ളത്തിനകത്ത് മാത്രമല്ല കളത്തിനു പുറത്തും വീറും വാശിയും നിറയുന്ന പോരാട്ടങ്ങള്‍ നിരവധിയുണ്ട് ക്രിക്കറ്റ് ലോകത്ത്. ആഷസും ഇന്ത്യ - പാക് പോരാട്ടങ്ങളുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. എന്നാല്‍ വീറും വാശിയും ഒട്ടും ചോരാത്തതുതന്നെയാണ് ഇന്ത്യ - ഓസ്‌ട്രേലിയ പോരാട്ടങ്ങളും. ഓസീസിന്റെ അപരാജിത കുതിപ്പുകള്‍ക്ക് തടയിട്ട് പലപ്പോഴും ഇന്ത്യ അവരെ പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിപ്പിച്ചിട്ടുണ്ട്. 2001-ലെ പ്രസിദ്ധമായ പരമ്പര തന്നെ അതിന് ഉദാഹരണം.

ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടങ്ങളുടെ ചരിത്രം ചികഞ്ഞാല്‍ ചിതലെടുത്തിട്ടില്ലാത്ത ഓര്‍മകള്‍ നിരവധിയുണ്ട്. ഇപ്പോള്‍ വീണ്ടുമൊരു ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരയ്ക്ക് കാഹളം മുഴങ്ങുമ്പോള്‍ ഓര്‍മകള്‍ സഞ്ചരിക്കുന്നത് 17 വര്‍ഷങ്ങള്‍ പുറകോട്ടാണ്. ഇത്തവണത്തെ ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്ന അഡ്‌ലെയ്ഡിലേക്ക്. രാഹുല്‍ ദ്രാവിഡെന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ സൈലന്റ് ഗാര്‍ഡിയന്‍ അഡ്‌ലെയ്ഡിലെ ഓരോ പുല്‍നാമ്പുകളെ പോലും ത്രസിപ്പിച്ച ആ ദിനത്തിലേക്ക്.

രാഹുല്‍ ദ്രാവിഡ് എന്ന പേരു കേള്‍ക്കുമ്പോള്‍ ക്രിക്കറ്റ് മൈതാനങ്ങളിലെ പോരുകളോ അമിത ആഹ്ലാദ പ്രകടനങ്ങളോ വൈകാരിക നിമിഷങ്ങളോ ഒന്നും തന്നെ നിങ്ങളുടെ മനസിലേക്ക് കടന്നുവരില്ല. എന്നാല്‍ ലോകത്തെവിടെയുമുള്ള മൈതാനങ്ങളാകട്ടെ ടീം ഇന്ത്യയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരംപോലെ വീഴുമ്പോള്‍, മുങ്ങിത്താഴുന്ന ആ കപ്പലിനെ താങ്ങിനിര്‍ത്താന്‍ അയാളുണ്ടാകുമായിരുന്നു. അക്കൂട്ടത്തില്‍ ചൂണ്ടിക്കാണിക്കാവുന്ന ഉദാഹരണങ്ങളില്‍ ഒന്നാണ് 2003-ലെ ഓസീസ് പര്യടനത്തില്‍ ഡിസംബര്‍ 12 മുതല്‍ 16 വരെ അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന രണ്ടാം ടെസ്റ്റ്.

ഡിസംബര്‍ 16-ന് അഡ്‌ലെയ്ഡിന്റെ മണ്ണില്‍ ഇന്ത്യ അവിസ്മരണീയമായ ജയം കുറിച്ചപ്പോള്‍ ആ വിജയത്തിന്റെ നട്ടെല്ല് രാഹുല്‍ ദ്രാവിഡെന്ന രക്ഷകനായിരുന്നു. ഇന്ത്യയുടെ മുന്‍നിര തകര്‍ന്ന ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയും രണ്ടാം ഇന്നിങ്‌സില്‍ വിലപ്പെട്ട 72 റണ്‍സ് സ്വന്തമാക്കിയും ഇന്ത്യയെ അദ്ദേഹം വിജയതീരത്തെത്തിച്ചു. 

ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ ഉലച്ചുകളഞ്ഞ ഒത്തുകളി വിവാദമെന്ന കറുത്ത അധ്യായം പിന്നിട്ട് 2000-ന്റെ തുടക്കത്തിലാണ് ലോക ക്രിക്കറ്റില്‍ ഇന്ത്യ ഒരു ശക്തമായ സാന്നിധ്യമായി ഉയരുന്നത്. 2001-ല്‍ ഈഡന്‍ ഗാര്‍ഡന്‍സിലെ വിസ്മയ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റിന്റെ കരുത്ത് വിളിച്ചോതിയ മത്സരമായിരുന്നു. 

അതിനു ശേഷം 2003 അവസാനമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തുന്നത്. സ്റ്റീവ് വോയുടെ വിടവാങ്ങല്‍ പരമ്പര എന്നതുകൊണ്ടു തന്നെ ഏറെ ശ്രദ്ധനേടിയ മത്സരങ്ങളായിരുന്നു അവ. ഗ്ലെന്‍ മഗ്രാത്തും ഷെയ്ന്‍ വോണും ഇല്ലാതിരുന്ന ഓസീസ് പക്ഷേ കരുത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല. ജേസണ്‍ ഗില്ലെസ്പി, ബ്രെറ്റ് ലീ, ആന്റി ബിക്കല്‍, നഥാന്‍ ബ്രാക്കണ്‍, സ്റ്റുവര്‍ട്ട് മക്ഗില്‍ തുടങ്ങി ലോകത്തെ ഏതൊരു ബാറ്റിങ് നിരയേയും വിറപ്പിക്കാന്‍ പോന്നവരായിരുന്നു അന്നത്തെ ഓസീസ് ബൗളിങ് നിര.

ബ്രിസ്‌ബെയ്‌നില്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ സെഞ്ചുറിയുടെയും സഹീര്‍ ഖാന്റെ അഞ്ചു വിക്കറ്റ് പ്രകടനത്തിന്റെയും മികവില്‍ ആദ്യ ടെസ്റ്റ് സമനിലയിലാക്കിയാണ് അഡ്‌ലെയ്ഡില്‍ രണ്ടാം ടെസ്റ്റിനാണ് ഇന്ത്യ ഇറങ്ങിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി റിക്കി പോണ്ടിങ് ഇരട്ട സെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് കുറിച്ചത്. 556 റണ്‍സ്. 352 പന്തുകള്‍ നേരിട്ട് 242 റണ്‍സെടുത്ത പോണ്ടിങ്ങിനു മുന്നില്‍ മാത്രമാണ് അന്ന് ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് മറുപടിയില്ലാതെ പോയത്.

പേസും സ്വിങ്ങും ചതിക്കുഴികള്‍ ഒളിപ്പിച്ചുവെച്ച അഡ്‌ലെയ്ഡില്‍ ആകാശ് ചോപ്രയും വീരേന്ദര്‍ സെവാഗും ചേര്‍ന്ന് ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 66-ല്‍ എത്തിയപ്പോള്‍ ചോപ്ര മടങ്ങി. രാഹുല്‍ ദ്രാവിഡ് ക്രീസിലേക്ക്. എന്നാല്‍ ഒന്നിന് 66 എന്ന നിലയിലായിരുന്ന ഇന്ത്യ വളരെ പെട്ടെന്നു തന്നെ നാലിന് 85 എന്ന നിലയിലേക്ക് വീണു. സെവാഗിനെയും സച്ചിനെയും ആന്റി ബിക്കല്‍ മടക്കിയപ്പോള്‍ ഗാംഗുലി നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി.

ഇന്ത്യന്‍ ബാറ്റിങ്‌നിര തകര്‍ച്ച നേരിടുകയാണെന്ന ഘട്ടത്തിലാണ് ദ്രാവിഡിന് കൂട്ടായി വെരി വെരി സ്‌പെഷ്യല്‍ ലക്ഷ്മണ്‍ ഇറങ്ങുന്നത്. ഇരുവരും ചേര്‍ന്ന് കളംപിടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് വീണ്ടും ജീവന്‍വെച്ചു. 

ഒരു വശത്ത് ദ്രാവിഡ് ക്ഷമയുടെ പര്യായമായപ്പോള്‍ തന്റെ തനത് ശൈലിയിലൂടെ ലക്ഷ്മണ്‍ സ്‌കോര്‍ ഉയര്‍ത്തി. 303 റണ്‍സ് ചേര്‍ത്ത ആ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിക്കുമ്പോഴും ഇന്ത്യ അപകട ഘട്ടം പിന്നിട്ടിരുന്നില്ല. 148 റണ്‍സോടെ ലക്ഷ്മണ്‍ മടങ്ങിയപ്പോള്‍ ദ്രാവിഡ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. പാര്‍ഥിവ് പട്ടേലിനെയും അജിത്ത് അഗാര്‍ക്കറിനെയും അനില്‍ കുംബ്ലെയേയുമെല്ലാം കൂട്ടിപിടിച്ച് അദ്ദേഹം പിന്നെയും സ്‌കോര്‍ മുന്നോട്ടു ചലിപ്പിച്ചു. ഇരട്ട സെഞ്ചുറിയും പിന്നിട്ടുള്ള ആ കുതിപ്പ് അവസാനിച്ചത് 162-ാം ഓവറിലായിരുന്നു. ഇന്ത്യയുടെ അവസാന വിക്കറ്റായി ദ്രാവിഡ് പുറത്താകുമ്പോള്‍ ഓസീസ് സ്‌കോറിനേക്കാള്‍ വെറും 33 റണ്‍സ് മാത്രം പിന്നിലായിരുന്നു ഇന്ത്യ. 594 മിനിറ്റ് ക്രീസില്‍ ചെലവഴിച്ച് 446 പന്തുകളില്‍ നിന്നും 233 റണ്‍സുമായി അയാള്‍ മടങ്ങുമ്പോള്‍ ഓസീസിനെ വെല്ലുവിളിക്കാന്‍ പോന്ന ഘട്ടത്തില്‍ ഇന്ത്യ എത്തിയിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റെടുത്ത അജിത്ത് അഗാര്‍ക്കറുടെ മികവില്‍ ഓസീസിനെ 196 റണ്‍സിന് ഇന്ത്യ കൂടാരം കയറ്റി.

ഇന്ത്യയ്ക്ക് ജയത്തിലേക്ക് വേണ്ടത് 230 റണ്‍സ്. ചോപ്രയും സെവാഗും ചേര്‍ന്ന് ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം തന്നെ സമ്മാനിച്ചു. സെവാഗും സച്ചിനും ലക്ഷ്മണുമെല്ലാം ഒത്തുചേര്‍ന്നതോടെ ഇന്ത്യ വിജയം സ്വപ്‌നം കാണാന്‍ തുടങ്ങി. അപ്പോഴും ആങ്കറിങ് ഇന്നിങ്‌സുമായി ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ താരം ക്രീസിലുണ്ടായിരുന്നു. ലക്ഷ്മണും പാര്‍ഥിവ് പട്ടേലും പെട്ടെന്ന് പുറത്തായെങ്കിലും തെല്ലും പതറാതെ അയാള്‍ ടീമിനെ മുന്നോട്ടു നയിച്ചു. അഞ്ചാം ദിനം ഉച്ചയ്ക്കു ശേഷം സ്റ്റുവര്‍ട്ട് മക്ഗില്‍ എറിഞ്ഞ 73-ാം ഓവറിലെ നാലാം പന്ത് ബൗണ്ടറി കടത്തി ദ്രാവിഡ് ഇന്ത്യയ്ക്ക് എക്കാലവും ഓര്‍മിക്കാന്‍ തക്ക വിജയം സമ്മാനിക്കുകയായിരുന്നു. 170 പന്തുകളില്‍ നിന്ന് 72 റണ്‍സുമായി അയാള്‍ അപ്പോഴും അഡ്‌ലെയ്ഡിലെ പിച്ചിലുണ്ടായിരുന്നു.

Content Highlights: India tour of Australia 2003-04 The day Rahul Dravid conquered Adelaide