുന്നു. 

'നിങ്ങള്‍ കണ്ടോ ഈ മെഡല്‍...ഇതിനു വേണ്ടിയാണ് ഇന്ന് സര്‍ക്കാര്‍ കോടികള്‍ മുടക്കുന്നത്. ഞങ്ങളൊക്കെ കളിക്കുന്ന കാലത്ത് രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം ഒരു മരണക്കളി തന്നെയായിരുന്നു. ചത്ത് കളിച്ചാലേ രാജ്യത്തിന് വിജയം നേടിക്കൊടുക്കാനാകൂയെന്ന ചിന്തയിലായിരുന്നു ടീമിലെ ഓരോ അംഗവും. ഇന്നത്തെ കുട്ടികള്‍ക്ക് രാജ്യത്തിനായി കളിക്കുമ്പോള്‍ അത്രയധികം വികാരമുണ്ടാകുമോയെന്ന് എനിക്ക് സംശയമുണ്ട്...' മാനുവല്‍ പറഞ്ഞുതുടങ്ങിയത് പൂരിപ്പിച്ചത് ചന്ദ്രശേഖറായിരുന്നു. 

'മാനുവല്‍ പറഞ്ഞതില്‍ കാര്യമുണ്ട്. ഞങ്ങളുടെയൊക്കെ കാലത്ത് രാജ്യത്തിനായി കളിക്കുകയെന്നത് വലിയൊരു വികാരമായിരുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് അതൊന്നും ഇല്ലെന്നല്ല പറയുന്നത്. പക്ഷേ അവരില്‍ പലരും കളിക്കുന്നത് ജോലിക്ക് വേണ്ടിയാണ്. അത് കിട്ടിക്കഴിഞ്ഞാല്‍ അവര്‍ കളിയും നിര്‍ത്തും. ഒളിമ്പിക്സില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമായി കാണുന്ന എത്ര പേരുണ്ട്....' ചന്ദ്രശേഖറിന്റെ ചോദ്യത്തിന് ഒരു പുഞ്ചിരിയായിരുന്നു ശ്രീജേഷിന്റെ മറുപടി.

ജയത്തേക്കാള്‍ വലിയൊരു തോല്‍വി

മാനുവല്‍ നീട്ടിയ ഒളിമ്പിക്സ് മെഡലില്‍ മുത്തമിടുമ്പോഴാണ് ശ്രീജേഷ് ആ ചോദ്യം ചോദിച്ചത്. 'സാറിന്റെ കായിക ജീവിതത്തിലെ ഏറ്റവും അമൂല്യമായൊരു സമ്മാനമല്ലേ ഈ മെഡല്‍. ഈ വിജയത്തിന്റെ ഓര്‍മകള്‍ എന്നും മനസ്സിലുണ്ടാകില്ലേ..' ചോദ്യത്തിന് മാനുവലിന്റെ ആദ്യത്തെ ഉത്തരം ഒരു നെടുവീര്‍പ്പായിരുന്നു.

'ഒളിമ്പിക്സിലെ ഈ വെങ്കല മെഡല്‍ വലിയ അഭിമാനം തന്നെയാണ്. പക്ഷേ ഈ വിജയത്തേക്കാള്‍ എന്നെ പലപ്പോഴും വേട്ടയാടുന്നത് ഒരു തോല്‍വിയാണ്. അന്ന് സെമിയില്‍ പാകിസ്താനോട് പരാജയപ്പെട്ടത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. എത്രയോ ഗോളവസരങ്ങള്‍ സൃഷ്ടിച്ചിട്ടും നിര്‍ഭാഗ്യവശാല്‍ നമുക്ക് അതൊന്നും നേടാനായില്ല. ഗോളിയെയും മറികടന്നു പോയ അശോക് കുമാര്‍ പാഴാക്കിയ തുറന്ന അവസരത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണുകള്‍ നിറയും. പാകിസ്താനേക്കാള്‍ ഏറെ മികച്ച ടീമായിരുന്നിട്ടും നമുക്ക് ജയിക്കാനായില്ല. പിന്നെ ലൂസേഴ്സ് ഫൈനലില്‍ ഹോളണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. അന്ന് പാകിസ്താനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ നമുക്ക് സ്വര്‍ണം തന്നെ നേടാനാകുമെന്നാണ് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത്...' സങ്കടത്തിന്റെ നനവില്‍ മാനുവല്‍ പറഞ്ഞുനിര്‍ത്തുമ്പോള്‍ സ്‌നേഹപൂര്‍വം ചന്ദ്രശേഖര്‍ തോളില്‍ത്തട്ടി. 

കളി തന്നെ ജീവിതം 

കളി വിശേഷങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയിലാണ് ശ്രീജേഷ് ഇരുവരോടും കുടുംബവിശേഷങ്ങള്‍ ചോദിച്ചത്. മാനുവല്‍ ബംഗളൂരുവില്‍ താമസിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ശ്രീജേഷിന്റെ അടുത്ത ചോദ്യമെത്തി. 'സാറിന് കേരളത്തിലേക്ക് വന്നൂടേ. ഇവിടെ കുട്ടികള്‍ക്ക് കോച്ചിങ്ങ് കൊടുത്താല്‍ അത് ഞങ്ങള്‍ക്ക് വലിയ അനുഗ്രഹമാകും...'  ശ്രീജേഷിന്റെ ക്ഷണത്തിന് പുഞ്ചിരിയോടെയായിരുന്നു മാനുവലിന്റെ മറുപടി.

 'കണ്ണൂരുകാരനാണെങ്കിലും ഞാന്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം ബംഗളൂരുവിലാണ് താമസിക്കുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് എന്റെ കുടുംബം. കളി കാണാനായി ഇപ്പോഴും ഞാന്‍ പലയിടങ്ങളിലും പോകാറുണ്ട്. കേരളത്തില്‍ നല്ല ഹോക്കി ടീമിനുള്ള സാധ്യതകളുണ്ട്. പക്ഷേ അതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണം. ശ്രീജേഷിനെപ്പോലുള്ള താരങ്ങളെ മാതൃകയാക്കി കുട്ടികള്‍ ഹോക്കിയിലേക്ക് കടന്നുവരുമെന്നാണ് എന്റെ പ്രതീക്ഷ...' മാനുവല്‍ നയം വ്യക്തമാക്കിയതിന് പിന്നാലെ ചന്ദ്രശേഖര്‍ കുടുംബവിശേഷങ്ങളുമായെത്തി.

'കാലിന് വയ്യാത്തതുകൊണ്ട് ഇപ്പോള്‍ ഞാന്‍ അധികമൊന്നും യാത്ര ചെയ്യാറില്ല. ഭാര്യയ്ക്കും പ്രായം കൂടി വരികയല്ലേ. ഞങ്ങള്‍ രണ്ടാളും വിശ്രമജീവിതത്തിലാണ് എന്നു പറയുന്നതാകും ശരി. മക്കളില്‍ ഒരാള്‍ ബംഗളൂരുവിലും രണ്ടു പേര്‍ അമേരിക്കയിലുമാണ്. രണ്ട് കൊല്ലം മുമ്പ് വരെ ഞാന്‍ കളികളൊക്കെ കാണാന്‍ പോകുമായിരുന്നു. രാത്രി വൈകിയും ടി.വി. യിലെ കളികളും കണ്ടിരിക്കുമായിരുന്നു. പേരക്കുട്ടി ആദിത്യനായിരുന്നു രാത്രിയിലെ കളി കാണാന്‍ കൂട്ടിനുണ്ടായിരുന്നത്..' ചന്ദ്രശേഖറും കുടുംബ വിശേഷങ്ങള്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ശ്രീജേഷിന്റെ കമന്റെത്തി...'അപ്പോ ഈ പ്രായത്തിലും നിങ്ങള്‍ രണ്ടാള്‍ക്കും കളി തന്നെയാണ് ജീവിതം അല്ലേ?...'

സീനിയേഴ്സ് അനുഗ്രഹിക്കുമ്പോള്‍

വിശേഷങ്ങള്‍ക്കൊടുവില്‍ യാത്ര പറഞ്ഞ് പിരിയാന്‍ തുടങ്ങുമ്പോഴാണ് മാനുവലിനോടും ചന്ദ്രശേഖറിനോടും ഒരു കാര്യം ചോദിച്ചത്. 'നിങ്ങള്‍ രണ്ടാളും വളരെ സീനിയേഴ്സ് ആയ ഒളിമ്പ്യന്‍മാരാണല്ലോ. ശ്രീജേഷിനെപ്പോലുള്ള പുതിയ തലമുറക്ക് നല്‍കാനുള്ള ഉപദേശം എന്താണ്..' ചോദ്യത്തിന് ആദ്യം ഉത്തരം പറഞ്ഞത് മാനുവലായിരുന്നു. 'ശ്രീജേഷ് അധ്വാനിയായ കളിക്കാരനാണ്. കേരളത്തില്‍ ഒട്ടും വേരോട്ടമില്ലായിരുന്ന ഹോക്കി പോലുള്ള ഒരു കളിയിലേക്ക് കടന്നുവരാനുള്ള ധൈര്യം കാണിച്ചിടത്തുനിന്നാണ് ശ്രീജേഷിന്റെ വിജയം തുടങ്ങുന്നത്.

ശ്രീയുടെ മികവിലാണ് നമ്മള്‍ ഏഷ്യന്‍ ഗെയിംസില്‍ ചാമ്പ്യന്‍മാരായത്. അതേ സമയം റിയോയില്‍ ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീ അനാവശ്യമായ ചില പിഴവുകള്‍ വരുത്തുകയും ചെയ്തു...എനിക്ക് ശ്രീയോടും വളര്‍ന്നു വരുന്ന താരങ്ങളോടും ഒന്നേ പറയാനുള്ളൂ. പിഴവുകള്‍ തിരുത്തുക...രാജ്യത്തിനായി ആത്മാര്‍ത്ഥതയോടെ പോരാടുക...' മാനുവലിന്റെ ഉപദേശം വളരെ നീണ്ടതുകൊണ്ടാകാം ചന്ദ്രശേഖര്‍ രണ്ടു വാചകങ്ങളില്‍ സംസാരം നിര്‍ത്തിയത്.

'ശ്രീജേഷ് മികച്ച കളിക്കാരനാണ്. അവന്‍ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തും...' സീനിയേഴ്സിന്റെ ആശംസകളും അനുഗ്രഹങ്ങളും പുഞ്ചിരിയോടെ ഏറ്റുവാങ്ങി നടന്നകലുന്നതിന് മുമ്പേ ശ്രീ ഒരിക്കല്‍ കൂടി ആ മെഡലിനു നേരെ കൈ നീട്ടി. മാനുവല്‍ നല്‍കിയ മെഡലില്‍ വീണ്ടും മുത്തമിടുമ്പോള്‍ ശ്രീജേഷിന്റെ മുഖത്തെ പുഞ്ചിരിക്കൊപ്പം പുതിയ ലക്ഷ്യങ്ങളും തെളിയുന്നുണ്ടായിരുന്നു.