ഐ.എം വിജയനും കാൾട്ടൻ ചാപ്മാനും | Photo: K.B Satheesh Kumar, N.M Pradeep
കോഴിക്കോട്: അന്തരിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കാള്‍ട്ടന്‍ ചാപ്മാനെ അനുസ്മരിച്ച് ഐ.എം വിജയന്‍.
സ്വാര്‍ഥത തൊട്ടുതീണ്ടിയിട്ടില്ലാത്ത താരമായിരുന്നു കാള്‍ട്ടന്‍ എന്നു പറഞ്ഞ വിജയന്‍ തനിക്ക് ഇളയ സഹോദരനെയാണ് നഷ്ടപ്പെട്ടതെന്നും കൂട്ടിച്ചേര്‍ത്തു.
''അവന്റെ വിയോഗം ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യന്‍ ടീമിലും ജെ.സി.ടിയിലും എഫ്.സി കൊച്ചിനിലുമെല്ലാം ഒന്നിച്ച് ഒരുപാട് കാലം കളിച്ചിരുന്നതാണ്. അക്കാലത്ത് പരിശീലനവും കിടപ്പും നടപ്പുമെല്ലാം ഒന്നിച്ചായിരുന്നു. ഞങ്ങള്‍ രണ്ടുപേരുടെയും കുടുംബവും നല്ല അടുപ്പത്തിലായിരുന്നു. അടുത്തിടെ തൃശ്ശൂരിൽ വന്നപ്പോള്‍ പോലും കാണാന്‍ വന്നിരുന്നു. എന്റെ സഹോദരനെ പോലെയായിരുന്നു അവന്‍.'' - വിജയന്‍ പറഞ്ഞു.
വിജയനും ജോപോള്‍ അഞ്ചേരിയും രാമന്‍ വിജയനുമൊക്കെ കളിച്ച എഫ്.സി. കൊച്ചിന്റെ സുവര്‍ണ കാലഘട്ടത്തില്‍ അവരുടെ മിഡ്ഫീല്‍ഡിന്റെ ചുക്കാന്‍ പിടിച്ച താരമായിരുന്നു കര്‍ണാടകക്കാരനായ കാള്‍ട്ടന്‍ ചാപ്മാന്‍. പന്തുമായി മുന്നേറുമ്പോള്‍ താന്റെ ഓരോ ചലനവും കാള്‍ട്ടന് മനഃപാഠമായിരുന്നുവെന്ന് വിജയന്‍ പറയുന്നു. അതിനാല്‍ തന്നെ പാസ് കൃത്യം കാലിലായിരിക്കും. ''ഇനി ആ സമയത്ത് എന്നെ മാര്‍ക്ക് ചെയ്തിരിക്കുകയാണെങ്കില്‍ പന്ത് മറ്റാര്‍ക്ക് നല്‍കണമെന്ന് കാള്‍ട്ടനറിയാം. കൃത്യം അയാളില്‍ തന്നെ പന്തെത്തിയിരിക്കും. അത്രയക്ക് ക്വാളിറ്റിയുള്ള മിഡ്ഫീല്‍ഡറായിരുന്നു. അവന്റെ ഷോട്ടുകളുടെ പവര്‍ അപാരമായിരുന്നു. പാസ് സ്വീകരിക്കാന്‍ ആരും തന്നെയില്ലെങ്കില്‍ ഒറ്റയ്ക്ക് മുന്നേറാനും സാധിക്കുന്ന താരമായിരുന്നു. അവന്‍ അടിച്ച് റീബൗണ്ട് വരുന്ന പന്ത് സ്വീകരിക്കാന്‍ നില്‍ക്കുമായിരുന്നു അക്കാലത്ത് ഞാന്‍. അത്രയ്ക്ക് പവറായിരുന്നു ഓരോ ഷോട്ടുകള്‍ക്കും.'' - വിജയന്‍ കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരു സായിയുമായുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലന മത്സരത്തിനിടെയാണ് വിജയന്‍, കാള്‍ട്ടനെ ആദ്യമായി കാണുന്നത്. മുടിയൊക്കെ നീട്ടിവളര്‍ത്തി പ്രത്യേക സ്‌റ്റൈലിലുള്ള കാള്‍ട്ടന്റെ ഓട്ടം വിജയന്‍ ഇന്നും ഓര്‍ക്കുന്നു. അന്നത്തെ കളിയാണ് കാള്‍ട്ടനെ ഇന്ത്യന്‍ ടീമിലെത്തിച്ചതെന്നും വിജയന്‍ പറഞ്ഞു. ''ഫോറിന്‍ പ്ലെയേഴ്‌സിന്റെ ഒക്കെ ടച്ചുള്ള കളിയായിരുന്നു അവന്റെ. ക്രോസ് ഒക്കെ കണ്ടാല്‍ അങ്ങനെയേ തോന്നൂ.''
ഒരേസമയം വിജയന്‍ മോഹന്‍ ബഗാനിലും കാള്‍ട്ടന്‍ ഈസ്റ്റ് ബംഗാളിലും കളിച്ച കാലമുണ്ടായിരുന്നു. അക്കാലത്ത് ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം കണ്ടാല്‍ അടിപൊട്ടിയിരുന്ന കാലവും. ആ സമയത്താണ് സാള്‍ട്ട്‌ലേക്കില്‍ കളികഴിഞ്ഞ് ഇരുവരും ഒന്നിച്ച് ബൈക്കില്‍ താമസസ്ഥലത്തേക്ക് പോയിരുന്നത്. അക്കാലത്ത് ഇരു ടീമിലെയും താരങ്ങള്‍ക്കും കാണികള്‍ക്കും അതൊരു അദ്ഭുതമായിരുന്നുവെന്നും വിജയന്‍ ഓര്‍ക്കുന്നു.
1997-ല്‍ കൊച്ചിയില്‍ നടന്ന നെഹ്‌റു കപ്പില്‍ ഇന്ത്യയ്ക്കായി ഇരുവരും ഒന്നിച്ച് കളിച്ചിട്ടുണ്ട്. സെമിയില്‍ ഇറാഖിനോട് പെനാല്‍റ്റിയിലാണ് ഇന്ത്യ തോല്‍ക്കുന്നത്. മുഴുവന്‍ സമയത്ത് ഇരു ടീമും 1-1ന് സമനിലയിലായപ്പോഴാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീളുന്നത്. അന്ന് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത് ചാപ്മാനായിരുന്നു.
Content Highlights: IM Vijayan remembering former indian football team captain carltonchapman
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..