പ്യങ് യാങ്ങിലെ ഏറ്റവും പ്രശസ്തമായ വനിതാ ബാന്‍ഡ്-മോറന്‍ബോജ് ബാന്‍ഡ്-സംഘത്തിന്റെ ലീഡര്‍ ആണു ഹിയോന്‍ സോങ്-വോല്‍. ഹിയോനും സംഘവും സോള്‍ നഗരത്തിലൂടെ നീങ്ങിയപ്പോള്‍ ഉത്സവ പ്രതീതി. ചെന്നിടത്തെല്ലാം ക്യാമറകള്‍ പൊതിഞ്ഞു. ശൈത്യത്തെ അതിജീവിക്കാന്‍ കനത്ത മഫ്‌ലര്‍ ചുറ്റിയ ഹിയോന്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. അവരുടെ ഭാവങ്ങളും ചലനങ്ങളും ഫാഷന്‍ ശൈലിയുമെല്ലാം ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു.
 
ആണവായുധ ഭീഷണി ഉയര്‍ത്തി തുടരെ ഭൂഖണ്ഡാന്തര മിസൈലുകള്‍ പരീക്ഷിച്ച ഉത്തര കൊറിയയില്‍ നിന്നുള്ള വെള്ളരിപ്രാവായാണ് ദക്ഷിണകൊറിയയിലേക്ക് ഹിയോന്‍ പറന്നത്. നാട്ടില്‍ അവരൊരു മെഗാസ്റ്റാര്‍ മാത്രമല്ല, ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ കേന്ദ്ര സമിതിയില്‍ ഇടയ്‌ക്കൊക്കെ പ്രത്യക്ഷിപ്പെടുന്ന, ഏറെ രാഷ്ട്രീയ സ്വാധീനമുള്ള യുവതിയുമാണ്. ഫെബ്രുവരി ഒന്‍പതു മുതല്‍ 24 വരെ ദക്ഷിണകൊറിയയിലെ പ്യങ് ഛാങ്ങില്‍ (Pyong Chang). നടക്കുന്ന ശീതകാല ഒളിംപിക്‌സില്‍ ഉത്തരകൊറിയ പങ്കെടുക്കുന്നതിന്റെ മുന്നൊരുക്കമായാണ് ബാന്‍ഡ് സംഘം സോളില്‍ എത്തിയത്. ഹൃദ്യമായി ആതിഥേയര്‍ സംഘത്തെ സ്വീകരിച്ചു.
 
ശീതകാല ഒളിംപിക്‌സില്‍ ഇരുകൊറിയകളും സംയുക്തമായി ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കും. സംയുക്ത വനിതാ ഐസ് ഹോക്കി ടീമിനെ ഇറക്കാമെന്ന ദക്ഷിണകൊറിയന്‍ നിര്‍ദേശവും ഉത്തര കൊറിയ സ്വീകരിച്ചു. സിഡ്‌നി, ആഥന്‍സ് ഒളിംപിക്‌സുകളിലേതുപോലെ ഐക്യകൊറിയന്‍ പതാക (നീലയും വെള്ളയും) ആയിരിക്കും മാര്‍ച്ച് പാസ്റ്റില്‍ ഉപയോഗിക്കുക. 2007 ലെ ശീതകാല ഏഷ്യന്‍ ഗെയിംസിലാണ് ഇതിനു മുമ്പ് അവസാനമായി ഇരു കൊറിയകളും സംയുക്തമായി മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. ഒരുപതിറ്റാണ്ടോളം നീണ്ട അകല്‍ച്ചയാണ് മാറുന്നത്.
 
പ്യങ് ചാങ് വേദിയായത് മൂന്നാം ശ്രമത്തില്‍
 
സോളില്‍ 1988 ല്‍ ഗ്രീഷ്മകാല ഒളിംപിക്‌സ് വിജയകരമായി നടത്തിയ ദക്ഷിണകൊറിയ അന്നു മുതല്‍ ശീതകാല ഒളിംപിക്‌സിനും വേദിയായാന്‍ ശ്രമിക്കുകയായിരുന്നു. മൂന്നാം ശ്രമത്തിലാണ് പ്യങ് ചാങ്ങിനു നറുക്കുവീണത്. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യങ്‌യാങ്ങിനോടുള്ള പേരിലെ സാമ്യം രാജ്യാന്തര ഒളിംപിക് സമിതിയിലെ വോട്ടെടുപ്പില്‍ പല അംഗങ്ങളും തെറ്റിധരിച്ചു. ഉത്തര കൊറിയന്‍ തലസ്ഥാനമാണ് ആതിഥേയരെന്ന് വിദേശരാജ്യ പ്രതിനിധികള്‍ കരുതി എതിര്‍ത്ത് വോട്ട് ചെയ്തു. കാര്യം മനസ്സിലാക്കിയ ദക്ഷിണ കൊറിയ ഉച്ചാരണം 'പ്യങ് ചാങ്' എന്നാക്കി.
 
പ്യങ് ചാങ് തിരഞ്ഞെടുക്കപ്പെട്ടനാള്‍ മുതല്‍ ഉത്തര കൊറിയയുടെ പങ്കാളിത്തം ദക്ഷിണ കൊറിയ ആഗ്രഹിച്ചെങ്കിലും ദക്ഷിണ കൊറിയ-ജപ്പാന്‍-യു.എസ്. കൂട്ടുകെട്ടിനെതിരെ ഉത്തര കൊറിയന്‍ ഏകാധിപതി കിം യോങ് ഉന്‍ നിരന്തരം ഭീഷണി ഉയര്‍ത്തിയത് വിനയായി. ഒടുവില്‍ കിം അയഞ്ഞു. കനത്ത സുരക്ഷയുള്ള ഉത്തര-ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 80 കിലോ മീറ്റര്‍ മാത്രം അകലെ പ്യങ് ചാങ്ങില്‍ സമാധാനത്തിന്റെ ഒളിംപിക്‌സ് (Peace Olympics) യാഥാര്‍ഥ്യമാകുകയാണ്.
Hyon Song Wol
 
സംയുക്ത കൊറിയന്‍ ടീം
 
രാജ്യാന്തര മത്സരങ്ങളില്‍ സംയുക്ത കൊറിയന്‍ ടീം എന്ന ആശയത്തിന് എന്നും എതിര്‍നിന്നത് ദക്ഷിണ കൊറിയയിലെ സ്‌പോര്‍ട്‌സ് അധികൃതതാണ്. അടിസ്ഥാന സൗകര്യങ്ങളിലും പരിശീലനത്തിലും ഉപകരണ-സാങ്കേതിക മികവിലും ഏറെ മുന്നിലായ ദക്ഷിണ കൊറിയ ലോകം അംഗീകരിച്ച കായികശക്തിയാണ്. സംയുക്ത ടീമില്‍ ഉത്തര കൊറിയക്കാരെ ഉള്‍പ്പെടുത്തുമ്പോള്‍ തങ്ങളുടെ പ്രഗല്‍ഭ താരങ്ങള്‍ തഴയപ്പെടുമെന്നും ടീം ദുര്‍ബലമാകുമെന്നും ദക്ഷിണ കൊറിയയില്‍ ആശങ്ക ഉയര്‍ന്നു. ഇപ്പോള്‍ തന്നെ സംയുക്ത വനിതാ ഐസ് ഹോക്കി ടീമിനെ പരീക്ഷിക്കുമ്പോള്‍ ദക്ഷിണ കൊറിയയ്ക്കു താരനഷ്ടം സംഭവിക്കാതിരിക്കാന്‍ ടീമംഗങ്ങളുടെ സംഖ്യ ഉയര്‍ത്താന്‍ ഐ.ഒ.സിയുടെ അനുമതിക്കായി ദക്ഷിണ കൊറിയ അപ്രക്ഷിച്ചിരിക്കുകയാണ്.
 
ഉത്തര കൊറിയന്‍ താരങ്ങള്‍ക്ക് വൈല്‍ഡ് കാര്‍ഡ്
 
യഥാര്‍ഥത്തില്‍ രണ്ട് ഉത്തര കൊറിയന്‍ താരങ്ങള്‍ മാത്രമാണ് ശീത കാല ഒളിംപിക്‌സിനു യോഗ്യത നേടിയത്. ഫിഗര്‍ സ്‌കേറ്റിങ് ജോഡികളായ റിയോം തായ് ഓക്കും കിം യുസിക്കും. എന്നാല്‍ ഇവരും സമയത്ത് റജിസ്റ്റര്‍ ചെയ്തില്ല. പക്ഷേ ഉത്തര കൊറിയന്‍ താരങ്ങള്‍ക്ക് ഐ.ഒ.സി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വാഗ്ദാനം ചെയ്തു. ക്രോസ് എന്‍ട്രി സ്‌കീയിങ്, സ്പീഡ് സ്‌കേറ്റിങ് താരങ്ങള്‍ക്ക് ഇതോടെ അവസരം കിട്ടും. 22 അംഗ ടീമിനെയും 21 സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകരെയും അയക്കുമെന്നാണ് ഉത്തര കൊറിയ അറിയിച്ചിരിക്കുന്നത്.
 
ഇരുരാജ്യങ്ങളിലെയും സ്‌കീയിങ് താരങ്ങള്‍ ഉത്തര കൊറിയയിലെ മാസിക് പാസ് റിസോര്‍ട്ടില്‍ ഒരുമിച്ച് പരിശീലനം നടത്താനും തീരുമാനിച്ചു.ശീതകാല പാരാലിഒപിക്‌സിന് 150 അംഗസംഘത്തെയും ഉത്തര കൊറിയ അയയ്ക്കും. ശീതകാല ഒളിംപിക്‌സ് ഉദ്ഘാടനത്തിന് ഉത്തര കൊറിയയുടെ 140 അംഗ ഓര്‍ക്കെസ്ട്രയും പങ്കാളികളാകും. തീര്‍ന്നില്ല. 230 ചിയര്‍ ലീഡര്‍മാര്‍ 30 തൈക്വാണ്‍ഡു താരങ്ങള്‍ എന്നിവരും പ്രദര്‍ശന ഇനങ്ങള്‍ അവതരിപ്പിക്കും. സോളിലെ ഏകീകരണ മന്ത്രാലയം ഏറെ ആവേശത്തിലാണ്.
 
പാശ്ചാത്യ ശക്തികളുടെയും യു.എന്നിന്റെയും ഉപരോധം മുറുകിയതാണ് ഉത്തര കൊറിയ അയയാന്‍ കാരണമെന്നു വ്യാഖ്യാനം ഉണ്ടെങ്കിലും സ്‌പോര്‍ട്‌സിലൂടെ സൗഹൃദം എന്ന ആശയത്തെ ലഘുവായി കാണേണ്ടതില്ല. ഭാവിയില്‍ സംയുക്ത കൊറിയന്‍ ടീമുകളെ പല കായിക ഇനങ്ങളിലും പ്രതീക്ഷിക്കാം. എവിടെ പരിശീലിക്കണം, ആരായിരിക്കും പരിശീലകന്‍, ടീമില്‍ ഇരു രാജ്യങ്ങള്‍ക്കും തുല്യ പ്രാതിനിധ്യമാണോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. പക്ഷേ, കളിക്കളം എന്നും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും വേദിയാണ്. പുരാതന ഒളിംപ്ക്‌സ് മുതല്‍ അതാണു കണ്ടുവരുന്നത്. ആ പാരമ്പര്യം തുടരുമെന്നു പ്രതീക്ഷിക്കാം.
 
ബഹിഷ്‌കരണവും സംയോജനവും
 
പ്രഭാതശാന്തിയുടെ നഗരമാണു സോള്‍. പക്ഷേ, പാശ്ചാത്യ ഭംഗിയാണു നഗരത്തിന്. തീവ്രവാദ ഭീഷണിക്കൊപ്പം ഉത്തര കൊറിയന്‍ ഭീഷണികൂടി നേരിടാന്‍ അരലക്ഷത്തോളം യു.എസ്. ഭടന്മാര്‍ കൂടി വന്നതോടെ സോള്‍ നഗരത്തിന്റെ പടിഞ്ഞാറന്‍ ശോഭ ഇരട്ടിച്ചു. 1986 ല്‍ ദക്ഷിണ കൊറിയയിലെ സോളില്‍ ഏഷ്യന്‍ ഗെയിംസ് നടന്നപ്പോള്‍ സ്ഥിതി അതായിരുന്നു. സോള്‍ ഏഷ്യന്‍ ഗെയിംസ് മാത്രമല്ല 1988 ല്‍ നടന്ന സോള്‍ ഒളിംപിക്‌സും ഉത്തര കൊറിയ ബഹിഷ്‌കരിച്ചു.
 
രാജ്യാന്തര ഒളിംപിക് സമിതി അധ്യക്ഷന്‍ സമറാഞ്ചിന്റെ വാക്കുകളില്‍ ''ചരിത്രത്തില്‍ ഏറ്റവും ഭംഗിയായി സംഘടിപ്പിച്ച ഒളിംപിക്‌സ്'' ആയിരുന്നു സോളിലേത്. ശീതസമരങ്ങള്‍ അവസാനിച്ചതുവഴി അമേരിക്കയും സോവിയറ്റ് യൂണിയനും കിഴക്കന്‍-പടിഞ്ഞാറന്‍ ജര്‍മനിയളുമെല്ലാം ഉള്‍പ്പെടെ 160 രാജ്യങ്ങള്‍ പങ്കെടുത്ത മഹാമേളയായിട്ടും ഉത്തര കൊറിയ വിട്ടുനിന്നു. എന്നാല്‍ 1991 ല്‍ നടന്ന രാജ്യാന്തര ടേബിള്‍ ടെന്നിസിലും യൂത്ത് ഫുട്‌ബോളിലും സംയുക്ത കൊറിയന്‍ ടീം ഇറങ്ങിയപ്പോള്‍ മഞ്ഞുരുകുന്നതിന്റെ സൂചനകളായി. 2000 ത്തില്‍ സിഡ്‌നിയിലും 2004 ല്‍ ആഥന്‍സിലും നടന്ന ഒളിംപിക്‌സില്‍ കൊറിയന്‍ ടീമുകള്‍ ഒരുമിച്ചാണു ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്.
moranbong band
 
സിഡ്‌നിയില്‍ ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ഉത്തര-ദക്ഷിണ കൊറിയകള്‍ ഒരുമിച്ച് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്ത അവിശ്വസനീയ മുഹൂര്‍ത്തത്തില്‍ അവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ ഐ.ഒ.സി. പ്രസിഡന്റ് സമറാഞ്ചും എഴുന്നേറ്റുനിന്നു. 2006 ല്‍ ടൂറിനില്‍ ശീതകാല ഒളിംപിക്‌സിലും ഇരു കൊറിയകളും ഒരുമിച്ച് മാര്‍ച്ച് ചെയ്തു.
 
2002 സെപ്റ്റംബര്‍ 16. ദക്ഷിണ കൊറിയയില്‍, ചരിത്രത്തില്‍ ആദ്യമായി ഉത്തര കൊറിയന്‍ ദേശീയ പതാക ഉയര്‍ന്നു. ബുസാനിലെ ഏഷ്യന്‍ ഗെയിംസ് മീഡിയ സെന്ററിലാണു ചരിത്രം വഴിമാറിയത്. തുടര്‍ന്ന് അത്‌ലറ്റിക് വില്ലേജിലും മറ്റു വേദികളിലും ഉത്തര കൊറിയന്‍ പതാക ഉയര്‍ന്നു. പക്ഷേ, ഏഷ്യാഡ് വേദിക്കു പുറത്ത് ഉത്തര കൊറിയന്‍ പതാക ഉയര്‍ത്തിയാല്‍ ജയില്‍ ശിക്ഷ ലഭിക്കും എന്ന നിയമം നിലനിന്നു. 1948 ല്‍ ഉത്തര കൊറിയയില്‍ കമ്യൂണിസ്റ്റ് ഭരണം വന്നശേഷം സ്ഥിതി അതായിരുന്നു. 1950 -53 ലെ യുദ്ധത്തിനുശേഷം ഉത്തര കൊറിയ ദക്ഷിണ കൊറിയയില്‍ കായിക മത്സരത്തില്‍ പങ്കെടുത്ത ആദ്യ അനുഭവമായി ബുസാന്‍ ഏഷ്യന്‍ ഗെയിംസ്.
 
ഇരു രാജ്യങ്ങളും ചേര്‍ന്നാണ് ദീപശിഖ ഏറ്റുവാങ്ങിയത്. ദീപശിഖാ പ്രയാണത്തിലും സൗഹൃദം നിലനിന്നു. ഉത്തര കൊറിയയിലെ ഉയര്‍ന്ന കൊടുമുടിയായ മൗണ്ട് പേക്ടുവിന്‍ നിന്നും ദക്ഷിണകൊറിയയിലെ ഉയര്‍ന്ന കൊടുമുടി മൗണ്ട് പാലെയില്‍ നിന്നും കൊളുത്തിയ ദീപശിഖകള്‍ സെപ്റ്റംബര്‍ ആറിന് അതിര്‍ത്തി ഗ്രാമമായ പന്‍മുള്‍ജോമില്‍ സംയോജിച്ചു.ഗെയിംസ് വില്ലേജില്‍ 171 അംഗ ഉത്തരകൊറിയന്‍ സംഘത്തെ വരവേറ്റ് അവരുടെ ദേശീയ ഗാനം ഉയര്‍ന്നതും ചരിത്രമായി. മാര്‍ച്ച് പാസ്റ്റില്‍ ഇരു രാജ്യങ്ങളും ഒരുമിച്ചു പങ്കെടുത്തു ടേബിള്‍ ടെന്നിസിലും ബാസ്‌ക്കറ്റ്‌ബോളിലും  സോഫ്റ്റ്‌ബോളിലുമൊക്കെ പരസ്പരം മത്സരിച്ചപ്പോഴും തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റ് കാട്ടി.
 
2014 ല്‍ ദക്ഷിണകൊറിയയിലെ ഇഞ്ചിയോനില്‍ ഏഷ്യന്‍ ഗെയിംസ് നടന്നപ്പോഴും ഉത്തരകൊറിയ ശത്രുതമറന്നു സ്‌പോര്‍സ്മാന്‍സ്പിരിറ്റ് കാട്ടി. ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഉത്തരകൊറിയന്‍ സംഘത്തിന് ഉജ്വല വരവേല്‍പാണു ഗാലറികള്‍ നല്‍കിയത്. നീല പാന്റ്‌സും വെള്ള കോട്ടും ധരിച്ചു നടന്നു നീങ്ങിയ ഉത്തരകൊറിയന്‍ താരനിരയ്ക്കു മുന്നില്‍ സോക് യോങ് ബോം പതാകവഹിച്ചു എന്നാല്‍ വീഥികളില്‍ സ്ഥാപിച്ചിരുന്ന ഉത്തര കൊറിയന്‍ ദേശീയ പതാകകള്‍ അധികൃതര്‍ മത്സരം തുടങ്ങും മുമ്പേ നീക്കം ചെയ്തു. പുറത്ത് സംഘര്‍ഷം ഒഴിവാക്കാനായിരുന്നു ഈ മുന്‍കരുതല്‍. പക്ഷേ, തികഞ്ഞ സൗഹൃദ അന്തരീക്ഷത്തില്‍ ഇഞ്ചിയോന്‍ ഏഷ്യന്‍ ഗെയിംസ് സമാപിച്ചു.
Moranbong Band
 
ഒളിംപിക്‌സ് പുരാണം
 
ഏഷ്യ മൈനര്‍ മുതല്‍ ഇറ്റലിവരെയും ആഫ്രിക്ക മുതല്‍ മാസിഡോണിയ വരെയും ചിതറിക്കിടന്ന ഒട്ടേറെ ചെറു രാജ്യങ്ങളില്‍ അധിവസിച്ചിരുന്ന പുരാതന ഗ്രീക്കുകാര്‍ എപ്പോഴും കലഹിച്ചിരുന്നു. എന്നാല്‍ സമാധാനത്തിന്റെ സന്ദേശം പരത്തി ഒളിംപിക്‌സ് എത്തുന്നതോടെ യുദ്ധങ്ങള്‍ അവസാനിച്ചിരുന്നു. ഗ്രീക്കുകാര്‍ ഒളിംപിയ എന്ന പുണ്യഭൂമിയില്‍ ഒത്തുചേരും. ഒലിവ് ശിഖരങ്ങള്‍കൊണ്ടു നിര്‍മിച്ച കിരീടമേന്തിയ സന്ദേശവാഹകര്‍ ഒളിംപിക്  സമാധാന സന്ദേശം പ്രചരിപ്പിക്കും. കൊലയാളികളെയും മോഷ്ടാക്കളെയും പ്രശ്‌നക്കാരെയും ഒളിംപിയയില്‍ പ്രവേശിപ്പിച്ചിരുന്നില്ല.
 
പുരാതന ഒളിംപിക്‌സ് തുടങ്ങും മുമ്പ് പ്രഖ്യാപിക്കപ്പെടുന്ന സമാധാന കാലഘട്ടം ഒളിംപിക്‌സിനു തിരശീല വീണ് ഏതാനും നാള്‍ കൂടി തുടരണം എന്നായിരുന്നു അക്കാലത്തെ അലിഖിത നിയമം. ഇതു കര്‍ശനമായി പാലിക്കപ്പെട്ടിരുന്നു. ലംഘിക്കുന്നവര്‍ക്ക് ശിക്ഷയും നല്‍കിയിരുന്നു. 'സമാധാന കാലത്ത്' ലിപ്രയോണ്‍ രാജ്യത്തെ ആക്രമിച്ചതിന് ബി.സി. 420 ല്‍ നടന്ന ഒളിംപിക്‌സില്‍ നിന്നു സ്പാര്‍ട്ടയെ പുറത്താക്കുകയും പിഴചുമത്തുകയും ചെയ്‌തെന്നാണു ചരിത്രം. 
 
എലിയാക്കാരുടെ പിസേറ്റുകളും തുടരെ കലഹിച്ചിരുന്നതിനാല്‍ ആയുധങ്ങള്‍ എലിസ് രാജ്യത്ത് നിക്ഷേപിച്ചശേഷമേ ഒളിംപിയയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.ആധുനിക ഒളിംപിക്‌സില്‍ ചോരവീണ ചരിത്രം ഉണ്ടെങ്കിലും അതൊക്കെ ഭൂതകാലത്തിന്റെതായി കാണാം. ഏറെക്കാലമായി സൗഹൃദവും സമാധാനവുമാണ് കാണുന്നത്. ശീതകാല ഒളിംപിക്‌സും അങ്ങനെയാകട്ടെ.