നീരജ് ചോപ്ര ടോക്യോയില്‍ ചരിത്രമെഴുതിയതില്‍ അത്‌ലറ്റിക് ഫെഡറേഷന് അഭിമാനിക്കാം. അവരുടെ സംഭാവന കുറച്ചു കാണേണ്ടതുമില്ല. പക്ഷേ, നീരജിനെ സ്ഥിരമായി വിദേശ രാജ്യങ്ങളില്‍ അയച്ച് ലോകോത്തര താരങ്ങള്‍ക്കൊപ്പം മത്സര പരിചയമൊരുക്കാന്‍ കോടികള്‍ ചെലവിട്ടത് ജെഎസ്ഡബ്‌ളിയു സ്‌പോര്‍ട്‌സ് ആണ്. 2015 മുതല്‍ അവര്‍ നീരജിനു പിന്നിലുണ്ട്. സ്ഥാപനത്തിന്റെ ഉടമയും ഡയറക്ടറുമായ പാര്‍ഥ് ജിന്‍ഡലിന്റെയും (ഇന്‍സ്പയര്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്) സിഇഒയും മുന്‍ ഇന്ത്യന്‍ ടെന്നിസ് താരവുമായ മുസ്തഫ ഗൗസിന്റെയും വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണത്തിന്റെ ഫലമാണ് ടോക്യോയില്‍ കണ്ടത്. ജെഎസ്ഡബ്‌ളിയു സ്റ്റീല്‍ ഉടമ സജ്ജന്‍ ജിന്‍ഡാലിന്റെ പുത്രനാണ് പാര്‍ഥ് എന്ന മുപ്പത്തൊന്നുകാരന്‍.

2017-ല്‍ സൂറിച്ചില്‍ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുമ്പോള്‍ പരിക്കേറ്റ നീരജിന് ഏറ്റവും മികച്ച ചികിത്സയും പരിശീലനത്തിലേക്കു മടങ്ങാനുള്ള സൗകര്യവും  ജെഎസ്ഡബ്‌ളിയു സ്‌പോര്‍ട്‌സ് ഒരുക്കി. ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍  സ്വര്‍ണം നേടിയ നീരജ് ജെഎസ്ഡബ്ല്യുവിനോടുള്ള തന്റെ കടപ്പാട് വ്യക്തമാക്കിയിരുന്നു. 

കോമണ്‍വെല്‍ത്ത് ഗെയിംസിനു ഒരു മാസം മുമ്പ് നീരജ് ജാവലിന്‍ ത്രോയുടെ ആഗോള തലസ്ഥാനമായി വിശേഷിപ്പിക്കുന്ന ഓഫന്‍ബര്‍ഗില്‍ (ജര്‍മനി) ആയിരുന്നു എന്ന് ഓര്‍ക്കണം. ജൊഹാന്‍സ് വെറ്റര്‍ ഉള്‍പ്പെടെയുള്ള ലോകോത്തര താരങ്ങള്‍ക്കൊപ്പമായിരുന്നു പരിശീലനം. പുതിയ സാങ്കേതിക രീതികളും വ്യായാമ മുറകളും താന്‍ അവിടെ പഠിച്ചെന്നാണ് നീരജ് പറഞ്ഞത്. 2018 മുതല്‍ പല തവണ വെറ്ററിനൊപ്പം മത്സരിച്ചു. പരിക്കുമൂലം 16 മാസം വിട്ടുനിന്ന നീരജ് കൂടുതല്‍ മികവോടെ മടങ്ങിവന്നതും വിദേശത്തു ലഭിച്ച ചികിത്സാ സൗകര്യങ്ങള്‍ കൊണ്ടാണ്. ടോക്യോയിലേയ്ക്ക് നീരജ് യോഗ്യത നേടിയത് ദക്ഷിണാഫ്രിക്കയില്‍ മത്സരിച്ചാണ്.

ഐഎസ്എല്ലില്‍  ബെംഗളൂരു എഫ്‌സി, ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, പ്രോ കബഡി ലീഗില്‍ ഹരിയാനാ സ്റ്റീലേഴ്‌സ് തുടങ്ങിയവയ്ക്കു പിന്നിലുള്ള ജെഎസ്ഡബ്‌ളിയു, ടോക്യോയില്‍ ഗുസ്തി താരം ബജ്‌റംഗ് പുനിയയെയും ജൂഡോ താരം സുശീലാ ദേവിയെയും പിന്തുണച്ചിരുന്നു. പതിനാല് ബില്യന്‍ ഡോളറില്‍ അധികം വരുന്ന വ്യവസായങ്ങള്‍ നടത്തുന്ന ജെഎസ്ഡബ്‌ളിയു ഗ്രൂപ്പിന് ഇന്ത്യയിലും യു.എസിലും യൂറോപ്പിലും ദക്ഷിണ അമേരിക്കയിലും ആഫ്രിക്കയിലും വ്യവസായ ശൃംഖലയുണ്ട്.

മനസ്സിന്റെ  കരുത്തിനായി അഭിനവ് ബിന്ദ്ര ആഫ്രിക്കന്‍ കാടുകള്‍ കയറിയ കഥ കേട്ടതാണല്ലോ. അഭിനവിന്റെ സ്വര്‍ണത്തിനു പിന്നില്‍ കോടീശ്വരനായ പിതാവുണ്ടായിരുന്നു. അദ്ദേഹം കോച്ചിനോട് പറഞ്ഞത് ഒളിമ്പിക് മെഡല്‍ അല്ല സ്വര്‍ണമാണു വേണ്ടതെന്നാണ്. നമ്മുടെ കേരളത്തിലും കോടീശ്വരന്‍മാര്‍ എത്രയോ ഉണ്ടല്ലോ? പാരിസോ ലോസ് ഏഞ്ചല്‍സോ ലക്ഷ്യമിട്ട് ഏതാനും പേരെ വളര്‍ത്തരുതോ?

ഫിന്‍ലന്‍ഡില്‍ വിമാനത്താവളത്തിലേക്ക് നീരജിനു വെറ്റര്‍ ലിഫ്റ്റ് കൊടുത്തു. ഭാഷാ പ്രശ്‌നം മൂലം അധികം സംസാരിക്കാനായില്ലെങ്കിലും വെറ്ററും തന്നെപ്പോലൊരാള്‍ മാത്രമാണ്, തോല്‍പ്പിക്കാവുന്നതേയുള്ളൂ എന്നു തോന്നിയെന്ന് നീരജ് പറഞ്ഞത് ഓര്‍ക്കുക. ഇതിനാണു നമ്മള്‍ എക്‌സ്‌പോഷര്‍ എന്നു ചുരുക്കിപ്പറയുന്നത്.  ഒരാള്‍ മെഡല്‍ വാങ്ങി വരുമ്പോള്‍ കോടികള്‍ സമ്മാനം കൊടുക്കുന്നതു പോലെയല്ല, കോടികള്‍ മുടക്കി വ്യക്തമായ ആസൂത്രണത്തോടെ ഒരു ഒളിമ്പിക് മെഡല്‍ ജേതാവിനെ വാര്‍ത്തെടുക്കുന്നത്.

Content Highlights: How Private Sponsors Like JSW Played a Role in Helping Neeraj Chopra Win Olympics Gold