താംപ്ടണിലെ ഏജസ് ബൗളില്‍ ജൂണ്‍ 18 മുതല്‍ 22 വരെ നടക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അഭിമാന പോരാട്ടം തന്നെയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 2019 ലോകകപ്പ് സെമിക്ക് പകരം വീട്ടാനുള്ള അവസരവും. 

എങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ വിരാട് കോലി ലക്ഷ്യം വെയ്ക്കുന്നത് തന്റെ ആദ്യത്തെ ഐ.സി.സി കിരീടമാണ്. 

എം.എസ് ധോനിയെന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ ശേഷം പിന്നീട് ഇതുവരെ ഇന്ത്യ ഒരു ഐ.സി.സി ടൂര്‍ണമെന്റില്‍ കിരീടം നേടിയിട്ടില്ല. 

2013-ല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് കിരീടമുയര്‍ത്തിയതാണ് ഇന്ത്യയുടെ അവസാന ഐ.സി.സി ട്രോഫി വിജയം. പിന്നീട് അഞ്ച് ഐ.സി.സി ടൂര്‍ണമെന്റുകള്‍ പിന്നിട്ടെങ്കിലും മൂന്ന് തവണ സെമിയിലും രണ്ടു തവണ ഫൈനലിലും ഇന്ത്യയ്ക്ക് കാലിടറി.

കോലിക്കു കീഴില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യയ്ക്ക് പക്ഷേ കഴിഞ്ഞ എട്ടു വര്‍ഷമായി ഒരു ഐ.സി.സി കിരീടമില്ല എന്ന വിഷമമുണ്ട്. 

2014 ട്വന്റി 20 ലോകകപ്പ്

2014 ട്വന്റി20 ലോകകപ്പിന്റെ സെമിയില്‍ വിരാട് കോലിയുടെ ഇന്നിങ്‌സിന്റെ മികവില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യം ബാറ്റു ചെയ്ത് ദക്ഷിണാഫ്രിക്ക 172 റണ്‍സെടുത്തു. കോലി 44 പന്തില്‍ നിന്ന് 72 റണ്‍സോടെ പുറത്താകാതെ നിന്നു. ഫൈനലിലെ എതിരാളികള്‍ ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നാലു വിക്കറ്റിന് 130 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വിരാട് കോലി 77 റണ്‍സെടുത്തു. യുവ്‌രാജ് സിങ്ങിന്റെ ബാറ്റിങ് വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയ മത്സരമായിരുന്നു അത്. മറുപടി ബാറ്റിങ്ങില്‍ സംഗക്കാര 35 പന്തില്‍ 52 റണ്‍സടിച്ചതോടെ ലങ്ക നാലു വിക്കറ്റിന് ജയിച്ചുകയറി. 

2015 ഏകദിന ലോകകപ്പ്

രോഹിത് ശര്‍മയുടെ സെഞ്ചുറി മികവില്‍ ബംഗ്ലാദേശിനെ 109 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സെമിയില്‍ കടന്നത്. എതിരാളികള്‍ ആതിഥേയരായ ഓസ്‌ട്രേലിയ. സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ (105) മികവില്‍ ഓസീസ് ഏഴിന് 328 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 46.5 ഓവറില്‍ 233-ല്‍ അവസാനിച്ചു. 

2016 ട്വന്റി 20 ലോകകപ്പ്

ഇത്തവണയും സെമിയിലാണ് ഇന്ത്യയ്ക്ക് കാലിടറിയത്. സെമിയില്‍ വെസ്റ്റിന്‍ഡീസിനെ നേരിട്ട ഇന്ത്യ 47 പന്തില്‍ 89 റണ്‍സെടുത്ത വിരാട് കോലിയുടെ മികവില്‍ 192 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍, മര്‍ലോണ്‍ സാമുവല്‍സ് എന്നീ വെടിക്കെട്ട് വീരന്‍മാരെ ആദ്യ മൂന്ന് ഓവറിനുള്ളില്‍ തന്നെ മടക്കിയതോടെ ഇന്ത്യ ജയം സ്വപ്‌നം കണ്ടു. പക്ഷേ ലെന്‍ഡല്‍ സിമണ്‍സും (82), ജോണ്‍സണ്‍ ചാള്‍സും (52), ആന്ദ്രേ റസ്സലും (43) തകര്‍ത്തടിച്ചപ്പോള്‍ രണ്ടു പന്ത് ബാക്കിനില്‍ക്കേ വിന്‍ഡീസ് ജയം കണ്ടു. ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് കിരീടവും സ്വന്തമാക്കി. 

2017 ചാമ്പ്യന്‍സ് ട്രോഫി

വിരാട് കോലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ടൂര്‍ണമെന്റിനെത്തിയത്. മികച്ച പ്രകടനവുമായി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. എതിരാളികള്‍ ബദ്ധവൈരികളായ പാകിസ്താന്‍. ടൂര്‍ണമെന്റില്‍ നേരത്തെ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 124 റണ്‍സിന് ഇന്ത്യ പാകിസ്താനെ തകര്‍ത്തിരുന്നു. പക്ഷേ ഫൈനലില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ പിഴച്ചു. ഓപ്പണര്‍ ഫഖര്‍ സമാന്റെ സെഞ്ചുറി (114) മികവില്‍ പാക് ടീം 338 റണ്‍സെടുത്തു. ബുംറയുടെ ഒരു നോബോള്‍ മത്സരത്തിന്റെ ഫലം തന്നെ നിര്‍ണയിച്ച കളിയായിരുന്നു ഇത്. മറുപടി ബാറ്റിങ്ങില്‍ മുഹമ്മദ് ആമിര്‍ ഇന്ത്യന്‍ മുന്‍നിര തകര്‍ത്തു. ഹാര്‍ദിക് പാണ്ഡ്യയുടെ ഒറ്റയാള്‍ പോരാട്ടം മാത്രമായിരുന്നു ഇന്ത്യയ്ക്ക് ആശ്വാസം. ഒടുവില്‍ ജഡേജയുമായുള്ള ധാരണപ്പിശകില്‍ പാണ്ഡ്യ റണ്ണൗട്ടായതോടെ ഇന്ത്യന്‍ പോരാട്ടം 158 റണ്‍സില്‍ അവസാനിച്ചു.

2019 ഏകദിന ലോകകപ്പ്

ഇത്തവണയും ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍ ഇന്ത്യയായിരുന്നു. പക്ഷേ ഇത്തവണയും സെമിയില്‍ ഇന്ത്യയ്ക്ക് കാലിടറി. കിവീസായിരുന്നു സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. മഴ മൂലം രണ്ടു ദിവസമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് 239 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ആഹ്ലാദംപൂണ്ടു. പക്ഷേ മറുപടി ബാറ്റിങ്ങില്‍ കൂട്ടത്തകര്‍ച്ച നേരിട്ട ഇന്ത്യ 31 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ ധോനിയും ജഡേജയും ക്രീസില്‍ ഒന്നിച്ചതോടെ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ. ഏഴാം വിക്കറ്റില്‍ ഇരുവരും 104 പന്തില്‍ നിന്ന് 116 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 59 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത ജഡേജ മടങ്ങിയതോടെ ധോനിയിലായി ഇന്ത്യയുടെ പ്രതീക്ഷ. പക്ഷേ ഗുപ്റ്റിലിന്റെ ഒരു ത്രോ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു. 72 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത ധോനി റണ്ണൗട്ട്. ഇന്ത്യന്‍ ജേഴ്‌സിയില്‍ അദ്ദേഹത്തിന്റെ അവസാന മത്സരം കൂടിയായിരുന്നു അത്.

Content Highlights: India look to end 8-year trophy drought in ICC tournaments