ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയികളായത് ക്രിക്കറ്റ് കളിയുടെ ഭാവിയുടെ പേരില്‍ സ്വാഗതം ചെയ്യേണ്ടിയിരിക്കുന്നു. ന്യൂസീലന്‍ഡ് ആയിരുന്നു ജയിച്ചതെങ്കിലും നന്നായേനെ. രണ്ടുകൂട്ടരും ജയം അര്‍ഹിച്ചിരുന്നു. 

ഫൈനലില്‍ സൂപ്പര്‍മാനായി അവതരിച്ച ബെന്‍ സ്റ്റോക്‌സിന്റെ അച്ഛന്‍ ജെറാര്‍ഡ് സ്റ്റോക്‌സ് കപ്പ് പങ്കിടണമെന്ന അഭിപ്രായക്കാരനാണ്. ബെന്‍ 12 വയസ്സുവരെ ന്യൂസീലന്‍ഡിലായിരുന്നു താമസം. ജെറാര്‍ഡ് ഇപ്പോഴും അവിടെത്തന്നെ. 

ഇത്തരം അവസരങ്ങളില്‍, ടൈ ബ്രേക്ക് ചെയ്ത്, അതായത് കെട്ടറുത്ത്, കപ്പ് ഒരു ടീമിന് നല്‍കുകയാണ് അഭികാമ്യം. കെട്ടറുക്കാനുള്ള വഴിയില്‍ ചിലപ്പോള്‍ രക്തം പൊടിഞ്ഞുവെന്ന് വന്നാലും. പിച്ചില്‍ കണ്ണുനീര്‍ വീഴും എന്നിരിക്കിലും.

ഓവര്‍ത്രോയുടെ കാര്യത്തില്‍ അമ്പയര്‍മാര്‍ക്ക് തെറ്റുപറ്റിയെന്ന്, ക്രിക്കറ്റ് നിയമങ്ങളെക്കുറിച്ച് ആലോചിക്കുന്ന എം.സി.സി.യുടെ നിയമ ഉപസമിതിയില്‍ അംഗം കൂടിയായ പ്രസിദ്ധ അമ്പയറായിരുന്ന സൈമണ്‍ ടോഫല്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓവര്‍ത്രോയ്ക്ക് ആറല്ല, അഞ്ച് റണ്‍സായിരുന്നു നല്‍കേണ്ടിയിരുന്നത് എന്നത് സംബന്ധിച്ച് ഇപ്പോള്‍ ആര്‍ക്കും സംശയമില്ല. ഫീള്‍ഡര്‍ പന്ത് കൈയില്‍നിന്ന് വിടുന്നത് മുതല്‍ക്കാണ് ഓവര്‍ത്രോ കണക്കാക്കുക എന്ന് ടോഫല്‍ വിശദീകരിക്കുന്നു. പന്ത് കൈവിട്ട സന്ദര്‍ഭത്തില്‍ സ്റ്റോക്‌സും അദില്‍ റഷീദും പരസ്പരം കടന്നുപോയിട്ടില്ല എന്നതിനാല്‍ രണ്ട് റണ്‍സ് ഒരു റണ്ണായി ചുരുങ്ങുന്നു. ഇതോടൊപ്പം ബൗണ്ടറിയുടെ നാലുംകൂടി കൂട്ടിയാല്‍ അഞ്ചേ ആവൂ. 

sports masika
ജൂലൈ ലക്കം സ്പോർട്സ് മാസിക വാങ്ങാം

ബാറ്റ്‌സ്മാന് അവിചാരിതമായി പന്തിനെ വഴിതെറ്റിച്ചാല്‍ ഓവര്‍ത്രോ ആയി കൂട്ടുന്നത് ശരിയോ എന്ന പ്രശ്‌നം കിടക്കുന്നു. പന്ത് ബൗണ്ടറിയിലേക്ക് നീങ്ങിയതോടെ അമ്പയര്‍മാര്‍ക്ക് നാല് റണ്‍സ് അനുവദിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഒരു റണ്‍ മാത്രമേ ഓടിയെടുത്തുള്ളു എന്ന് കണക്കാക്കിയാല്‍ രണ്ട് പന്തില്‍ നിന്ന് നാല് റണ്‍സ് വേണ്ടിടത്ത് സ്റ്റോക്‌സിന് പകരം റഷീദായിരുന്നു ബോള്‍ട്ടിനെ നേരിടുക. ഐ.സി.സി. ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ തയ്യാറായിട്ടില്ല. സ്വന്തം ദേഹത്ത് തട്ടിത്തെറിച്ച പന്തിന് മേല്‍ ഓവര്‍ത്രോ വഴി റണ്‍സെടുക്കുന്നത് മാന്യമല്ലാത്തതുകൊണ്ട് ബാറ്റ്‌സ്മാന് സാധാരണഗതിയില്‍ അതിന് മുതിരില്ല.

കളിസ്ഥലത്ത് ഉടലെടുക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളും മുന്‍കൂട്ടി കണ്ടിട്ടായിരിക്കില്ല നിയമം തയ്യാറാക്കുക. പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ ആ പഴുത് അടയ്ക്കാന്‍ നിയമം വരുന്നു. എതിരാളിയുടെ മുഖത്ത് തുപ്പുന്നത് വേറെതന്നെ ഫൗളായി ഫുട്‌ബോളില്‍ അടുത്തകാലംവരെ നിയമാവലിയില്‍ എഴുതിച്ചേര്‍ത്തിരുന്നില്ല. ഇപ്പോള്‍ അത് എഴുതിച്ചേര്‍ത്തിട്ടുണ്ട്. എതിരാളിയുടെ വൃഷണങ്ങള്‍ ഞെരിക്കുന്നതും ഇങ്ങനെ എഴുച്ചേര്‍ക്കപ്പെട്ടേക്കാം!നിയമങ്ങള്‍ അങ്ങനെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതുക്കപ്പെടുന്നു. ക്രിക്കറ്റിന്റെ നിയമത്തിലും ഇതുണ്ടാവും. 

വിജയിയെ നിശ്ചയിക്കുന്നതിന് എല്ലാ കളികളിലും കെട്ടറുക്കല്‍ പ്രയോഗിക്കുന്നു. അത്‌ലറ്റിക്‌സില്‍ ക്യാമറാ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു, സെക്കന്‍ഡിന്റെ നൂറിലൊരംശംവരെ അളക്കുന്നു. അങ്ങനെയൊരു സാധ്യത നിലവിലിരിക്കെ വിജയം പങ്കിട്ടുനല്‍കേണ്ട ആവശ്യമില്ല. അമ്പയറിങ് പിഴവുകള്‍ എപ്പോഴും സംഭവിക്കുമെന്ന് പ്രതീക്ഷിക്കണം. 1966-ലെ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ ജര്‍മനിക്കെതിരേ സ്‌കോര്‍ 2-2ല്‍ നില്‍ക്കുമ്പോള്‍ ജെഫ് ഹേസ്റ്റ് ഇംഗ്ലണ്ടിനുവേണ്ടി അടിച്ച ഗോള്‍ വരകടന്ന് ഗോളായോ എന്ന തര്‍ക്കം എത്രയോ കാലം തുടര്‍ന്നു. ക്രിക്കറ്റ് ലോകകപ്പിലെ അമ്പയറിങ്ങിനെക്കുറിച്ച് എല്ലാവര്‍ക്കും പൂര്‍ണതൃപ്തിയില്ല. തങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ തിരുത്താന്‍ സാങ്കേതികവിദ്യ നല്‍കുന്ന സാമഗ്രികളുണ്ട് എന്ന ബോധം, ഒരു സുരക്ഷാവലയായി, അമ്പയര്‍മാരുടെ ഉള്ളില്‍ ഉള്ളതുകൊണ്ടാവുമോ വീഴ്ചകള്‍ക്ക് കാരണം? ആലോചിക്കേണ്ടതാണ്. ക്രിക്കറ്റ് ലോകകപ്പില്‍, കപ്പ് പങ്കിടാം എന്ന തീരുമാനം, ഇത് സംബന്ധിച്ച് ഒന്നും എഴുതിവെച്ചിട്ടില്ലെന്നിരിക്കെ മിനിറ്റുകള്‍ക്കുള്ളില്‍ എളുപ്പത്തിലെടുക്കാവുന്ന ഒന്നല്ല. അതുകൊണ്ട് ഒരു വിജയിയെ ഏതു വഴിക്കാണെങ്കിലും നിശ്ചയിച്ചത് നന്നായി.

(ലേഖനത്തിന്റെ പൂർണരൂപം മാതൃഭൂമി സ്പോർട്സ് മാസിക വായിക്കാം)

Content Highlights: ICC Cricket World Cup 2019 Final Overthrow Controversy