തൊണ്ണൂറുകളുടെ തുടക്കകാലം, കേരള പോലീസ് വിട്ട് കൊല്‍ക്കത്ത ടീം മോഹന്‍ ബഗാനിലെത്തിയതിന്റെ ആദ്യ നാളുകളിലൊന്നില്‍ ക്ലബ്ബ് ഓഫീസില്‍ നില്‍ക്കുമ്പോഴാണ് പൊടുന്നനെ ചുനി ഗോസ്വാമി മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.

സാക്ഷാല്‍ ഇന്ദര്‍ സിങ് വരെ മഹാനായ സ്ട്രൈക്കറെന്ന് വാഴ്ത്തിയ ഇതിഹാസതാരത്തെ കണ്ടപ്പോള്‍ ഒന്ന് വിറച്ചുപോയെന്നത് സത്യം. തോളില്‍ തട്ടി പറഞ്ഞു, ''പോലീസ് കൊല്‍ക്കത്തയില്‍ കളിക്കുമ്പോള്‍ കളി കണ്ടിട്ടുണ്ട്...'' ഒരു പക്ഷേ, ബഗാനിലേക്ക് ഞാന്‍ പോയതിനു പിന്നില്‍ ക്ലബ്ബിന്റെ എല്ലാമായ ഗോസ്വാമിയുടെ കരങ്ങളുണ്ടാകാമെന്ന് ഇപ്പോള്‍ തോന്നുന്നു.

എപ്പോഴും ഒരിഷ്ടം ഗോസ്വാമിക്കുണ്ടായിരുന്നു. കാണുമ്പോഴെല്ലാം അടുത്തുവരും സംസാരിക്കും. ഇതിഹാസതാരത്തിന് മുന്നില്‍ ചൂളിനില്‍ക്കുമ്പോള്‍ പുഞ്ചിരിയോടെ അദ്ദേഹം പറയും ''നീയൊക്കെ ഫുട്ബോള്‍ താരം മാത്രമല്ലേ, ഞാന്‍ ക്രിക്കറ്റ് താരം കൂടിയാണ്'' അങ്ങനെയൊക്കെയാണ് ഞാനറിയുന്ന ചുനി ഗോസ്വാമി.

കേട്ടുകേട്ടു മനസ്സില്‍ വലുതായ വിഗ്രഹമായിരുന്നു ഗോസ്വാമിയുടേത്. റഹ്‌മാനിക്ക (ഒളിമ്പ്യന്‍ റഹ്‌മാന്‍) പറയുന്ന കഥകളിലും പിന്നെ കൊല്‍ക്കത്തയില്‍ റഹ്‌മാനിക്കയും പി.കെ ബാനര്‍ജിയും ഗോസ്വാമിയുമൊക്കെയുള്ള എത്ര വീരകഥകള്‍ കേട്ടിരിക്കുന്നു. മുന്നേറ്റനിരയില്‍ അന്നത്തെ കിടിലന്‍ കളി കാണാന്‍ കഴിയാതിരുന്നതിന്റെ സങ്കടം മാറ്റിയിരുന്നത് ഈ കഥകളായിരുന്നു. ബഗാന്റെ എല്ലാ കളികളും കാണാന്‍ വരുന്ന, അടുത്തുവന്ന് തമാശകള്‍ പറയുന്ന, എത്രകേട്ടാലും മതിവരാത്ത കഥകളിലെ നായകന്‍...

Content Highlights: I M Vijayan remembering legendary footballer chuni goswami