സക് വിവിയന്‍ അലക്‌സാണ്ടര്‍ റിച്ചാര്‍ഡ്‌സ് എന്ന അന്റിഗ്വക്കാരന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമില്‍ കയറിപ്പറ്റുന്നതിന് ഏതാണ്ട് ഒരു ദശാബ്ദം മുന്‍പ് കളിക്കളത്തോട് വിടപഞ്ഞയാളാണ് ബംഗാളുകാര്‍ ചുനി എന്ന് ഓമനപ്പേരിട്ട് വിളിച്ച സുബിമല്‍ ഗോസ്വാമി. വിന്‍ഡീസ് ക്രിക്കറ്റിലെ പകരക്കാരില്ലാത്ത രാജാവ് റിച്ചാര്‍ഡ്‌സും ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും വലിയ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായ ചുനി ഗോസ്വാമിയും തമ്മില്‍ പക്ഷേ, അത്യപൂര്‍വമായൊരു സാമ്യമുണ്ട്.

ക്രിക്കറ്റില്‍ ചുവടുറപ്പിക്കും മുന്‍പ് ആന്റിഗ്വയ്ക്കുവേണ്ടി ഫുട്‌ബോള്‍ കളിച്ചയാളാണ് റിച്ചാര്‍ഡ്‌സ്. വിന്‍ഡീസിനുവേണ്ടി രണ്ട് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റിച്ചാര്‍ഡ്‌സിനു പക്ഷേ, 1974ലെ ലോകകപ്പ് ഫുട്‌ബോളിന്റെ യോഗ്യതാമത്സരം വരെ മാത്രമേ ആന്റിഗ്വയുടെ ജെഴ്‌സിയണിയാനായുള്ളൂ. കോണ്‍കാകാഫില്‍ നിന്ന് ഹെയ്തിയെ മറികടന്ന് പശ്ചിമ ജര്‍മനിക്ക് ടിക്കറ്റെടുക്കാന്‍ അന്നവർക്കായില്ല. അതുകൊണ്ട് തന്നെ റിച്ചാര്‍ഡ്‌സിന്റെ ഫുട്‌ബോള്‍ കരിയറിന് അവസാനവിസിലുമായി. പിന്നീട് ബൂട്ടഴിച്ച് ബാറ്റെടുത്ത റിച്ചാര്‍ഡ്‌സ് അതേ വര്‍ഷം വിന്‍ഡീസ് ക്രിക്കറ്റ് ടീമിലെത്തി. ഇന്ത്യയ്‌ക്കെതിരേ അരങ്ങേറ്റം കുറിച്ച് തുടര്‍ച്ചയായി രണ്ട് ലോകകപ്പുകള്‍ കരീബിയന്‍ ദ്വീപിലെത്തിക്കുകയും ചെയ്തു. ക്രിക്കറ്റ് ഇതിഹാസമായി മാറിയ റിച്ചാര്‍ഡ്‌സിന് ഇങ്ങനെയൊരു ഭൂതകാലമുണ്ടെന്ന് അറിയുന്നവര്‍ തന്നെ വിരളം.

നേര്‍ വിപരീതദിശയിലായിരുന്നു സ്വാതന്ത്ര്യത്തിന് മുന്‍പ് ഇന്നത്തെ ബംഗ്ലാദേശിലുള്ള കിഷോര്‍ഗഞ്ചില്‍ ജനിച്ച ചുനി ഗോസ്വാമിയുടെ യാത്ര. ഇന്ത്യയ്ക്കുവേണ്ടി അമ്പത് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് ബൂട്ടഴിച്ചശേഷമാണ് ചുനി ബംഗാളിനുവേണ്ടി ബാറ്റെടുത്ത് ക്രീസിലേയ്ക്കിറങ്ങിയത്. ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ഏഷ്യയിലെ തന്നെ അക്കാലത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ ചുനി ക്രീസില്‍ ഒന്നാന്തരമൊരു ഓള്‍റൗണ്ടറായി തിളങ്ങുന്നത് അഭ്ഭുതത്തോടെയാണ് കായികലോകം കണ്ടുനിന്നത്. ഇക്കാര്യത്തില്‍ പല കളികളിലും ഒരുപോലെ തിളങ്ങിയ ഓൾറൗണ്ടർമാരായ സര്‍ ഇയാന്‍ ബോതമിന്റെയും ചാള്‍സ് ബര്‍ഗെസ്സിന്റെുയം എല്ലിസ് പെറിയുടെയും ഡെന്നിസ് കോംപ്ടണിന്റെയും ജാക് കാലിസിന്റെയുമെല്ലാം ഗണത്തിലാണ് ചുനിയുടെയും സ്ഥാനം.

ബംഗാളിനുവേണ്ടി 1962 മുതല്‍ 72 വരെ ഒരു പതിറ്റാണ്ട് കാലം രഞ്ജി ട്രോഫി കളിച്ച ചുനി ഒരിക്കല്‍ അവരെ ഫൈനലിലെത്തിക്കുകയും ചെയ്തു. 46 കളികളില്‍ നിന്ന് ഒരു സെഞ്ചുറി അടക്കം 1592 റണ്‍സും 47 വിക്കറ്റും അത്ര മോശം സ്റ്റാറ്റിസ്റ്റിക്‌സല്ല അന്നും ഇന്നും. 1971 സീസണിലാണ് ബംഗാള്‍ ചുനിയുടെ നേതൃത്വത്തില്‍ രഞ്ജി ട്രോഫിയുടെ ഫൈനലില്‍ പ്രവേശിച്ചത്. അന്ന് സുനില്‍ ഗാവസ്‌ക്കറുടെയും അശോക മങ്കാദിന്റെയും ഒന്നാന്തരം ബാറ്റിങ് പ്രകടനത്തിന് മുന്നില്‍ അടിപതറിയ ഫൈനലില്‍ മുംബൈയോടാണ് ചുനിയുടെ ബംഗാള്‍ അടിയറവു പറഞ്ഞത്. ഗവാസ്‌ക്കര്‍ 157 റണ്‍സെടുത്ത മത്സരത്തില്‍ 246 റണ്‍സിനാണ് മുംബൈ വിജയിച്ച് തുടര്‍ച്ചയായ പതിനാലാം തവണയും രഞ്ജി കിരീടം സ്വന്തമാക്കിയത്.

ഫുട്‌ബോള്‍ വിട്ട് ക്രിക്കറ്റിലേയ്ക്കുള്ള ചുനി ഗോസ്വാമിയുടെ ചേക്കേറലിന് പിന്നില്‍ ഇന്നത്തെ തലമുറ വിശ്വസിക്കാത്തൊരു പിന്നാമ്പുറ കഥ കൂടിയുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ കൊലകൊമ്പന്മാരായ ടോട്ടനം ഹോട്‌സ്പറിന്റെ ക്ഷണം നിരാകരിച്ചാണ് ചുനി ബൂട്ടഴിച്ച് ക്രിക്കറ്റിനെ പുല്‍കിയതെന്ന് കേട്ടാൽ ഉപ്പു തൊടാതെ വിഴുങ്ങാൻ പുതിയ കാലത്തെ ഫാൻസിന് കഴിഞ്ഞെന്നുവരില്ല.

ഇന്ത്യ 1962ലെ ജക്കാര്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞതിന് തൊട്ടു പിന്നാലെയാണ് അന്ന് ടീമിന്റെ നായകനായിരുന്ന ചുനിയെ ടോട്ടനം ഒരു ട്രയലിനുവേണ്ടി ക്ഷണിക്കുന്നത്. അന്ന് ഏഷ്യന്‍ ഗെയിംസിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായി തിരഞ്ഞടുക്കപ്പെട്ട താരമായിരുന്നു ചുനി. ബില്‍ നിക്കോള്‍സണ്‍ പരിശീലിപ്പിക്കുന്ന ടോട്ടനമാവട്ടെ ലീഗ്, കപ്പ് ഇരട്ട കിരീടം നേടി തിളങ്ങിനില്‍ക്കുന്നു കാലവും. ഇതിന്റെ തൊട്ടടുത്ത വര്‍ഷമാണ് അവര്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് യൂറോപ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പ് സ്വന്തമാക്കിയത്. ഈ ടോട്ടനമില്‍ നിന്നുള്ള ക്ഷണമാണ് ചുനി യാതൊരു മനസ്താപവുമില്ലാതെ നിരസിച്ചത്.

ആരും കൊതിക്കുന്ന ആ ക്ഷണം കിട്ടിയപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നാണ് പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ ചുനി ഗോസ്വാമി പറഞ്ഞത്. ടോട്ടനമിനെ കുറിച്ചോ ഇംഗ്ലീഷ് ഫുട്‌ബോളിനെ കുറിച്ചോ കാര്യമായ അറിവൊന്നുമുണ്ടായിരുന്നില്ല. സംശയനിവൃത്തിക്ക് ചുനി കണ്ടത് അന്നത്തെ മോഹന്‍ ബഗാന്റെ അമരക്കാരനായിരുന്ന ധീരന്‍ ഡേയെ. ധീരന്‍ ഒരു കാര്യമാണ് ചുനിയോട് ചോദിച്ചത്. നിങ്ങള്‍ അവിടെ പോയാല്‍ ഒറ്റയ്ക്ക് എന്തു ചെയ്യും. ഈ ചോദ്യത്തിന് മുന്നില്‍ ചുനി കുഴങ്ങി. രണ്ടാമതൊന്ന് ആലോചിക്കാതെ ടോട്ടനത്തിന്റെ ക്ഷണം നിരസിച്ച് പി.കെ.ബാനര്‍ജിയും തുളസിദാസ് ബല്‍റാമുമെല്ലാമുള്ള കൊല്‍ക്കത്ത എന്ന മായാലോകത്ത് തന്നെ തുടരാന്‍ തീരുമാനിച്ചു. ഇയ്യടുത്ത കാലത്താണ് പി.കെ.ബാനര്‍ജി അന്തരിച്ചത്. ത്രിമൂര്‍ത്തികളില്‍ ഇനിശേഷിക്കുന്നത് ബാല്‍റാം മാത്രം.

 പില്‍ക്കാലത്ത് ബൈച്ചുങ് ബൂട്ടിയയും സുനില്‍ ഛേത്രിയും സുബ്രതോ പോളുമെല്ലാം യൂറോപ്യന്‍ ലീഗിന്റെ രണ്ടാം ഡിവിഷനിലേയ്ക്ക് പോയി വെറുംകൈയോടെ മടങ്ങുന്നത് പോലും വലിയ ആഘോഷമാവുകയും യൂറോപ്പില്‍ കളിച്ചു തളര്‍ന്ന പഴയ പടക്കുതിരകള്‍ പുതിയ കുപ്പിയില്‍ ഐ.എസ്.എല്ലിലേയ്ക്ക് കെട്ടിയെഴുന്നള്ളിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ചുനി ടോട്ടനത്തോടും ടാലിമെരി ആവോ ആഴ്‌സണലിനോടും മുഹമ്മദ് സലീം കെല്‍റ്റിക്കിനോടുമെല്ലാം നോ പറഞ്ഞുവെന്നത് അവിശ്വസനീയമായി തോന്നിയേക്കാം പുതിയ തലമുറയ്ക്ക്. പക്ഷേ, അതും ഒരു ചരിത്രം. പണമൊഴുകിയിട്ടും പച്ച തൊടാത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ പണമില്ലാത്ത കാലും പ്രതാപത്തോടെ തലയുയര്‍ത്തി നിന്ന ചരിത്രം.

ഫുട്‌ബോള്‍ പ്രൊഫഷണേക്കാള്‍, പാഷനാണെന്ന് വിചാരവും വികാരവും നയിച്ച ആ കാലത്തിന്റെ അവസാന കണ്ണികളില്‍ ഒരാളായിരുന്നു ചുനി. ടോട്ടനമില്‍ നിന്ന് മാത്രമല്ല, അക്കാലത്തെ പല മുന്‍നിര ക്ലബുകളില്‍ നിന്നും വന്നിരുന്നു ചുനിക്ക് ക്ഷണം. അതൊക്കെ നിസാരമായാണ് ചുനി തളളിക്കളഞ്ഞത്. എട്ടാം വയസ്സില്‍ വന്നു കയറിയതുമുതല്‍ 1968 വിരമിക്കുംവരെ ബഗാനല്ലാതെ മറ്റൊരു ക്ലബിനുവേണ്ടി കളിച്ചിട്ടില്ല ചുനി. അതായിരുന്നു ചുനിക്ക് കൊല്‍ക്കത്തയും മോഹന്‍ ബഗാനുമായുണ്ടായിരുന്ന ബന്ധം. കോടികളുടെ കിലുക്കമുള്ള പ്രൊഫഷണല്‍ ലീഗുകളുടെ കാലത്ത് കോട്ടാല്‍ വിശ്വസിക്കാത്ത ഒരു വസ്തുത കൂടി വെളിപ്പെടുത്തിയിരുന്നു പില്‍ക്കാലത്ത് ചുനി. ഒന്നര പതിറ്റാണ്ട് കാലത്തോളം ബൂട്ടണിഞ്ഞു കളിച്ച മോഹന്‍ ബഗാനില്‍ നിന്ന് പ്രതിഫലമായി ഒരൊറ്റ ചില്ലിക്കാശ് വാങ്ങിയിരുന്നില്ല ചുനി. അന്ന് മത്സരശേഷം കിട്ടുന്ന പഴവും മൊരിച്ച റൊട്ടിയും തന്നെ ധാരാളമായിരുന്നു ഞങ്ങള്‍ക്കെന്നാണ് ടെലിഗ്രാമിഫ് നല്‍കിയ ഒരു അഭിമുഖത്തില്‍ ചുനി പറഞ്ഞത്. കളിക്കുമ്പോള്‍ കിട്ടുന്ന അഭിമാനത്തേക്കാള്‍ വലുതായിരുന്നു ഞങ്ങള്‍ക്കൊന്നും-450 മാസശമ്പളത്തിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന ചുനി ആ അഭിമുഖത്തില്‍ പറഞ്ഞു. ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന് കിട്ടുന്നതിനേക്കാള്‍ വലിയ പ്രതിഫലമായിരുന്നു അതെന്നാണ് അഭിമാനത്തോട് അന്ന് ചുനി പറഞ്ഞത്. പകരക്കാരില്ലാത്ത ഈയൊരു പാരമ്പര്യത്തിനാണ് എൺപത്തിരണ്ടാം വയസ്സിൽ കൊൽക്കത്ത സിറ്റി ഹോസ്പിറ്റലിൽ കാലം അവസാന വിസിലൂതിയത്.

Content Highlights: Indian Football Legend Chuni Goswami Indian Football Viv Richards