ആഭ്യന്തര ലീഗുകളെച്ചൊല്ലിയുണ്ടായ തര്‍ക്കം ഇന്ത്യന്‍ ഫുട്ബോളിനെ കലക്കിമറിക്കുന്നു. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ഐ ലീഗിലെയും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെയും ടീമുകളില്‍ മന്ദത പ്രകടമാണ്. സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍ ടീമിനെ ഒരുക്കാനുള്ള ശ്രമങ്ങള്‍ ഒരുപരിധിവരെയെങ്കിലും ആരംഭിച്ചെങ്കില്‍ ഐ ലീഗ് ക്ലബ്ബുകളില്‍ മിക്കവയും കാര്യമായ ശ്രമം തുടങ്ങിയിട്ടില്ല. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വംതന്നെ കാരണം.

കാരണം

രണ്ട് ഫുട്ബോള്‍ ലീഗുകളുമായി അധികകാലം മുന്നോട്ടുപോകാന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്.) കഴിയില്ല. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അതിന് അനുവദിക്കുകയുമില്ല. നിലവിലെ ദേശീയ ലീഗായ ഐ ലീഗിനെ രണ്ടാം ഡിവിഷന്‍ ലീഗാക്കിമാറ്റുകയും ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ ഒന്നാം ഡിവിഷന്‍ ലീഗാക്കാനുമാണ് ഫെഡറേഷന്റെ പദ്ധതി. എന്നാല്‍, ഐ ലീഗ് ക്ലബ്ബുകള്‍ ഒറ്റക്കെട്ടായി ചെറുത്തുനിന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.

വാണിജ്യപങ്കാളികളായ റിലയന്‍സുമായി ചേര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുമ്പോള്‍ അധികം വൈകാതെ ഒന്നാം ഡിവിഷന്‍ ലീഗാക്കാന്‍ കഴിയുമെന്നാണ് ഫെഡറേഷന്‍ കണക്കുകൂട്ടിയത്. സൂപ്പര്‍ ലീഗിന്റെ സ്ഥാനക്കയറ്റം വൈകുന്നതില്‍ വാണിജ്യപങ്കാളികള്‍ക്കും അസംതൃപ്തിയുണ്ട്. കാരണം വന്‍തുകയാണ് അവര്‍ ഇന്ത്യന്‍ ഫുട്ബോളിലേക്ക് നിക്ഷേപമിറക്കിയിരിക്കുന്നത്.

സ്ഥാനക്കയറ്റം

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിലേക്കുള്ള സ്ഥാനം സൂപ്പര്‍ ലീഗ് ചാമ്പ്യന്‍മാര്‍ക്ക് നല്‍കാനാണ് ഫെഡറേഷന്റെ തീരുമാനം. നേരത്തേ ഈ സ്ഥാനം ഐ ലീഗ് ചാമ്പ്യന്‍മാര്‍ക്കായിരുന്നു. സൂപ്പര്‍ ലീഗ് ക്ലബ്ബുകളുടെ ജനപ്രിയത, ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ്, ഗ്രാസ് റൂട്ട്-യൂത്ത് സിസ്റ്റം എന്നിവയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി. വാണിജ്യപങ്കാളിയുമായി ഇത്തരത്തിലൊരു കരാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അതോടെ ഐ ലീഗ് ക്ലബ്ബുകള്‍ക്ക് എ.എഫ്.സി. കപ്പില്‍ കളിക്കാനാണ് അവസരമുണ്ടാകുക.

പ്രതിഷേധം

കഴിഞ്ഞ സീസണിനൊടുവില്‍തന്നെ ഐ ലീഗ് ക്ലബ്ബുകള്‍ പ്രതിഷേധത്തിലാണ്. ഇതിന്റെ ഭാഗമായി സൂപ്പര്‍ കപ്പില്‍ ഭൂരിഭാഗം ടീമുകളും പങ്കെടുത്തില്ല. ചാമ്പ്യന്‍മാരായ ചെന്നൈ സിറ്റി, റിയല്‍ കശ്മീര്‍, ഇന്ത്യന്‍ ആരോസ് ടീമുകള്‍ മാത്രമാണ് പങ്കെടുത്തത്. കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനുമൊക്കെ പ്രതിഷേധത്തിലാണ്. പങ്കെടുക്കാത്ത ടീമുകള്‍ക്കെതിരേ പിഴചുമത്തുകയും ചെയ്തു.

ഐ ലീഗിനെക്കുറിച്ചുള്ള ഭാവി ആശങ്കയിലായതോടെ നിലനില്‍പ്പിനായുള്ള അവസാന അങ്കത്തിലാണ് ക്ലബ്ബുകള്‍. ഇതിന്റെ ഭാഗമായാണ് ഫിഫ പ്രസിഡന്റിന് ആറ് ക്ലബ്ബുകള്‍ കത്തുനല്‍കിയത്.

അടിയൊഴുക്ക്

കഴിഞ്ഞ സീസണ്‍ കഴിഞ്ഞപ്പോള്‍ മുന്‍ വര്‍ഷത്തേതില്‍നിന്നും രണ്ടരലക്ഷത്തോളം കാണികളുടെ കുറവാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനുണ്ടായത്. ഐ ലീഗിനാകട്ടെ 2.60 ലക്ഷം കാണികളുടെ വര്‍ധനയുണ്ടായി. ലീഗില്‍ 19 മത്സരങ്ങള്‍ കൂടുതലുണ്ടായെങ്കിലും കാണികളുടെ താത്പര്യം വര്‍ധിച്ചുവെന്നതാണ് യാഥാര്‍ഥ്യം. ഐ.എസ്.എല്ലിനാകട്ടെ പഴയ ഓളം നിലനിര്‍ത്താനുമാകുന്നില്ല. ഇത്തരമൊരവസ്ഥയില്‍ എത്രയും പെട്ടെന്ന് ഒന്നാംനിര ലീഗ് ആക്കിയില്ലെങ്കില്‍ പ്രസക്തി നഷ്ടപ്പെടുമോയെന്ന് അധികൃതര്‍ ഭയക്കുന്നുണ്ട്.

വര്‍ത്തമാനം

കോടികളുടെ മുതല്‍മുടക്കുള്ള ഇന്ത്യന്‍ ഫുട്ബോളില്‍ മികച്ച ക്ലബ്ബുകള്‍ക്കും നഷ്ടക്കച്ചവടമാണ്. ഓരോ സീസണിലും ലക്ഷങ്ങളുടെ നഷ്ടത്തോടെ ക്ലബ്ബുകള്‍ ഇല്ലാതാകുന്നത് തുടര്‍ക്കഥയാണ്. സൂപ്പര്‍ ലീഗിലും കഥയില്‍ വ്യത്യാസമില്ല. ശക്തമായ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സ് പോലും ലാഭത്തിലേക്കെത്തിയിട്ടില്ല. കൊല്‍ക്കത്ത ക്ലബ്ബ് എ.ടി.കെ.യിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലും എഫ്.സി. ഗോവയിലും ബ്ലാസ്റ്റേഴ്സിലുമൊക്കെ ഉടമകളില്‍ മാറ്റവും വന്നു. പുണെ സിറ്റി എഫ്.സി.യില്‍ പ്രതിസന്ധിയുണ്ട്. ഡല്‍ഹി ഡൈനാമോസ് ഡല്‍ഹിയില്‍നിന്ന് ഭുവനേശ്വറിലേക്ക് ആസ്ഥാനം മാറ്റാനൊരുങ്ങുന്നു.

സാമ്പത്തികമായി ക്ലബ്ബുകള്‍ ഞെരുങ്ങുമ്പോഴാണ് കൃത്യമായ ദിശാസൂചികയില്ലാതെ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വട്ടംതിരിയുന്നത്. എന്തായാലും സംഘര്‍ഷഭരിതമായ സീസണിനുമുന്നിലാണ് ഇന്ത്യന്‍ ഫുട്ബോള്‍.

Content Highlights: Indian football in chaos