ഹാർദിക്കിൻ്റെ സിക്‌സിൽ കോഴിക്കോട്ടുനിന്ന് കയറിവന്ന ഇറാൻകാരനും മെസ്സിയുടെ സങ്കടവും


ബി.കെ.രാജേഷ്In Depth

ജംഷഡ് നസീരിയും ഹർദിക് പാണ്ഡ്യ. Photo: AFP

ണല്‍ത്തരിക്ക് നിലത്തുവീഴാന്‍ ഇടമില്ല കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍. ചേരിതിരിഞ്ഞ് ഇരമ്പുകയാണ് ഗ്യാലറികള്‍. നാഗ്ജി ട്രോഫിയിലെ കൊല്‍ക്കത്ത ഡര്‍ബിയില്‍ ജയം ഏതാണ്ട് ഉറപ്പിച്ചുനില്‍ക്കുകയാണ് മോഹന്‍ ബഗാന്‍. അവസാന വിസിലിലേയ്ക്ക് ഇനി നിമിഷാര്‍ധത്തിന്റെ അകലം മാത്രം. റഫറിയടെ വിസിലില്‍ കാറ്റ് ജീവന്‍വച്ചു തുടങ്ങുമ്പോഴാണ് അത് സംഭവിച്ചത്. മുഹമ്മദന്‍സിന് അനുകൂലമായി ഒരു കോര്‍ണര്‍ കിക്ക്. ഗ്യാലറി ഒന്ന് സ്തംഭിച്ചു. നിശബ്ദമായി. വടക്കുകിഴക്കേ മൂലയില്‍ നിന്നാണ് കിക്ക്. അതൊഴിഞ്ഞുപോയല്‍ ബഗാന് ഒറ്റഗോള്‍ ജയം ഉറപ്പ്. പന്ത് കോര്‍ണറില്‍ നിന്ന് തെന്നിപ്പറന്നു വരികയാണ് ബോക്‌സിലേയ്ക്ക്. തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തില്‍ നിന്ന് പെട്ടന്നൊരു തല ഉയര്‍ന്ന് ആ പന്തിനെ അവിശ്വസനീയമാംവണ്ണം ചെത്തിയിടുന്നു പോസ്റ്റിലേയ്ക്ക്. വെടിയുണ്ട കണക്ക് അത് ഇടത്തേ മൂലയിലെ വലയില്‍. തൊട്ടുപിറകേ റഫറിയുടെ നീണ്ട വിസിലും. മത്സരം സമനിലയില്‍. അവസാന നിമിഷത്തിലെ രക്ഷകനായ ജംഷഡ് നസീരിയെന്ന ഹെഡ്ഡര്‍ വിദഗ്ദ്ധനെ മുഹമ്മദന്‍സ് താരങ്ങള്‍ വാരിപ്പുണരുമ്പോള്‍ ഗ്രൗണ്ടില്‍ തലകുമ്പിട്ടുനില്‍ക്കുന്ന ബഗാന്‍ താരങ്ങളുടെ അടുക്കലേയ്ക്ക് ക്ഷോഭിച്ച് ഓടിച്ചെല്ലുകയാണ് ഒരാള്‍. കോച്ച് പി.കെ.ബാനര്‍ജി. പിന്നെ ഗ്യാലറിയുടെ ബഹളത്തെയും അനൗണ്‍സ്‌മെന്റിന്റെ കാതടപ്പിക്കുന്ന ശബ്ദത്തെയും ഭേദിച്ചുകൊണ്ട് ഒരു ആക്രോശമാണ്. ' ഒരൊറ്റ സെക്കന്‍ഡ് കൂടി നിങ്ങള്‍ക്ക് അയാളെ തളയ്ക്കാമായിരുന്നില്ലേ.?' കൊല്‍ക്കത്ത ക്ലബുകളോട് പണ്ടേയില്ല പഥ്യം. പ്രത്യേകിച്ച് മുഹമ്മദന്‍സിനോട്. എന്നിട്ടും എന്തോ ആ ഒരൊറ്റ ദിവസം കൊണ്ട്, മരണനിമിഷത്തിലെ ആ ഒരൊറ്റ ഹെഡ്ഡര്‍ കൊണ്ട് ജംഷഡ് നസീരിയെന്ന ഇറാന്‍കാരന്‍ മനസ്സില്‍ ഇരിപ്പുറപ്പിച്ചു. അന്നത്തെ കളിയിലെ മറ്റെല്ലാവരും ബൂട്ടഴിച്ച് പോയിട്ടുംഅലിഗഢിലെ ഈ പഴയ വിദ്യാര്‍ഥിക്ക് മാത്രം സബ്‌സ്റ്റിറ്റിയൂഷനുണ്ടായില്ല. വര്‍ഷങ്ങള്‍ക്കുശേഷം തേടിപ്പിച്ച് കാണുക പോലും ചെയ്തു. പിന്നീട് ഏതൊരു മത്സരവും അവസാന നിമിഷങ്ങളിലെ ഉദ്വേഗത്തിലേയ്ക്ക് നീളുമ്പോള്‍ നസീരിയെ ഓര്‍ക്കും. അന്നത്തെ ആ അത്ഭുത ഗോളും. ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരായ അവസാന ഓവറില്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് അതിശയ ജയം സമ്മാനിച്ചപ്പോഴും നസീരിയാണ് ആദ്യം മനസ്സില്‍ വന്നത്. ഇത്തരം അവസാന നിമിഷ ഗോളുകള്‍, അവസാന പന്തിലെ ജയങ്ങള്‍ എത്രയെത്ര മനസ്സുകളെ ആവേശത്തിന്റെ കൊടുമുടി ഏറ്റിയിരിക്കാം. എത്രയെത്ര ഹൃദയങ്ങളെ നിശ്ചലമാക്കിയിരിക്കാം.

ഫുട്‌ബോളിനോട് ഒരു പണത്തൂക്കം ഇഷ്ടക്കൂടുതലുള്ളതുകൊണ്ടാവാം നസീരിയുടെ ഈ ഗോളിനെ എക്കാലവും മനസ്സില്‍ കൊണ്ടുനടക്കുന്നത്. എന്നാല്‍, ഇതുപോലൊരു അവസാന നിമിഷ സസ്‌പെന്‍സ് ഏതാണ്ട് പ്രാണനെടുത്തത് ഫുട്‌ബോളിലല്ല, ക്രിക്കറ്റില്‍ തന്നെയാണ്. മുപ്പത്തിയാറ് കൊല്ലം മുന്‍പ്. അതും പാകിസ്താനെതിരേ. ഓസ്ട്രലേഷ്യാ കപ്പിലെ ആ അഭിശപ്ത സായാഹ്നം ഇന്നുമുണ്ട് മങ്ങലൊട്ടുമില്ലാതെ അയല്‍വീട്ടിലെ കൊച്ചു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയില്‍ കളി കണ്ട ആ പഴയ ഒന്‍പതാം ക്ലാസുകാരന്റെ മനസില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്‌ക്കെതിരേ ജയിക്കാന്‍ പാകിസ്താന് അവസാന ഓവറില്‍ വേണ്ടിയിരുന്നത് പതിനൊന്ന് റണ്‍സ്. ഒരു റണ്ണൗട്ടും ഒരു ബൗള്‍ഡും കൊണ്ട് വസീം അക്രത്തെയും സുല്‍ഖര്‍നെയ്‌നെയും മടക്കി ചേതന്‍ ശര്‍മ ഇന്ത്യയെ കിരീടജയത്തിന്റെ പിടിവാതില്‍ക്കല്‍ എത്തിച്ചു. തൗസിഫ് അഹമ്മദ് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തതോടെ അവസാന പന്ത് നേരിടാന്‍ ക്രീസിലെത്തിയത് സെഞ്ചുറി തികച്ചുനില്‍ക്കുന്ന ജാവേദ് മിയാന്‍ദാദ്. കൈയില്‍ വസീം അക്രമിന്റെ ബാറ്റും. പാകിസ്താന് പിന്നെ ജയിക്കാന്‍ വേണ്ടത് ഒരു പന്തില്‍ നിന്ന് നാലു റണ്‍സ്. തോല്‍വിയും ജയവും പിച്ചിന്റെ ഇരുഭാഗത്തും കണ്ണുമിഴിച്ചുനില്‍ക്കുന്നു. ഒപ്പം ഗ്യാലറിയിലും ടിവി സെറ്റുകള്‍ക്കും റേഡിയോയ്ക്കും മുന്നില്‍ ലക്ഷക്കണക്കിന് ആളുകളും. മിയാന്‍ദാദ് ചുറ്റും നോക്കി. ഓഫ് സൈഡിലെ ഫീല്‍ഡര്‍മാരുടെ കണക്കെടുത്തു. ഒരുങ്ങിത്തന്നെയായിരുന്നു, ക്യാപ്റ്റന്‍ കപിലിന് പകരം, അവസാന ഓവര്‍ എറിയാന്‍ നിയോഗിക്കപ്പെട്ട നാട്ടുകാരന്‍ ചേതന്‍ ശര്‍മയും. ഒരു യോര്‍ക്കര്‍. അതായിരുന്നു പ്ലാന്‍. പക്ഷേ, അത് തന്റെ ദിവസമായിരുന്നില്ലെന്ന് ശര്‍മ അറിഞ്ഞില്ല. യോര്‍ക്കറിന് പകരം കൈവിട്ട പന്ത് നേരെ ചെന്നത് മിയാന്‍ദാദിന്റെ ബാറ്റിലേയ്ക്ക്. ഇന്ത്യയുടെ ചങ്ക് തകര്‍ത്തുകൊണ്ട് പന്ത് പറന്ന് മിഡ് ഓണിന് മുകളിലൂടെ ഗ്യാലറിയിലേയ്ക്ക്. പന്ത് അതിര്‍ത്തി കടക്കുംമുന്‍പ് തന്നെ മിയാന്‍ദാദും തൗസിഫും ബാറ്റുയര്‍ത്തി പവലിയനിലേയ്ക്ക് ആഹ്ലാദനൃത്തം ചവിട്ടി ഓടിത്തുടങ്ങിയിരുന്നു. 'അയാള്‍ യോര്‍ക്കറാവും എറിയുക എന്ന് ഞാന്‍ ഊഹിച്ചിരുന്നു. അതുകൊണ്ട് തന്നെ ക്രീസില്‍ അല്‍പം മുന്‍പോട്ട് കയറിയാണ് നിന്നത്. പാവം ചേതന്‍ ശര്‍മ.' കട്ടിങ് എഡ്ജ്: മൈ ഓട്ടോബയോഗ്രാഫി എന്ന പുസ്തകത്തില്‍ മിയാന്‍ദാദ് പില്‍ക്കാലത്ത് പരിഹാസത്തോടെ കുറിച്ചു. ആ സിക്‌സ് പിന്നീട് എത്രയോ രാത്രികളില്‍ തന്റെ ഉറക്കം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് കപില്‍ദേവ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. യോര്‍ക്കര്‍ എറിയാനുള്ള ചേതന്റെ ആലോചന ശരിയായിരുന്നു. ഒരു ഇഞ്ച് ഒന്ന് മാറിയിരുന്നെങ്കില്‍ കളി തന്നെ മാറുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ഇന്നും ആ വേദന എന്നെ വേട്ടയാടുന്നുണ്ട്-കപില്‍ പറഞ്ഞു. ഇതിലും വലിയൊരു വേദന ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെ അതിന് മുന്‍പോ പിമ്പോ ഉണ്ടായിട്ടില്ല. 1983ലെ കന്നി ലോകകപ്പ് കിരീടജയം മറന്നാലും ഈ മുറിവ് ഇന്ത്യ മറക്കാനും വഴില്ല.

എന്നാല്‍, ഉള്ളിലെ ഫുട്‌ബോള്‍പക്ഷപാതിയുടെ ചങ്ക് അവസാന നിമിഷത്തെ ആന്റിക്ലൈമാക്‌സില്‍ അക്ഷരാര്‍ഥത്തില്‍ ഛിന്നഭിന്നമായിപ്പോയത് ആ ഏപ്രില്‍ പതിനെട്ടിനല്ല. പിന്നെയും ഇരുപത്തിയെട്ട് കൊല്ലം കഴിഞ്ഞൊരു ജൂലായ പതിമൂന്നിനാണ്. വിഖ്യാതമായ മാരക്കാനയിലെ ആ ശപിക്കപ്പെട്ട രാത്രിയില്‍. അര്‍ജന്റീന ഒരിക്കല്‍ക്കൂടി ലോകകപ്പിന്റെ തൊട്ടടുത്ത്. മാറഡോണയ്ക്കുശേഷം മെസ്സിയും കപ്പടിക്കുന്ന അസുലഭ ചരിത്രനിമിഷം വരികളില്‍ പകര്‍ത്താനുള്ള ആവേശം രാത്രിയുടെ ഉറക്കച്ചടവിനെ ഭേദിച്ച് ഉള്ളില്‍ നുരയിടുന്നു. ചരിത്രവും കാല്‍പനികയതും കോര്‍ത്ത് വാര്‍ത്തയില്‍ ചാര്‍ത്തേണ്ട അലങ്കാരതൊങ്ങലൊക്കെ മനസ്സില്‍ തയ്യാര്‍. അര്‍ജന്റീനയുടെ മുന്നേറ്റനിര പാഴാക്കിക്കൊണ്ടിരുന്ന അവസരങ്ങളില്‍ ഏതെങ്കിലുമൊന്ന് വലയില്‍ വലയില്‍ കയറേണ്ട താമസമേ ഉള്ളൂ. കയറാതിരിക്കാനുള്ള ഒരു കാരണവും കാലത്തിന്റെ കാവ്യനീതിയിലുള്ള വിശ്വാസത്തില്‍ കാണുന്നുമില്ല. എക്‌സ്ട്രാ ടൈം പകുതിയിലേയറെ കഴിഞ്ഞു. സ്വാപ്‌നസാഫല്യം അടുത്തുകൊണ്ടിരിക്കെയാണ് വലതു പാര്‍ശ്വത്തില്‍ നിന്ന് രണ്ട് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ആന്ദ്രെ ഷര്‍ലെ ഒരു എണ്ണം പറഞ്ഞ ക്രോസ് ബോക്‌സിലേയ്ക്ക് പായിക്കുന്നത്. ബോക്‌സില്‍ അലസഗമനക്കാരായിനിന്ന മാർട്ടിൻ ഡെമിഷെലസിനും എസ്ക്വൽ ഗരേയ്ക്കുമിടയിൽ സ്വസ്ഥമായി നിലയുറപ്പിച്ച പകരക്കാരന്‍ മരിയോ ഗോട്‌സെ പറന്നുവരുന്ന പന്ത് ആദ്യം നെഞ്ചില്‍ താങ്ങുന്നു പിന്നെ വീണ് വലതു കാല്‍ കൊണ്ട് പോസ്റ്റിലേയ്ക്ക് ഒരു ആംഗുലര്‍ ഹാഫ് വോളി. കണക്കുകൂട്ടല്‍ പിഴച്ച ഗോളി സെര്‍ജിയേ റൊമേരോയെയും മറികടന്ന് പന്ത് വലയില്‍ കയറുമ്പോള്‍ റഫറിയുടെ വാച്ചില്‍ സമയം 113 മിനിറ്റ്. പിന്നെയുള്ള വിരലിലെണ്ണവുന്ന നിമിഷങ്ങളില്‍ സംഭവിച്ചതെന്ന് ഇന്ന് ഓര്‍ത്തെടുക്കാന്‍ തന്നെ പാട്. ജര്‍മനിയുടെ ആഘോഷമല്ല, ഗോട്‌സെയുടെ വെടിയേറ്റ് പിടയുന്ന അര്‍ജന്റീനയുടെ ചിത്രം മാത്രമേ ഉണ്ടായുളളൂ മനസ്സില്‍. റഫറി നിക്കോള റിസ്സോലിയുടെ അവസാന വിസില്‍ ഒരു മരണദൂതുപോലെയാണ് കാതില്‍വന്നുവീണത്. ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകര്‍ക്കൊപ്പം അസ്തപ്രജ്ഞനായിപ്പോയ നിമിഷം. സങ്കടം തൊണ്ടയില്‍ കുരുങ്ങിക്കിടന്നു. കലാശപ്പോരിന്റെ വാര്‍ത്ത വിറയ്ക്കുന്ന വിരലില്‍ എവിടെയൊക്കെയോ വഴിതെറ്റി. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ചങ്കു തകര്‍ന്നുപോയ നിമിഷമേതെന്ന് ചോദിച്ചാല്‍ ഷാര്‍ജയിലെ മിയാന്‍ദാദിന്റെ സിക്‌സിനൊപ്പം ചേര്‍ത്തുവച്ചുതന്നെ പറയാം അര്‍ജന്റീനയുടെ 2014ലെ ഈ ലോകകപ്പ് ഫൈനല്‍ തോല്‍വിയെയും.

ഈ അവസാന നിമിഷ ആന്റിക്ലൈമാക്‌സുകളില്‍ ഫുട്‌ബോള്‍ ലോകകപ്പുകള്‍ക്ക് ഒരു പ്രത്യേക ഭ്രമം തന്നെയുണ്ട്. നാലു വര്‍ഷം മുന്‍പ് ജൊഹാനസ്ബര്‍ഗിലെ ഫൈനലില്‍ സ്‌പെയിനിന്റെയും ഹോളണ്ടിന്റെയും വിധിയെഴുതിയതും ഇതുപോലൊരു എക്‌സ്ട്രാ ടൈമില്‍ തന്നെ. ഫെര്‍ണാണ്ടോ ടോറസില്‍ നിന്ന് ലഭിച്ച പന്ത് ഫാബ്രിഗാസ് അഞ്ചു ഓറഞ്ച് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഇനിയേസ്റ്റയ്ക്ക് കൈമാറുന്നു. ഒട്ടും അമാന്തിക്കാതെ ഇനിയേസ്റ്റ ഒരു ടച്ചെടുത്ത് വലങ്കാല്‍ കൊണ്ട് പോസ്റ്റിലേയ്ക്ക് ഒരു വെടിയുണ്ട പായിക്കുമ്പോള്‍ സമയം 116 മിനിറ്റ്. ഡച്ചുകാര്‍ ഒരു ഫൗളിന് വേണ്ടി ബഹളം വച്ചെങ്കിലും ഇംഗ്ലീഷുകാരന്‍ റഫറി ഹൊവാഡ് വെബ്ബ് കുലുങ്ങിയില്ല. റൂഡ് ഗുള്ളിറ്റിന്റെയും ഫ്രാങ്ക് റൈക്കാഡിന്റെയും കാലം മുതല്‍ തുടങ്ങിയ ഉള്ളിലെ ഡച്ച് പ്രണയത്തിനേറ്റ മുറിവ്.

ഇതിനു എട്ട് വര്‍ഷം മുന്‍പ് ഇതുപോലൊരു അവസാന നിമിഷ ഗോളിന് ഇംഗ്ലണ്ടിനെ ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ കഷ്ടിച്ച് കയറ്റിയ ചരിത്രവുമുണ്ട്. യൂറോപ്പ്യന്‍ യോഗ്യത മത്സരത്തില്‍ ഗ്രീസിനെതിരായ അവസാന മത്സരത്തില്‍ ഒരു സമനിലയെങ്കിലും വേണമായിരുന്നു ഇംഗ്ലണ്ടിന്. എന്നാല്‍, തൊണ്ണൂറ് മിനിറ്റ് വരെ ഒരു ഗോളന് പിന്നിലായിരുന്നു മുന്‍ ലോക ജേതാക്കള്‍. അങ്ങനെയാണ് എക്‌സ്ട്രാ ടൈമില്‍ മുപ്പത് വരെ അകലെ വച്ച് അവര്‍ക്കൊരു ഫ്രീകിക്ക് കിട്ടുന്നത്. കിക്കെടുക്കുന്നത് ക്യാപ്റ്റന്‍ ബെക്കാം തന്നെ. ബെക്കാമിന്റെ ട്രേഡ് മാര്‍ക്ക് കിക്ക് പ്രതിരോധഭിത്തിക്ക്‌ മുകളിലൂടെ പറന്ന് നേരെ ഗ്രീക്ക് പോസ്റ്റില്‍. നിറഞ്ഞുകവിഞ്ഞ ഓള്‍ഡ് ട്രാഫോര്‍ഡ് അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു സന്തോഷം കൊണ്ട്. ഇംഗ്ലണ്ട് ഏഷ്യ ആതിഥേയത്വം വഹിച്ച ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടില്‍. ഫൈനല്‍സില്‍ ക്വാര്‍ട്ടര്‍ഫൈനലിലണ് അവരുടെ സ്വപ്‌നം തകര്‍ന്നത്. അവരെ തോല്‍പിച്ച ബ്രസീല്‍ കിരീടവുമായണ് പിന്നെ മടങ്ങിയത്.

2002ല്‍ അത്ഭുതം കാണിച്ച ജപ്പാന്റെ 2018ലെ കുതിപ്പിന് വിഘാതമായതും ഇതുപോലൊരു അവസാന നിമിഷ ആന്റി ക്ലൈമാക്‌സ് തന്നെ. രണ്ട് ഗോളിന്റെ ലീഡ് കളഞ്ഞുകുളിച്ച ജപ്പാനെ പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയം വീഴ്ത്തിയത് ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ വിങ്ങര്‍ നാസര്‍ ചാഡ്‌ലിയുടെ ഗോളാണ്. ബോക്‌സില്‍ ലുക്കാക്കു തന്ത്രപൂര്‍വം കൊടുത്ത ഒരു ബാക്ക് ഹീലാണ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ചാഡ്‌ലി ഒരു ഇടങ്കാല്‍ ഗ്രൗണ്ടറിലൂടെ ജാപ്പനീസ് വലയിലെത്തിച്ചത്. സെമിയില്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് ഒരൊറ്റ ഗോളിന്‌ തോറ്റ ബെല്‍ജിയം പിന്നെ ഇംഗ്ലണ്ടിനെ മറികടന്ന് മൂന്നാം സ്ഥാനക്കാരായാണ് മടങ്ങിയത്. മൊറോക്കോയ്ക്കുവേണ്ടിയും ബൂട്ടുകെട്ടി ചരിത്രമുള്ള ചാഡ്‌ലിയുടെ പ്രീക്വാര്‍ട്ടര്‍ ഗോളിന് സ്തുതി. ഇതേ ലോകകപ്പില്‍ സ്‌പെയിനിനെതിരേ എണ്‍പത്തിയെട്ടാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലക്ഷ്യം കണ്ടിരുന്നില്ലെങ്കില്‍ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുമായിരുന്നു.

ക്ലബ് ഫുട്‌ബോളില്‍ ബയേണിനുവേണ്ടി ആര്യന്‍ റോബനും ചെല്‍സിക്കുവേണ്ടി ദിദിയര്‍ ദ്രോഗ്ബയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി ഒലെ ഗുണ്ണര്‍ സോള്‍ഷേറും ലിവര്‍പൂളിനുവേണ്ടി സ്റ്റീവന്‍ ജെറാഡുമെല്ലാം ഇതുപോലെ അവസാന നിമിഷ അത്ഭുതങ്ങള്‍ കാട്ടിയവരാണ്.

മുപ്പത്തിയാറ് കൊല്ലം മുന്‍പത്തെ ഷാര്‍ജയിലെ മിയാന്‍ദാദ് മാജിക്കിനുശേഷം ഇന്ത്യയ്ക്ക് ഓര്‍ത്തുവയ്ക്കാന്‍ അവസാന പന്തിലെ, അവസാന ഓവറിലെ മധുരങ്ങളാണ് ഏറെയുമെന്ന് തോന്നുന്നു. ചേതന്‍ ശര്‍മയെപ്പോലുള്ള നിര്‍ഭാഗ്യ രക്തസാക്ഷികളെയല്ല, വീരനായകരെയാണത് ഏറെയും സൃഷ്ടിച്ചത്. പാണ്ഡ്യയേക്കാള്‍ വീരോചിതമായി ഇന്ത്യയെ അവസാന പന്തില്‍ ജയിപ്പിച്ച ചരിത്രമുള്ളൊരാള്‍ ടീമിലുണ്ട്. ദിനേഷ് കാര്‍ത്തിക്. നിദാഹാസ് ട്രോഫിയുടെ ഫൈനലില്‍ ബംഗ്ലാദേശിനെതിരായ ടിട്വന്റി ഫൈനലില്‍ അവസാന പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ഇന്ത്യയ്‌ക്കെതിരായ ആദ്യ ടിട്വന്റി ജയം സ്വപ്‌നം കണ്ടാണ് സൗമ്യ സര്‍ക്കാര്‍ അവസാന പന്തെറിയാന്‍ എത്തിയത്. എന്നാല്‍ കാര്‍ത്തിക് കവറിന് മുകളിലൂടെ പന്ത് പറത്തി ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചു. ധോനിയുടെ പ്രഭാവകാലത്ത് ഏഴ് വര്‍ഷം കളിക്കാതെ പുറത്തിരുന്നശേഷമായിരുന്നു കാര്‍ത്തിക്കിന്റെ ഈ വെടിക്കെട്ട് തിരിച്ചുവരവ്. അവസാന പന്തിലെ ഒരൊറ്റ ഷോട്ടിന്റെ പേരില്‍ മാത്രം ഇന്ത്യന്‍ ക്രിക്കറ്റ് ഇന്നും നന്ദിയോടെ സ്മരിക്കുന്ന ഒരാളുണ്ട്. ഋഷികേഷ്‌ കനിത്കര്‍. ധാക്കയില്‍ പാകിസ്താനെതിരായ സില്‍വര്‍ ജൂബിലി ഇന്‍ഡിപെന്‍ഡസ് കപ്പിന്റെ മൂന്നാം ഫൈനലില്‍ 315 എന്ന ഹിമാലയന്‍ സ്‌കോറിനെതിരേ ജയിക്കാന്‍ അവസാന രണ്ടു പന്തുകളില്‍ ഇന്ത്യയ്ക്കുവേണ്ടിയിരുന്നത് മൂന്ന് റണ്‍സ്. കളത്തിലും പുറത്തും ചങ്കിടിപ്പിന്റെ ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം പുകഞ്ഞ കാലം കൂടിയായതിനാല്‍ ആ പുകയുടെ ചൂടുമുണ്ട് കളിയില്‍.

താരതമ്യേന പുതുക്കക്കാരനായ ഇടങ്കയ്യന്‍ കനിത്കറാണ് ക്രീസില്‍. മറുതലയ്ക്കല്‍ പന്തെറിയുന്നത് അപകടകാരിയ സഖ്‌ലൈന്‍ മുഷ്താഖും. സാധ്യതകളില്‍ പാകിസ്താന്റെ തട്ട് അല്‍പം താണിരുന്നത് സ്വാഭാവികം. മൂന്ന് വിക്കറ്റു പിഴതുകഴിഞ്ഞ സഖ്‌ലൈന്‍ കീപ്പര്‍ റഷീദ് ലത്തീഫുമായി തന്ത്രം മെനഞ്ഞ് പാക് ജയം ഉറപ്പിച്ച മട്ടിലാണ് പന്തെറിയാനെത്തിയത്. അവിശ്വസനീയമായിരുന്നു അടുത്ത നിമിഷം. കനിത്കര്‍ പന്ത് ഒഴിഞ്ഞുകിടക്കുന്ന മിഡ് വിക്കറ്റിലൂടെ നേരെ ബൗണ്ടറിയിലേയ്ക്ക് പായിച്ചു. ഇന്ത്യയ്ക്ക് അവിശ്വനീയ ജയം. ഒരു പതിറ്റാണ്ട് മുന്‍പ് ഷാര്‍ജയിലെ തോല്‍വിക്കുള്ള മധുര പ്രതികാരം. സെഞ്ചുറി കൊണ്ട് ഇന്നിങ്‌സിന്റെ നെന്തൂണായ സൗരവ് ഗാംഗുലിയും അവിചാരിതമായി സ്ഥാനക്കയറ്റം കിട്ടി വന്ന് എണ്‍പത്തിമൂന്ന് പന്തില്‍ നിന്ന് എണ്‍പത്തിരണ്ട് റണ്ണടിച്ച് റോബിന്‍ സിങ്ങും ഡ്രസ്സിങ് റൂമില്‍ നിന്ന് ഗ്രൗണ്ടിലേയ്ക്ക് ഓടിയിറങ്ങിവന്ന് കനിത്കറെ കെട്ടിപ്പിടിച്ചാണ് ആഹ്ലാദം പങ്കുവച്ചത്. ഇവരുടെ പ്രകടനം പോലും ആ ഒരൊറ്റ ബൗണ്ടറിയില്‍ പൊലിഞ്ഞുപോയി.

എന്നാല്‍, വര്‍ഷങ്ങള്‍ക്കിപ്പുറം ചരിത്രത്തില്‍ തങ്കലിപികളില്‍ ഇടംപിടിച്ച മറ്റൊരു ലാസ്റ്റ് ബോള്‍ വണ്ടര്‍ കാത്തിരുന്നു ഇന്ത്യയെ. വാംഖഡേയില്‍ ലോകകപ്പ് ഫൈനലില്‍ ജയിക്കാന്‍ പതിനൊന്ന് പന്തില്‍ നിന്ന് നാലു റണ്‍ മാത്രം മതിയായിരുന്നു ഇന്ത്യയ്ക്ക്. ആറു വിക്കറ്റ് കൈയിലിരിക്കെ ജയം അനായാസം. എന്നാല്‍, ഇരുപത്തിയെട്ട് വര്‍ഷത്തിനുശേഷമുള്ള ലോകകപ്പ് കിരീടവിജയത്തിന് ഒരു സാധാരണ വിന്നിങ് സ്‌ട്രോക്ക് മതിയാവില്ലെന്ന് മറ്റാരെക്കാളും നന്നായി അറിയാമായിരുന്നു ധോനിക്ക്. കുലശേഖര എറിഞ്ഞ നാല്‍പത്തിയൊന്‍ാതാംാ ഓവറിലെ അവസാന പന്ത് നേരെ ലോങ് ഓണിന് മുകളിലൂടെ തിങ്ങിനിറഞ്ഞ വാംഖഡേയുടെ ഇരിപ്പിടങ്ങളിലേയ്ക്ക്. ഇന്ത്യയുടെ രണ്ടാം ഏകദിന ലോകകപ്പ് നേട്ടത്തെ അടക്കാനാവാത്ത ആനന്ദക്കണ്ണീരോടുകൂടിയാണ് സച്ചിനും കൂട്ടരും കോടിക്കണക്കിന് വരുന്ന ക്രിക്കറ്റ് ആരാധകരുടെ നെഞ്ചേറ്റിയത്. എന്നാല്‍, അന്ന് ധോനി പറത്തിയ ആ ചരിത്രംകുറിച്ച പന്ത് ഗ്യാലറിയില്‍ വീണ് അപ്രത്യക്ഷമായത് കഥ. ഗ്യാലറിയില്‍ ഉണ്ടായിരുന്ന ഹോങ് കോങ് സ്വദേശിയാണ് പന്ത് കൈവശപ്പെടുത്തിയതെന്ന് പിന്നീട് സുനില്‍ ഗാവസ്‌ക്കര്‍ ക്യാമറ റീപ്ലേയില്‍ നിന്ന് കണ്ടെത്തി. പന്ത് വീണ സീറ്റിന് പ്രത്യേക ചായം പൂശി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ധോനിക്ക് ആദരവര്‍പ്പിക്കുകയും ചെയ്തു.

ഇതേ വാങ്കഡേയില്‍ 2012ല്‍ അശോക് ദിന്‍ഡയുടെ അവസാന പന്ത് സിക്‌സര്‍ പറത്തി ഇംഗ്ലണ്ടിന് ഉജ്വല വിജയം സമ്മാനിച്ച് പരമ്പര സമയിലനിലാക്കിയ ഒരു ചരിത്രം കൂടിയുണ്ട്. ഓയിന്‍ മോര്‍ഗനായിരുന്നു വിജയശില്‍പി. കാര്‍ത്തിക്കിനെയും മിയാന്‍ദാദിനെയും മോര്‍ഗനെയും പോലെ അവസാന പന്ത് അതിര്‍ത്തിക്കപ്പുറത്തേയ്ക്ക് പറത്തി സൂപ്പര്‍സ്റ്റാറുകളായവരാണ് ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്‌നറും ബ്രണ്ടന്‍ ടെയ്‌ലറും ശിവ്‌നാരായണ്‍ ചന്ദര്‍പോളും റെയിന്‍സ്‌ഫോര്‍ഡും റ്യാന്‍ മക്‌ലാറനും നഥാന്‍ മക്കല്ലവുമെല്ലാം. ഇര്‍ഫന്‍ പഠാനെ അവസാന ഓവറില്‍ പന്ത്രണ്ട് റണ്‍സ് നേടിക്കൊണ്ടായിരുന്നു മക്കല്ലത്തിന്റെ വിളയാട്ടം. ഇംഗ്ലണ്ടിനെതിരേ 2009 ടിട്വന്റി ലോകകപ്പില്‍ നെതര്‍ലന്‍ഡ് അട്ടിമറി വിജയം നേടിയതും അവസാന ഓവറിലാണ്. ഏഴ് റണ്‍സായിരുന്നു അവര്‍ക്ക് അവസാന ആറു പന്തില്‍ നിന്ന് വേണ്ടിയിരുന്നത്. 2016ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരേ റെയ്‌ന ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ ജയം സമ്മാനിച്ചതും ആന്‍ഡ്ര്യു ടൈയെ അതിര്‍ത്തി കടത്തിയാണ്. ഇക്കഴിഞ്ഞ ജൂണില്‍ ശ്രീലങ്ക ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചതും അവസാന ഓവറില്‍ തന്നെ. 2010നുശേഷം ഓസ്‌ട്രേലിയക്കെതിരേ ശ്രീലങ്ക നേടുന്ന ആദ്യ ഏകദിന ജയം കൂടിയായിരുന്നു ഇത്. 2011ല്‍ അവസാന പന്തില്‍ സിംഗിളെടുത്ത് വിന്‍ഡീസിനെതിരായ ടെസ്റ്റ് സ്‌കോര്‍ തുല്ല്യമാവുന്ന അപൂര്‍വ സമനിലയിലാക്കിയ ഒരു ചരിത്രമുണ്ട് ആര്‍.അശ്വിന്.

ചരിത്രം ചികഞ്ഞാല്‍ അവസാന പന്തിലെ, അവസാന ഓവറിലെ, അവസാന നിമിഷങ്ങളിലെ ജയപരാജയങ്ങള്‍ ഇങ്ങനെ ഒരുപാടുണ്ട് ഓര്‍ത്തെടുക്കാന്‍. അതെല്ലാം ധോനിയുടേത് പോലെ, കനിത്കറുടേത് പോലെ, മിയാന്‍ദാദിന്റേത് പോലെ നെഞ്ചില്‍ വന്നു വീഴണമെന്നില്ല. ഗോട്‌സേയുടേത് പോലെ ഹൃദയത്തില്‍ തുളച്ചകയറണമെന്നില്ല. അതൊരു നിയോഗമാണ്. കളിയുടേയും കളിക്കാരന്റേയും. ഇത്തരം നിമിഷങ്ങളാണ്, നിയോഗങ്ങളാണ് ചരിത്രം നിര്‍മിക്കുന്നത്. കളികളെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പില്‍ക്കാലത്ത് മാറഡോണയുടെയും മെസ്സിയുടെയുമെല്ലാം മാജിക്കുകള്‍ ഏറെ കണ്ടിട്ടും ജംഷഡ് നസീരിയെന്ന കൊറാംഷഹറുകാരന്‍ ഇന്നും മനസ്സില്‍ ബൂട്ടുകെട്ടി കളിക്കുന്നത്.

Content Highlights: hardik pandya, cricket, mindad, chetan sharma, messi, kanitkar, dhoni, soccer,world cup, nassiri


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented