വെള്ളിവെളിച്ചത്തിൽ നിന്നകലെയായിരുന്നു എന്നും തോബിയാസ്. പത്രവാർത്തകളിൽ നിന്നും അഭിമുഖങ്ങളിൽ നിന്നും ഫ്ലാഷ് ബൾബുകളിൽ നിന്നും ടെലിവിഷൻ ക്യാമറകളിൽ നിന്നും വിവാദങ്ങളിൽ നിന്നുമൊക്കെ  ഏറെ അകലെ... 

ചീറിപ്പായുന്ന പന്തിന്റെ മോഹിപ്പിക്കുന്ന മൂളക്കം കാതുകളിലും ഇടനെഞ്ചിലും കൊണ്ടുനടക്കുന്ന ഒരാൾക്ക് അങ്ങനെയല്ലേ ആകാൻ കഴിയൂ? ജീവിതം തന്നെ കളിക്കളവും കളിക്കളം ജീവിതവുമാകുമ്പോൾ പ്രശസ്തിക്ക് പിന്നാലെ അലയാൻ കളിക്കാരന് എവിടെ സമയം? മറ്റെല്ലാം മറന്ന്, ഏകാകിയായ  ഒരു വേട്ടക്കാരനെപ്പോലെ എതിർ പെനാൽറ്റി ഏരിയക്ക് ചുറ്റും താണുപറക്കുന്ന തോബിയാസിനെ എന്റെ പ്രിയ സുഹൃത്താക്കി മാറ്റിയത് കളിയോടെന്ന പോലെ ജീവിതത്തോടുമുള്ള ഈ കറകളഞ്ഞ ആത്മാർത്ഥതയും പ്രതിബദ്ധതയും  തന്നെ.

thobiyas
തോബിയാസ്, കെ.ടി.ചാക്കോ എന്നിവർ രവി മേനോന്റെ വീട്ടിൽ

മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട് തോബിയുമായുള്ള സൗഹൃദത്തിന്.  കളിയെഴുത്തു ജീവിതം സമ്മാനിച്ച ഏറ്റവും ഗാഢമായ സുഹൃദ്ബന്ധങ്ങളിൽ ഒന്ന്. 1990  ലെ തൃശൂർ ഫെഡറേഷൻ കപ്പ് ഫൈനലിൽ സാൽഗോക്കറിന്റെ വിഖ്യാത മുന്നേറ്റ നിരയെ കേരള പോലീസിന്റെ മിഡ്‌ഫീൽഡിലെ നീണ്ടുമെലിഞ്ഞ  കോലൻ മുടിക്കാരൻ  ചുണ്ടിലൊരു നേർത്ത ചിരിയോടെ പിച്ചിച്ചീന്തുന്നത്  വിസ്മയപൂർവം  കണ്ടിരുന്നവരിൽ അന്ന് കൗമുദിയുടെ സ്പോർട്സ് ലേഖകനായിരുന്ന ഞാനുമുണ്ടായിരുന്നു. തോബിയാസിന്റെ കിടിലനൊരു  ക്രോസ്സ് ഷറഫലിയിലൂടെ പാപ്പച്ചന്റെ തലയിലെത്തിയ നിമിഷമാണ് അന്ന് ഗോവക്കാരുടെ വിധിയെഴുതിയത്. തലേന്ന് വൈകീട്ട്, താമസിക്കുന്ന ഹോട്ടലിൽ ചെന്ന് കണ്ടപ്പോൾ തോബി തമാശ കലർത്തി പറഞ്ഞ വാക്കുകളായിരുന്നു ഓർമ്മയിൽ: ``മേനോനെ, നാളെ പോലീസ് ജയിക്കും ട്ടോ. അപ്പൊ നമ്മളെയൊക്കെ ഒന്ന് മൈൻഡ് ചെയ്യണം. ഗോളടിക്കുന്നവരെ മാത്രം പരിഗണിച്ചാൽ പോരാ..'' സൗമ്യമധുരമായ ആ  പതിവ് ചിരി പിന്നാലെ.

ഗോളടിയായിരുന്നില്ല തോബിയ്ക്ക് ലഹരി; ഗോൾ ഒരുക്കലായിരുന്നു. പലപ്പോഴും ഗോളുകളെപ്പോലും നിഷ്പ്രഭമാക്കി തോബിയുടെ  പാസുകളും ക്രോസുകളും. അവയിൽ ചിലതെല്ലാം ഇന്ന് ചരിത്രത്തിന്റെ ഭാഗം. കിക്കോഫിൽ നിന്ന് ഒറ്റയ്ക്ക് പന്തുമായി മുന്നേറിയ തോബിയാസിന്റെ കണിശമാർന്ന ത്രൂപാസിൽ നിന്നായിരുന്നു  1987  ലെ ``കുപ്രസിദ്ധമായ'' കൊൽക്കത്ത സന്തോഷ് ട്രോഫി സെമിഫൈനലിൽ ഇന്ത്യൻ ഫുട്ബോളിലെ കൊലകൊമ്പന്മാരായ ബംഗാളിനെ  ഞെട്ടിച്ചുകളഞ്ഞ കേരളത്തിന്റെ ആദ്യ ഗോൾ. തോബി നൽകിയ പന്ത്   ഓടുന്ന ഓട്ടത്തിൽ  ഗണേശന് ക്രോസ്സ് ചെയ്യുന്നു ഷറഫലി. ഒന്ന് കറങ്ങിത്തിരിഞ്ഞ ശേഷം ഗണേശൻ തൊടുത്ത ഷോട്ടിന് മുന്നിൽ ഇന്ത്യൻ ഗോളി ഭാസ്കർ ഗാംഗുലി ``ഫ്ലാറ്റ്''. ആദ്യ മിനിറ്റിൽ തന്നെ കേരളം ഒരു ഗോളിന് മുന്നിൽ. കിഷാനു ഡേയും ബികാഷ് പാഞ്ചിയും സുബ്രതോ ഭട്ടാചാര്യയും ശിശിർ ഘോഷും സുദീപ് ചാറ്റർജിയും പ്രശാന്തോ ബാനർജിയും മനാസ്, മനോരഞ്ജൻ ഭട്ടാചാര്യമാരും അണിനിരന്ന ആ ഘടാഘടിയൻ ബംഗാൾ ടീം, റഫറി അവിഹിതമായി സമ്മാനിച്ച  ഗോളിൽ കടിച്ചുതൂങ്ങി ആയുസ്സ് നീട്ടിയെടുത്തതും ഒടുവിൽ ഷൂട്ടൗട്ടിൽ കേരളത്തെ മറികടന്ന് ഫൈനലിൽ നുഴഞ്ഞു കയറിയതും  ഇന്ന് നാണം കെട്ട ചരിത്രം.

thobiyas
തോബിയാസ് കുടുംബത്തോടൊപ്പം

അതിനും മൂന്ന് വർഷം മുൻപ് ചെന്നൈ നാഷണൽസിന്റെ ക്വാർട്ടർഫൈനലിൽ മഹാരാഷ്ട്രക്കെതിരെ ആയിരുന്നു തോബിയാസിന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ ഗോൾ. സന്തോഷ് ട്രോഫിയിൽ തോബിയുടെ അരങ്ങേറ്റ വർഷം. അന്ന് പ്രായം 19.  വിംഗിൽ നിന്ന് പറന്നെത്തിയ ഒരു ക്രോസിൽ ചാടിയുയർന്നു തലവെക്കുന്നു എം പി അശോകൻ. പന്ത് ക്രോസ്ബാറിൽ തട്ടി തിരികെ വന്നു വീണത് ഗോൾവരയ്ക്ക് ഏതാണ്ട് മുപ്പത് വാര അകലെ. തൊട്ടു മുന്നിൽ വീണുയർന്ന പന്ത്, തകർപ്പനൊരു ഹാഫ്   വോളിയിലൂടെ പോസ്റ്റിലേക്ക് തിരിച്ചയക്കുന്നു തോബിയാസ്. ഗോൾകീപ്പർ ശേഖർ ബംഗാരയുടെ  മുഴുനീള ഡൈവ് പോലും ഇത്തവണ മഹാരാഷ്ട്രയുടെ രക്ഷക്കെത്തിയില്ല. ബംഗാരയുടെ വിരലുകൾ ചുംബിച്ചുകൊണ്ട് പന്ത്  പോസ്റ്റിന്റെ വലതുമൂലയിലേക്ക്.

ഗോളിനു പിന്നാലെ ആദ്യം ഓടിയെത്തി പ്രിയശിഷ്യനെ കെട്ടിപ്പിടിച്ച്  അഭിനന്ദിച്ചത് ഒളിമ്പ്യൻ റഹ്‌മാനാണ്; കേരള ടീമിന്റെ കോച്ച്. ``റഹ്‌മാൻക്കയോടുള്ള കടപ്പാട് ഒരിക്കലും മറക്കാനാവില്ല.'' - തോബി പറയും.  ``എന്റെ കഴിവുകളിൽ പൂർണ്ണവിശ്വാസം അർപ്പിച്ച കോച്ച് ആയിരുന്നു അദ്ദേഹം. ആ വിശ്വാസമാണ് എന്നെ ഇവിടം വരെ എത്തിച്ചത് എന്ന് ഞാൻ കരുതുന്നു. തോബിയാജേ എന്ന ആ വിളി പോലുമുണ്ട് ഇന്നും കാതുകളിൽ. 1985 ലെ  കാൺപൂർ സന്തോഷ് ട്രോഫിയുടെ കോച്ചിംഗ് ക്യാമ്പ് നടക്കുമ്പോൾ ചിക്കൻ പോക്സ് വന്ന് കിടപ്പിലായിരുന്നു ഞാൻ. ടീം പുറപ്പെടാൻ ഒരാഴ്ച്ച മാത്രം. അപ്പോഴും രോഗവിമുക്തനായി കുളിച്ചിട്ടില്ല. ആ സമയത്താണ്   റഹ്‌മാൻക്കയുടെ ദൂതൻ എന്നെ തേടി എത്തുന്നത്.  ഉടൻ  നേരിട്ട് വന്ന് കാണാനായിരുന്നു നിർദ്ദേശം. ക്ഷീണം ഭേദമായിരുന്നില്ലെങ്കിലും ഞാൻ ചെന്നു. റഹ്‌മാൻക്ക തന്നെ എന്നെ ഒരു ഡോക്ടറുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയി. ശരീരത്തിന്റെ അവശത മാറിയിട്ടില്ലല്ലോ, പിന്നെങ്ങനെ കളിപ്പിക്കും എന്നായിരുന്നു ഡോക്ടറുടെ  ചോദ്യം. ഒരാഴ്ച്ച കൂടിയുണ്ടല്ലോ പുറപ്പെടാൻ , നമുക്ക് നോക്കാം എന്ന് റഹ്‌മാൻക്ക. ഒടുവിൽ ടീം കാൺപൂരിലേക്ക് തിരിച്ചപ്പോൾ ഞാനും ഉണ്ടായിരുന്നു കൂടെ. ഒരു കോച്ചിന്റെ ദൃഢനിശ്ചയത്തിനുള്ള ഏറ്റവും മികച്ച ഉദാഹരമായിരുന്നു അത്.''

കമാൻഡൻറ് റാങ്കോടെ  കേരള  നിയമസഭയുടെ ചീഫ് മാർഷൽ പദവിയിൽ നിന്ന് ഈ മാസം 28 ന്  വിരമിക്കുന്നുവെന്ന്  തോബിയാസ് വിളിച്ചുപറഞ്ഞപ്പോൾ ഓർമ്മയുടെ മൈതാനത്ത്  വീണ്ടും ഫ്ളഡ് ലൈറ്റ് ടവറുകൾ കൺ‌തുറന്നു; ഗാലറികൾ ഇരമ്പി; വളഞ്ഞുപുളഞ്ഞൊഴുകുന്ന ഫ്രീകിക്കുകളും തീപാറുന്ന വോളികളും   ഉന്നം പിഴക്കാത്ത ഹെഡ്ഡറുകളും കൺമുന്നിൽ ജ്വലിച്ചു. അസാമാന്യമായ പന്തടക്കത്തോടെ, മെയ്‌വഴക്കത്തോടെ കടുത്ത ടാക്ലിങ്ങുകളിൽ നിന്ന് കുതറിമാറിയശേഷം എതിർ പ്രതിരോധവലയത്തിൽ നുഴഞ്ഞുകയറി, ബോക്സിന്റെ പരിസരത്തു റോന്തുചുറ്റുന്ന സ്വന്തം സ്‌ട്രൈക്കർമാർക്ക് ``തളികയിലെന്ന വണ്ണം'' പന്തെത്തിച്ചുകൊടുത്തിരുന്ന  ആ പഴയ മിഡ്‌ഫീൽഡ് ജനറൽ ഭൂതകാലത്ത് നിന്ന് വീണ്ടും കുതിച്ചുവരുന്നു; പടക്കുതിര കണക്കെ.
ഓർക്കുക: വിജയന്മാരേയും പാപ്പച്ചന്മാരെയും ജോ പോൾ അഞ്ചേരിയേയുമൊക്കെ സൃഷ്ടിച്ചത്  തോബിയാസുമാർ കൂടി ചേർന്നല്ലേ?

ബോൾഗാട്ടിക്കാരനാണ് പോത്തടി പീറ്റർ തോബിയാസ് എന്ന പി പി തോബിയാസ്. പരിമിതമായ സാഹചര്യങ്ങളേയുള്ളൂ അവിടെ പന്തുകളിച്ചു വളരാൻ. പേരിനൊരു നല്ല  ഗ്രൗണ്ട് പോലുമുണ്ടായിരുന്നില്ല. പന്തൊന്ന് നീട്ടിയടിച്ചാൽ പുഴയിൽ ചെന്ന് വീഴും. പിന്നെ നീന്തിച്ചെന്ന്  അത്  വീണ്ടെടുത്തിട്ട്  വേണം കളി തുടരാൻ. പക്ഷേ തിരിച്ചടികളൊന്നും  തോബിയിലെ കളിക്കമ്പക്കാരനെ തളർത്തിയില്ല. ഓടിയും ചാടിയും കുതിച്ചും കിതച്ചും നീന്തിയും പന്തുകളിച്ചുകൊണ്ടേയിരുന്നു തോബി.   ടി എ ജാഫറിനെയും  റൂഫസിനേയും പോലുള്ള പരിശീലകരുണ്ടായിരുന്നു മാർഗ്ഗദർശികളായി. ഫുട്ബോൾ മാത്രം ശ്വസിച്ചു ജീവിച്ച സ്വന്തം കുടുംബത്തിന്റെ പിന്തുണയും. കുറച്ചു കാലം പ്രീമിയർ ടയേഴ്‌സിൽ. പിന്നെ ദീർഘകാലം കേരള പോലീസിൽ. ചാത്തുണ്ണിയും ശ്രീധരനുമൊക്കെയുണ്ടായിരുന്നു അവിടെ വഴികാട്ടാൻ.

സന്തോഷ് ട്രോഫിയിൽ കേരളത്തിന് കളിക്കും മുൻപേ ഇന്ത്യക്ക് കളിച്ച ചരിത്രമാണ് തോബിയാസിന്റേത്. 1982 - 83 ലെ ബാങ്കോക്ക് ഏഷ്യൻ യൂത്ത് ഫുട്ബോളിൽ പങ്കെടുത്ത ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു ``മധുരപ്പതിനേഴുകാരൻ'' തോബി.  ടൂർണമെന്റിനിടെ കൗമാരതാരത്തെ തേടി കുവൈറ്റ് ഷെയ്ക്ക് എത്തിയ കഥയുണ്ട്. സ്വന്തം നാട്ടിൽ വന്നു  കളിക്കാനുള്ള ക്ഷണവുമായാണ് ഷെയ്ക്ക് വന്നത്. പക്ഷേ തോബിയാസ് വഴങ്ങിയില്ല. ``ഗൃഹാതുരത്വം'' തന്നെ കാരണം. ജന്മനാടിന് വേണ്ടി വിയർപ്പൊഴുക്കുന്നതിൽ ആനന്ദം കണ്ടെത്തി  ശിഷ്ടകാലം മുഴുവൻ തോബി. എട്ടു വർഷം കേരളത്തിനും പത്തു വർഷം പോലീസിനും കളിച്ചു. രണ്ടു സന്തോഷ് ട്രോഫി വിജയങ്ങളിലും രണ്ടു ഫെഡറേഷൻ കപ്പ് വിജയങ്ങളിലും പങ്കാളിയായി. 1987 ലെ ദേശീയ ഗെയിംസിൽ കേരളത്തിന്റെ വിജയശില്പികളിലൊരാളായി. ഇടക്ക് കൊളംബോ സാഫ് ഗെയിംസിൽ ഇന്ത്യക്ക് കളിച്ചു. ജി വി രാജ സ്വർണമെഡൽ ഉൾപ്പെടെയുള്ള ബഹുമതികൾ നേടി.

തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തി മാത്രം. കേരള ഫുട്ബോളിന്റെ സുവർണ്ണയുഗം എന്ന് പറയപ്പെടുന്ന കാലത്ത് കളിക്കാൻ ഭാഗ്യമുണ്ടായല്ലോ-- അതും വിജയനെയും സത്യനെയും പാപ്പച്ചനേയും ഷറഫലിയെയും പോലുള്ള അപൂർവ്വജന്മങ്ങളായ കൂട്ടുകാർക്കൊപ്പം. അക്കാലത്ത് കളിയെഴുതാൻ  നിയോഗിക്കപ്പെട്ടത് എന്റെയും  സുകൃതം.  ഇല്ലെങ്കിൽ ഇവരൊന്നും എന്റെ സുഹൃദ്‌വലയത്തിൽ വന്നുപെടില്ലായിരുന്നല്ലോ.
തോബിയേയും എന്നേയും ബന്ധിപ്പിച്ചു നിർത്തുന്ന മറ്റൊരു കണ്ണി കൂടിയുണ്ട് -- സംഗീതം. പാട്ടുപ്രേമികളാണ് തോബിയാസും ജ്യേഷ്ഠൻ ഷാജനും. മുൻ പോലീസ് താരവും കോച്ചുമൊക്കെയായ ഷാജന് കവിതയെഴുത്തുമുണ്ട്.  ``റിട്ടയർ ചെയ്ത ശേഷം ബോൾഗാട്ടിയിൽ നമുക്കൊന്ന് കൂടണം മേൻനേ.. പാട്ടും കവിതയുമൊക്കെയായി..'' - തോബി പറയുന്നു.
തീർച്ചയായും. പാട്ടും കളിയുമില്ലാതെ നമുക്കെന്ത് ജീവിതം?

Content Highlights: Indian Football Midfielder Thobiyas Kerala Police Kerala Football