ഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 36 റണ്‍സിന്റെ പുറത്താകല്‍ ഓര്‍മകളെ ഓർമകളെ 46 വർഷം പിന്നിലേക്ക് പായിച്ചു. ഒരു ടെസ്റ്റ് മല്‍സരത്തിന്റെ സകല ചേരുവകളും ആസ്വദിച്ച രണ്ടു ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് മൂന്നാം ദിനം കേവലം 15.2 ഓവറില്‍ ജോഷ് ഹെയ്‌സല്‍വുഡും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് വിരാട് കോലിയുടെ ശക്തമായ ബാറ്റിങ്ങ് നിരയെ പിച്ചി ചീന്തിയത്. കോലി, രഹാനെ, പൂജാര, സാഹമാര്‍ അണിനിരന്ന ബാറ്റിങ്ങ് നിരയില്‍ ആരും തന്നെ രണ്ടക്കം കടക്കാതെ ചരിത്രത്തില്‍ ഇടം പിടിച്ചു! ഓസീസ് നായകന്‍ ടിം പെയിനിന്റെ ഇന്നിങ്ങ്‌സിന്റെ യഥാര്‍ത്ഥ മൂല്യം മനസ്സിലായത് മൂന്നാം ദിനം കളിയവസാനിക്കുമ്പോഴാണ്.

1974 ജൂണ്‍ 25 ന് രാവിലെ ആകാശവാണി വാര്‍ത്തയില്‍ നിന്നാണ് അജിത് വഡേക്കറുടെ ഇന്ത്യന്‍ ടീം ലോര്‍ഡ്‌സില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 42 റണ്‍സിന് പുറത്താകുകയും മൈക്ക് ഡെന്നിസിന്റെ ഇംഗ്ലണ്ടിനോട് ഒരു ഇന്നിംഗ്‌സിനും 285 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ടുവെന്നുമുള്ള വാര്‍ത്ത കേള്‍ക്കുന്നത്.

മാഞ്ചെസ്റ്ററിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 113 റണ്‍സിന് തോല്‍വി ഏറ്റു വാങ്ങിയെങ്കിലും 101 റണ്‍സില്‍ നില്‍ക്കേ സുനില്‍ ഗവാസ്‌കര്‍ റണ്‍ ഔട്ടായതായിരുന്നു കളിയുടെ ഗതിമാറ്റിയത്. ഗവാസ്‌കര്‍ വെസ്റ്റ് ഇന്‍ഡീസിന് പുറത്ത് ആദ്യ സെഞ്ചുറി ഓള്‍ഡ് ട്രഫോര്‍ഡിലാണ് സ്‌കോര്‍ ചെയ്തത്. ഗവാസ്‌കര്‍, വിശ്വനാഥ്, വഡേക്കര്‍, എഞ്ചിനീയര്‍, അബിദ് അലി, മദന്‍ലാല്‍ സോള്‍ക്കര്‍ അണിനിരന്ന ബാറ്റിങ്ങ് നിര വെറും 42 റണ്‍സിന് പുറത്താകുമോ?. വിശദമായ വിവരങ്ങളും സ്‌കോര്‍ ബോര്‍ഡും കാണുവാന്‍ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു. ആലുവ യു സി. കോളേജിലെ ലൈബ്രറിയില്‍ നിന്നും ദ ഹിന്ദു പത്രത്തില്‍ വന്ന ലോര്‍ഡ് ടെസ്റ്റ് വാര്‍ത്ത കൗതുകത്തോടെ വായിച്ചതും മനസ്സില്‍ കളി കണ്ടതും ഇന്നും മറന്നിട്ടില്ല.

ഓപ്പണര്‍ ഡെന്നിസ് അമിസും (188) ക്യാപ്റ്റന്‍ മൈക്ക് ഡെന്നിസും (118) ഓള്‍റൗണ്ടര്‍ ടോണി ഗ്രെയ്ഗും (106) ജോണ്‍ എഡ്‌റിച്ചും ( 96) നമ്മുടെ സ്പിന്‍ ത്രയങ്ങളായ ബേദി പ്രസന്ന ചന്ദ്രശേഖര്‍മാരെ കണക്കിന് പ്രഹരിച്ച് 629 റണ്‍സാണ് ഇംഗ്ലണ്ടിന് ടോസ്സു നേടി ബാറ്റിങ്ങിനിറങ്ങി നേടിക്കൊടുത്തത്. 302 റണ്‍സിന് ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ  ക്രിസ് ഓള്‍ഡും മൈക്ക് ഹെന്‍ഡ്രിക്കും ചുരുട്ടിക്കെട്ടുമ്പോള്‍ ഇംഗ്ലണ്ട് സ്വപ്നത്തില്‍ കാണാത്തതാണ് നാലാം ദിനം കണ്ടത്.

അന്നൊരു തിങ്കളാഴ്ചയായിരുന്നു. മുടിക്കെട്ടിയ ഒരു ദിവസം. ലോര്‍ഡ്‌സ് ഗാലറികളിലേക്ക് കാണികള്‍ വന്നു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. വിക്കറ്റ് കീപ്പര്‍ കൂടിയായ ,ഇംഗ്ലീഷ് കൗണ്ടിയില്‍ ലങ്കാഷെയറിനു വേണ്ടി കളിച്ചിരുന്ന ഫറൂഖ് എഞ്ചിനീയറെ ലെഗ് ബിഫോറില്‍ കരുക്കി കൊണ്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ പവലിയനിലേക്ക് മടക്കുവാന്‍ ജെഫ് ആര്‍നോള്‍ഡ് തുടക്കം കുറിച്ചു.

തുടര്‍ന്ന് ഗവാസ്‌കര്‍ (5), വഡേക്കര്‍ (3), വിശ്വനാഥ് (5), ബ്രിജേഷ് പട്ടേല്‍ (1), അബിദ് അലി (3), മദന്‍ലാല്‍ (2), പ്രസന്ന(5), ബേദി (0) എന്നിവര്‍ ഘോഷയാത്രയായി വിക്കറ്റ് നഷ്ടപ്പെടുത്തിയപ്പോള്‍ ഏകനാഥ് സോള്‍ക്കര്‍ മാത്രം 18 റണ്‍സുമായി പുറത്താകാതെ നിന്നു. അഡ് ലെയ്ഡില്‍ ഇരട്ട സംഖ്യയില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു ബാറ്റ്‌സ്മാനും എത്താനായില്ല.മറ്റൊരു സമാനത പരിക്കു മൂലം ഭഗവത് ചന്ദ്രശേഖര്‍ ബാറ്റിങ്ങിനിറങ്ങിയില്ല. ജെഫ് ആര്‍നോള്‍ഡ് 8 ഓവറില്‍ 19 റണ്‍സു വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ക്രിസ് ഓള്‍ഡിന് 8 ഓവറില്‍ 21 റണ്‍സിന് 5 വിക്കറ്റുകള്‍.

അന്നത്തെ ബാറ്റിങ്ങ് തകര്‍ച്ചയെപ്പറ്റി ഗവാസ്‌കര്‍ പറഞ്ഞത് ഓര്‍മ്മിക്കുന്നു .ആര്‍നോള്‍ഡും, ഓള്‍ഡും അഞ്ച് നല്ല പന്തുകള്‍ എറിഞ്ഞു. അഞ്ച് നല്ല ബാറ്റ്‌സ്മാരെ പുറത്താക്കി. അതിനു ശേഷം ആരും പ്രതിരോധിക്കുവാന്‍ ഉണ്ടായില്ല.

മറ്റൊരു രസകരമായ സംഭവം കൂടി ഓര്‍മയില്‍ വരുന്നു. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ പിറ്റേന്ന് ഇന്ത്യന്‍ ടീമിന് രണ്ട് സ്വീകരണങ്ങളില്‍ പങ്കുകൊള്ളാനുണ്ടായിരുന്നു. ഒന്ന് ഇന്ത്യന്‍ ഹൈകമ്മീഷണറുടെ വസതിയിലും മറ്റൊന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും. വഡേക്കര്‍ ഉള്‍പ്പടെ ഒന്‍പതു കളിക്കാര്‍ സ്റ്റേറ്റ് ബാങ്ക് ജീവനക്കാര്‍ ആയിരുന്നു.

സ്റ്റേറ്റ് ബാങ്ക് നഗരത്തില്‍ തന്നെയായതിനാല്‍ ഇന്ത്യന്‍ ടീം അവരുടെ പരിപാടിയില്‍ പങ്കുകൊണ്ട് അകലെയുള്ള കെന്‍സിങ്ങ്ടണ്‍ ഗാര്‍ഡന്‍സിലുള്ള ഹൈക്കമ്മീഷണറുടെ വസതിയിലേക്ക് പുറപ്പെട്ടു.വഴിയില്‍ ഗതാഗതക്കുരുക്കില്‍ പെട്ട് ടീം സഞ്ചരിച്ചിരുന്ന കോച്ച് നാല്‍പതു മിനിറ്റു വൈകിയാണ് എത്തിയത്.ഗേറ്റിന് പുറത്തു നിറുത്തിയ കോച്ചില്‍ നിന്നു വഡേക്കറുടെ പിന്നാലെ ടീം അകത്തോട്ട് കയറാന്‍ ഒരുങ്ങി.ക്ഷമ കെട്ട് ക്ഷുഭിതനായി നിന്ന ഹൈക്കമ്മീഷണര്‍ വഡേക്കറോട് അകത്തു കയറേണ്ട എന്ന് പറഞ്ഞു.രണ്ട് ടെസ്റ്റുകളിലെ തോല്‍വിയും, 42 റണ്‍സിന്റെ നാണക്കേടുമായി ടീം തല കുനിച്ച് കോച്ചിലേക്ക് മടങ്ങി.ഒടുവില്‍ ക്ഷമ ചോദിച്ച് ഇന്ത്യന്‍ ടീം സല്‍ക്കാരത്തില്‍ പങ്കെടുത്തു.

അന്ന് ഈ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ട്രാഫിക് ജാം മാത്രമായിരുന്നില്ല അന്നത്തെ വൈകലിന് കാരണം.ടീം ഓപ്പണറായ സുധീര്‍ നായ്ക്കിന് മാര്‍ക്‌സ് ആന്റ് സ്‌പെന്‍സര്‍ ഷോപ്പിലുണ്ടായ അനിഷ്ട സംഭവമാണ് അന്ന് ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്.

Content Highlights: Indian cricket team batting collapse in history