
സ്പോർട്സ് മെഡിസിനിലും ജോയ്ന്റ് റീപ്ലേസ്മെന്റിലും ഉന്നത ഫെലോഷിപ്പുകൾ അദ്ദേഹം നേടി. ഈ പരിചയസമ്പത്തിലൂടെ കായികതാരങ്ങൾക്കു കൈത്താങ്ങായി നിൽക്കാൻ അദ്ദേഹത്തിനായി. ഇപ്പോൾ ഇന്ത്യൻ അത്ലറ്റിക്സ് ടീമിന്റെ ഔദ്യോഗിക ഡോക്ടറായി നിയമിതനായിരിക്കുകയാണ് ഈ തിരുവനന്തപുരത്തുകാരൻ. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് അദ്ദേഹം.
കരമന സ്വദേശിയായ ഡോ. ജെ.അരുണിന്റെ എം.ബി.ബി.എസ്. വരെയുള്ള പഠനം മുംബൈയിലും പുണെയിലുമായിട്ടായിരുന്നു. അച്ഛൻ പരേതനായ കെ.ആർ.ജ്യോതിവാസൻ ഐ.ബി.യിൽ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ സ്ഥലംമാറ്റമനുസരിച്ചായിരുന്നു മകന്റെ പഠനം. പുണെയിൽ ഭാരതീയ വിദ്യാപീഠ് യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിന്റെയും യൂണിവേഴ്സിറ്റിയുടെയും ഫുട്ബോൾ ടീമിൽ അംഗമായിരുന്നു അരുൺ. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു പി.ജി. പഠനം. തുടർന്ന് കൊച്ചി അമൃത ആശുപത്രിയിലും ജർമനിയിലും സ്പോർട്സ് മെഡിസിനിലും ജോയിന്റ് റീപ്ലേസ്മെന്റിലും ഫെലോഷിപ്പോടെ ഉന്നതപഠനം നടത്തി.
കഴിഞ്ഞ ഒരു വർഷമായി കാര്യവട്ടം സായി -എൽ.എൻ.സി.പി.ഇ.യിലെ കായികതാരങ്ങൾക്ക് ഡോ. അരുൺ തന്റെ സേവനം സൗജന്യമായി നൽകിവരികയായിരുന്നു. പരിക്കുകൾ മൂലം വിഷമിച്ചിരുന്ന പല കായിക താരങ്ങൾക്കും കരിയറിലേക്കു തിരിച്ചുവരാൻ അദ്ദേഹത്തിന്റെ ചികിത്സ സഹായിച്ചു. ആ പ്രവർത്തനമികവിനുള്ള അംഗീകാരം കൂടിയായി ഇന്ത്യൻ അത്ലറ്റിക്സ് ടീമിന്റെ ഔദ്യോഗിക ഡോക്ടറായുള്ള നിയമനം. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) കീഴിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. ടോക്യോ ഒളിമ്പിക്സിനായി ഒരുങ്ങുന്ന അത്ലറ്റുകളെ പരിക്കിൽനിന്നു മുക്തരാക്കി മത്സരത്തിന് പൂർണ സജ്ജരാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഡോ. അരുണിനുള്ളത്.
തിരുവനന്തപുരം ജൂബിലി മിഷൻ ആശുപത്രിയിലെയും പട്ടം എസ്.യു.ടി. ആശുപത്രിയിലെയും ഓർത്തോപീഡിക്സ് സർജൻ കൂടിയാണ് ഡോ. അരുൺ. ‘പലെസ്ട്രാ പെർഫോമൻസ് ആൻഡ് റീ ഹാബ്’ എന്ന ക്ലിനിക്കും നടത്തുന്നു.
കുറവൻകോണത്താണു താമസം. അമ്മ ഗിരിജ ജ്യോതിവാസൻ വീട്ടമ്മയാണ്. ഭാര്യ അർച്ചന സ്വകാര്യ എൻജിനീയറിങ് കോളേജ് അധ്യാപിക. വിദ്യാർഥികളായ അദ്വൈതും ആദിത്യയുമാണ് മക്കൾ.
Content Highlights: Indian Athletics Team Official Doctor J Arun
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..