തൃശൂര്‍: അന്തരിച്ച മുന്‍ മലയാളി ഫുട്‌ബോള്‍ താരം സി.എ ലിസ്റ്റനുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം വിജയന്‍. ഫുട്‌ബോളിലേക്ക് പിച്ചവെയ്ക്കുന്ന കാലം മുതലുള്ള ബന്ധമായിരുന്നു ലിസ്റ്റനുമൊത്ത് ഉണ്ടായിരുന്നതെന്ന് പറഞ്ഞ വിജയന്‍, അദ്ദേഹത്തിന്റെ മരണത്തിലൂടെ ഒരു സഹോദരനെയാണ് നഷ്ടമായതെന്നും കൂട്ടിച്ചേര്‍ത്തു.
''1982 കാലത്ത് 12-ാം വയസില്‍ ചാത്തുണ്ണി സാറിന്റെ നേതൃത്വത്തില്‍ നടന്ന സ്‌പോര്‍ട് കൗണ്‍സിലിന്റെ ക്യാമ്പ് മുതലുള്ള ബന്ധമായിരുന്നു ലിസ്റ്റനുമായി. എന്നേക്കാള്‍ ഒന്നോ രണ്ടോ വയസിന് മൂത്തതാണ് ലിസ്റ്റന്‍. അതിനാല്‍ തന്നെ സൗഹൃദത്തിനുപരി ഒരു സഹോദര ബന്ധമായിരുന്നു ഞാനും ലിസ്റ്റനും തമ്മില്‍ ഉണ്ടായിരുന്നത്. 1988-ല്‍ ലിസ്റ്റന്‍ പോലീസ് ടീമിലെത്തിയപ്പോഴും ആ ബന്ധം മികച്ചതായിരുന്നു. പിന്നീട് 1989-90 കാലത്ത് മാലിദ്വീപില്‍ കളിക്കാന്‍ പോയ ഇന്ത്യന്‍ ടീമിലും ഒപ്പം കളിക്കാനായി. പവര്‍ഫുള്‍ പ്ലെയറായിരുന്നു. ലെഫ്റ്റ് ഔട്ട് എന്നാണ് ഞങ്ങള്‍ പറയുക. ആ പൊസിഷനില്‍ കളിച്ചിരുന്ന ഏറ്റവും മികച്ച താരമായിരുന്നു ലിസ്റ്റന്‍. സത്യേട്ടനും ഷറഫലിയും കെ.ടി.ചാക്കോയും തോബിയാസുമെല്ലാമടങ്ങിയ പോലീസിന്റെ സുവര്‍ണകാലത്ത് ലിസ്റ്റനും കളിക്കാനായി. ഞാനും ലിസ്റ്റനും പാപ്പച്ചനും അടങ്ങുന്നതായിരുന്നു അക്കാലത്തെ പോലീസിന്റെ മുന്നേറ്റ നിര. ഫെഡറേഷന്‍ കപ്പില്‍ മുംബൈ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ തോല്‍പ്പിച്ച് കിരീടം നേടിയ ടീമിനായി ഗോളടിച്ചതും ലിസ്റ്റനായിരുന്നു.'' - വിജയന്‍ പറഞ്ഞു.
ശനിയാഴ്ച കാലത്തായിരുന്നു കേരള പോലീസ് ഫുട്ബോള്‍ ടീമിന്റെ മുന്‍കാല താരം സി.എ. ലിസ്റ്റന്റെ (54) അന്ത്യം. കേരള പോലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്നു. തൃശൂരിലായിരുന്നു അന്ത്യം. പ്രമേഹ രോഗിയായിരുന്നു.
Content Highlights: I.M Vijayan remembering C.A Liston who died Saturday