സ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ വിരാട് കോലിയും സംഘവും പിങ്ക് ടെസ്റ്റില്‍ ഐതിഹാസിക ജയം നേടുന്നത് സ്വപ്നം കണ്ടാവും ശരാശരി ഇന്ത്യന്‍ ആരാധകന്‍ വെള്ളിയാഴ്ച ഉറങ്ങാന്‍ കിടന്നത്. ശനിയാഴ്ച രാവിലെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കളി കണ്ടപ്പോള്‍ ഇവരെക്കുറിച്ചാണല്ലോ ഇത്രയും പ്രതീക്ഷ പുലര്‍ത്തിയതെന്ന് നിരാശപ്പെട്ടിട്ടുമുണ്ടാകും.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ഇന്നിങ്‌സ് സ്‌കോര്‍ എന്ന നാണക്കേടിന്റെ റെക്കോഡ് മാറ്റിനിര്‍ത്തിയാലും ന്യായീകരിക്കാനാകാത്ത പതനമാണിത്. അത്യാവശ്യത്തിന് ബൗണ്‍സും വേഗവുമുള്ള വിക്കറ്റില്‍ ബാറ്റുചെയ്യേണ്ടത് എങ്ങനെയെന്ന അടിസ്ഥാന ധാരണയില്ലാതെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കളിച്ചത്. തുടക്കത്തില്‍ ബാറ്റിങ് അല്പം പ്രയാസമായിരുന്നു.

കുറച്ചുനേരം പിടിച്ചുനിന്നാല്‍ പിന്നെ ആയാസരഹിതമായി കളിക്കാനുമാവും. പക്ഷേ, പന്ത് പ്രതിരോധിക്കാന്‍ പോലുമറിയില്ലെന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ തെളിയിച്ചു. മിഡില്‍, ഓഫ് സ്റ്റമ്പുകള്‍ക്ക് നേരെയോ അല്പം പുറത്തേക്കോ വന്ന പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ബാറ്റിലുരസി പിറകോട്ട് തെറിച്ച് വിക്കറ്റ്കീപ്പര്‍ ക്യാച്ചെടുത്താണ് അഞ്ചുപേര്‍ മടങ്ങിയത്.

പുജാര പുറത്തായ കമ്മിന്‍സിന്റെ പന്ത് തീര്‍ച്ചയായും വിക്കറ്റ് അര്‍ഹിച്ചിരുന്നു. മായങ്ക് അഗര്‍വാളും രഹാനെയും ഹേസല്‍വുഡിന്റെ പന്തുകളുടെ ഗതി മനസ്സിലാക്കാതെ ബാറ്റുവെച്ച് മടങ്ങി. തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പരിഭ്രമിച്ച ക്യാപ്റ്റന്‍ കോലി, ആക്രമിച്ചു കളിച്ച് റണ്‍ നേടാനുള്ള ഒരുക്കത്തിലായിരുന്നു.

ഓഫ് സ്റ്റമ്പിന് പുറത്തേക്കു പോവുന്ന കമ്മിന്‍സിന്റെ പന്തില്‍ കവര്‍ ഡ്രൈവ് കളിക്കാനായിരുന്നു ശ്രമം. ഷോട്ട് സെലക്ഷന്‍ പാളിയെന്നുതന്നെ പറയണം. ഗള്ളിയില്‍ ക്യാച്ചായി. ക്യാപ്റ്റന്‍ മടങ്ങിയതോടെ ടീമിന്റെ പ്രതീക്ഷ അസ്തമിച്ചു. ഇവിടെ എങ്ങനെ ബാറ്റുചെയ്യണമെന്ന് ഓസീസിന്റെ രണ്ടാമിന്നിങ്‌സില്‍ മാത്യു വെയ്ഡും ജോ ബേണ്‍സും കാണിച്ചുതന്നു. വെയ്ഡിന് ഇതിനു മുമ്പ് ഓപ്പണ്‍ ചെയ്ത് പരിചയമില്ല എന്നോര്‍ക്കണം.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്തെ വിക്കറ്റുകളില്‍ നിരന്തരം ഓഫ്സ്റ്റമ്പിനുനേരെയും പുറത്തേക്കും ബൗള്‍ ചെയ്ത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വീഴ്ത്തുന്നത് സ്ഥിരം കാഴ്ചയാണ്. രാഹുല്‍ ദ്രാവിഡിനെയും വി.വി.എസ്. ലക്ഷ്മണനെയും പോലുള്ള ബാറ്റ്‌സ്മാന്‍മാരുടെ അഭാവമാണ് ഇവിടെ പ്രകടമായത്. അല്ലെങ്കില്‍ വീരേന്ദര്‍ സെവാഗിനെയോ യുവരാജിനെയോ പോലെ, പ്രതികൂല സാഹചര്യത്തിലും ആക്രമിച്ചുകളിച്ച് റണ്‍ നേടുന്ന ഒരാള്‍ വേണമായിരുന്നു. ഇവിടെ ടീം സെലക്ഷന്‍ പാളിച്ച വ്യക്തമാവുന്നു.

പൃഥ്വി ഷാ, വൃദ്ധിമാന്‍ സാഹ എന്നിവരെ കളിപ്പിക്കാനുള്ള തീരുമാനം തീര്‍ത്തും തെറ്റായി. കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവരെ മാറ്റിനിര്‍ത്തിയാണ് ഇവര്‍ക്കവസരം നല്‍കിയത്. രണ്ടിന്നിങ്‌സിലും പൃഥ്വി ഷാ പുറത്തായ രീതി പരിതാപകരമായിരുന്നു. അഡ്‌ലെയ്ഡ് പോലെ വേഗവും ബൗണ്‍സുമുള്ള വിക്കറ്റില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള യോഗ്യതയേ ഇല്ലെന്ന് പൃഥ്വി തെളിയിച്ചു. ബാറ്റിനും പാഡിനുമിടയിലെ വിശാലമായ വിടവിലൂടെയാണ് പന്ത് വിക്കറ്റിലേക്ക് പോയത്. ബാറ്റിങ്ങിന്റെ പ്രാഥമിക പാഠം മറന്നതിന്റെ സൂചനയാണിത്. ഓസ്‌ട്രേലിയയുടെ ലെബൂഷെയ്ന്‍ നല്‍കിയ അനായാസ ക്യാച്ച് വിട്ടു കളയുകയും ചെയ്തു.

കെ.എല്‍. രാഹുലിനെ ഓപ്പണറാക്കുന്നതായിരുന്നു ഉചിതം. കീപ്പിങ്ങിലെ മികവുകൊണ്ടാണ് 36-കാരനായ സാഹയെ കളിപ്പിച്ചത്. പക്ഷേ, വിക്കറ്റിനുപിന്നിലും അദ്ദേഹം പരാജയമായി. ഏകദിന, ടി20 പരമ്പരകളില്‍ മികവ് പുലര്‍ത്തിയ ഹാര്‍ദിക്കിനെ ടെസ്റ്റില്‍ നിലനിര്‍ത്താതിരുന്നതും നഷ്ടമായി.

Content Highlights: Indian Cricket team collapse against Australia