ഹെയ്‌സല്‍വുഡിനെ ബൗണ്ടറിക്കു പായിച്ച് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ കളിക്കാരന്‍ ഋഷഭ് പന്തിന് കൈ കൊടുക്കുമ്പോള്‍ അമ്പയര്‍ പോള്‍ റെയ്ഫലിന്റെ മനസ്സ് ഒരുപക്ഷേ, 26 വര്‍ഷം പിന്നിലേക്ക് പറന്നിട്ടുണ്ടാവണം. അന്ന് ജമൈക്കയിലെ സബൈനാ പാര്‍ക്കില്‍ വെസ്റ്റിന്‍ഡീസിനെ ഇന്നിംഗ്‌സിനും 53 റണ്‍സിനും പരാജയപ്പെടുത്തിയ മാര്‍ക്ക് ടെയ്‌ലറുടെ ഓസ്‌ട്രേലിയന്‍ ടീമിലംഗമായിരുന്നു റെയ്ഫല്‍. രണ്ടിന്നിംഗ്‌സിലുമായി ഏഴു വിക്കറ്റെടുത്ത ഫാസ്റ്റ് ബൗളര്‍ വിന്‍ഡീസിനെ കീഴടക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. പേസ് കരുത്തില്‍ ലോകം കീഴടക്കിയ വിന്‍ഡീസ് മഹാരഥന്‍മാരുടെ വിരമിക്കലിനു ശേഷം അത്രയ്ക്ക് ശക്തരായിരുന്നില്ലെങ്കിലും അവരെ സ്വന്തം നാട്ടില്‍ തോല്‍പ്പിക്കുക എളുപ്പമായിരുന്നില്ല. അതിനുമുമ്പ് സ്വന്തം മണ്ണില്‍ അവര്‍ പരമ്പര തോറ്റത് 15 വര്‍ഷം മുമ്പായിരുന്നു!
ഇന്ന്, അദ്ദേഹത്തിന്റെ കണ്‍മുന്നില്‍ അതിനു സമാനമായ മറ്റൊരു വമ്പന്‍ അട്ടിമറിയാണ് നടന്നത്. 32 വര്‍ഷത്തിനു ശേഷം ബ്രിസ്‌ബെനിലെ ഗാബയില്‍ കംഗാരുക്കള്‍ സന്ദര്‍ശക ടീമിനോടു തോറ്റിരിക്കുന്നു! ഒരുപക്ഷേ, അദ്ദേഹം കൂടുതല്‍ ആലോചിക്കുക സബൈനാപാര്‍ക്കില്‍ സ്റ്റീവ് വോ നേടിയ അവിശ്വസനീയമായ ഇരട്ടസെഞ്ചുറിക്കും ഈ മത്സരത്തില്‍ ചേതേശ്വര്‍ പൂജാര നടത്തിയ ചെറുത്തുനില്‍പ്പും തമ്മിലുള്ള സാമ്യമായിരിക്കും. അന്ന് കോര്‍ട്ട്‌നി വാല്‍ഷും കേര്‍ട്ട്‌ലി ആംബ്രോസും നയിച്ച വിന്‍ഡീസ് പേസ് പടയുടെ ബോഡിലൈന്‍ ബൗളിംഗില്‍ ശരീരമാസകലം പരിക്കേറ്റിട്ടും മനസ്സാന്നിദ്ധ്യം കൈവിടാതിരുന്ന വോ, ഓസീസിന് വിജയം സമ്മാനിക്കുന്നതിന് കാരണക്കാരനായതുപോലെയായിരുന്നു ഇന്ന് ഈ മിതഭാഷിയുടെ പ്രകടനം.
ഡ്രെസിംഗ് റൂമിലെത്തുമ്പോള്‍ സ്റ്റീവിന്റെ ശരീരം മുഴുവന്‍ മുറിവും ചതവും പാടുകളുമായിരുന്നുവെന്ന് ഓര്‍മിക്കുന്നവരില്‍ റെയ്ഫലുമുണ്ടാവും. അതുപോലെയായിരുന്നു ഗാബയില്‍ പൂജാരയും. പൊളിഞ്ഞുതുടങ്ങിയ അപകടകാരിയായ അഞ്ചാം ദിവസത്തെ പിച്ചില്‍ കൈയിലും നെഞ്ചിലും വിരലിലുമൊക്കെ അദ്ദേഹത്തിന് പരിക്കുപറ്റി. വേദന കടിച്ചമര്‍ത്തി കളിക്കുമ്പോഴും പൂജാര കളിയിലെ ഏകാഗ്രതയും വിക്കറ്റു സൂക്ഷിക്കാനുള്ള ജാഗ്രതയും കൈവിട്ടില്ല. രണ്ടാമിന്നിംഗ്‌സില്‍ 56 റണ്‍സ് മാത്രമേ എടുത്തുള്ളൂവെങ്കിലും ശുഭ്മാന്‍ ഗില്ലിനും റിഷഭ് പന്തിനും അടിച്ചുകളിക്കാന്‍ വേണ്ട അടിത്തറ പാകിയത് അദ്ദേഹമാണ്. അദ്ദേഹം നേരിട്ട 211 പന്തുകള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന് നങ്കൂരമായി.
പരിക്കു കാരണം ശോഷിച്ച, നയിക്കാന്‍ വിരാട് കോലിയില്ലാത്ത, പരിചയസമ്പത്തു കുറവുള്ള ടീമിന് ഈ ഗുജറാത്തി നല്‍കിയ കെട്ടുറപ്പു ചെറുതല്ല. കഴിഞ്ഞ സിഡ്‌നി ടെസ്റ്റില്‍ പൂജാര നേടിയ രണ്ട് അര്‍ധശതകങ്ങളില്ലായിരുന്നെങ്കില്‍ ഇന്ത്യ ഉറപ്പായും തോല്‍ക്കുമായിരുന്നു. അദ്ദേഹം റണ്‍ നേടുന്ന വേഗം പരിഹാസത്തിനും വിമര്‍ശനത്തിനും വഴി വെക്കുന്നുണ്ടെങ്കിലും ടെസ്റ്റ് കളിക്കാരനു വേണ്ടുന്ന പിഴവറ്റ നല്ല പ്രതിരോധവും ടെക്‌നിക്കുമാണ് പൂജാരയെ അജയ്യനാക്കുന്നത്. സ്വപ്നതുല്യമായ ഈ പരമ്പരനേട്ടം ആഘോഷിക്കപ്പെടുമ്പോള്‍ നിറപ്പകിട്ടാര്‍ന്ന വ്യക്തിത്വവും സ്‌ട്രോക്കുകളുമുള്ള ഋഷഭ് പന്തും ഗില്ലും ഒന്നാമിന്നിംഗ്‌സില്‍ ബാറ്റു കൊണ്ട് അത്ഭുതം കാട്ടിയ വാഷിംഗ്ടണ്‍ സുന്ദറും ശാര്‍ദുല്‍ ഠാക്കൂറുമൊക്കെ മുന്നില്‍ വന്നേക്കാം. പക്ഷേ, പഴികള്‍ക്കും പരാതികള്‍ക്കുമിടെ നിശബ്ദമായി, അക്ഷോഭ്യനായി, തികഞ്ഞ ജാഗ്രതയോടെ ഒന്നിനു പിറകെ ഒന്നായി ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ തീയുണ്ടകളെ നേരിട്ട പൂജാരയെ നമുക്കു മറക്കാതിരിക്കാം. ഓര്‍ക്കുക, ഇന്ത്യ ആദ്യമായി ഓസീസിനെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തുമ്പോളും പൂജാരയായിരുന്നു ടീമിന്റെ നെടുംതൂണ്‍.
Content highlights : india vs australia test series steve vaughn and cheteshwar Pujara