'പന്തിനെ അവസാനമായി കണ്ടപ്പോള്‍ അത് ക്രിക്കറ്റിന്റെ വീട് വിട്ട് കിഴക്കേ ദിക്ക്  നോക്കി പോയിക്കൊണ്ടിരിക്കയായിരുന്നു', എം.സി.സി. എന്ന പേരില്‍ കളിച്ചിരുന്ന ഇംഗ്ലണ്ടിനെതിരേ ലോഡ്‌സ് ഗ്രൗണ്ടില്‍ സി.കെ. നായിഡു അടിച്ച ഒരു സിക്‌സറിനെക്കുറിച്ചുള്ള വിവരണം ഇങ്ങനെയായിരുന്നു. കിഴക്ക് ദിക്ക് നോക്കി, ഇംഗ്ലണ്ടിന്റെ കര വിട്ട്, ദേശാടനപ്പക്ഷിയെപ്പോലെ പറന്നുപറന്ന് ആ പന്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് ചെന്നിറങ്ങിയതെന്ന് വ്യക്തം. 1932-ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുവേണ്ടി നായിഡു നടത്തിയ കളി മിന്നുന്നതായിരുന്നു. ലോഡ്‌സിലെ ഒരേയൊരു ടെസ്റ്റില്‍ ഇന്ത്യ തോറ്റുവെങ്കിലും ഈ ടെസ്റ്റില്‍ നായിഡു 118 റണ്‍സെടുത്തു. സിക്‌സറുകള്‍ക്ക് പ്രസിദ്ധനായിരുന്നു അദ്ദേഹം. നാഗ്പുരില്‍ ജനിച്ച് ഇന്ദോര്‍ ആസ്ഥാനമായ ഹോള്‍ക്കര്‍ നാട്ടുരാജ്യത്തിനുവേണ്ടി സൈനികസേവനവും ക്രിക്കറ്റ് സേവനവും നടത്തിയ, ബോബെയിലെ ഗ്രൗണ്ടുകളില്‍ വെന്നിക്കൊടി പാറിച്ച, ആന്ധ്രക്കാരനായ നായിഡുവാണ് അഖിലേന്ത്യാതലത്തില്‍ സൂപ്പര്‍സ്റ്റാറായിമാറിയ ആദ്യത്തെ ക്രിക്കറ്റ് കളിക്കാരന്‍. എന്നാല്‍ അതിന് മുന്‍പേ പല്‍വങ്കര്‍ ബാലുവെന്ന ബോംബെക്കാരനുണ്ടായിരുന്നു. ഇടങ്കൈ സ്പിന്‍ ബൗളറായിരുന്ന ബാലുവിനും ഒരു വലിയ  പങ്ക് അവകാശപ്പെട്ടതാണ് സുപ്പര്‍സ്റ്റാര്‍ പദവി.

ഇന്ത്യയില്‍ ക്രിക്കറ്റ് ആദ്യകാലത്ത് തികച്ചും വരേണ്യമായ കളിയായിരുന്നുവെന്നും അതില്‍ സാമാന്യജനങ്ങളുടെ പങ്കാളിത്തം കുറവായിരുന്നു എന്നുമുള്ള ധാരണ നമ്മള്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ അതില്‍ തിരുത്തല്‍ വരുത്താന്‍ നിര്‍ബന്ധിക്കുന്നതാണ് ചരിത്രകാരനായ രാമചന്ദ്ര ഗുഹ രചിച്ച  ഇന്ത്യയിലെ ക്രിക്കറ്റിന്റെ സാമൂഹികചരിത്രം. അസ്പൃശ്യതയുടെ മുദ്ര ചാര്‍ത്തപ്പെട്ട ചമര്‍ ജാതിക്കാരനായിരുന്ന പല്‍വങ്കര്‍ ബാലുവിനെക്കുറിച്ച് ഇന്നറിയുന്നവര്‍ അധികമുണ്ടാവില്ല. 

ബാലു വെറും ക്രിക്കറ്റ് കളിക്കാരന്‍ മാത്രമായിരുന്നില്ല. അംബേദ്കര്‍ ഉള്‍പ്പെടെ ഒരുപാടുപേര്‍ക്ക് അദ്ദേഹം ഉത്കര്‍ഷേച്ഛയുടെ മാതൃകയായിരുന്നു. പട്ടികവിഭാഗത്തിന്റെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസുകാരനായ ബാലു, അംബേദ്കറും ഗാന്ധിജിയുമായുള്ള, പ്രശസ്തമായ പുണെ കരാറില്‍ ഒപ്പുവെക്കുന്നുണ്ട്. അംബേദ്കറുടെ വഴിയായിരുന്നില്ല ബാലുവിന്റേത് എന്നുമാത്രം. അദ്ദേഹം ഒരു മുനിസിപ്പല്‍ പൊതുതിരഞ്ഞെടുപ്പില്‍ അംബേദ്കര്‍ക്കെതിരേ മത്സരിക്കുന്നുമുണ്ട്. ബംഗാളില്‍ ഫുട്‌ബോളിലെന്നതുപോലെ, ബോബെയിലെ ക്രിക്കറ്റിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള എതിര്‍പ്പ് ഉള്ളടങ്ങിയിരുന്നു എന്നും ഗുഹ 'എ കോര്‍ണര്‍ ഓഫ് എ ഫോറിന്‍ ഫീല്‍ഡ്' എന്ന പുസ്തകത്തില്‍ കാട്ടിത്തരുന്നു. ബാലുവിനെയും നായിഡുവിനെയും കുറിച്ചുള്ള ഈ വിവരണങ്ങള്‍ക്ക് ഗുഹയെയാണ് ഇവിടെ ആശ്രയിച്ചിട്ടുള്ളത്. അത്തരം കളിക്കാര്‍, വളരെ മുന്‍പ്, ഇന്ത്യ ഇന്ത്യയാവുന്നതിനും മുന്‍പ് വന്ന ആഘോഷങ്ങള്‍ക്കെല്ലാം അസ്ഥിവാരം പണിതിരുന്നു... ലോകകപ്പ് പോലുള്ള സവിശേഷമായ ആഘോഷങ്ങള്‍ വരുമ്പോള്‍ അവരെ ഓര്‍മിക്കുന്നത് നന്നാവും. 

പല്‍വങ്കര്‍ ബാലുവിനെക്കുറിച്ചും നമുക്ക് വേണ്ടത്ര അറിയില്ല, വിശേഷിച്ചും, ചിലരെങ്കിലും ഇന്ത്യയുടെ ക്രിക്കറ്റ് ടീമില്‍ ദളിതര്‍ക്ക് സംവരണം വേണമെന്ന് ആവശ്യമുന്നയിച്ചിരിക്കുന്ന ഇക്കാലത്ത്. ജാതിശ്രേണിയില്‍ നന്നേ താഴെ കിടക്കുന്ന, തുകല്‍പ്പണി ചെയ്തിരുന്ന ചമര്‍വിഭാഗത്തിലായിരുന്നു ബാലുവിന്റെ ജനനം. ഇന്നത്തെ കര്‍ണാടകയിലെ ധാര്‍വാഡില്‍ 1875-ല്‍. അച്ഛന് ജോലി ലഭിച്ചതനുസരിച്ച് കുടുംബം പുണെയിലേക്ക് മാറുകയാണ്. ബാലുവിന് ആദ്യം കിട്ടിയ പണി പാഴ്‌സികളുടെ ക്രിക്കറ്റ് ക്ലബ്ബിലായിരുന്നു. പിച്ച് തൂത്തുവാരുക, ഉരുട്ടുക എന്ന ജോലിക്കിടെ ഇടയ്ക്ക് കളിക്കാര്‍ക്കുവേണ്ടി പന്തെറിയാനും അവസരവും ലഭിച്ചുവെന്നതാണ് ബാലുവിലെ കളിക്കാരനെ മഴകൊണ്ട വിത്തെന്നപോലെ  ഉണര്‍ത്തിയത്. ശമ്പളം മാസം മൂന്നുറുപ്പിക. പിന്നീട് യുറോപ്യന്‍മാരുടെ ക്ലബ്ലിലേക്ക് നീങ്ങുന്നു. ശമ്പളം നാലുരൂപയായി വര്‍ധിച്ചു. അവിടെയും പണിക്ക് പുറമേ ബൗള്‍ചെയ്യാന്‍ അവസരം ലഭിച്ചു. അക്കാലത്ത് അവിടത്തെ മികച്ച ഇംഗ്ലീഷ് കളിക്കാരന്‍ ക്യാപ്റ്റന്‍ ജെ.ജി. ഗ്രെയ്ഗ് ആയിരുന്നു. പുണെ ക്ലബ്ബില്‍ വന്നിരുന്ന ഗ്രെയ്ഗ് ബാലുവിനെക്കൊണ്ട് പന്തെറിയിക്കുകയായി. പന്തെറിയാന്‍ തുടരെ ക്ഷണിക്കപ്പെട്ടുവെങ്കിലും ബാറ്റ്‌ചെയ്യാന്‍ ബാലുവിന് അവസരം കിട്ടിയതേയില്ല. ഇംഗ്ലണ്ടിലെന്നപോലെ ഇവിടെയും ബാറ്റിങ് വലിയവര്‍ക്ക് സംവരണംചെയ്യപ്പെട്ട ഇടപാടായി കരുതപ്പെട്ടിരുന്നു. ബാലുവിനെക്കുറിച്ച് ക്രമേണ നാട്ടുകാരും അറിഞ്ഞതോടെ, അന്ന് സ്ഥാപിക്കപ്പെട്ടിരുന്ന ഹിന്ദു ക്ലബ്ലില്‍ ബാലുവിനെ കളിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഹിന്ദു ടീം യൂറോപ്യരുമായി കളിക്കാനൊരുങ്ങുന്ന വേളയാണ്. ചിലര്‍ ബാലുവിനെ കളിപ്പിക്കുന്നതിനെ അനുകൂലിച്ചെങ്കിലും ബ്രാഹ്മണരായ അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. ബാലുവിനെ താനായിരുന്നെങ്കില്‍ എടുത്തേനേ എന്ന് ഗ്രെയ്ഗ് പറയുകയുണ്ടായി. അതോടെ ബാലുവിന് ഉപാധികളോടെ കളിക്കാമെന്നായി. ഗ്രൗണ്ടില്‍ കളിയൊക്കെ  ഒന്നിച്ചായിരിക്കുമെങ്കിലും ഭക്ഷണം വേറെയായിരിക്കും. മറ്റുള്ളവര്‍ പവലിയനില്‍വെച്ച് പിഞ്ഞാണക്കപ്പുകളില്‍ ചായ നുണയുമ്പോള്‍ ബാലുവിന് അതിന് പുറത്ത് മണ്‍പാത്രമായ മട്ക്കയില്‍ ചായ മോന്താം. ബാലുവിന് വേറെ പാത്രത്തില്‍ വേറെ മേശയിലായിരുന്നു ഊണും. മുഖം കഴുകണമെങ്കില്‍ ഒരാള്‍ കെറ്റിലുമായി ഗ്രൗണ്ടിനരികിലേക്ക് ചെല്ലും....

sports

പല്‍വങ്കര്‍ ബാലുവിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ പൂര്‍ണ്ണമായും വായിക്കാം ഏപ്രില്‍ ലക്കം സ്‌പോര്‍ട്‌സ് മാസികയില്‍

Content Highlights: india s first dalit cricketer palwankar baloo fought against caste barriers on the field