ചക്ദേ ഇന്ത്യയിലെ രംഗം, എം.കെ കൗശിക്
'ചക് ദേ ഇന്ത്യ'യുടെ ജനപ്രീതിയില്‍ രണ്ടില്ല പക്ഷം. എല്ലാ അര്‍ഥത്തിലും ഇന്ത്യന്‍ സ്പോര്‍ട്സ് സിനിമകളുടെ ശ്രേണിയില്‍ ഒരു നാഴികക്കല്ലാണ്, കായികതാരങ്ങള്‍ക്ക് പ്രചോദനമാണ് ഈ ഷാരൂഖ് ചിത്രം. എന്നാല്‍, അതിലെ നായകന് കബീര്‍ ഖാന്റെ റിയല്‍ ലൈഫ് കഥാപാത്രം ആരാണെന്ന കാര്യത്തിലുള്ള ഇന്നും പക്ഷം രണ്ടുണ്ട്. മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ മിര്‍ രഞ്ജന്‍ നേഗിയുടെ സംഭവബഹുലമായ ജീവിതത്തില്‍ നിന്നാണ് തിരക്കഥാകൃത്ത് ജയ്ദീപ് സാഹ്നി കബീര്‍ ഖാനെ സൃഷ്ടിച്ചത് എന്നാണ് പൊതുവേയുള്ള വിശ്വാസം. അമ്മട്ടിലാണ് അക്കാലത്ത് കഥകളായ കഥകളൊക്കെ മെനയപ്പെട്ടത്. സിനിമയില്‍ പാകിസ്താനോട് തോറ്റതിന്റ പഴിയേറ്റ് കബീര്‍ ഖാന് നാടുവിടേണ്ടിവന്ന രംഗങ്ങളാവാം അതിന് കാരണം.
ചക് ദേ ഇന്ത്യയ്ക്കുശേഷമുള്ള കഥകള്‍ നേഗി നന്നായി ആസ്വദിച്ചു. ആളുകള്‍ റിയല്‍ ലൈഫ് ഹീറോയെ തേടിയിറങ്ങി. പൊടിപ്പും തൊങ്ങലുംവച്ച് എണ്ണമറ്റ ഫീച്ചറുകള്‍ വന്നു. നേഗി ഓടിനടന്ന് അഭിമുഖങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു. കബീര്‍ ഖാന് താന്‍ തന്നെയെന്ന് സ്വയം സാക്ഷ്യപ്പെടുത്തിക്കൊണ്ടിരുന്നു. 'ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രം അറിയുന്നവര്‍ക്ക് മുഴുവന്‍ മനസിലാവും ഈ സിനിമ എന്റെ മാത്രം ജീവിതകഥയാണെന്ന്'-അഭിമുഖങ്ങളില്‍ നേഗി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 1982 ഏഷ്യന്‍ ഗെയിംസില്‍ പാകിസ്താനോടേറ്റ നാണംകെട്ട ഫൈനല്‍ തോല്‍വിയുടെയും തുടര്‍ന്നുയര്‍ന്ന ഒത്തുകളി വിവാദത്തിന്റെയും മുറിവുകള്‍ മായ്ക്കാനുള്ള മറയായി നേഗിക്ക് ഈ വീരകഥകള്‍. അക്ഷരാർഥത്തിൽ ഒരു രണ്ടാം ജന്മം.
എന്നാല്‍, പാകിസ്താനോടേറ്റ തോല്‍വിക്കുശേഷം അമ്മയെയും കൊണ്ട് നാടുവിടേണ്ടിവരുന്ന കബീര്ഖാനില് തീര്‍ന്നു അക്ഷരാര്‍ഥത്തില്‍ ചക് ദേ ഇന്ത്യയില്‍ നേഗിയുടെ വെള്ളിത്തിരയിലെ റോള്‍. കഥ പിന്നീട് പറഞ്ഞതത്രയും മറ്റൊരു പരിശീലകന്റെ ജീവിതമാണ്. മഹാരാജ് കൃഷൻ കൗശിക് എന്ന എം.കെ.കൗശിക്ക് പക്ഷേ, അവകാശവാദങ്ങള്‍ക്കൊന്നും പോയില്ല. അവസാനം കോവിഡ് ജീവന് കവരുംവരെ എല്ലാ ബഹളങ്ങളിലും നിശബ്ദനായിനിന്നു.
പണ്ടും ഇങ്ങനെ സൗമ്യന്‍ തന്നെയായിരുന്നു കൗശിക്. നേട്ടങ്ങള്‍ ചുറ്റുമിരുന്ന് കൊട്ടിപ്പാടുമ്പോള്‍ മാത്രമല്ല, അതിന് തൊട്ടുപിറകെ പാരിതോഷികമായി ക്രൂരമായി പടിയടച്ച് പിണ്ഡംവയ്ക്കുമ്പോഴും. കൗശിക് പരാതിയുമായി ഒരു പടിയും കയറിച്ചെന്നില്ല. പ്രതികരിച്ച് പ്രശസ്തി പിടിച്ചുപറ്റാനും പോയില്ല. ഈ വേദനകള്‍ പലതും എത്രമാത്രം ഉള്ളില്‍ ചോര പൊടിച്ചിരുന്നുവെന്ന് നമ്മള് അറിഞ്ഞതുതന്നെ 'ഗോള്‍ഡന്‍ ബൂട്ട്' എന്ന ആത്മകഥ ഇറങ്ങിയപ്പോള്‍ മാത്രമാണ്.
ചെറുതായിരുന്നില്ല കളിക്കാരനായും പരിശീലകനായുമുള്ള കൗശിക്കിന്റെ സേവനം. 1980ലെ മോസ്ക്കോ ഒളിമ്പിക്സില്‍ ഭാസ്കരന്റെ നേതൃത്വത്തില്‍ ഇന്ത്യ പതിനാറ് വര്‍ഷത്തെ ഇളവേളയ്ക്കുശേഷം സ്വര്‍ണം നേടിയ ടീമില്‍ അംഗമായിരുന്നു കൗശിക്കും കൗശിക്കിനൊപ്പം തന്നെ കോവിഡിനു കീഴടങ്ങിയ രവീന്ദ്രപാല്‍ സിങ്ങും. ഫൈനലില്‍ ഗോള്‍ നേടുക വരെ ചെയ്ത താരമായിരുന്നു കൗശിക്കിനേക്കാള് ഏതാനും മണിക്കൂറുകള്‍ മുന്‍പ് മാത്രം അവസാനശ്വാസമെടുത്ത ആര്.പി.സിങ്. ഇന്ത്യ പിന്നീട് ഒളിമ്പിക്സിന്റെ ഫൈനല്‍ പോലും കണ്ടില്ല എന്നത് വേറെ കാര്യം.
ഒളിമ്പിക്സില്‍ മാത്രമല്ല, പിന്നീട് ഏഷ്യന്‍ ഗെയിംസ് സ്വർണം എന്ന ഇന്ത്യയുടെ സ്വപ്നം 32 വര്‍ഷത്തിനുശേഷം പൂവണിഞ്ഞതും കൗശിക്കിലൂടെയായിരുന്നു. 1998 ക്വാലാലംപുര്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു കൗശിക്. അന്ന് ടീമിന്റെ ഗോള്‍കീപ്പിങ് കോച്ചായിരുന്നു രഞ്ജന്‍ നേഗി. പിന്നീട് 2002ല്‍ ഇന്ത്യന്‍ വനിതകള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം നേടിയ ചരിത്രം കുറിക്കുമ്പോഴും കൗശിക്കായിരുന്നു മുഖ്യപരിശീലകന്‍. നേഗി ഗോള്‍കീപ്പിങ് പരിശീലകനും. ഈ വിജയമാണ് സത്യത്തില്‍ ചക് ദേ ഇന്ത്യയ്ക്ക് പ്രചോദനമായത്. പക്ഷേ, അതിന്റെ റിയല്‍ ലൈഫ് ക്രെഡിറ്റ് നേഗിക്ക് മാത്രമായി വീതംവയ്ക്കപ്പെട്ടുവെന്ന് മാത്രം.
അതിനുശേഷം പരിശീലകനായി ഇന്ത്യന്‍ വനിതകള്‍ക്ക് 2006ല്‍ ഏഷ്യന്‍ ഗെയിംസ് വെങ്കലവും സഹപരിശീലകനായി പുരുഷന്മാര്ക്ക് 2014ല്‍ ഒരിക്കല്‍ക്കൂടി ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും നേടിക്കൊടുത്തു കൗശിക്. രാജ്യം പത്മശ്രീയും ദ്രോണാചാര്യ പുരസ്കാരവുമെല്ലാം നല്കി ആദരിച്ചെങ്കിലും രണ്ട് തീരാമുറിവുകളും ഏല്പിച്ചു ഇക്കാലത്തിനിടെ കൗശിക്കിന്റെ ജീവിതത്തില്‍.
ആദ്യത്തേത് 1998ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടത്തിന് തൊട്ടുപിറകെയായിരുന്നു. യൂട്രെച്ച് ലോകകപ്പിലെ നാണംകെട്ട പ്രകടനത്തിനുശേഷം അടിമുടി അഴിച്ചുപണിത് കൗശിക്കിനും ക്യാപ്റ്റന്‍ ധന്‍രാജ് പിള്ളയ്ക്കുമൊപ്പമെത്തിയ ടീം അവിശ്വസനീയായ പ്രകടനമാണ് പുറത്തെടുത്തത്. അടിമുടി ധന്‍രാജ് ഷോയായിരുന്ന ടൂര്‍ണമെന്റില്‍ പെനാല്‍റ്റി സ്ട്രോക്കിലായിരുന്നു ഫൈനലില്‍ ഇന്ത്യയുടെ ജയം. അതും വലിയ എതിര്പ്പുകള്ക്ക്ശേഷം കൗശിക്ക് ടീമിലേയ്ക്ക് തിരിച്ചുകൊണ്ടുവന്ന ആശിഷ് ബല്ലാളിന്റെ മിടുക്കില്‍. രണ്ട് സ്ട്രോക്കുകളാണ് ബെല്ലാള്‍ ഫൈനലില്‍ തടഞ്ഞിട്ടത്. പതിവിന് വിപരീതമായി മത്സരശേഷം കളിക്കാര്‍ക്കൊപ്പം ത്രിവര്‍ണപതാകയുമായി ഗ്രൗണ്ട് മുഴുവന്‍ ഓടിക്കൊണ്ടായിരുന്നു കൗശിക്കിന്റെ അന്നത്തെ ആഘോഷം.
ലോകകപ്പിനുശേഷം മാനസികമായി തകര്‍ന്നുപോയ ടീമിനെ ഈ നിലയിലെത്തിച്ചതിന്റെ ബഹുമതി കോച്ച് കൗശിക്കിന് മാത്രം അവകാശപ്പെട്ടതാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞിട്ടുണ്ട് അന്നത്തെ നായകന് ധന്‍രാജ് പിള്ള. 'അന്ന് ഫോമില്ലാതെ വലയുകയായിരുന്ന എന്നെയും ആശിഷ് ബല്ലാളിനെയും മുകേഷ് കുമാറിനെയും പോലുള്ള കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്കി മത്സരസജ്ജരാക്കിയത് കൗശിക് സര് ആയിരുന്നു. ഏഷ്യന്‍ ഗെയിംസ് മാത്രമല്ല, രണ്ട് വര്‍ഷത്തിനപ്പുറത്തെ സിഡനി ഒളിമ്പിക്സിലും പിന്നെ 2002 വരെയും ഞങ്ങള്‍ക്കു കളിക്കാനാവുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹം പകര്ന്നുനല്കിയത്. ഞങ്ങള്‍ക്ക് മുഴുവന്‍ സ്വാതന്ത്ര്യവും നല്കി അദ്ദേഹം. ബെംഗളൂരിലെ പരിശീലക്യാമ്പിനിടെ സായി ഡയറക്ടര്‍ എം.പി.ഗണേഷിന്റെ വീട്ടിലെ അത്താഴവിരുന്ന് അക്ഷരാര്‍ഥത്തില്‍ ഒരു ടീം മീറ്റിങ്ങായിരുന്നു. എന്നും ഓരോ ടീമിനെയും നേരിടേണ്ട തന്ത്രങ്ങള്‍ മെനയുകയായിരുന്നു ഞങ്ങള്‍ ഭക്ഷണത്തിനൊപ്പം. മോസ്ക്കോയില്‍ ഒന്നിച്ചുകളിച്ച മെര്വിന് ഫെര്ണാണ്ടസിനെപ്പോലും അദ്ദേഹം കളിക്കാര്‍ക്ക് ഉപദേശം നല്കാന് ക്ഷണിച്ചുകൊണ്ടുവരുമായിരുന്നു. വലിയ മാറ്റമാണ് ഇത് ടീമിലുണ്ടാക്കിയത്'- ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ ധന്‍രാജ് പറഞ്ഞു.
എന്നാല്‍, ടീം ചരിത്രനേട്ടം ആഘോഷിച്ച് തീരുന്നതിന് മുന്‍പായിരുന്നു പിന്നില്‍നിന്നുള്ള കുത്ത്. പരിശീലകനും സൂപ്പര്‍സ്റ്റാര്‍ ഗോള്‍കീപ്പറായിരുന്നു ആശിഷ് ബല്ലാളും ഉള്‍പ്പടെയുള്ള കളിക്കാരെയും അപ്പാടെ വെട്ടിനിരത്തുന്നതാണ് കണ്ടത്. പഞ്ചാബില്‍ ഖാലിസ്ഥാന്‍ തീവ്രവാദികളെ നേരിട്ട അതേ ഉരുക്കുമുഷ്ടിയോടെ ഹോക്കിഭരണവും നടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച കെ.പി.എസ്.ഗില്‍ എന്ന പഴയ ഡി.ജി.പി ചോദ്യംചെയ്യപ്പെടാതെ വാണ കാലമായിരുന്നു അത്. അന്നത്തെ ആ കടുംവെട്ടിന് ന്യായമായ ഒരു കാരണം നിരത്താന്‍ പോലും കൂട്ടാക്കിയിട്ടില്ല മരണം വരെ ഗില്‍. ഇക്കാര്യത്തില്‍ വിശദീകരണം തേടി ബെംഗളൂരുവിലെ ആട്രിയ ഹോട്ടലില്‍ ചെന്ന മാധ്യമസംഘത്തെ നിഷ്കരുണം ഇറക്കിവിട്ട രംഗം ഇന്നും ഓര്‍മയില്‍ കെടാതെ കിടക്കുന്നുണ്ട്. ഇന്ത്യന്‍ കായികരംഗം ഇന്നോളം കാണാത്ത കളിക്കാരുടെ കലാപത്തിനാണ് പക്ഷേ, പിന്നീടുള്ള ദിനങ്ങള്‍ സാക്ഷ്യംവഹിച്ചത്.
അതിനുശേഷമാണ് 2002ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് വനിതാ ടീമിന്റെ പരിശീലകനായി കൗശിക് തിരിച്ചെത്തുന്നത്. ഒന്നുമില്ലായ്മയില്‍ നിന്ന് വളർന്ന് സ്വര്‍ണം പിടിച്ചെടുക്കുന്ന പെണ്‍കുട്ടികളുടെ ജീവിതം സിനിമയായില്ലെങ്കിലേ അത്ഭുതമുണ്ടായിരുന്നുള്ളൂ. കൗശിക് തന്നെയാണ് പിന്നീട് ജയ്ദീപ് സെയ്നിക്കുവേണ്ട സഹായങ്ങളെല്ലാം ചെയ്തുകൊടുത്തത്. ഹോക്കിയെ കുറിച്ച് പഠിക്കുന്ന ഒരു ഗവേഷണ വിദ്യാര്‍ഥിയായാണ് സത്യത്തില്‍ സാഹ്നി ആദ്യം കൗശിക്കിന്റെ അടുത്തെത്തുന്നത്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ കണ്ടെത്തിയതിന്റെയും പല സംസ്കാരങ്ങളില്‍ നിന്ന്, കുടുംബ പശ്ചാത്തലങ്ങളില്‍ നിന്നു വന്നവരെ ഒന്നിച്ച് കൂട്ടി ക്യാമ്പ് നടത്തിക്കൊണ്ടുപോയതിന്റെയും അതിന്റെ പേരില്‍ അനുഭവിച്ച മാനസിക സമ്മര്ദത്തിന്റെയുമൊക്കെ കഥകള്‍ കൗശിക്കാണ് സാഹ്നിക്ക് വിവരിച്ചുകൊടുത്തത്.
മിര്‍ രഞ്ജന്‍ നേഗിയെ സാഹ്നിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത് പോലും കൗശിക്കാണ്. തിരക്കഥ എഴുതുന്നതുവരെ നേഗിയെ കുറിച്ച് തനിക്ക് ഒന്നുമറിയുമായിരുന്നില്ലെന്ന് സാഹ്നി തന്നെ പില്ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. തിരക്കഥ പൂര്‍ത്തിയാക്കി ഒന്നര വര്‍ഷം കഴിഞ്ഞാണ് നേഗിതന്നെ അത് വായിക്കുന്നത്. തിരക്കഥ വായിച്ചശേഷം തേങ്ങിക്കരഞ്ഞ നേഗിയുടെ മുഖം പക്ഷേ, ഇപ്പോഴുമുണ്ട് സാഹ്നിയുടെ മനസ്സില്‍. പിന്നീട് ചിത്രീകരണത്തിനുവേണ്ടി ഗോള്കീപ്പിങ്ങിന്റെയും മറ്റും വിശദാംശങ്ങളെല്ലാം താരങ്ങളെ പഠിപ്പിച്ചതുമെല്ലാം നേഗിയായിരുന്നു.
എന്നാല്‍, സിനിമയുടെ തുടക്കം ഒഴിച്ചുനിര്‍ത്തിയാല്‍ പിന്നീടുള്ള കബീര്‍ ഖാന്റെ ജീവിതവും പരിശീലനവും സിനിമയിലെ പല രംഗങ്ങളും കൗശിക്കിന്റെ ജീവിതത്തിന്റെ കാര്‍ബണ്‍ കോപ്പിയായിരുന്നു. അക്കാലത്തെ കളിക്കാരില്‍ പലരും അന്നു തന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുരുഷ ടീമിന്റെ പരിശീലച്ചുമതല ഉണ്ടായിരുന്നതിനാല്‍ വനിതാ ടീമിന്റെ പരശീലകവേഷം ആദ്യം നിരസിച്ചത് കൗശിക്കായിരുന്നു. സിനിമയില്‍ പരിശീലനത്തിനുവേണ്ടി കബീര്‍ ഖാന് സ്കൂട്ടറിലാണ് വരുന്നതും പോകുന്നതും. ഇക്കാര്യത്തില്‍ കൗശിക്കിന്റെ രീതികളെ അപ്പാടെ പകര്ത്തിവയ്ക്കുകയായിരുന്നു സിനിമയില്‍. ഈ രംഗം കണ്ട് താന്‍ അത്ഭുതപ്പെട്ടുപോയെന്നാണ് ടീം കിരീടം നേടിയ ദിവസം പോലും സ്കൂട്ടറില്‍ വീട്ടിലേയ്ക്ക് മടങ്ങിയ ചരിത്രമുള്ള കൗശിക്ക് അക്കാലത്ത് പറഞ്ഞത്. അതുപോലെ പരിശീലനത്തില്‍ ശ്രദ്ധകൊടുക്കാത്തതിന് പ്രിതം സിങ് സിവാച്ചിനെ കൗശിക്ക് പുറത്താക്കുന്നതും കമന്റടിച്ച ആണ്‍കുട്ടികളുമായി സംഘട്ടനത്തിന് പോകുന്നതുമെല്ലാം അതേപടി പകര്‍ത്തിവച്ചിട്ടുണ്ട് ചിത്രത്തില്‍.
എന്നാല്‍, ക്വാലാലംപൂരിലെ അനുഭവം തന്നെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണനേട്ടത്തിലും ഏഷ്യന്‍ ഗെയിംസിലെ വെങ്കലനേട്ടത്തിനുംശേഷം കൗശിക്കിനെ കാത്തിരുന്നത്. ഇക്കുറി ലൈംഗിക പീഡന പരാതിയായിരുന്നു വില്ലന്‍. കോച്ചിന്റെ ഇംഗിതത്തിന് വഴങ്ങാത്തതിനാല്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്നതായിരുന്നു പരാതി. ഇതോടെ കൗശിക്കിന് പരശീലനസ്ഥാനം ഒഴിയാതെ ഗത്യന്തരമില്ലാതായി. അന്നത്തെ അന്വേഷണ കമ്മീഷനില്‍ അംഗമായിരുന്ന ഒളിമ്പ്യന്‍ സഫര്‍ ഇഖ്ബാല്‍ കൗശിക്കിനുവേണ്ടി ശക്തിയുക്തം വാദിച്ച ആളാണ്. കൗശിക്ക് തെറ്റുകാരനല്ലെന്ന നിലപാടില്‍ നിന്ന് സഫര്‍ തരിമ്പും പിന്നോട്ടുപോയില്ല. ക്യാമ്പിലുണ്ടായിരുന്ന മുപ്പത് കളിക്കാര്‍ പരാതിക്കാരിയെ അനുകൂലിച്ച് കത്ത് നല്‍കിയെങ്കിലും പിന്നീട് നേരിട്ട് അന്വേഷിച്ചപ്പോള്‍ പലരും അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് ഉണ്ടായതെന്നും സഫര്‍ അന്ന് പറഞ്ഞു.
പരാതി നല്‍കിയതിന്റെ സമയവും സംശയാസ്പദമാണെന്ന് അന്ന് സഫര്‍ പറഞ്ഞിരുന്നു. ഹോക്കി ഇന്ത്യ തരിഞ്ഞെടുപ്പു നടക്കുന്ന സമയമായിരുന്നു അത്. പരാതിക്ക് ഇതുമായി ബന്ധമുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നവര്‍ സഫര്‍ ഇഖ്ബാല്‍ മാത്രമായിരുന്നില്ല.
ഹോക്കി ഇന്ത്യയും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും നടത്തിയ അന്വേഷണങ്ങളില്‍ പിന്നീട് കൗശിക്ക് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. പോലീസ് അന്വേഷണത്തിലും കുറ്റവിമുക്തനായതോടെ കൗശിക്ക് വീണ്ടും ദേശീയ ടീമിനൊപ്പം തിരിച്ചെത്തുകയും ചെയ്തു. 2014 ഏഷ്യന്‍ ഗെയിംസില്‍ ടെറി വാള്‍ഷിന്റെ കീഴിലും ഏഷ്യാ കപ്പില്‍ റോള്‍ഡ് ഓട്ട്മാന്സിന്റെ കീഴിലും സഹപരിശീലകനായിട്ടായിരുന്നു അടുത്ത ഊഴം. ക്വാലാലംപൂരിനുശേഷം പതിനാറു വര്‍ഷത്തിനുശേഷം വീണ്ടും ഏഷ്യന്‍ ഗെയിംസ് ഹോക്കി സ്വര്‍ണം ഇന്ത്യയ്ക്ക്. ഇതിലും കൗശിക്കിന്റെ കരസ്പര്‍ശം പതിച്ചത് കാലത്തിന്റെ കാവ്യനീതിയാവും. പിന്നീട് താഴേതട്ടിലുള്ള ഹോക്കിയുടെ വളര്‍ച്ചയ്ക്കുവേണ്ടി ഹൈ പെര്‍ഫോമന്‍സ് മാനേജരാക്കിയും കോവിഡ് ബാധിതനായശേഷം സാമ്പത്തിക സഹായം നല്‍കിയുമെല്ലാം ഹോക്കി ഇന്ത്യ പഴയ തെറ്റിന് പ്രായശ്ചിത്തം ചെയ്തെങ്കിലും അന്നത്തെ ആ മുറിവുകള്‍ കൗശിക്കില്‍ അവസാനകാലം വരെ ഉണങ്ങാതെ കിടന്നു. മരണത്തിന്പോലും മായ്ക്കാനാവാത്ത ചില മുറിവുകളുണ്ടല്ലോ. ഈ മുറിവുകള്‍ക്കുള്ള ക്ഷമാപണം മാത്രമാവും കൗശിക്കിനുള്ള യഥാര്‍ഥ ആദരാഞ്ജലി.
Content Highlights: Indian Hockey Coach MKKaushik Ravinder Pal Singh Covid Chak De! India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..