അരനൂറ്റാണ്ടിലേറെയായി പലതരം കളികള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍, ഏറ്റവും ഇഷ്ടപ്പെട്ട ഒരു മത്സരം തിരഞ്ഞെടുക്കാന്‍ പ്രയാസമാണ്. അറുപതുകളുടെ ആദ്യം ബോംബെയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന ഒരു അന്താരാഷ്ട്ര മത്സരം കണ്ടതോടെ ഞാന്‍ ശരിക്കുമൊരു ക്രിക്കറ്റ് പ്രാന്തനായി. അതേകാലത്തുതന്നെ അവിടത്തെ കൂപ്പറേജിലെ ചില റോവേഴ്സ് കപ്പ് കളികള്‍ കണ്ടതോടെ ഫുട്ബോളിനെയും ആ പട്ടികയില്‍ ചേര്‍ക്കേണ്ടിവന്നു. അതിനുമുമ്പ് കൊച്ചിയിലെ താത്കാലിക സ്റ്റേഡിയത്തില്‍ ചില അന്താരാഷ്ട്ര മത്സരങ്ങള്‍ കണ്ടിരുന്നെങ്കിലും കൂപ്പറേജിന് അതിന്റേതായൊരു ഗാംഭീര്യവും തനിമയുമുണ്ടായിരുന്നു.
മുംബൈയില്‍വച്ചുതന്നെയാണ് ടെന്നീസിലെ മഹാരഥനായ രാമനാഥന്‍ കൃഷ്ണന്‍ കളിക്കുന്നത് കണ്ടത്. തൊട്ടുമുമ്പ് വിംബിള്‍ഡണ്‍ സെമിഫൈനല്‍ വരെ എത്തിയ കൃഷ്ണന്‍, കപ്പ് ജേതാവായ നീല്‍ ഫ്രേസറോടാണ് തോറ്റത്. അതിന് മുമ്പുള്ള ക്വീന്‍സ് ക്ലബ്ബ് ടൂര്‍ണമെന്റില്‍ ഫ്രേസറെ കൃഷ്ണന്‍ നിസ്സാരമായി തോല്‍പ്പിച്ചിരുന്നു. തൊട്ടടുത്ത വിംബിള്‍ഡണിലും കൃഷ്ണന്‍ സെമിഫൈനലില്‍ എത്തിയെങ്കിലും കപ്പ് ജേതാവായ റോഡ് ലേവറോട് തോറ്റു. ടെന്നീസിലെ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റുകളിലൊരാളായ കൃഷ്ണനെ വിംബിള്‍ഡണ്‍ പുല്‍മൈതാനത്ത് ഭാഗ്യം തുണച്ചില്ല.
അവിടെവച്ചുതന്നെയാണ് ബാഡ്മിന്റണിലെ അന്നത്തെ സ്ഥിരം ചാമ്പ്യനായ നന്ദു നടേക്കര്‍ കളിക്കുന്നത് കാണാനായത്. അക്കാലത്ത് ഞാന്‍ തരക്കേടില്ലാതെ ബാഡ്മിന്റണ്‍ കളിച്ചിരുന്നതുകൊണ്ട് നടേക്കറുടെ 'ചതിക്കുന്ന' ബാക്ക്ഹാന്‍ഡ് ഡ്രോപ്പ്ഷോട്ടുകളെ തെല്ലൊരു അസൂയയോടെയാണ് നോക്കിക്കണ്ടത്. ഇന്നത്തെപ്പോലുള്ള പവര്‍ഗെയിം വരുന്നതിനുമുമ്പ് കൃഷ്ണനും നടേക്കറുമൊക്കെ വെറും ആന്റിസിപ്പേഷന്റെ ബലത്തില്‍ ചടുലമായ നീക്കങ്ങള്‍ നടത്തിയാണ് എതിരാളികളെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നത്. അങ്ങനെ ഏതെല്ലാം കളികള്‍, എത്രയെത്ര മത്സരങ്ങള്‍. പക്ഷേ, മറക്കാനാകാത്ത രണ്ട് ക്രിക്കറ്റ് മാച്ചുകളെപ്പറ്റി പറയാനാണ് ഉദ്ദേശിക്കുന്നത്.
ആദ്യത്തേത്, 24 കൊല്ലം മുമ്പ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ- പാകിസ്താന്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍. അയല്‍ക്കാര്‍ തമ്മിലുള്ള ഇത്തരം മത്സരങ്ങളില്‍ ഒരുപാട് ചൂടും പുകയും സ്വാഭാവികമാണെങ്കിലും താത്കാലിക ക്യാപ്റ്റന്‍ കൂടിയായ ഒരു പ്രധാന കളിക്കാരന്റെ അഹങ്കാരം നിറഞ്ഞ നിരുത്തരവാദിത്വപരമായ പെരുമാറ്റത്തിന് ഒരു ടീമാകെ പിഴയൊടുക്കുന്നത് കാണേണ്ടിവന്നു. ഇന്ത്യയുടെ സ്‌കോറായ 287 -നെതിരേ, പാകിസ്താന്റെ ഓപ്പണര്‍മാരായ സയീദ് അന്‍വറും ആമിര്‍ സൊഹെയ്ലും മികച്ച തുടക്കം നല്‍കി.
ആദ്യ പത്ത് ഓവറില്‍ 80 റണ്‍സ് കടന്നപ്പോള്‍ അവര്‍ പ്രയാസമില്ലാതെ ജയിക്കുമെന്ന് കരുതി. ആ സന്ദര്‍ഭത്തിലാണ് ക്യാപ്റ്റന്‍ സൊഹെയ്ലിന്റെ തലയിലേക്ക് ചോര ഇരച്ചുകയറിയത്. വെങ്കിടേഷ് പ്രസാദിനെ ബൗണ്ടറിയടിച്ചശേഷം അടുത്ത പന്തും അതിര്‍ത്തി കടത്തുമെന്ന് അയാള്‍ പ്രകോപിപ്പിച്ചു. പക്ഷേ, തൊട്ടടുത്ത പന്തില്‍ പ്രസാദ് അയാളെ പുറത്താക്കിയശേഷം പാകിസ്താന്റെ വിക്കറ്റുകള്‍ ഒന്നൊന്നായി വീണു.
ഇനിയൊന്ന് ഷാര്‍ജ കൊക്കകോള കപ്പിലെ ഇന്ത്യ-ഓസ്ട്രേലിയ മത്സരമാണ്. ഓസ്ട്രേലിയയുടെ മൂന്നൂറോളം വരുന്ന സ്‌കോര്‍ മറികടക്കുക എളുപ്പമായിരുന്നില്ല. ഇടയ്ക്ക് മരുഭൂമിയിലെ കൊടുങ്കാറ്റ് അരമണിക്കൂറോളം കളി തടയുകയും ചെയ്തു. പക്ഷേ, സച്ചിന്‍ തെണ്ടുല്‍ക്കറുടെ അവിശ്വസനീയ സെഞ്ചുറിയോടെ ഇന്ത്യ ആ കളി ജയിച്ചത് അക്കാലത്തെ ചാമ്പ്യന്‍ ടീമായ ഓസ്ട്രേലിയക്ക് വലിയൊരു പ്രഹരമായി. ന്യൂസീലന്‍ഡ് കൂടി പങ്കെടുത്ത ആ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യ കപ്പ് നേടുകയും ചെയ്തു.
Content Highlights: India - Pakistan dramatic quarter-finalin 1996 World Cup