ഷൂമാക്കർ, മാറഡോണ, ബോൾട്ട് | Photo: library
ഡീഗോ മാറഡോണയുടെ ഡ്രിബ്‌ളിങ്ങിലെ മാസ്മരികത ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അമാനുഷിക പ്രതിഭ കൊണ്ട് കായിക സകല്പങ്ങള്‍ക്ക് അപ്പുറം കടന്ന് നിയമം തന്നെ മാറ്റിയെഴുതിച്ചവരും കായിക ഉപകരണങ്ങള്‍ പരിഷ്‌കരിക്കുവാന്‍ ഇടയാക്കിയവരുമായ ചില ഇതിഹാസങ്ങള്‍ ഓര്‍മയില്‍ എത്തുന്നു.
ഒരു കളിക്കാരന്റെ പ്രതിഭയ്ക്കു മുന്നില്‍ സ്‌പോര്‍ട്‌സ് നിയമ നിര്‍മാതാക്കള്‍ ആയുധം വച്ച് കീഴടങ്ങിയ ആദ്യ സംഭവം 1962 മാര്‍ച്ച് രണ്ടിനായിരുന്നു എന്നു വിശ്വസിക്കാം. പ്രഫഷണല്‍ ബാസ്‌ക്കറ്റ് ബോളിലായിരുന്നു ആ സുവര്‍ണ നിമിഷം.
ന്യൂയോര്‍ക്ക് സിക്‌സസിന് എതിരെ ഫിലാഡല്‍ഫിയ വാരിയേഴ്‌സ് താരം വില്‍റ്റ് ചേംബര്‍ലെയന്‍ പോയിന്റുകളില്‍ സെഞ്ചുറി നേടിയപ്പോള്‍ കായികലോകം ഞെട്ടി. സെഞ്ചുറി എന്ന സങ്കല്‍പം ബാസ്‌ക്കറ്റ് ബോളിലെ വ്യക്തിഗത സ്‌കോര്‍ഷീറ്റില്‍ ഇല്ലായിരുന്നു. 36 ഷോട്ടുകളും 28 ഫ്രീ ത്രോകളും ഉള്‍പ്പെട്ടതായിരുന്നു 100 പോയിന്റ് നേട്ടം.
ചേംബര്‍ലെയ്‌നിന്റെ അമാനുഷിക പ്രതിഭ നിയന്ത്രിക്കാന്‍ രാജ്യാന്തര ബാസ്‌ക്കറ്റ് ബോള്‍ സംഘടന പല തവണ നിയമം ഭേദഗതി ചെയ്തു. ഫ്രീ ത്രോയിലും ഇന്‍ ബൗണ്ട് പാസിലുമൊക്കെ നിയമം പരിഷ്‌കരിച്ചു. ഈര്‍വിന്‍ ജോണ്‍സണ്‍ ബാസ്‌ക്കറ്റ്‌ബോളിലെ മാന്ത്രിക ചേതനയായി മാറി 'മാജിക്' ജോണ്‍സണ്‍ ആയത് തുടര്‍ക്കഥ.
1976 ലെ മോന്‍ട്രിയോള്‍ ഒളിംപിക്‌സില്‍ നദിയാ കൊമ നേച്ചിയുടെ ജിംനാസ്റ്റിക് മികവിനു മുന്നില്‍ സ്‌കോര്‍ ബോര്‍ഡ് നാണിച്ചു പോയി എന്നായിരുന്നു അക്കാലത്തെ റിപ്പോര്‍ട്ടുകള്‍. 1976 ജൂലൈ 18 നാണ് നാദിയയെന്ന പതിനാലുകാരി ഇലക്ട്രോണിക് സ്‌കോര്‍ബോര്‍ഡിനെ ഞെട്ടിച്ചത്. ഒളിംപിക് ജിംനാസ്റ്റിക് ചരിത്രത്തിലെ അതുവരെയുള്ള പ്രായം കുറഞ്ഞ ചാംപ്യന്റെ 10 ല്‍ 10 എന്ന സ്‌കോര്‍ രേഖപ്പെടുത്തുവാന്‍ സംവിധാനമില്ലായിരുന്നു. 9.90 ആയിരുന്നു പരമാവധി ക്രമീകരണം. സ്‌കോര്‍ ബോര്‍ഡ് പെര്‍ഫക്ട് ടെന്‍ രേഖപെടുത്താതെ 1.00 എന്നു കാണിച്ചു.നാദിയയാകട്ടെ അണ്‍ ഈവന്‍ ബാറില്‍ കാട്ടിയ പ്രകടനം മറ്റ് ഇനങ്ങളില്‍ ആറു തവണ കൂടി ആവര്‍ത്തിച്ചു.
ജിംനാസ്റ്റിക് ചരിത്രത്തില്‍ പെര്‍ഫെക്ട് ടെന്‍ ആദ്യ സംഭവമല്ലായിരുന്നു. 1967 ല്‍ പ്രേഗിലെ വെരാ കാസ്ലാവ്‌സ്‌ക ബാലന്‍സ് ബീമിലും ഫ്‌ളോര്‍ എക്‌സര്‍സൈസിയും പെര്‍ഫെക്ട് ടെന്‍ നേടിയിരുന്നു. പക്ഷേ, ഒളിംപിക്‌സ് വേദിയില്‍ ഇത്തരമൊരു പ്രകടനം ജിംനാസ്റ്റിക്‌സ് അധികൃതര്‍ പ്രതീക്ഷിച്ചില്ല.
എഫ്. വണ്‍ കാര്‍ റാലിയിലെ ചില നിയമ പരിഷ്‌കരണത്തിന്റെ പിന്നില്‍ മൈക്കല്‍ ഷുമാക്കറുടെ അമാനുഷിക പ്രകടനമാണെന്ന് പറയാം. ഒരു കായിക താരത്തിന്റെ പ്രതിഭ നിയന്ത്രിക്കാന്‍ കായികോപകരണം പരിഷ്‌കരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
ജാവലിന്‍ ത്രോയാണ് ഇനം. ജര്‍മനിയുടെ യുവെ ഹോണ്‍ ജാവലിന്‍ പായിച്ചത് 104.80 മീറ്റര്‍. ജാവലിന്‍ ത്രോയില്‍ 100 മീറ്റര്‍ കടന്ന ആദ്യ സംഭവം.രാജ്യാന്തര അത്‌ലറ്റിക് സംഘടന അപകടം മണത്തു. ജാവലിന്‍ 100 മീറ്റര്‍ കടന്നു പാഞ്ഞാല്‍ കാണികള്‍ക്ക് അപകട മരണം തന്നെ സംഭവിക്കാം. അവര്‍ ജാവലിന്റെ ഘടന മാറ്റി. പിന്നീടാരും 100 മീറ്റര്‍ കണ്ടില്ല.
അമാനുഷനായി കണക്കാക്കപ്പെട്ട ഗാരി കാസ്പറോവ് 1997 ല്‍ ഐ.ബി. എമ്മിന്റെ ഡീപ് ബ്‌ളൂ കംപ്യൂട്ടറിനോട് 19 നീക്കങ്ങളില്‍ തോറ്റപ്പോള്‍ (2.5 - 3.5) ചെസ് ലോകം ഞെട്ടി. പിന്നീട് സൂപ്പര്‍ കംപ്യൂട്ടര്‍ ഡീപ് ജൂനിയറിനെ സമനിലയില്‍ തളച്ചു. എന്നാല്‍ ഡീപ് ബ്‌ളൂവിന് സാങ്കേതികപ്പിഴവ് പറ്റിയിരുന്നെന്നും കാസ്പറോവിനെ തോല്‍പ്പിച്ച നീക്കം 'റാന്‍ഡം' ആയിരുന്നെന്നും 2013 ല്‍ കേട്ടു.
ഒരു തവണയേ ലോക ചെസ്ചാമ്പ്യന്‍ ആയിട്ടുള്ളുവെങ്കിലും ബോബി ഫിഷറെപ്പോലൊരാള്‍ നൂറ്റാണ്ടില്‍ ഒരിക്കലേ ജനിക്കൂവെന്നു ചെസ് പണ്ഡിതര്‍ വിലയിരുത്തിയിരുന്നല്ലോ. ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ട്, നീന്തല്‍ കുളത്തില്‍ മാര്‍ക്ക് സ്പിറ്റ്‌സും മൈക്കല്‍ ഫെല്‍പ്‌സും. അങ്ങനെയെത്രയെത്ര അമാനുഷിക താരങ്ങള്‍ ഈ തലമുറയുടേതായുണ്ട്.
Content Highlights: Incredible perfomances by various extra ordinary sports stars in history
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..