കാട്ടിലെ എതിരാളികളില്ലാത്ത  രാജാവ്, ടീം ഇന്ത്യയുടെ ഓസീസ് പര്യടനത്തിനു മുന്‍പ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. 

അങ്ങനെ ആരെയും എളുപ്പം അംഗീകരിച്ചുകൊടുക്കാത്തവരാണ് ഓസീസ് മാധ്യമങ്ങള്‍. അത്തരത്തിലുള്ളവര്‍ കോലിയെ ഇങ്ങനെ പുകഴ്ത്തണമെങ്കില്‍ അദ്ദേഹത്തെ അവര്‍ക്ക് അത്രയ്ക്ക് പിടിച്ചു എന്നുവേണം കരുതാന്‍. 

ഏകദിനത്തിലും ടെസ്റ്റിലും റെക്കോഡുകള്‍ വെട്ടിപ്പിടിക്കുകയാണ് കോലി. എന്നാല്‍ ട്വന്റി 20-യിലെത്തുമ്പോഴോ? 

virat kohli

പരമ്പരാഗത ശൈലി പിന്തുടരുന്ന കോലിക്ക് ട്വന്റി 20-യുമായി എത്രത്തോളം യോജിച്ചു പോകാനാകുമെന്ന് കരിയറിന്റെ തുടക്കത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ പോകെപോകെ കോലി തന്നെതന്നെ ട്വന്റി 20-യ്ക്കായി ഒരുക്കിയെടുക്കുകയായിരുന്നു. 

ഡിവില്ലിയേഴ്സ്, ആരോണ്‍ ഫിഞ്ച്, കോളിന്‍ മണ്‍റോ എന്നിവരെ പോലെ ഏത് ഷോട്ടുകളും വഴങ്ങുന്നയാളായിരുന്നില്ല കോലി. കോപ്പിബുക്ക് ഷോട്ടുകള്‍ മാത്രം കളിച്ചിരുന്ന കോലി ഇന്ന് ഹെലികോപ്റ്റര്‍ ഷോട്ടടക്കം പുറത്തെടുക്കുന്നു എന്ന വസ്തുതയിലുണ്ട് അദ്ദേഹം തന്നെത്തന്നെ എങ്ങിനെ മാറ്റുന്നു എന്ന്. 

2013-ല്‍ വമ്പനടികള്‍ അധികം വശമില്ലാത്ത ഒരു മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനായിരുന്നു കോലി. ബാറ്റിങ് ശരാശരിയാകട്ടെ മുപ്പതില്‍ താഴെയും. എന്നാല്‍ ട്വന്റി 20 കരിയറിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കത്തില്‍ തന്നെ കോലിയുടെ ബാറ്റിങ് ശരാശരി അന്‍പതില്‍ തൊട്ടു. പുതിയ കാലത്തെ ബാറ്റിങ് രീതികള്‍ ആര്‍ജിച്ചെടുത്ത കോലി വളരെ വേഗത്തില്‍ തന്നെ ആ ഫോര്‍മാറ്റുമായി ഇണങ്ങുകയും ചെയ്തു.

virat kohli

2014-ല്‍ ബംഗ്ലാദേശില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ 106.33 ശരാശരിയില്‍ 319 റണ്‍സുമായി കോലിയായിരുന്നു ടോപ് സ്‌കോറര്‍. സ്ട്രൈക്ക് റേറ്റാകട്ടെ 129.14 ഉം. 2016-ല്‍ അഞ്ചു ഇന്നിങ്സുകളിലായി 136.5 ശരാശരിയില്‍ നേടിയത് 273 റണ്‍സ്. 146.77 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.

സാങ്കേതികത്തികവുള്ള ഒരു ബാറ്റ്സ്മാന് ക്രിക്കറ്റിന്റെ ഏതു ഫോര്‍മാറ്റും വഴങ്ങുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിരാട് കോലി. അങ്ങനെയൊന്നും ഒരു ഹാര്‍ഡ് ഹിറ്ററല്ലാത്ത കോലിയുടെ ഇപ്പോഴത്തെ സ്ട്രൈക്ക് റേറ്റ് 136.12 അണ്.

2016 ഐ.പി.എല്‍ സീസണില്‍ 81.08 ശരാശരിയില്‍ 973 റണ്‍സ് നേടി കോലി റെക്കോഡിട്ടിരുന്നു. അതും 152.03 സ്‌ട്രൈക്ക് റേറ്റില്‍. മറ്റൊരു ബാറ്റ്‌സ്മാനും ഒരു ഐ.പി.എല്‍ സീസണിലും ഇത്രയേറെ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടില്ല. മാത്രമല്ല ബൗണ്ടറികളിലൂടെ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കാറുള്ള കോലി, പതിയെ സിക്‌സ് ഹിറ്ററായി മാറുകയായിരുന്നു. 38 സിക്‌സുകളാണ് ആ ഐ.പി.എല്‍ സീസണില്‍ കോലി അടിച്ചുകൂട്ടിയത്.

ഇപ്പോഴിതാ ഓസീസ് പര്യടനത്തിലും കോലി പുതിയ ബാറ്റിങ് റെക്കോഡുകള്‍ തിരുത്തിക്കുറിച്ചിരിക്കുകയാണ്. എതിരാളികള്‍ ഓസ്ട്രേലിയയാകുമ്പോള്‍ തന്റെ വിശ്വരൂപം പുറത്തെടുക്കാറുള്ള കോലി ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. സമീപകാലത്ത് ഓസീസിന് ഇത്രയും തലവേദന സൃഷ്ടിച്ച ഒരു ബാറ്റ്സ്മാന്‍ കോലി മാത്രമായിരിക്കും.

in numbers the growth of virat kohli the t20 player

സിഡ്‌നിയില്‍ നടന്ന മൂന്നാം ട്വന്റി 20-യില്‍ 41 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 61 റണ്‍സെടുത്ത കോലിയുടെ മികവില്‍ മത്സരം സ്വന്തമാക്കിയ ഇന്ത്യ പരമ്പര സമനിലയിലാക്കുകയും ചെയ്തു.

ഈ മത്സരത്തോടെ ട്വന്റി 20-യില്‍ ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് കോലി സ്വന്തം പേരില്‍ കുറിച്ചു. ഓസീസിനെതിരേ കളിച്ച 14 മത്സരങ്ങളിലെ 13 ഇന്നിങ്സുകളില്‍ നിന്നായി 476 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. പാകിസ്താനെതിരേ കളിച്ച 15 മത്സരങ്ങളില്‍ നിന്ന് 463 റണ്‍സെടുത്ത ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയാണ് കോലി മറികടന്നത്.

ഓസീസിനെതിരേ കോലി നേടിയ അഞ്ചാം അര്‍ധസെഞ്ചുറിയായിരുന്നു സിഡ്നിയിലേത്. ട്വന്റി 20-യില്‍ ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോഡ് ശ്രീലങ്കന്‍ താരം കുശാല്‍ പെരേരയ്ക്കൊപ്പം സ്വന്തമാക്കാനും കോലിക്കായി. ബംഗ്ലദേശിനെതിരെയാണ് കുശാല്‍ പെരേര അഞ്ച് അര്‍ധസെഞ്ചുറികള്‍ നേടിയത്. 

in numbers the growth of virat kohli the t20 player

സിഡ്നിയിലേത് കോലിയുടെ 19-ാം ട്വന്റി 20 അര്‍ധ സെഞ്ചുറിയായിരുന്നു. ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടുന്ന താരങ്ങളില്‍ കോലി, രോഹിത് ശര്‍മയ്ക്കൊപ്പമെത്തി. രോഹിത്തിന് ഈ നേട്ടത്തിലെത്താന്‍ 90 മത്സരങ്ങള്‍ വേണ്ടി വന്നപ്പോള്‍ കോലി വെറും 65 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കി.

റണ്‍സ് പിന്തുടരുമ്പോള്‍ കോലി പുലര്‍ത്തുന്ന ജാഗ്രതയും ആക്രമണോത്സുകതയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. റണ്‍സ് പിന്തുടരുമ്പോള്‍ കോലി നേടുന്ന 13-ാം അര്‍ധ സെഞ്ചുറിയായിരുന്നു സിഡ്നിയിലേത്. ഇക്കാര്യത്തിലും ട്വന്റി 20-യില്‍ കോലിയെ വെല്ലാന്‍ മറ്റാരുമില്ല.

Content Highlights: in numbers the growth of virat kohli the t20 player