ഈ നില്‍ക്കുന്നത് പാറയല്ല, പൂജാരയാണ്; ഇന്ത്യയുടെ വൻമതിൽ


അനുരഞ്ജ് മനോഹര്‍

മൂളിപ്പറന്നുവരുന്ന ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ പന്തുകളെ ആക്രമിക്കാതെ തട്ടിയൊഴിവാക്കി അവരുടെ മനോവീര്യം കെടുത്താന്‍ പൂജാരയ്ക്ക് സാധിച്ചു.

Photo: www.twitter.com

ചൈനക്കാര്‍ വന്മതിലിനെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് വീമ്പിളക്കാനും അഭിമാനിക്കാനും ഒരേയൊരു മതിലേ ഉണ്ടായിരുന്നുളളൂ. അത് മറ്റാരുമല്ല ദ വാള്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന ഇതിഹാസക്രിക്കറ്റ് താരം സാക്ഷാല്‍ രാഹുല്‍ ദ്രാവിഡ്. എന്നാല്‍ ദ്രാവിഡിനുശേഷം ഇന്ത്യന്‍ ടീമില്‍ ആ സ്ഥാനത്തേക്കെത്താന്‍ ആരെന്ന ചോദ്യം ക്രിക്കറ്റ് ആരാധകര്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായി ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ദ്രാവിഡെന്ന വന്മരം വീണു ഇനിയാര്? എന്നാല്‍ ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് സിരീസിലുടെ അത് ഞാനാണെന്ന് ഉറക്കെ പറയുകയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര. അവിശ്വസനീയമായ പ്രകടനത്തിലൂടെ നാലാം ടെസ്റ്റില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചപ്പോള്‍ ആ വിജയത്തിന് കരുത്തുപകര്‍ന്നത് പൂജാരയുടെ പാറ പോലെ ഉറച്ചുള്ള ആ നില്‍പ്പാണ്.

ഒരു ഘട്ടത്തില്‍ സമനില പോലും അപ്രാപ്യമായെക്കാം എന്ന ചിന്ത ആരാധകര്‍ക്കിടയില്‍ ഉടലെടുത്തപ്പോഴാണ് ചേതേശ്വര്‍ പൂജാര എന്ന ഇന്ത്യയുടെ പുതിയ മതില്‍ രക്ഷകനായി ഉയരുന്നത്. ഋഷഭ് പന്തിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും പ്രകടനമികവില്‍ ചിലരെങ്കിലും പൂജാരയുടെ ഇന്നിങ്‌സ് മറന്നേക്കാം. എന്നാല്‍ 211 പന്തുകള്‍ നേരിട്ട് പൂജാര നേടിയ 56 റണ്‍സിന് വിജയത്തേക്കാള്‍ മഹത്വമുണ്ട്. മൂളിപ്പറന്നുവരുന്ന ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ പന്തുകളെ ആക്രമിക്കാതെ തട്ടിയൊഴിവാക്കി അവരുടെ മനോവീര്യം കെടുത്താന്‍ പൂജാരയ്ക്ക് സാധിച്ചു.

പലതവണ പന്തുകൊണ്ട് താരത്തെ ആക്രമിക്കാന്‍ ഹെയ്‌സല്‍വുഡും സ്റ്റാര്‍ക്കും കമ്മിന്‍സും മറന്നില്ല. നിരവധി തവണ പന്ത് കൈയിലും നെഞ്ചിലും തലയിലുമെല്ലാം തട്ടിയിട്ടും ആ വേദന സഹിച്ചുകൊണ്ട് ഇന്ത്യയ്ക്ക് അടിത്തറ സമ്മാനിക്കാന്‍ പൂജാരയ്ക്ക് കഴിഞ്ഞു.ഈ പരമ്പരയില്‍ 928 പന്തുകളാണ് താരം നേരിട്ടത്. 271 റണ്‍സ് നേടി. അതില്‍ മൂന്നു അര്‍ധസെഞ്ചുറികളും ഉള്‍പ്പെടും. ഇന്ത്യയുടെ ലക്ഷണമൊത്ത ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന പട്ടം എന്തുകൊണ്ടും യോജിക്കുന്ന താരമാണ് പൂജാര.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇതാദ്യമല്ല പൂജാരയുടെ പാറപോലെ ഉറച്ച പ്രകടനം കാണുന്നത്. 31 കാരനായ താരം ഓസ്‌ട്രേലിയയില്‍ 21 ഇന്നിങ്‌സുകളില്‍ നിന്നും 47.28 ശരാശരിയോടെ 993 റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ മൂന്നു സെഞ്ചുറികളും അഞ്ച് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടും. 193 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴടക്കി ടെസ്റ്റ് മത്സരം വിജയിച്ചപ്പോള്‍ ആ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് പൂജാരയായിരുന്നു.

അന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ പൂജാര 123 റണ്‍സും രണ്ടാം ഇന്നിങ്്‌സില്‍ 71 റണ്‍സു നേടി. താരത്തിന്റെ ബാറ്റിങ് മികവില്‍ ഇന്ത്യ ഓസിസിനെ 31 റണ്‍സിന് തോല്‍പ്പിച്ചു. പൂജാരയായിരുന്നു കളിയിലെ താരം.

രണ്ടാം ടെസ്റ്റില്‍ താരത്തിന് ഫോം കണ്ടെത്താന്‍ സാധിച്ചില്ല. ഇത് മുതലെടുത്ത ഓസിസ് വിജയം സ്വന്തമാക്കി. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 106 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞു. അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയയിലെ തന്റെ ഏറ്റവും വലിയ സ്‌കോറാണ് താരം കണ്ടെത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 193 റണ്‍സാണ് പൂജാര നേടിയത്. ആ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ മത്സരം സമനിലയിലെത്തിച്ചു ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ച പൂജാരയുടെ ബലത്തിലാണ് ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയയില്‍ ആദ്യമായി ഉയര്‍ത്തിയത്.

ഇത്തവണയും സ്ഥിതി മറിച്ചായിരുന്നില്ല. വലിയ സ്‌കോര്‍ കണ്ടെത്താന്‍ താരത്തിന് സാധിച്ചില്ലെങ്കിലും നിര്‍ണായക സമയത്ത് കൃത്യമായി പിടിച്ചുനിന്ന് ഇന്ത്യന്‍ ഇന്നിങ്‌സിനെ രക്ഷിക്കാന്‍ പൂജാരയ്ക്ക് സാധിച്ചു. സീനിയര്‍ താരങ്ങളെല്ലാം പരിക്കേറ്റ് മടങ്ങിയ മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റ് മത്സരങ്ങളില്‍ ഓസിസിനെ കടന്നാക്രമിച്ച സൈലന്റ് കില്ലറായിരുന്നു താരം. മൂന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും അര്‍ധസെഞ്ചുറി നേടിയ താരം മത്സരം സമനിലയാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. നാലാം ടെസ്റ്റിന്റെ അവസാന ദിനം പിടിച്ചുനിന്ന് കളിച്ച അദ്ദേഹത്തിന്റെ ആ ഇന്നിങ്‌സ് മാത്രം മതി ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങള്‍ പൂജാരയുടെ കൈയ്യില്‍ എത്രമാത്രം ഭദ്രമാണെന്ന് തെളിയിക്കാന്‍.

ഇന്ത്യയ്ക്കായി 81 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ച പൂജാര 47.74 ശരാശരിയില്‍ 6111 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് ഇരട്ട ശതകങ്ങളും 18 സെഞ്ചുറികളും 28 അര്‍ധശതകങ്ങളും ഈ രാജ്‌കോട്ട് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു.

2010 ന് ശേഷം ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ട ഇന്ത്യന്‍താരം എന്ന റെക്കോഡ് ഇന്നലെയാണ് പൂജാര സ്വന്തമാക്കിയത്. നിലവില്‍ 2657 പന്തുകളാണ് പൂജാര നേരിട്ടത്. 2014-15, 2018-19, 2020-21 സീസണുകളിലാണ് പൂജാര ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചത്. ഇതോടൊപ്പം ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു പരമ്പരയില്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ട ഇന്ത്യന്‍ താരം എന്ന റെക്കോഡും പൂജാരയ്ക്ക് സ്വന്തം. മെല്ലെപ്പോക്കിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും അതെല്ലാം അവഗണിച്ചുകൊണ്ട് എതിരാളികളെ മാനസികമായി കീഴ്‌പ്പെടുത്താനുള്ള എല്ലാ ചേരുവകളും പൂജാര തന്റെ ബാറ്റില്‍ ചാലിച്ചിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം സമനിലയ്ക്ക് വേണ്ടി ഇന്ത്യ കളിച്ചപ്പോള്‍ പൂജാര വളരെ പതുക്കെ കളിച്ചു. എന്നാല്‍ വിജയസാധ്യത തെളിഞ്ഞപ്പോള്‍ താരം ആക്രമിച്ച് കളിക്കുകയും ചെയ്തു. പ്രതിരോധവും ആക്രമണവും ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനുമുന്‍പും താരം തെളിയിച്ചിട്ടുണ്ട്.

എതുനാട്ടില്‍ പോയാലും എത്ര വലിയ കേമനായ ബൗളര്‍ വന്നാലും കുലുങ്ങാതെ പിടിച്ചു നില്‍ക്കുന്ന പൂജാരയുള്ള അത്രയും കാലം ഇന്ത്യന്‍ ടീമിന് രാഹുല്‍ ദ്രാവിഡിന്റെ അഭാവം പ്രകടമാകില്ല. അവിടെയാണ് പൂജാരയെന്ന ക്രിക്കറ്റ് താരത്തിന്റെ പ്രതിഭയുടെ മാറ്റ് ഇന്ത്യന്‍ ടീമിനെ എത്രമാത്രം സഹായിക്കുന്നുണ്ടെന്ന് വ്യക്തമാകുന്നത്.

Content Highlights: Indian Cricket team batsman Cheteswar Pujara gets recognition after the great performance against Australia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented