ന്ത്യ ലോകത്തിന് സമ്മാനിച്ച ഏറ്റവും വലിയ കായികപ്രതിഭകളിലൊരാളായ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തോടുള്ള ആദരസൂചകമായി ധ്യാന്‍ചന്ദിന്റെ ജന്മദിനം ദേശീയ കായിക ദിനമായി ആഘോഷിക്കുന്നു. അദ്ദേഹം ഇന്ത്യന്‍ കായികലോകത്തിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. 

ഹോക്കിയില്‍ മാന്ത്രികത കൊണ്ടുവന്ന ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോളടി യന്ത്രമായിരുന്നു ധ്യാന്‍ചന്ദ്. ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടിയതിനു പിന്നിലെ പ്രധാന ശക്തികേന്ദ്രം ധ്യാന്‍ ചന്ദായിരുന്നു. ഒളിമ്പിക്‌സില്‍ 1928, 1932, 1936 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണം ഇന്ത്യ ഹോക്കിയിലൂടെ സ്വന്തമാക്കി. ധ്യാന്‍ചന്ദിന്റെ ഒറ്റയാള്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് ഈ ചരിത്രനേട്ടം സമ്മാനിച്ചത്. 

മേജര്‍ ധ്യാന്‍ ചന്ദിനോടുള്ള ആദരസൂചകമായി ഈയിടെ ഇന്ത്യയുടെ പരമോന്നത കായികപുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌നയുടെ പേര് മാറ്റി മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന എന്നാക്കി മാറ്റി. 

ധ്യാന്‍ ചന്ദിന്റെ 116-ാംജന്മദിനമാണിന്ന്. 1928 ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ധ്യാന്‍ ചന്ദ്. 14 ഗോളുകളാണ് അന്ന് താരം അടിച്ചുകൂട്ടിയത്. ഹോക്കിയില്‍ അസാമാന്യമായ പ്രതിഭയുള്ള ധ്യാന്‍ചന്ദ് പലപ്പോഴും എതിരാളികളെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. 1932-ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സിലെ ഇന്ത്യ-അമേരിക്ക മത്സരം തന്നെയാണ് അതിനേറ്റവും വലിയ ഉദാഹരണം മത്സരത്തില്‍ ഇന്ത്യ ഗോള്‍മഴ തീര്‍ത്തപ്പോള്‍ അതില്‍ ഭൂരിഭാഗവും ധ്യാന്‍ചന്ദാണ് നേടിയത്. ഇതില്‍ അമര്‍ഷം പൂണ്ട അമേരിക്കന്‍ താരങ്ങള്‍ ധ്യാന്‍ചന്ദിന്റെ ഹോക്കി സ്റ്റിക്കില്‍ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് റഫറിയ്ക്ക് മുന്‍പാകെ പരാതി സമര്‍പ്പിച്ചു. അത് ശ്രദ്ധയില്‍ കണ്ട ധ്യാന്‍ചന്ദ് തന്റെ ഹോക്കി സ്റ്റിക്ക് ഒരു അമേരിക്കന്‍ താരത്തിന് കൈമാറിയശേഷം ആ താരത്തിന്റെ സ്റ്റിക്ക് വാങ്ങി അതുംകൊണ്ട് കളി തുടര്‍ന്നു.

സ്റ്റിക്ക് മാറ്റിയിട്ടും ധ്യാന്‍ചന്ദിന്റെ ഗോളടിയില്‍ ഒരു കുറവും വന്നില്ല. അന്ന് ഇന്ത്യ ഒന്നിനെതിരേ 24 ഗോളുകള്‍ക്കാണ് അമേരിക്കയെ നാണം കെടുത്തിയത്. അതുപോലെ 1936 ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ മുന്നില്‍ വെച്ച് അദ്ദേഹത്തിന്റെ ടീമായ ജര്‍മനിയെ ഇന്ത്യ കീഴടക്കുമ്പോള്‍ ധ്യാന്‍ ചന്ദായിരുന്നു ഇന്ത്യയുടെ തുറുപ്പുചീട്ട്. ഫൈനലില്‍ ജര്‍മനിയെ ഇന്ത്യ 8-1 എന്ന സ്‌കോറിന് തകര്‍ത്ത് സ്വര്‍ണം നേടിയപ്പോള്‍ അതില്‍ നാലുഗോളുകളും സ്വന്തമാക്കിയത് ധ്യാന്‍ചന്ദായിരുന്നു.മത്സരശേഷം ധ്യാന്‍ചന്ദിനെ ഹിറ്റ്‌ലര്‍ നേരിട്ടുവന്ന് അഭിനന്ദിച്ചുവെന്ന് ചരിത്രം വ്യക്തമാക്കുന്നു. അദ്ദേഹത്തിന് ജര്‍മന്‍ സൈന്യത്തില്‍ കേണല്‍ പദവി വരെ ഹിറ്റ്‌ലര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ അദ്ദേഹം അത് സ്‌നേഹപൂര്‍വം നിരസിച്ചു. 

രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യന്‍ ഹോക്കി രംഗത്ത് സജീവസാന്നിധ്യമായിരുന്ന ധ്യാന്‍ചന്ദ് 400-ലധികം ഗോളുകള്‍ നേടിയിട്ടുണ്ട്. 1956-ല്‍ രാജ്യം അദ്ദേഹത്തെ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 1926 മുതല്‍ 1949 വരെയാണ് അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. 1979-ല്‍ അദ്ദേഹം മരണത്തിന് കീഴടങ്ങി. 

Content Highlights: India remebmers the hockey legend Dhyan Chand