1983 ലോര്‍ഡ്‌സില്‍ കപിലിന്റെ ചെകുത്താന്‍മാര്‍ അദ്ഭുതം സൃഷ്ടിച്ച ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറ്റൊരു ഏകദിന ലോക കിരീടത്തില്‍ മുത്തമിടുന്നത് 2011-ലാണ്.
ഇന്ത്യന്‍ ആരാധകരുടെ നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് 2011 മാര്‍ച്ച് രണ്ടിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടമണിഞ്ഞു. ക്രിക്കറ്റ് റെക്കോഡുകള്‍ ഓരോന്നായി സ്വന്തമാക്കിയ സച്ചിന്‍ എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ 20 വര്‍ഷത്തിലേറെ നീണ്ട കരിയറിന് ഒരു അര്‍ഥം കൈവന്നതും അന്നായിരുന്നു.
ധോനിയുടെ കീഴിലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ ഒമ്പതാം വാര്‍ഷികമാണ് വ്യാഴാഴ്ച.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനങ്ങളുമായി കളംനിറഞ്ഞതും ഇന്ത്യന്‍ താരങ്ങള്‍ തന്നെ. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്ന് 481 റണ്‍സെടുത്ത സച്ചിന്‍ തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ടൂര്‍ണമെന്റിന്റെ തന്നെ താരമായി തിരഞ്ഞെടുക്കപ്പെട്ട യുവ്‌രാജ് സിങ് തന്റെ ഓള്‍റൗണ്ട് മികവ് കൊണ്ടാണ് തിളങ്ങിയത്. 362 റണ്‍സും 15 വിക്കറ്റുകളുമായി യുവി തിളങ്ങി. 21 വിക്കറ്റുകളുമായി സഹീര്‍ ഖാനായിരുന്നു വിക്കറ്റ് വേട്ടയില്‍ മുന്നില്‍. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിലെ ഇന്നിങ്‌സോടെ എം.എസ് ധോനി ഇന്ത്യയുടെ ലോകകപ്പ് ഹീറോയായി ഉയരുകയും ചെയ്തു. ധോനിയുടെ വിന്നിങ് സിക്‌സ് ഇന്നും അങ്ങോളമിങ്ങോളം ആഘോഷിക്കപ്പെടുന്നു.
എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു പിന്നില്‍ ഇവര്‍ മാത്രമായിരുന്നോ? ടൂര്‍ണമെന്റിലുടനീളം തിളങ്ങിയിട്ടും അധികമാരും വാഴ്ത്തിപ്പാടാതെ പോയ മൂന്ന് ലോകകപ്പ് ഹീറോസും കൂടിയുണ്ടായിരുന്നു ഇന്ത്യയുടെ കിരീട വിജയത്തിനു പിന്നില്‍.

ഗൗതം ഗംഭീര്‍
ഇന്ത്യ കിരീടം നേടിയ രണ്ട് ലോകകപ്പ് ഫൈനലുകളില്‍ തിളങ്ങിയിട്ടും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയ താരമാണ് ഗൗതം ഗംഭീര്‍. 2007 ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പാകിസ്താനെതിരേ അര്‍ധ സെഞ്ചുറി നേടിയ ഗംഭീറാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 2011-ലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ നേടിയ 97 റണ്‍സായിരുന്നു ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറ. സച്ചിനെയും സെവാഗിനെയും പെട്ടെന്ന് നഷ്ടമായ ഇന്ത്യയെ കോലിയെ കൂട്ടുപിടിച്ച് മത്സരത്തിലേക്ക് തിരികെയെത്തിച്ചത് ഗംഭീറായിരുന്നു. കോലി പുറത്തായ ശേഷം ധോനിക്കൊപ്പം വിജയത്തിന് അടിത്തറയായ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതും അദ്ദേഹം തന്നെ. ലോകകപ്പിലെ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്ന് നാല് അര്‍ധ സെഞ്ചുറിയടക്കം 393 റണ്‍സ് നേടിയ ഗംഭീറായിരുന്നു സച്ചിന് ശേഷം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. അതും തന്റെ സാധാരണ ബാറ്റിങ് സ്ഥാനമല്ലാത്ത മൂന്നാം നമ്പറിലിറങ്ങി.

വീരേന്ദര്‍ സെവാഗ്
2011 ലോകകപ്പിലെ മികച്ച സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത് ഓപ്പണിങ്ങിലെ സെവാഗിന്റെ വെടിക്കെട്ട് പ്രകടനങ്ങളായിരുന്നു. ഗ്രൂപ്പ് ഘട്ടങ്ങളില്‍ ഇന്നിങ്‌സിന്റെ ആദ്യ പന്തു തന്നെ ബൗണ്ടറി നേടുന്നത് വീരു പതിവാക്കുകയും ചെയ്തു. ബംഗ്ലാദേശിനെതിരേ 175 റണ്‍സെടുത്ത സെവാഗായിരുന്നു ലോകകപ്പിലെ ഉയര്‍ന്ന സ്‌കോറിനുടമ. ലോകകപ്പിലെ എട്ട് ഇന്നിങ്‌സുകളില്‍ നിന്ന് 380 റണ്‍സായിരുന്നു വീരുവിന്റെ സമ്പാദ്യം.

മുനാഫ് പട്ടേല്‍
ടൂര്‍ണമെന്റിലെ ധോനിയുടെ ഏറ്റവും വിശ്വസ്തനായ മീഡിയം പേസര്‍. ലോകകപ്പില്‍ വമ്പന്‍ പ്രകടനങ്ങളൊന്നും പുറത്തെടുത്തില്ലെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ മുനാഫിനെ ധോനിക്ക് പ്രിയപ്പെട്ടവനാക്കി. സഹീറിന് മറുവശത്ത് മുനാഫ് നല്‍കിയ പിന്തുണ പലപ്പോഴും കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ ഇന്ത്യയെ സഹായിച്ചു. ഒരു അധിക സ്പിന്നറെ കളിപ്പിച്ച് ടീമിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ ധോനിക്ക് സാധിച്ചതും മുനാഫ് തിളങ്ങിയത് കാരണമായിരുന്നു. ലോകകപ്പിലെ എട്ടു മത്സരങ്ങളില്‍ മികച്ച എക്കണോമി റേറ്റില്‍ (5.36) പന്തെറിഞ്ഞ മുനാഫ് 11 വിക്കറ്റുകള്‍ വീഴ്ത്തി. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തിയതായിരുന്നു മികച്ച പ്രകടനം.
Content Highlights: India’s 2011 World Cup winning campaign the three unsung heroes